'മലയാളീകരണ'ത്തിന്റെ ദശകം

അമ്പതുകളില്‍ മലയാളം സിനിമ വ്യാവസായികമായ അടിത്തറയുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു. 1950 എന്ന വര്‍ഷം മലയാളസിനിമയെ സംബന്ധിച്ച് ഈ അര്‍ത്ഥത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഈ വര്‍ഷമാണ് മലയാളത്തില്‍ ആദ്യമായി അഞ്ചു ചിത്രങ്ങള്‍ പുറത്തുവന്നത്. ചന്ദ്രിക, ചേച്ചി, ശശിധരന്‍, നല്ല തങ്ക, പ്രസന്ന എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. 1950കള്‍ തുടങ്ങിയതോടെ സിനിമാ വ്യവസായത്തിന്റെ ഗതി തന്നെ മാറി. അതുവരെ നിഷിദ്ധമെന്നു കരുതിയിരുന്ന സിനിമാരംഗത്തേക്ക് നടീനടന്മാര്‍ പ്രവഹിച്ചു. അനേകം വിതരണ കമ്പനികളും ഉണ്ടായി. മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വമ്പിച്ച സാമ്പത്തിക വിജയം നേടാനാകുമെന്ന് ജീവിത നൌക (1951) തെളിയിച്ചു. ഈ ചിത്രത്തിലെ നായകനായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മലയാള സിനിമയിലെ ആദ്യ 'സൂപ്പര്‍ സ്റ്റാര്‍' കെ ആന്റ് കെ പ്രൊഡക്ഷന്‍സ് (കുഞ്ചാക്കോ, കോശി) നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് കെ വെമ്പു ആയിരുന്നു. ജീവിതനൌകയെ കൂടാതെ 1951ല്‍ ആറു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1952ല്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായി. പതിനൊന്നു ചിത്രങ്ങളാണ് ആ വര്‍ഷം നിര്‍മ്മിച്ചത്. എന്നാല്‍ ഒറ്റചിത്രവുംശ്രദ്ധേയമായില്ല. ഇതേ വര്‍ഷം പ്രമുഖ പത്ര പ്രവര്‍ത്തകനായിരുന്ന കെ ബാലകൃഷ്ണന്റെ അനുഗ്രഹാശിസ്സുകളോടെ 'ത്യാഗസീമ' എന്ന ചിത്രം നിര്‍മ്മിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയായില്ല. മലയാളത്തില്‍ രണ്ടു കാരണങ്ങള്‍കൊണ്ട് ഈ സിനിമ ശ്രദ്ധേയമാണ്. ഒന്നാമതായി മലയാളത്തിന്റെ എക്കാലത്തേയും രണ്ടു വലിയ നടന്മാര്‍, സത്യനും നസീറും അവരുടെ അഭിനയ ജീവിതം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. രണ്ടാമതായി മഹാനായ സംഗീത സംവിധായകന്‍ ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമെന്ന പ്രാധാന്യം ഇതിനുണ്ട്.

1952ല്‍ തിരുവനന്തപുരത്ത് മെറിലാന്റ് സ്റ്റുഡിയോ സ്ഥാപിതമായി. ഇവിടെ ചിത്രീകരിച്ച ചിത്രങ്ങളെ പുരാണ - വന- സാഹസിക- തമാശ ചിത്രങ്ങള്‍ എന്നു വേര്‍തിരിക്കാമെങ്കിലും കൂടുതല്‍ ചിത്രങ്ങളും സാമൂഹിക തലങ്ങളെ അവ്യക്തമായെങ്കിലും സ്പര്‍ശിക്കുന്നവയായിരുന്നു.

അമ്പതുകളുടെ മദ്ധ്യത്തില്‍ പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ ചലച്ചിത്ര സമ്പ്രദായങ്ങള്‍ ഉടലെടുത്തു. ഈ മാറ്റത്തിനു തുടക്കംകുറിച്ചത് 'നീലക്കുയില്‍' ആണ്. അമ്പതുകളില്‍ മലയാള സിനിമയിലേയ്ക്ക് എഴുത്തുകാരുടെ ഒരു നിര കടന്നുവന്നു. അത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. തിക്കുറിശ്ശി സുകുമാരന്‍നായര്‍, എന്‍ പി ചെല്ലപ്പന്‍ നായര്‍, പൊന്‍കുന്നം വര്‍ക്കി, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ടി എന്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരായിരുന്നു. ഒരു ഡസന്‍ പാട്ടുകളെങ്കിലും സിനിമയില്‍ വേണമെന്ന നിലവന്നു. ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും പ്രിയമേറി. അഭയദേവ്, പി ഭാസ്കരന്‍, തിരുനയിനാര്‍കുറിച്ചി, വയലാര്‍ രാമവര്‍മ്മ തുടങ്ങിയ ഗാനരചയിതാക്കളുടെയും ബ്രദര്‍ ലക്ഷ്മണ്‍, ദക്ഷിണാമൂര്‍ത്തി, ചിദംബരനാഥ്, കെ രാഘവന്‍, ബാബുരാജ് തുടങ്ങിയ സംഗീത സംവിധായകരുടെയും സുവര്‍ണ്ണകാലം ആരംഭിക്കുകയായിരുന്നു.

ശൈലീപരമായി അതിവൈകാരികമായ അംശങ്ങള്‍ ഉണ്ടെങ്കിലും പുതുമകള്‍ ഏറെ അവകാശപ്പെടാവുന്ന ചിത്രമാണ് 'നീലക്കുയില്‍'. ആദ്യമായി നമ്മുടെ സിനിമയില്‍ 'മലയാളീകരണം' സാദ്ധ്യമാക്കിയ ചലച്ചിത്രമാണിത്. ഒരുപക്ഷേ, കേരളീയ സാമൂഹിക ജീവിതത്തെ ആദ്യം അഭിമുഖീകരിച്ച ചിത്രം ഇതുതന്നെയാകണം. ഈ ചിത്രത്തിനു പിന്നിലെ ആധികാരികമായ മലയാളകഥയുടെ സാന്നിദ്ധ്യം, കേരളീയമായ പശ്ചാത്തലം തുടങ്ങിയവ നീലക്കുയിലിനെ നാഴികക്കല്ലാക്കി മാറ്റിത്തീര്‍ത്ത ഘടകങ്ങളാണ്. പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ ഈ ചിത്രം സാമ്പത്തികമായി വന്‍ വിജയമായി. ഹിന്ദി - തമിഴ് സിനിമാസംഗീതത്തെ അതുവരെ അനുകരിച്ചിരുന്ന മലയാള ചലച്ചിത്ര സംഗീതത്തിന് കേരളീയമായ മാനം നല്‍കാന്‍ ഗാനരചയിതാവായ പി ഭാസ്കരനും ഈണം നല്‍കിയ കെ രാഘവനും കഴിഞ്ഞു. മലയാള സിനിമ സാംസ്കാരികമായ വ്യക്തിത്വം പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍ നീലക്കുയില്‍ സൃഷ്ടിച്ച പുതുമ, അതിന്റെ എല്ലാ പരിമിതികളോടെയും സവിശേഷമായ ഒന്നാണ്. ചന്ദ്രതാരാ ഫിലിംസിനുവേണ്ടി ടി കെ പരീക്കുട്ടി നിര്‍മ്മിച്ച നീലക്കുയിലിന്റെ കഥ ഉറൂബിന്റേതായിരുന്നു. സംവിധാനം നിര്‍വ്വഹിച്ചത് പി ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്ന്. പിന്നീട് സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ എ വിന്‍സെന്റ് ആയിരുന്നു ക്യാമറാമാന്‍.

നീലക്കുയിലിനുശേഷം മലയാളത്തില്‍ മറ്റൊരു പരീക്ഷണം നടന്നത് 1954ല്‍ ആണ്. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന 'ന്യൂസ് പേപ്പര്‍ ബോയ്' റിലീസ് ചെയ്തത് ആ വര്‍ഷമായിരുന്നു. ഇരുപത്തഞ്ചില്‍ താഴെ പ്രായമുള്ള കുറെ യുവാക്കള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആദര്‍ശകലാമന്ദിറിന്റെ ബാനറില്‍ പി രാമദാസ് സംവിധാനം ചെയ്ത ന്യൂസ് പേപ്പര്‍ ബോയ് സാമ്പത്തികമായി തികഞ്ഞ പരാജയമായിരുന്നെങ്കിലും മലയാള സിനിമയിലെ ഏകാന്ത പരീക്ഷണമായി. സാധാരണ മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കമിതാക്കള്‍ക്കുപകരം 'ന്യൂസ് പേപ്പര്‍ ബോയി'യില്‍ ഒരു ബാലനാണ് കേന്ദ്ര കഥാപാത്രമായിത്തീര്‍ന്നത്. 'കമ്പോസിറ്റര്‍' എന്ന സ്വന്തം കഥയ്ക്ക് രാമദാസ് തിരക്കഥയെഴുതി. സംഭാഷണം നാഗവള്ളിയുടേതായിരുന്നു. സത്യജിത് റായിയുടെ 'പഥേര്‍ പാഞ്ചാലി' പുറത്തുവരുന്നതിനും കുറെ മാസങ്ങള്‍ക്കു മുമ്പാണ് ചിത്രത്തിന്റെ വിതരണം നടന്നത്. ന്യൂസ് പേപ്പര്‍ ബോയ് ഒരര്‍ത്ഥത്തില്‍ നീലക്കുയിലിനേക്കാള്‍ ധീരമായ ചുവടുവെപ്പാകുന്നത് ആ ചിത്രം അന്നേവരെ നിലനിന്നിരുന്ന എല്ലാത്തരം ബോക്സ് ഓഫീസ് ഫോര്‍മുലകളെയും തിരസ്കരിച്ചു എന്നതുകൊണ്ടാണ്. ചന്ദ്രതാര നിര്‍മ്മിച്ച് പി ഭാസ്കരന്‍ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൌരന്‍ (1956) കേരളീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു സിനിമയാണ്. പി ഭാസ്കരന്‍ രചിച്ച് കെ രാഘവന്‍ സംഗീതം നല്‍കിയ പ്രാദേശികച്ചുവയുള്ള പാട്ടുകള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയായി.

പി ആര്‍ എസ് പിള്ള നിര്‍മ്മിച്ച 'തിരമാല' (1953) യില്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ രാമു കാര്യാട്ട് 1957ല്‍ പുറത്തുവന്ന 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഈ ചിത്രം പലതുകൊണ്ടും വ്യത്യസ്തമായി. പിന്നീട് രാമുകാര്യാട്ട് ചിത്രങ്ങളുടെ സവിശേഷതകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എല്ലാ ചേരുവകളുടെയും അവ്യക്തമായ കാഴ്ചകള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. കാര്യാട്ട് ചിത്രങ്ങളില്‍ കാണാവുന്ന പ്രകൃതിദൃശ്യങ്ങളുടെ കേരളീയ ചാരുത ഈ ചിത്രത്തിലും ഒരളവോളം പ്രകടമാകുന്നുണ്ട്.

അമ്പതുകളിലെ സിനിമയുടെ വികാസഗതികള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പുരോഗമന സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ തന്നെ സൂക്ഷ്മമായ ചലച്ചിത്ര ഭാഷയിലേക്ക് അതിനെ സന്നിവേശിപ്പിക്കാന്‍ പൊതുവേ ഇക്കാലത്തിറങ്ങിയ ചിത്രങ്ങള്‍ക്കു കഴിയാതെ വന്നു. ആദ്യകാല ശ്രമങ്ങള്‍ എന്ന നിലയില്‍ ഇതു സ്വാഭാവികമാണെങ്കിലും ചലച്ചിത്രത്തെ പുത്തന്‍ മാധ്യമമെന്ന രീതിയില്‍ സമീപിക്കാനുള്ള അവബോധം രൂപപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. ഇതേ കാലയളവിലെ ലോകസിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകും. എന്നാല്‍ മലയാള സിനിമയുടെ ഇത്തിരി വട്ടത്തില്‍ വിലയിരുത്തുമ്പോള്‍ അമ്പതുകളിലെ ചില ചിത്രങ്ങളെങ്കിലും മുന്നോട്ടുള്ള കാല്‍വെപ്പുകള്‍ തന്നെയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.