സംവിധായകരുടെ കാലം

കച്ചവടകലയുടെ സമവാക്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങാന്‍ മടിച്ച ഒരുകൂട്ടം സംവിധായകരുടെ സിനിമകളാല്‍ പ്രകാശഭരിതമായ കാലഘട്ടമാണ് എണ്‍പതുകള്‍. ഈ കാലഘട്ടത്തെ സംവിധായകരുടെ മഹോത്സവം എന്ന് വിശേഷിപ്പിക്കാമെന്നുതോന്നുന്നു. കേരളീയ ജീവിതത്തില്‍ എല്ലാ മേഖലകളിലുമുണ്ടായ ജാഗ്രതയുടെയും സജീവതയുടെയും പ്രതിഫലനം ഈ ദശകത്തിലെ ചലച്ചിത്രങ്ങളിലും കണ്ടെത്താന്‍ കഴിയും. സാഹിത്യത്തിലും ചിത്രകലയിലുമെന്നപോലെ രാഷ്ട്രീയമായ വീണ്ടെടുപ്പ് സിനിമയിലും സംഭവിച്ചു.

ജോണ്‍ എബ്രഹാമിന്റെ രണ്ടു ചിത്രങ്ങള്‍ പുറത്തുവന്നത് എണ്‍പതുകളിലാണ്. അഗ്രഹാരത്തില്‍ കഴുതൈയ്ക്കുശേഷം കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ജോണ്‍ സംവിധാനംചെയ്ത 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍' (1983) ഉള്ളടക്കത്തിന്റെ വ്യതിരക്തതയാല്‍ ശ്രദ്ധിക്കപ്പെട്ടു. സമൂഹത്തിന്റെ അധര്‍മങ്ങളില്‍ സ്വയമറിയാതെ പങ്കാളിയാകേണ്ടിവന്ന സാധാരണക്കാരന്റെ ആത്മസംഘര്‍ഷമാണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍. ജനപങ്കാളിത്തത്തോടെ സിനിമ നിര്‍മിക്കുക എന്ന ജോണിന്റെ സാഹസിക സങ്കല്‍പം പ്രായോഗികവിജയത്തിലെത്തിയ ചിത്രമാണ് 'അമ്മ അറിയാന്‍' (1986). മലയാള സിനിമാ ചരിത്രത്തില്‍ ഇതൊരു ഒറ്റപ്പെട്ട പരീക്ഷണമായിരുന്നു. ഇന്നത്തെ കമ്പോളവല്‍കൃതമായ സിനിമാ മാമാങ്കങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് 'അമ്മ അറിയാന്‍' എന്ന ചിത്രത്തെ നോക്കിക്കാണുമ്പോഴാണ് അതിന്റെ നിര്‍മാണം ഒരത്ഭുതമായി മാറുന്നത്. എഴുപതെണ്‍പതുകളിലൂടെ രൂപപ്പെട്ട തീവ്രവാദ രാഷ്ട്രീയ വിശ്വാസവും അതിന്റെ സങ്കീര്‍ണ പ്രവണതകളും ആശയക്കുഴപ്പവും ചിത്രത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. ജോണിന്റെ എല്ലാ ചിത്രങ്ങളും അടിസ്ഥാനപരമായി മാര്‍ക്സിയന്‍ മനുഷ്യസ്നേഹത്താല്‍ പ്രചോദിതമായവയാണ്. ജോണ്‍ എബ്രഹാമിന്റെ പരാജയം, പൂര്‍ത്തിയാക്കപ്പെടാതെ പോയ സ്വപ്നങ്ങള്‍- പലരുടെയും തിളങ്ങുന്ന വിജയങ്ങളേക്കാള്‍ മഹത്തായിത്തീരുന്നത് അദ്ദേഹം മുന്നോട്ടുവച്ച സാമൂഹ്യാഭിമുഖ്യമുള്ള, ഒത്തുതീര്‍പ്പില്ലാത്ത ചലച്ചിത്ര സമീപനം കൊണ്ടുതന്നെയാണ്. ഇനിയും പൂരിപ്പിക്കപ്പെടേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ പലതും ജോണിന്റെ ചലച്ചിത്ര ദര്‍ശനത്തിലും ജീവിതദര്‍ശനത്തിലുമുണ്ടായിരുന്നു.

'യാരോ ഒരാളിനു'ശേഷം എട്ടുകൊല്ലം കഴിഞ്ഞാണ് പവിത്രന്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയത്. ഉപ്പ് (1983) എന്ന ചിത്രത്തിന്റെ ലാളിത്യവും യാഥാര്‍ഥ്യവും പവിത്രന്‍ ഉള്‍ക്കൊണ്ട രീതിയുടെ ആവിഷ്കാരമായിരുന്നു. കെ ആര്‍ മോഹനന്റെ 'പുരുഷാര്‍ഥം' പുറത്തുവന്നത് 1987ലാണ്. സി വി ശ്രീരാമന്റെ ചെറുകഥയായ 'ഇരിക്കപ്പിണ്ട'മാണ് ചലച്ചിത്രത്തിനാധാരം. ആദ്യചിത്രമായ അശ്വത്ഥാമാവില്‍നിന്ന് ഏറെ മുന്നോട്ടു പോകാന്‍ മോഹനനുകഴിഞ്ഞു. 1986ല്‍ വിജയകൃഷ്ണന്‍ സംവിധാനംചെയ്ത 'നിധിയുടെ കഥ' നവസിനിമയുടെ ഊര്‍ജവും ഉള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ടെങ്കിലും ശ്രദ്ധിക്ക പ്പെടാതെപോയി.

അരവിന്ദന്റെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ പലതും എണ്‍പതുകളിലാണ് പുറത്തുവന്നത്. ഏകാന്തസംഘര്‍ഷങ്ങളുടെ വ്യാഖ്യാനമായിത്തീരുന്ന 'പോക്കുവെയില്‍' (1981), ആണ്‍-പെണ്‍ ബന്ധത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണമായി മാറിയ 'ചിദംബരം' (1985), ഗ്രാമനഗര ജീവിതത്തിന്റെ ഉരസലുകളെ അപഗ്രഥനവിധേയമാക്കുന്ന 'ഒരിടത്ത്' (1986), ജീവിതത്തിലെ ആകസ്മിക സംഭവങ്ങളുടെ പാഠാന്തരങ്ങളെ നൃത്ത്യ-നാട്യങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന 'മാറാട്ടം' (1988), വിചിത്രമായ കാല്‍പനിക പ്രണയത്തിന്റെ കഥപറയുന്ന ഉണ്ണി (1988) എന്നിവയാണ് അരവിന്ദന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍. ഓരോ ചിത്രത്തിലൂടെയും അരവിന്ദന്‍ തന്റെ ചലച്ചിത്ര സങ്കല്‍പങ്ങളെ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. ചലച്ചിത്ര സാക്ഷരരായ ഒരുകൂട്ടം പ്രേക്ഷകരും നിരൂപകരും അവയെ വിമര്‍ശനാത്മകമായിത്തന്നെ സ്വീകരിക്കുകയുംചെയ്തു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സുപ്രധാന സിനിമകളും ഈ ദശകത്തില്‍ പുറത്തുവന്നു. അടൂരിന്റെ ഏറ്റവും മികച്ച ചിത്രമായി പൊതുവില്‍ വിലയിരുത്തുന്ന 'എലിപ്പത്തായം' (1981), ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ അഭിമുഖീകരിക്കാനുള്ള ശ്രമമെന്ന നിലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'മുഖാമുഖം' (1984), ഒരു യുവാവിന്റെ മാനസികവ്യാപാരങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന 'അനന്തരം' (1987), വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സമൂഹത്തില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന വ്യക്തിയുടെ സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച 'മതലുകള്‍' (1989) എന്നീ ചിത്രങ്ങളിലൂടെ അടൂര്‍ തന്റെ ചലച്ചിത്രകലയെ കൂടുതല്‍ പക്വമാക്കി. സ്ഫോടനാത്മകമായ പരീക്ഷണങ്ങളൊന്നും അടൂരിന്റെ ചലച്ചിത്രകല മുന്നോട്ടുവയ്ക്കുന്നില്ല. അത് അതിന്റേതായ താളത്തില്‍, ദൃശ്യങ്ങളില്‍, കാഴ്ചപ്പാടുകളില്‍ സുശിക്ഷിതമായിരിക്കുന്നു. അന്തര്‍ദേശീയ വേദിയില്‍ ആദ്യചിത്രംകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ക്യാമറാമാനായി ചലച്ചിത്രജീവിതം ആരംഭിച്ച ഷാജി എന്‍ കരുണ്‍. പിറവി (1988) എന്ന കന്നിച്ചിത്രത്തിലൂടെ ഷാജി ഭാവതീവ്രമായ തലങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. ജി എസ് പണിക്കരുടെ പാണ്ഡവപുരം (1985), ഭരത്ഗോപിയുടെ ഞാറ്റടി (1981), രവി ആലുംമൂടന്റെ ശേഷക്രിയ (1981), മങ്കട രവിവര്‍മയുടെ നോക്കുകുത്തി (1983), ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം (1989), ശിവപ്രസാദിന്റെ പൂരൂരവസ് (1985), സ്വതന്ത്രമായ ഒരു സംവിധാനശൈലികൊണ്ട് ശ്രദ്ധേയനായ രാജീവ്നാഥിന്റെ കടല്‍ത്തീരത്ത് (1988), ജനനി (1988), എം ടി വാസുദേവന്‍നായര്‍ സംവിധായകനെന്ന നിലയില്‍തിളങ്ങാതെപോയ വാരിക്കുഴി (1982), മഞ്ഞ് (1982), ശിവന്റെ യാഗം (1982), കെ പി കുമാരന്റെ രുഗ്മിണി (1989), കെ എസ് സേതുമാധവന്റെ ഓപ്പോള്‍ (1981), ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം (1989), പി എന്‍ മേനോന്റെ മലമുകളിലെ ദൈവം (1986), സി പി പത്മകുമാറിന്റെ അപര്‍ണ (1982), രവീന്ദ്രന്റെ ഒരേതൂവല്‍ പക്ഷികള്‍, വി രാജകൃഷ്ണന്റെ ശ്രാദ്ധം തുടങ്ങിയ ചിത്രങ്ങളില്‍ എന്തു പോരായ്മകളുണ്ടെങ്കിലും മലയാള സിനിമയെ ഏതെങ്കിലുമൊക്കെ മേഖലകളില്‍ മുന്നോട്ടുനയിക്കാനുള്ള ശ്രമങ്ങളായിവേണം കാണേണ്ടത്.

മലയാള സിനിമയില്‍ തന്റേതായ ചലച്ചിത്ര രീതിക്കുവേണ്ടിയുള്ള കെ ജി ജോര്‍ജിന്റെ ശ്രമം ഏറ്റവും സഫലമായിത്തീര്‍ന്ന ദശകമായിരുന്നു ഇത്. കോലങ്ങള്‍, മേള (1981), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1984), ഇരകള്‍ (1985), ഒരു യാത്രയുടെ അന്ത്യം (1986), പഞ്ചവടിപ്പാലം (1984) തുടങ്ങിയ ചിത്രങ്ങളിലൂടെ വൈവിധ്യപൂര്‍ണമായ ഒരു ലോകം സൃഷ്ടിക്കാന്‍ കെ ജി ജോര്‍ജിന് കഴിഞ്ഞു. സ്ത്രീകളുടെ പ്രശ്നമണ്ഡലങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമമെന്ന നിലയില്‍ ചര്‍ച്ചചെയ്യാവുന്ന ചിത്രങ്ങളാണ് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കും ആദാമിന്റെ വാരിയെല്ലും. യവനികയാകട്ടെ മലയാള സിനിമയിലെ ഏകാന്ത സുന്ദരമായ ചലച്ചിത്രശില്‍പമായിത്തീരുകയുംചെയ്തു.

ഭരതന്റെ ചലച്ചിത്രകലയുടെ സവിശേഷമായ ഒരു കാലഘട്ടമാണിത്. മര്‍മരം, ഓര്‍മയ്ക്കായി (1982), കാതോടുകാതോരം (1985), ചാട്ട (1981), ചാമരം (1983), ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984), പറങ്കിമല (1981), കാറ്റത്തെ കിളിക്കൂട് (1983), സന്ധമയങ്ങുംനേരം (1983), ഒഴിവുകാലം (1985), ചിലമ്പ് (1986), വൈശാലി (1988) എന്നീ ചിത്രങ്ങളിലൂടെ ഭരതന്‍ മലയാളത്തില്‍ നിറഞ്ഞുനിന്നു. ഹൃദയത്തെ തൊട്ടെടുക്കുന്ന കലാത്മകമായ ആവിഷ്കാരചാതുരിയിലൂടെ ഭരതന്‍ ചിത്രങ്ങള്‍ സ്വന്തമായ പ്രേക്ഷകവൃന്ദത്തെ സൃഷ്ടിച്ചെടുത്തു. തിരക്കഥാകൃത്തായി തുടങ്ങിയ പത്മരാജന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനംചെയ്തതും ഇതേകാലത്താണ്. കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍ (1981), കൂടെവിടെ (1983), തിങ്കളാഴ്ച നല്ലദിവസം (1985), അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ (1985), നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), ദേശാടനക്കിളി കരയാറില്ല (1986), പറന്നു പറന്നു പറന്ന് (1984), മൂന്നാംപക്കം (1988), സീസണ്‍ (1989) മുതലായ ചിത്രങ്ങള്‍ കുറ്റമറ്റ തിരക്കഥയുടെ അടിത്തറയില്‍ വാര്‍ത്തെടുത്ത ചലച്ചിത്രങ്ങളാണ്. ചുറ്റുപാടുകളിലെ സമൂഹജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കുന്ന പ്രവണത പത്മരാജന്റെ ചിത്രങ്ങളെ മറ്റു മധ്യവര്‍ത്തി സിനിമകളില്‍നിന്ന് വ്യത്യസ്തമാക്കി നിര്‍ത്തുന്ന ഘടകമാണ്. പ്രമേയമായി കാലത്തിന് മുന്നോട്ടുള്ള നോട്ടം പത്മരാജന്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്. മധ്യവര്‍ത്തി സിനിമകളുടെ മറ്റൊരു പ്രമുഖനായ വക്താവാണ് ലെനിന്‍ രാജേന്ദ്രന്‍. വേനല്‍ (1981) എന്ന ആദ്യചിത്രത്തില്‍ തുടങ്ങി പിന്നീട് ചില്ല് (1982), മീനമാസത്തിലെ സൂര്യന്‍ (1986), സ്വാതിതിരുനാള്‍ (1987) എന്നീ ചിത്രങ്ങളിലൂടെ സ്വന്തമായ ചലച്ചിത്ര സമീപനം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് ലെനിന്‍ രാജേന്ദ്രന്‍ നടത്തിയത്. ഭാവഗീതാത്മകമായ ചലച്ചിത്ര പരിചരണവും സ്വീകരിക്കുന്ന പ്രമേയവും തമ്മില്‍ പൊരുത്തപ്പെടാതെപോകുന്നു എന്ന പരിമിതി ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്രങ്ങള്‍ക്കുണ്ടെങ്കിലും കച്ചവടക്കണ്ണോടെമാത്രം സിനിമയെ സമീപിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനായി നില്‍ക്കാന്‍ ലെനിനു കഴിഞ്ഞിട്ടുണ്ട്.

എണ്‍പതുകളിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ദൃശ്യശൈലിക്കും ക്രിയാംശത്തിനും പ്രാധാന്യം നല്‍കി. ചിത്രങ്ങള്‍ സംവിധായകരുടെ പേരില്‍ പ്രേക്ഷകര്‍ ഇത്രയധികം സ്വീകരിച്ച ഒരു കാലഘട്ടം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. സിനിമ സാംസ്കാരികപ്രവര്‍ത്തനമായി അംഗീകരിക്കപ്പെട്ടുതുടങ്ങി. കച്ചവടലാക്കോടെ പുറത്തുവന്ന ചിത്രങ്ങള്‍ക്കുപോലും സാങ്കേതികവും കലാപരവുമായ നിലവാരം താഴെരുതെന്ന അനുശീലനം ഉടലെടുത്തു. ഈ സാഹചര്യങ്ങളുടെ സല്‍ഫലമായി, എഴുപതുകള്‍ക്കുമുമ്പെന്നപോലെ, മലയാള സിനിമയിലെ വേര്‍തിരിവുകള്‍ (ആര്‍ട്ട് സിനിമ, കൊമേഴ്സ്യല്‍ സിനിമ) അസ്തമിക്കാന്‍ തുടങ്ങി. ടെലിവിഷന്‍ ചാനലുകളുടെ വരവ് പ്രേക്ഷകന്റെ അഭിരുചികളില്‍ മാറ്റംവരുത്താനാരംഭിച്ചു. പുത്തന്‍ പരീക്ഷണങ്ങളിലൂടെമാത്രമേ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന നിലവന്നു. തൊണ്ണൂറുകളില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും; ഒപ്പം ഏതു മാറ്റത്തോടൊപ്പമുള്ള സന്ദേഹങ്ങളും.