നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്

lumiere brothers

1985ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാപ്രദര്‍ശനം പാരീസില്‍ നടത്തി അധികം കഴിയുംമുമ്പ് മുംബൈയില്‍ 1897ല്‍ ആ സിനിമകളില്‍ ചിലത് പ്രദര്‍ശിപ്പിച്ചു. 1900ത്തോടെ ഫ്രഞ്ച്, ഇറ്റാലിയന്‍, ബ്രിട്ടീഷ്, ഡാനിഷ് സിനിമകള്‍ ഇന്ത്യയില്‍ നിരന്തരം റിലീസ് ചെയ്തു. അതേ കാലത്തുതന്നെ തീയറ്ററുകള്‍ ഇന്ത്യന്‍ നഗരങ്ങളുടെ മുഖമുദ്രകളായി. 1913ല്‍ ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം, ദാദാ സാഹിബ് ഫാല്‍ക്കേയുടെ 'രാജാ ഹരിചന്ദ്ര' പുറത്തുവന്നു. 1928ല്‍ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ 'വിഗതകുമാരന്‍' പുറത്തുവരുമ്പോഴേക്കും ലോകത്തിലെ ആദ്യ ശബ്ദ ചിത്രം ജാസ്സിംഗര്‍ (1927) അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമ 'ആലം ആര' (1931) യിലൂടെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം രണ്ടാമത്തെ നിശബ്ദ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ'യില്‍ എത്തിച്ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. തമിഴും തെലുങ്കും മലയാളത്തിനു മുമ്പു തന്നെ ശബ്ദിക്കാന്‍ തുടങ്ങി.

ജെ സി ഡാനിയല്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത വിഗതകുമാരന്‍ പ്രദര്‍ശന വിജയം നേടിയെങ്കിലും സാമ്പത്തികത്തകര്‍ച്ചയില്‍പെട്ട ഡാനിയലിന് കടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സാങ്കേതികോപകരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. പിന്നീട് ചിത്രം നിര്‍മ്മിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പലരും നിര്‍മ്മാണരംഗത്തു വരാന്‍ മടിച്ചുനിന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം, നാഗര്‍കോവില്‍ സ്വദേശി ആര്‍ സുന്ദര്‍രാജ് നിര്‍മ്മിച്ച് വൈ വി റാവു സംവിധാനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ പൂര്‍ത്തിയായത്. സി വി രാമന്‍പിള്ളയുടെ വിഖ്യാത നോവലിനെ അവലംബിച്ച് നിര്‍മ്മിച്ച ചിത്രത്തിന് നോവലിന്റെ മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' തീയറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. എന്നാല്‍ സുന്ദര്‍രാജും നോവല്‍ പ്രസാധകരായ കമല ബുക്ക് ഡിപ്പോക്കാരും തമ്മിലുണ്ടായ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധിയെത്തുടര്‍ന്ന് ഒറ്റ പ്രദര്‍ശനത്തോടെ ചിത്രം നിരോധിച്ചു. പിന്നീട് നീണ്ട അമ്പതുകൊല്ലം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തകരപ്പെട്ടിയില്‍ വിശ്രമിക്കേണ്ടിവന്നു. നാടകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരണം സാധിച്ചത്. സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രിന്റ് പൂണെയിലെ 'നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍' സൂക്ഷിച്ചിട്ടുണ്ട്.

ടി ആര്‍ സുന്ദരം നിര്‍മ്മിച്ച് എസ് നൊട്ടാണി എന്ന പാഴ്സി സംവിധാനം ചെയ്ത ബാലന്‍ എന്ന ചിത്രത്തോടെയാണ് മലയാള സിനിമയിലെ ശബ്ദയുഗം പിറക്കുന്നത്. 1937 ആഗസ്ത് 17നു ചിത്രീകരണം ആരംഭിച്ച ബാലന്‍ ഡിസംബര്‍ 31ന് അത് പൂര്‍ത്തിയാക്കുകയും 1938 ജനുവരി പത്തിന് റിലീസാകുകയും ചെയ്തു. മുപ്പതിനായിരം രൂപ മാത്രമാണ് ബാലന് ചെലവായത്. ബാലന്റെ തിരക്കഥയും ഗാനങ്ങളും രചിച്ച മുതുകുളം രാഘവന്‍പിള്ള അങ്ങനെ മലയാള സിനിമയിലെ ആദ്യത്തെ തിരക്കഥാകൃത്തും ഗാനരചയിതാവുമായി. രണ്ടാമത്തെ ശബ്ദചിത്രം 'ജ്ഞാനാംബിക' 1940 മാര്‍ച്ചില്‍ റിലീസായി. സി മാധവന്‍പിള്ളയുടെ നോവലിനെ അധികരിച്ച് അണ്ണാമലച്ചെട്ടിയാര്‍ നിര്‍മ്മിച്ച് നൊട്ടാണി തന്നെ സംവിധാനം ചെയ്ത ഇതിലെ നായകന്‍ അക്കാലത്തെ പ്രശസ്ത നാടകനടന്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു. കെ സുബ്രഹ്മണ്യം സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ 'പ്രഹ്ളാദ'നില്‍ പ്രശസ്ത നര്‍ത്തകനായ ഗുരു ഗോപിനാഥും ഭാര്യ തങ്കവും എന്‍ പി ചെല്ലപ്പന്‍നായരുമായിരുന്നു മുഖ്യവേഷങ്ങള്‍ ചെയ്തത്.

മലയാളത്തിലെ ശബ്ദ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചതോടെ സിനിമയെ വ്യവസായമായി പലരും കാണാന്‍ തുടങ്ങി. തമിഴ് ബിസിനസുകാര്‍ക്ക് 'മലയാളം മാര്‍ക്കറ്റ്' പിടിച്ചെടുക്കുക എന്നതായിരുന്നു ഒരേ ഒരു ലക്ഷ്യം. ഇക്കാലത്തുതന്നെ അനേകം തമിഴ്ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്തി. ഇതിനു മുന്‍കൈ എടുത്തത് കെ എസ് അഖിലേശ്വരയ്യര്‍ ആയിരുന്നു. 1938ല്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്റെ എറണാകുളം മാനേജരായിരുന്ന കെ വി കോശി പുതിയ സിനിമാ വിതരണക്കമ്പനി ആരംഭിച്ചു. മലയാള സിനിമയിലെ മലയാളിയായ ആദ്യ വിതരണക്കാരന്‍ കോശിയായിരുന്നു. പ്രഹ്ളാദയ്ക്കുശേഷം, 1948 വരെ മറ്റൊരു മലയാള സിനിമയ്ക്കായി കാത്തിരിക്കേണ്ടിവന്നു. ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ നിര്‍മ്മിച്ച് പി വി കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത 'നിര്‍മ്മല' യായിരുന്നു ആ ചിത്രം. മലയാള സിനിമയില്‍ ആദ്യമായി സംഗീതത്തിന്റെയും ഗാനങ്ങളുടെയും സാദ്ധ്യത കൃത്യമായി തിരിച്ചറിഞ്ഞ നിര്‍മ്മാതാവായിരുന്നു പി ജെ ചെറിയാന്‍. ഈ സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പായിരുന്നു. പി എസ് ദിവാകറും ഇ കെ വാരിയരും ആയിരുന്നു സംഗീത സംവിധായകര്‍. 1949ല്‍ മലയാളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ 'ഉദയ' ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തില്‍ ഏറെക്കുറെ സിനിമാ നിര്‍മ്മാണം സാദ്ധ്യമാക്കിത്തീര്‍ത്തു എന്നതാണ് ഉദയസ്റ്റുഡിയോയുടെ ചരിത്ര പ്രാധാന്യം.

നാല്‍പതുകള്‍ മലയാളത്തില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ കടന്നുപോയി. ഹിന്ദി ചിത്രങ്ങളെ അനുകരിച്ചുണ്ടാക്കിയ തമിഴ് ചിത്രങ്ങളായിരുന്നു അന്ന് മലയാള സിനിമയുടെ മാതൃകകള്‍. ഈ തമിഴ്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളെയും ആവിഷ്കരണരീതികളെയും പിന്‍പറ്റി ചിത്ര നിര്‍മ്മാണം നടത്തുകയായിരുന്നു അന്നത്തെ രീതി. എടുത്തുപറയാന്‍ പോന്ന എന്തെങ്കിലും സവിശേഷതകള്‍ ഇക്കാലയളവിലെ ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ല. ഇന്ത്യന്‍ സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിന്റെ ശക്തമായ അനുരണനങ്ങളുടെ അഭാവം കൊണ്ട് ഒരു ചലച്ചിത്ര പഠിതാവിനെ ഇക്കാല ചിത്രങ്ങള്‍ അല്‍ഭുതപ്പെടുത്തിയേക്കാം. ഏതാണ്ടെല്ലാ എഴുത്തുകാരും കലാകാരന്മാരും സംവിധായകരും നാടകത്തില്‍നിന്നു വന്നവരായിരുന്നു. നാടകരംഗത്തുനിന്നു കിട്ടിയ അറിവുകള്‍ വെച്ചുകൊണ്ട് അരങ്ങിന്റെ വലിച്ചു നീട്ടലാണ് സിനിമയെന്ന തെറ്റായ സമീപനമായിരുന്നു അവര്‍ സ്വീകരിച്ചത്. അമ്പതുകളുടെ ആരംഭത്തിലുണ്ടായ പില്‍ക്കാല ചിത്രങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെ കേരളീയ ജീവിതത്തില്‍ ആകപ്പാടെ സംഭവിച്ച ഉണര്‍ച്ചയും മാറ്റവും വേണ്ട വിധത്തില്‍ പ്രതിഫലിച്ചില്ല. ചുരുക്കത്തില്‍ ചരിത്രത്തോട്, മനുഷ്യാവസ്ഥകളോട് വിമുഖമായി നില്‍ക്കുന്ന മലയാള സിനിമയെ ആണ് നാല്‍പതുകളിലും അമ്പതുകളുടെ തുടക്കത്തിലും കാണാന്‍ കഴിയുക.