സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍

ടെലിവിഷന്‍ ചാനലുകളുടെ വ്യാപനം, കമ്പ്യൂട്ടറൈസേഷന്റെ പടര്‍ച്ച, ഉത്തരാധുനികമായ കാഴ്ചകളും സംവാദങ്ങളും, എഴുപതുകളിലെയും എണ്‍പതുകളിലെയും ക്ഷോഭിക്കുന്ന യുവത്വം വാര്‍ധക്യത്തിലേക്ക് കടന്നതോടെ ഉയര്‍ന്നുവന്നപുതിയ പ്രേക്ഷകവൃന്ദം, നവോത്ഥാന മൂല്യങ്ങളുടെ കുഴമറിച്ചില്‍, ഭൂതകാലത്തെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന്റെ തകര്‍ച്ച, ആഗോളീകരണത്തിന്റെ ആദ്യചുവടുകള്‍- ഇങ്ങനെ സംക്രമണകാലത്തിന്റെ പ്രവണതകള്‍ സൃഷ്ടിച്ച സന്ദേഹങ്ങള്‍ നിറഞ്ഞ കേരള സമൂഹത്തെയാണ് തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. എഴുപതുകളിലാരംഭിച്ച നവസിനിമയുടെ സമവാക്യങ്ങള്‍ക്ക് സാധ്യതകളില്ലാതായി. സിനിമയില്‍ ഉപയോഗിക്കുന്ന മതാത്മകമോ സാമൂഹികമോ ആയ ബിംബങ്ങളും സംഭാഷണങ്ങളും ചലച്ചിത്രശില്‍പത്തെ നിര്‍ണയിക്കാനുള്ള കേവല ഉപാധി എന്നതിനപ്പുറം സമൂഹത്തില്‍ അവയുണ്ടാക്കുന്ന പൊതുബോധം ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി. ദൃശ്യാനുഭവം മാത്രമാണ് സിനിമയെന്ന സങ്കല്‍പം കാലഹരണപ്പെട്ടു. സിനിമയും ചരിത്രവും സമകാലികതയും തമ്മിലുള്ള സംവാദം പ്രധാനമായി.

ഈയൊരു പ്രശ്നപരിസരത്തിലേക്കാണ് 'പിറവി'ക്കുശേഷം ഷാജി എന്‍ കരുണ്‍ സംവിധാനംചെയ്ത രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. 1994ല്‍ 'സ്വ'മ്മും 1999ല്‍ 'വാനപ്രസ്ഥ'വും. ഈ രണ്ടു ചിത്രങ്ങളിലൂടെയും സംവിധായകനെന്ന നിലയില്‍ ഷാജി വ്യക്തിയുടെ ഏകാന്തവിഷാദങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. സംഗീതം ഈ ചിത്രങ്ങളിലെ സവിശേഷ അന്തരീക്ഷത്തെ കൂടുതല്‍ സൂക്ഷ്മമാക്കി. വാനപ്രസ്ഥത്തില്‍ ഒരു കഥകളി നടന്‍, കലാകാരന്‍, വ്യക്തി എന്നീ ദ്വന്ദ്വങ്ങളിലൂടെയുള്ള ജീവിതാനുഭവത്തിന്റെ പിടച്ചിലുകളാണ് പ്രതിപാദിക്കുന്നത്. തൊണ്ണൂറുകളുടെ സാമൂഹിക-കലാപരിസരത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന ട്രീറ്റ്മെന്റും പ്രമേയവുമാണ് ഇവയ്ക്കുള്ളത്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം, ഹൈന്ദവതയെ രാഷ്ട്രീയമായി പുനര്‍വായിച്ചുതുടങ്ങിയ സന്ദര്‍ഭത്തില്‍ ഷാജിയുടെ സിനിമകളിലെ ഹൈന്ദവബിംബങ്ങള്‍ നിഷ്കളങ്കമായി വായിച്ചെടുക്കാന്‍ ഗൌരവബുദ്ധിയായ ഒരു ചലച്ചിത്ര നിരൂപകന് കഴിഞ്ഞെന്നുവരില്ല. എങ്കിലും ചലച്ചിത്രശില്‍പങ്ങള്‍ എന്ന നിലയില്‍ സൌന്ദര്യാത്മകമായ തലങ്ങളില്‍ ഈ ചിത്രങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല.

സാമൂഹികമായി പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനാണെന്ന് ആദ്യ തമിഴ്-മലയാള ചിത്രങ്ങളായ 'ഹേമാവിന്‍ കാതലര്‍കള്‍', ആലീസിന്റെ അന്വേഷണം എന്നിവയിലൂടെ തെളിയിച്ച ടി വി ചന്ദ്രന്‍നിരന്തരം ചിത്രങ്ങള്‍ നിര്‍മിച്ച കാലഘട്ടമാണിത്. പൊന്തന്‍മാട (1993), മങ്കമ്മ (1997), ഓര്‍മകളുണ്ടായിരിക്കണം (1995), തുടങ്ങി ചിത്രങ്ങള്‍ സംവിധായകനെന്ന നിലയില്‍ ചന്ദ്രന്റെ സാമൂഹ്യാഭിമുഖ്യത്തിന് തെളിവുകളാണ്. വിമോചനസമരത്തിന്റെ ആഘാതങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് 'ഓര്‍മകളുണ്ടായിരിക്കണം'. 'മങ്കമ്മ'യിലാകട്ടെ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചിന്തിക്കുന്ന സംവിധായകനെയാണ് കാണാന്‍ കഴിയുക. സാധാരണക്കാരില്‍ സാധാരണക്കാരായ കഥാപാത്രങ്ങള്‍, ആട്ടും തുപ്പും പരിഹാസങ്ങളുമേറ്റു ജീവിക്കുന്നവര്‍ ചിത്രത്തിലെ ഫ്രെയിമുകളില്‍ നിറയുന്നു. സമൂഹത്തില്‍ ഇടം ലഭിക്കാത്ത മജകമ്മയെന്ന സ്ത്രീയുടെ ധീരമായ ജീവിതവും താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിനുവേണ്ടിയുള്ള സമരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പശ്ചാത്തലത്തില്‍ കമ്യൂണിസ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലും അടിയന്തരാവസ്ഥയുമൊക്കെ കെട്ടുപിണയുന്നു. അധഃസ്ഥിതവര്‍ഗത്തിന്റെ കഷ്ടതകള്‍ ചിത്രീകരിച്ച 'പൊന്തന്‍മാട'യില്‍ ചന്ദ്രന്റെ ചലച്ചിത്രഭാഷ പക്വമായ പ്രകാശനം നിര്‍വഹിക്കുന്നു. പ്രമേയമെന്തായിരുന്നാലും കാലികമായ പ്രതികരണങ്ങളിലേക്ക് സിനിമയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമം ടി വി ചന്ദ്രന്റെ ചിത്രങ്ങളില്‍ ചിലപ്പോള്‍ കല്ലുകടിയാകുന്നു. പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളെ, മനുഷ്യാവസ്ഥകളെ വിഷയമായി സ്വീകരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ ചന്ദ്രന് കഴിയുന്നുണ്ടെങ്കിലും എഴുപതെണ്‍പതുകളില്‍ നവസിനിമ മുന്നോട്ടുവച്ച ചലച്ചിത്രഭാഷയുടെ കെട്ടുപാടുകളില്‍നിന്ന് പൂര്‍ണമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാല്‍, സമൂഹംമുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ അരികുചേര്‍ക്കപ്പെടുന്ന സ്ത്രീകളുടെയും തിരസ്കരിക്കപ്പെടുന്ന മനുഷ്യരുടെയും പ്രശ്നങ്ങളെ ഏറ്റെടുക്കാന്‍ ഈ സംവിധായകന്‍ കാണിക്കുന്ന താല്‍പര്യം നിസാരമായിക്കാണാവുന്ന ഒന്നല്ല.

തൊണ്ണൂറുകളിലും അടൂര്‍ ഗോപാലകൃഷ്ണന്റേതായി രണ്ടു ചിത്രങ്ങള്‍ പുറത്തുവന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂര്‍ സംവിധാനംചെയ്ത ചിത്രമാണ് വിധേയന്‍ (1993). മറ്റൊന്ന് 1995ല്‍ പുറത്തുവന്ന 'കഥാപുരുഷ'നാണ്. അടൂരിന്റെ ചലച്ചിത്രകല പതിവുരീതികള്‍ പിന്തുടരുന്നുണ്ടെങ്കിലും ആഖ്യാനം കുറെക്കൂലി ലളിതമായിത്തീരുന്നതായിക്കാണാം. മുന്‍കാല ചിത്രങ്ങളിലുണ്ടായിരുന്ന 'മന്ദഗതി' ഏറെക്കുറെ ഇല്ലാതാവുന്നുണ്ട്. ഒരുപക്ഷേ, അബോധമായി മാറുന്ന കാലത്തിന്റെ വ്യതിയാനങ്ങള്‍ അടൂരിനെയും സ്വാധീനിച്ചതാവണം. അരവിന്ദന്റേതായി പുറത്തുവന്ന വാസ്തുഹാര (1993) അദ്ദേഹത്തിന്റെ ചലച്ചിത്രനിര്‍മിയുടെ അനുസ്യൂതിയെ കാട്ടിത്തരുന്നു. ആദ്യകാല ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, സവേദനക്ഷമമായ ആഖ്യാനരീതിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് അരവിന്ദന്‍ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

ആരവങ്ങളില്ലാതെ ചിത്രമെടുക്കുന്ന സംവിധായകനാണ് എം പി സുകുമാരന്‍നായര്‍. സങ്കീര്‍ണതകള്‍ ഒഴിവാക്കിയുള്ള ചലച്ചിത്ര ഘടനയാണ് സുകുമാരന്‍നായര്‍ പിന്തുടരുന്നത്. അപരാഹ്ന (1990)മാണ് സുകുമാരന്‍നായരുടെ ആദ്യ ചിത്രം. തീവ്രവാദ വിശ്വാസത്താല്‍ വ്യക്തിസത്ത തകരുന്ന ഒരു ചെറുപ്പക്കാരനിലൂടെ വികസിക്കുന്ന ചിത്രമാണിത്. രണ്ടാമത്തെ ചിത്രമായ 'കഴകം' (1995) ഒരു യുവതിയുടെ സംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്നു. മൂന്നാമത്തെ ചിത്രമായ ശയനം അന്വേഷണങ്ങള്‍ക്കെല്ലാം ഒടുവില്‍ ഉടലെടുക്കുന്ന വിഫലതയെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു. മലയാള സിനിമയില്‍ വലിയ വഴിത്തിരിവുകളൊന്നും സൃഷ്ടിക്കാന്‍ സുകുമാരന്‍നായര്‍ ശ്രമിക്കുന്നില്ല. അത് അദ്ദേഹത്തിന്റെ പരാജയമായും വിജയമായും ഒരേസമയം വായിച്ചെടുക്കാന്‍ കഴിയും.

നിര്‍മാതാവായി സിനിമാജീവിതം തുടങ്ങിയ പി ടി കുഞ്ഞുമുഹമ്മദ് ആദ്യമായി സംവിധായകനാകുന്നത് തൊണ്ണൂറുകളിലാണ്. മഗ്രിബ് (1993) എന്ന ആദ്യചിത്രത്തില്‍ മുസ്ളിം ജനജീവിതത്തിന്റെ അന്തര്‍ഗതങ്ങളാണ് കുഞ്ഞുമുഹമ്മദ് വിഷയമാക്കുന്നത്. രണ്ടാമത്തെ ചിത്രമായ ഗര്‍ഷോം (1998) പ്രവാസജീവിതത്തിന്റെ പൊള്ളുന്ന പ്രശ്നങ്ങളെ കൈയടക്കത്തോടെ പറയാന്‍ ശ്രമിക്കുന്നു. പുതിയകാലത്തിന്റെ ദൃശ്യബോധത്തില്‍ സംഭവിച്ച മാറ്റങ്ങളെ വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ ചിലപ്പോഴെങ്കിലും കുഞ്ഞുമുഹമ്മദിന്റെ ആഖ്യാനരീതിക്ക് കഴിയുന്നില്ല എന്നതിന്റെ സൂചകങ്ങളായി കുറെ ഫ്രെയിമുകളെങ്കിലും ഈ ചിത്രങ്ങളില്‍ കണ്ടെത്താനാകും. എന്നാല്‍, ഗൌരവമുള്ള ചലച്ചിത്രപരിചരണത്തിനായുള്ള ശ്രമങ്ങള്‍ കുഞ്ഞുമുഹമ്മദിന്റെ ചിത്രങ്ങളെ പ്രസക്തമാക്കുന്നു. വിദേശമലയാളിയായ മുരളീനായരുടെ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട മരണസിംഹാസനം (199) തൊണ്ണൂറുകളുടെ സൃഷ്ടിയാണ്. വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി മലയാളത്തിന് അവാര്‍ഡ് നേടിത്തെന്ന ചിത്രമാണിത്. അലിഗറിക്കലായ ചലച്ചിത്രഭാഷയും രീതിയുമാണ് മുരളീനായര്‍ പരീക്ഷിക്കുന്നത്. അരവിന്ദന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സി പി പത്മകുമാര്‍ സംവിധാനംചെയ്ത സമ്മോഹനം (1999), വി ആര്‍ ഗോപിനാഥിന്റെ പൂത്തിരുവാതിരരാവില്‍ (1998), ശിവന്റെ അഭയം (1991) തുടങ്ങിയ ചിത്രങ്ങളും ഇക്കാലയളവില്‍ പുറത്തുവരികയുണ്ടായി. പ്രേക്ഷകരെ ഏതെങ്കിലും വിധത്തില്‍ ആകര്‍ഷിക്കാനോ പ്രമേയത്തിലോ ചലച്ചിത്ര സമീപനത്തിലോ മാറ്റങ്ങള്‍ സൃഷ്ടിക്കാനോ ഈ ചിത്രങ്ങള്‍ക്കായില്ല.

പുരുഷന്മാരുടെ വിനിമയലോകമെന്ന് വിശേഷിപ്പിക്കാവുന്ന മലയാള സിനിമയിലേക്ക് ധൈര്യപൂര്‍വം കടന്നുവന്ന സ്ത്രീസംവിധായികയാണ് സുമാജോസന്‍. 1998ല്‍ സുമാജോസന്‍ സംവിധാനംചെയ്ത് പുറത്തുവന്ന 'ജന്മദിനം' എന്ന ചിത്രം അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ അര്‍ഹിക്കുന്നു. സ്ത്രീജീവിതത്തെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള ആദ്യശ്രമമെന്ന നിലയില്‍ ജന്മദിനത്തിന് മലയാള സിനിമാചരിത്രത്തില്‍ സവിശേഷമായ ഇടമുണ്ട്. പരിമിതികള്‍ ഒട്ടനവധിയുണ്ടെങ്കിലും ഒരമ്മയുടെയും മകളുടെയും ചിരപരിചിതമല്ലാത്ത ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം സ്ത്രൈണവൈകാരികതയെ കേന്ദ്രീകരിക്കുന്ന ചലച്ചിത്രപരിചരണത്തിലൂടെ മലയാള സിനിമയില്‍ വേറിട്ട ഭാവിയെ നിര്‍മിക്കുന്നു.

തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രദ്ധേയനായ ലോഹിതദാസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഭൂതക്കണ്ണാടി (1998) സമകാലികമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളോടുള്ള പീഡനമാണ് വിഷയമാക്കുന്നത്. വര്‍ത്തമാന പ്രസക്തിയുള്ള വിഷയം തെരഞ്ഞെടുത്തു എന്നതുമാത്രമല്ല, ആ വിഷയത്തെ ഒരച്ഛന്റെ കണ്ണിലൂടെ, വേദനകളിലൂടെ അവതരിപ്പിച്ചുകൊണ്ട് യുക്തിഭദ്രമായി ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും അതില്‍ ഒട്ടൊക്കെ വിജയിക്കുകയുംചെയ്തു ലോഹിതദാസ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രാധാന്യം. അറിഞ്ഞോ അറിയാതെയോ ഒരു പുത്തന്‍ പുരുഷസങ്കല്‍പം മുന്നോട്ടുവയ്ക്കാന്‍ ലോഹിതദാസിനു കഴിഞ്ഞു.

ഭരതന്റെയും പത്മരാജന്റെയും ചിത്രങ്ങള്‍ തൊണ്ണൂറുകളിലും പുറത്തുവന്നു. താഴ്വാരം (1990), അമരം (1991), പാഥേയം (1993), ദേവരാഗം (1996), ചുരം (1997) തുടങ്ങിയവയാണ് ഭരതന്റേതായി പുറത്തുവന്നവ. എം ടിയുടെ തിരക്കഥയിലൊരുക്കിയ 'താഴ്വാരം' ദൃശ്യഭംഗിയോടെ അവതരിപ്പിക്കാന്‍ ഭരതന് കഴിഞ്ഞു. അമരവും പാഥേയവും ബോക്സ് ഓഫീസ് ഹിറ്റുകളായി. എന്നാല്‍, സൂക്ഷ്മനിരീക്ഷണത്തില്‍ ഭരതന്റെ ചലച്ചിത്രപ്രതിഭ ദുര്‍ബലമാകുന്നതിന്റെ സൂചനകള്‍കൂടി ഇക്കാലയളവിലെ ചിത്രങ്ങള്‍ തരുന്നുണ്ട്. അതിനെ ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തുവന്ന അവസാനകാല ചിത്രങ്ങള്‍. പത്മരാജന്റേതായി രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തത്- ഇന്നലെ (1990), ഞാന്‍ ഗന്ധര്‍വന്‍ (1991). ഈ രണ്ട് ചിത്രങ്ങളും പത്മരാജനിലെ കലാകാരനായ ചലച്ചിത്രകാരന്റെ കൈയൊപ്പ്പതിഞ്ഞവയാണ്. അതുകൊണ്ടുതന്നെ പത്മരാജന്റെ അകാലനിര്യാണം തീര്‍ച്ചയായും മലയാള സിനിമയുടെ നഷ്ടമായി.

ലെനിന്‍ രാജേന്ദ്രന്‍ എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി സംവിധാനംചെയ്ത ദൈവത്തിന്റെ വികൃതികള്‍ (1994), സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയിലെ സ്ത്രീകഥാപാത്രമായ സുഭദ്രയെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത കുലം (1997), എം ടി വാസുദേവന്‍നായര്‍ സംവിധാനംചെയ്ത കടവ് (1991) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. എം ടിയുടെ തിരക്കഥകള്‍ സംവിധാനംചെയ്തുകൊണ്ട് കടന്നുവന്ന നവാഗതരാണ് പെരുന്തച്ചന്‍ (1990) സംവിധാനംചെയ്ത അജയനും 'ദയ' (1998)യിലൂടെ ആദ്യമായി സംവിധായകനായി മാറിയ ക്യാമറാമാന്‍ വേണുവും. ഇതില്‍ പെരുന്തച്ചന്‍ ശില്‍പഭദ്രതകൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും ദയ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.

എണ്‍പതുകളില്‍ 'വടക്കുനോക്കിയന്ത്ര'ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തായ ശ്രീനിവാസന്‍ സംവിധാനംചെയ്യുകയും തിരക്കഥ ഒരുക്കുകയുംചെയ്ത രണ്ട് ചിത്രങ്ങള്‍ ചിന്താവിഷ്ടയായ ശ്യാമളയും (1998) ഇംഗ്ളീഷ്മീഡിയവും (1999) ഏറെ പ്രസക്തമായ രണ്ട് വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ അന്ത്യത്തില്‍ എതിര്‍ക്കപ്പെടേണ്ട സദാചാരമൂല്യ കല്‍പനകള്‍ നിറഞ്ഞ പരിഹാരനിര്‍ദേശങ്ങള്‍ ഒഴിവാക്കിയാല്‍ ചിന്താവിഷ്ടയായ ശ്യാമള കേരളത്തിലെ സ്ത്രീയവസ്ഥയുടെ കാഴ്ച സമ്മാനിക്കുന്നു. മുഖ്യധാരാചിത്രങ്ങളുടെ ചില സങ്കല്‍പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തത് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പരിമിതിതന്നെയാണ്. പ്രമേയത്തോടും തിരക്കഥയോടും കാണിക്കുന്ന അമിതതാല്‍പര്യം പക്ഷേ, പുത്തന്‍ ചലച്ചിത്രഭാഷ നിര്‍മിക്കാന്‍ ശ്രീനിവാസനെ പ്രേരിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ചലച്ചിത്രഭാഷയില്‍ പുത്തന്‍ പരീക്ഷണങ്ങളൊന്നും ശ്രീനിവാസന്‍ ചിത്രങ്ങളില്‍ പ്രതീക്ഷിക്കേണ്ടിവരുന്നില്ല. എന്നാല്‍, കേരളീയ സമൂഹത്തില്‍ സമീപഭൂതകാലത്തിലുണ്ടായ മാറ്റങ്ങളെ സൂക്ഷ്മമായ നിരീക്ഷണത്തിനുവിധേയമാക്കിയത്, നവസിനിമയുടെ വക്താക്കളേക്കാള്‍ കൂടുതല്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്താണെന്നു പറഞ്ഞാല്‍ അല്‍പം കടത്തിപ്പറയുകയാണെന്ന് തോന്നാമെങ്കിലും അതില്‍ അല്‍പം സത്യമുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ വരവേല്‍പ്, ടി പി ബാലഗോപാലന്‍ എംഎ, സന്ദേശം തുടങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് കണ്ടെത്താന്‍ കഴിയും.

തൊണ്ണൂറുകളിലെ മലയാള സിനിമയെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വിസ്മയിപ്പിക്കുന്ന പരീക്ഷണങ്ങളോ ശക്തമായ ചെറുത്തുനില്‍പുകളോ പുതിയ കാലത്തിന് കൃത്യമായിത്തീരുന്ന ചലച്ചിത്രഭാഷയോ രൂപപ്പെട്ടു എന്നു പറയാന്‍ കഴിയില്ല. നവോത്ഥാനകാലത്ത് കേരളീയ സമൂഹം ബോധപൂര്‍വം വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളും ആചാരക്രമങ്ങളും മലയാള സിനിമയിലേക്ക് മുമ്പെങ്ങുമില്ലാത്തവിധം കടന്നുകയറിയ കാലഘട്ടമാണിത്. ചലച്ചിത്രങ്ങളിലും വിലക്ഷണമായ മാതാത്മകത ആധിപത്യം പുലര്‍ത്തി. ഭക്തിയും വിശ്വാസവും ലാഭംകൊയ്യുന്ന ദൃശ്യസാന്നിധ്യമായി. വര്‍ഗപരവും വര്‍ണപരവും ലിംഗപരവുമായ അസമത്വങ്ങളെ ആഭാസകരമായി സ്ഥാപിച്ചെടുക്കാന്‍ തൊണ്ണൂറുകളിലെ ഒട്ടുമിക്ക സിനിമകളും ശ്രമിക്കുകയുണ്ടായി. കലയും ജനപ്രിയതയും തമ്മിലുള്ള സമന്വയത്തിലേക്കുള്ള യാത്രയില്‍ മലയാള സിനിമയില്‍ സംഭവിച്ച ഒത്തുതീര്‍പ്പുകളുടെ അനന്തരഫലങ്ങളായിവേണം ഇവയെ കാണാന്‍. പുതിയ ശതാബ്ദത്തിലെ ചിത്രങ്ങളെ പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ ഗുണപരമായി പരിണമിക്കുകയുണ്ടായോ?'