ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍

ചലച്ചിത്രഭാഷ ഉള്‍ക്കൊണ്ട ആവിഷ്കരണ രീതിക്ക് പ്രകാശനം നല്‍കി എന്നതാണ് പി എന്‍ മേനോന്‍ സംവിധാനംചെയ്ത 'ഓളവും തീരവും' (1970) എന്ന ചലച്ചിത്രത്തിന്റെ ചരിത്രപ്രാധാന്യം. ഷോട്ടുകള്‍ കമ്പോസുചെയ്യുന്നതിലെ പുതുമയായിരുന്നു എടുത്തുപറയേണ്ട ഘടകം. പശ്ചാത്തലസംഗീതത്തിന് യുക്തിഭദ്രത കൈവന്നു. സംഭാഷണം നിയന്ത്രണവിധേയമായി. ഈ ചിത്രത്തിന്റെ നിര്‍മാണം ചാരുചിത്രയുടെ ബാനറില്‍ പി എ ബക്കറും തിരക്കഥ എം ടി വാസുദേവന്‍നായരും ക്യാമറ മങ്കട രവിവര്‍മയും കൈകാര്യംചെയ്തു. മലബാര്‍ മുസ്ളിം ജീവിതത്തിന്റെ വിശ്വസനീയമായ ആദ്യ ചലച്ചിത്രാവിഷ്കാരമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ദൃശ്യസംവേദനസാധ്യതകളിലേക്ക്മലയാള സിനിമ വികസിക്കുന്നതിന്റെ അപൂര്‍ണമെങ്കിലും അര്‍ഥവത്തായ ചുവടുവയ്പ്പായിരുന്നു ഓളവും തീരവും. പി എന്‍ മേനോന്‍ കലാപരമായ സൂക്ഷ്മത പ്രകടിപ്പിച്ച മറ്റു രണ്ടു ചിത്രങ്ങളും ഇതോടനുബന്ധിച്ച് പുറത്തുവന്നു- മാപ്പുസാക്ഷി (1971), പണിമുടക്ക് (1972). ഇതോടെ മലയാളസിനിമ മുഖ്യധാരാ സിനിമയെന്നും കലാമൂല്യമുള്ള സിനിമയെന്നും രണ്ടു നിലപാടുകളില്‍ നിലയുറപ്പിക്കാനുള്ള പ്രവണത കാട്ടിത്തുടങ്ങി. ഈ രണ്ടു നിലപാടുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ എഴുപതുകളിലെ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാവിഷയമായിത്തീരുകയുണ്ടായി.

ഈ മാറ്റം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതല്ല. ഒന്നുരണ്ടു ദശകങ്ങള്‍കൊണ്ട് ക്രമേണ സംഭവിച്ചതാണ്. പഥേര്‍ പാഞ്ചാലിക്കുശേഷംഇന്ത്യന്‍ സിനിമയില്‍ പൊതുവില്‍ ഉണ്ടായ ഉണര്‍വ്വിന്റെ കേരളീയമായ ഫലപ്രാപ്തിയായിരുന്നു ഇത്. സിനിമയുടെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങളും ചര്‍ച്ചകളും കേരളത്തിലുടനീളമുണ്ടായി. ഫിലിം സൊസൈറ്റി പ്രസ്ഥാനം, തീവ്രവാദ രാഷ്ട്രീയത്തിന്റെ ഭാഗമായുണ്ടായ കലാതാല്‍പര്യങ്ങള്‍, പുണെ ഫിലിം ഇസ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തുവന്ന പുത്തന്‍ ചലച്ചിലത്രാവബോധം ഏറ്റുവാങ്ങിയ ചെറുപ്പക്കാര്‍, മലയാള സാഹിത്യത്തിലും മറ്റുമുണ്ടായ ആധുനികതയുടെ പ്രക്ഷുബ്ധമായ പരിസരം, ചിത്രകലയില്‍ കെ സി എസ് പണിക്കരുടെ നേതൃത്വത്തിലുണ്ടായ നവീനത- ഇതൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച സര്‍ഗാത്മക അന്തരീക്ഷത്തിന്റെ ചൂടും ചൂരും എഴുപതുകളിലെ ചലച്ചിത്രങ്ങളിലേക്കും സ്വാഭാവികമായും പടര്‍ന്നു എന്നുപറയുന്നതാവും ശരി. ലാഭേച്ഛ എന്ന ഏകലക്ഷ്യത്തില്‍നിന്ന് ഒരു പരിധിവരെ സിനിമയെ മോചിപ്പിക്കാന്‍ ഈ ചലച്ചിത്രസംരംഭങ്ങള്‍ക്ക് കഴിഞ്ഞു.

'സ്വയംവര' (1972) വുമായി രംഗത്തെത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമയില്‍ പുതിയ ദിശാബോധവും ദൃശ്യങ്ങളുടെ തനിമയും പകര്‍ന്നുനല്‍കി. ഈ ചിത്രം അതുവരെ നിലനിന്ന ചലച്ചിത്ര പരിചരണത്തെ മാറ്റിമറിച്ചു. ഭൂപരിഷ്കരണത്തിനുശേഷം കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിന് സംഭവിച്ച പരിണാമങ്ങള്‍ അടൂരിന്റെ സജീവവിഷയമായി. മധ്യവര്‍ഗ ജീവിതത്തിന്റെ സങ്കീര്‍ണമായ ഏങ്കോണിപ്പുകള്‍ സ്വയംവരത്തില്‍ കാണാം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് അടൂര്‍ തന്റെ രണ്ടാമത്തെ ചിത്രമായ കൊടിയേറ്റ (1977)ത്തിന് ജന്മം നല്‍കിയത്. ആദ്യചിത്രത്തില്‍നിന്ന് ആരംഭിക്കുന്ന പടവുകളായിട്ടാണ് അടൂരിന്റെ പിന്നീടുള്ള ചിത്രങ്ങള്‍ രൂപപ്പെടുന്നത്. ശില്‍പഘടനയില്‍ പുലര്‍ത്തുന്ന അമിതശ്രദ്ധ അടൂരിന്റെ ചിത്രങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും ഭാരമായിമാറുന്നുണ്ട്. സ്വയം സൃഷ്ടിച്ച ചലച്ചിത്ര പരിചരണത്തിന്റെ തടവിലേക്ക് അടൂരിന്റെ സാര്‍ഥകമായ ചലച്ചിത്രസപര്യ ഇടയ്ക്കെങ്കിലും വഴുതിപ്പോകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഫാല്‍ക്കേ അവാര്‍ഡ് ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പ്രമുഖ പുരസ്കാരലബ്ധികളിലൂടെ അടൂരിനൊപ്പം മലയാള സിനിമയും ലോകസിനിമാ ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതില്‍സംശയമില്ല.

സ്വയംവരം ഉണര്‍ത്തിയ ആവേശം എഴുപതുകളില്‍ നവീനമായ ചലച്ചിത്രാന്വേഷണങ്ങള്‍ക്ക് ആക്കംകൂട്ടി. എം ടി വാസുദേവന്‍നായര്‍ ആദ്യമായി സംവിധാനംചെയ്ത നിര്‍മാല്യം (1973) രാഷ്ട്രപതിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, 'സ്വയംവര'ത്തിനുശേഷം വീണ്ടും മലയാളത്തിന് നേടിക്കൊടുത്തു. ഈ ചിത്രത്തില്‍ വെളിച്ചപ്പാടിനെ അവതരിപ്പിച്ച പി ജെ ആന്റണി അവിസ്മരണീയഅഭിനയപാടവമാണ് കാഴ്ചവെച്ചത്. ഗ്രാമീണ കേരളത്തിന്റെ ദൃശ്യഭംഗി ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം. ചലച്ചിത്രരൂപത്തേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം കൊടുക്കുന്ന എം ടിയന്‍ സംവിധാനശൈലി പൊളിച്ചെഴുത്തുകള്‍ക്ക് തയ്യാറാവുന്നില്ല എന്നത് പരിമിതിയായിത്തീരുന്നുണ്ട്. ചിത്രത്തിലെ പ്രമേയത്തിന് കേരളത്തിലെ സാമൂഹ്യമാറ്റത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുമ്പോള്‍തന്നെ ചലച്ചിത്ര ഘടന അന്നേവരെയുള്ള പൊതുധാരയില്‍നിന്ന് വിഭിന്നമായി മാറുന്നില്ല. 1978ല്‍ എം ടി സംവിധാനംചെയ്ത 'ബന്ധനം' ഒരു ശരാശരി സിനിമയുടെ തലത്തില്‍നിന്ന് ഉയരുന്നില്ല.

അടൂരില്‍നിന്നും എം ടിയില്‍നിന്നും വ്യത്യസ്തമായ സമീപനമായി സിനിമയിലേക്ക് കടന്നുവന്ന അരവിന്ദന്‍ മൌലികമായ സംഭാവനകള്‍ മലയാള ചലച്ചിത്രരംഗത്തിന് സമ്മാനിച്ചു. സിനിമയിലെത്തുംമുമ്പുതന്നെ കാര്‍ട്ടൂണിസ്റും ചിത്രകാരനും നാടകപ്രവര്‍ത്തകനുമെന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അരവിന്ദന്‍, ആദ്യചിത്രമായ 'ഉത്തരായണ' (1974)ത്തില്‍തന്നെ വാക്കിലും ശബ്ദത്തിലും ദൃശ്യസന്നിവേശത്തിലും എങ്ങനെ സിനിമയില്‍ സംയമനം പാലിക്കാമെന്ന് സ്പഷ്ടമായി കാണിച്ചുതന്നു. എഴുപതുകളുടെ തുടക്കത്തിലേ ചെറുപ്പക്കാരുടെ സാമൂഹികവും വൈയക്തികവും രാഷ്ട്രീയവുമായ സന്ദേഹങ്ങള്‍ ചിത്രീകരിക്കുകവഴി സൂക്ഷ്മരാഷ്ട്രീയ സിനിമയുടെ അടിയൊഴുക്കുകള്‍ ഉത്തരായണത്തില്‍ മറഞ്ഞുകിടക്കുന്നു. ഉത്തരായണത്തില്‍നിന്നും പാടേ വ്യത്യസ്തമായ ഘടനയാണ് 'കാഞ്ചനസീത' (1977)യുടേത്. മുന്‍ ചിത്രത്തില്‍ അത്ര വിശദമല്ലാതിരുന്ന അരവിന്ദന്‍ ശൈലിയുടെ പ്രത്യേകതകള്‍ കൂടുതല്‍ തെളിഞ്ഞുവരുന്നുണ്ട് ഈ ചിത്രത്തില്‍. എന്നാല്‍, ആഖ്യാനയുക്തി പ്രകടമല്ലാത്തതിനാല്‍ ഫ്രെയിയുകള്‍ തമ്മിലുള്ള ബന്ധം വ്യക്തമാകുന്നില്ല. കഥാപാത്രങ്ങളുടെ ചലനങ്ങളും ഭാവങ്ങളും ചിലപ്പോഴെങ്കിലും കൃത്രിമമാകുന്നു. വിഷയസ്വീകരണത്തില്‍ അരവിന്ദന്‍ എപ്പോഴും വൈവിധ്യം സൂക്ഷിച്ചു. തമ്പ് (1978), കുമ്മാട്ടി (1979), എസ്തപ്പാന്‍ (1979) എന്നീ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയില്‍ തനതായ സ്ഥാനമുറപ്പിക്കാന്‍ എഴുപതുകളില്‍തന്നെ അരവിന്ദന് കഴിഞ്ഞു. ആത്മാവിലേക്കു നോക്കി നടത്തുന്ന സംഭാഷണത്തിന്റെ വിതാനത്തിലൂടെയാണ് ധ്വനിപരമായി അരവിന്ദന്റെ ചലച്ചിത്രബോധവും രൂപവും വികസിക്കുന്നത്.

1979ല്‍ 'അതിഥി' എന്ന ചിത്രവുമായി കെ വി കുമാരന്‍ എത്തി. ഒരിക്കല്‍പോലും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാത്ത അതിഥിയുടെ ഭ്രമാത്മക സാന്നിധ്യംകൊണ്ട് അപരിചിതമായ ചലച്ചിത്ര സമീപനം പ്രേക്ഷകനുമുന്നില്‍ അനാവരണം ചെയ്യാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.

'വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' എന്ന ചിത്രത്തോടെ രംഗത്തുവന്ന ജോണ്‍ എബ്രഹാം തന്റെ രണ്ടാമത്തെ ചിത്രമായ അഗ്രഹാരത്തില്‍ കഴുതൈ (1978)യിലൂടെയാണ് ശ്രദ്ധേയനായിത്തീരുന്നത്. വിഗ്രഹഭക്തനായ ജോണിന്റെ വ്യക്തിമുദ്ര ഈ ചിത്രത്തില്‍ വ്യക്തമായിക്കാണാം. ഒരുപക്ഷേ, ജോണിന്റെ ഏറ്റവും നല്ല ചിത്രവും ഇതായിരിക്കും. തമിഴില്‍ നിര്‍മിച്ച ചിത്രം വിവാദങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടു. എന്നാല്‍, തമിഴ്നാട്ടില്‍ ചര്‍ച്ചചെയ്യപ്പെട്ടതിനേക്കാള്‍ ഈ ചിത്രം കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായി. ജോണില്‍ വൈരുധ്യങ്ങളുടെ സങ്കീര്‍ണതയായി പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യപ്രതിബദ്ധതയാണ് അഗ്രഹാരത്തില്‍ കഴുതൈയുടെ തനിമയെ നിര്‍ണയിച്ചത്. 1978ലെ അസാധാരണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പവിത്രന്റെ 'യാരോ ഒരാള്‍' ആഖ്യാനത്തില്‍ ഒട്ടേറെ പുതുമകള്‍ പ്രകാശിപ്പിച്ചു. സ്ഥലകാലങ്ങളെ ഉല്‍ഭ്രാന്തമായി അട്ടിമറിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു

നിര്‍മാതാവായി ചലച്ചിത്രജീവിതം തുടങ്ങിയ പി എ ബക്കര്‍ സംവിധാനംചെയ്ത കുറേ ചിത്രങ്ങള്‍ എഴുപതുകളില്‍ പുറത്തുവന്നു. പവിത്രന്‍ നിര്‍മിച്ച് ബക്കര്‍ സംവിധാനംചെയ്ത 'കബനീനദി ചുവന്നപ്പോള്‍' (1975) എന്ന ആദ്യചിത്രംതന്നെ ശ്രദ്ധിക്കപ്പെട്ടു. തീവ്രവാദ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ക്കിടയില്‍ പ്രണയത്തെ വ്യഖ്യാനിക്കാനാണ് സംവിധായകന്റെ ശ്രമം. ബക്കറിന്റെ പില്‍ക്കാല ചിത്രങ്ങളില്‍ ചലച്ചിത്രഭാഷയുടെ വികാസമോ ചലച്ചിത്ര ഘടനയുടെ ഇഴയടുപ്പമോ കാണുന്നില്ല. തെരഞ്ഞെടുത്ത പ്രമേയങ്ങളില്‍ തീഷ്ണമായ സാമൂഹ്യപ്രതിബദ്ധതയുണ്ടായിരുന്നു എന്നത് ബക്കറുടെ മേന്മയായി കരുതണം. എന്നാല്‍, ചലച്ചിത്രങ്ങള്‍ എന്ന നിലയില്‍, സമഗ്രമായ അര്‍ഥത്തില്‍ അവ വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. മണിമുഴക്കം (1976), ചുവന്ന വിത്തുകള്‍ (1977), സംഘഗാനം (1979), മണ്ണിന്റെ മാറില്‍ (1979) തുടങ്ങിയവയാണ് ബക്കറിന്റെ എഴുപതുകളിലെ സംഭാവനകള്‍.

എം ടി വാസുദേവന്‍നായരുടെ ചെറുകഥയെ അടിസ്ഥാനമാക്കി ജി എസ് പണിക്കര്‍ സംവിധാനംചെയ്ത 'ഏകാകിനി' (1978), മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലിനെ അധികരിച്ച് ആര്‍ മോഹനന്‍ സംവിധാനംചെയ്ത 'അശ്വത്ഥാത്മാവ്' (1978), അസീസിന്റെ 'ഞാവല്‍പ്പഴങ്ങള്‍' (1976), രാജീവ്നാഥിന്റെ 'തണല്‍' (1978), ആസാദ് സംവിധാനംചെയ്ത 'പാതിരാവും പകല്‍വെളിച്ചവും' (1974), ആദ്യമായി ലെസ്ബിയന്‍ ബന്ധത്തിന്റെ കഥ കൈയടക്കത്തോടെ പറഞ്ഞ മോഹണന്റെ 'രണ്ട് പെണ്‍കുട്ടികള്‍' (1978) തുടങ്ങിയ ചിത്രങ്ങളും ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ മലയാള സിനിമയെ ഗൌരവത്തോടെ പിന്തുടരാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചവയാണ്.

രാമുകാര്യാട്ടിന്റെയും കെ എസ് സേതുമാധവന്റെയും എ വിന്‍സന്റിന്റെയും ചിത്രങ്ങളും എഴുപതുകളിലുണ്ടായി. അഭയം (1970), മായ (1972), നെല്ല് (1974), ദ്വീപ് (1977) എന്നീ രാമുകാര്യാട്ട് ചിത്രങ്ങള്‍ കലാപരമായ അച്ചടക്കത്തിന്റെയോ സൂക്ഷ്മതയുടെയോ അംശങ്ങളാല്‍ ശ്രദ്ധേയമാകാതെപോയെങ്കിലും വിഷയസ്വീകരണത്തില്‍ കാര്യാട്ട് അവലംബിച്ച വ്യത്യസ്തത അഭിനന്ദനാര്‍ഹമായിരുന്നു. വാഴ്വേമായം (1970), ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍ (1971), ദേവി (1972), പണിതീരാത്തവീട്, കലിയുഗം (1973), ചട്ടക്കാരി, കന്യാകുമാരി (1974) തുടങ്ങിയ ചിത്രങ്ങളിലൂടെ കെ എസ് സേതുമാധവന്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ഇതേകാലത്തുതന്നെ ചെണ്ട (1973) എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി എ വിന്‍സന്റ്. എന്നാല്‍, ഇവരുടെ ചലച്ചിത്ര സമീപനങ്ങള്‍ പ്രത്യേകിച്ചൊരു മാറ്റവും സൃഷ്ടിക്കാന്‍ പര്യാപ്തമായില്ല.

മുഖ്യധാരാ സിനിമയ്ക്കും നവസിനിമയ്ക്കുമിടയില്‍ പില്‍ക്കാലത്ത് മധ്യവര്‍ത്തി സിനിമയുടെ പേരില്‍ അറിയപ്പെട്ട കുറെ സംവിധായകരുടെ തുടക്കം എഴുപതുകളിലായിരുന്നു. കലാസംവിധായകനായി സിനിമയിലെത്തിയ ഭരതന്‍ ആദ്യമായി സംവിധാനംചെയ്ത 'പ്രയാണം' (1975), രണ്ടാമത്തെ ചിത്രമായ 'രതിനിര്‍വേദം' (1978) എന്നിവ ദൃശ്യസമ്പന്നതയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ചലച്ചിത്രമെന്ന നിലയില്‍ കൂടുതല്‍ ഭാവതീവ്രമായ ഭരതന്റെ ചിത്രങ്ങള്‍ പിന്നീടുവന്ന 'ആരവവും' (1978) 'തകര' (1979)യുമാണ്.

കെ ജി ജോര്‍ജ് മലയാള സിനിമയില്‍ പ്രവേശിച്ചത് 'സ്വപ്നാടന' (1975)ത്തിലൂടെയാണ്. ആവിഷ്കരണ രീതിയിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്താനുള്ള ശ്രമമാണ് സ്വപ്നാടനത്തെ ശ്രദ്ധേയമാക്കിയത്. സ്വപ്നാടനത്തിനുശേഷം ഓണപ്പുടവ (1977), വ്യാമോഹം (1977), ഉള്‍ക്കടല്‍ (1979) എന്നീ ചിത്രങ്ങളാണ് കെ ജി ജോര്‍ജിന്റേതായി പിന്നീട് പുറത്തുവന്നത്. 'പെരുവഴിയമ്പല' (1979)ത്തിലൂടെ അതുവരെ തിരക്കഥാകൃത്തായിരുന്ന പി പത്മരാജനും സ്വതന്ത്ര സംവിധായകനായി.

എഴുപതുകളില്‍ രൂപംകൊണ്ട നവസിനിമ ചലച്ചിത്രമെന്ന മാധ്യമത്തെ ആദ്യമായി മനസ്സിലാക്കാനുള്ള ശ്രമമെന്ന നിലയില്‍ ദൂരവ്യാപകമായ സംഭാവനയാണ് നല്‍കിയത്. ചലച്ചിത്രഭാഷയുടെയും രൂപത്തെയും നവസിനിമ ബഹുദൂരം മുന്നോട്ടുകൊണ്ടുപോയെങ്കിലും സിനിമയ്ക്ക് അകത്തും പുറത്തും ചില സ്ഥിരം മാതൃകകള്‍ സൃഷ്ടിച്ചതുവഴി പ്രേക്ഷകരില്‍നിന്ന് അത്തരം സിനിമകള്‍ അകന്നുപോയി. ഇത് എഴുപതുകളുടെ ഒടുവില്‍ സിനിമയെക്കുറിച്ചുള്ള ചില സന്ദേഹങ്ങള്‍ ഉണര്‍ത്തിവിടുകയുണ്ടായി. ഈ സന്ദേഹങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരുകൂട്ടം പ്രതിഭാശാലികളായ സംവിധായകര്‍ എണ്‍പതുകളില്‍ കലാമൂല്യം കൈവിടാതെതന്നെ സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു. നവസിനിമയുടെ വക്താക്കളായി വന്ന സംവിധായകരും അവരുടെ ചലച്ചിത്ര സമീപനങ്ങളില്‍ മാറ്റംവരുത്താതെവയ്യ എന്ന ഘട്ടം സംജാതമായി. അത് അവരുടെ ചിത്രങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കി.