മലയാള സിനിമാ ചരിത്രം

History of Malayalam Cinema

മലയാള സിനിമയുടെ വികാസ പരിണാമങ്ങള്‍ വിഭിന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണ് വിലയിരുത്തേണ്ടത്. ചലച്ചിത്ര ഘടനയെ നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചോദ്യം ചെയ്യുകയും ഉടച്ചു വാര്‍ക്കുകയും ചെയ്ത ചരിത്രം കൂടിയാണത്. പരിമിതികള്‍ പലതുണ്ടെങ്കിലും ഇനിയും നിലച്ചിട്ടില്ലാത്ത അന്വേഷണങ്ങളും ധീരമായ പരീക്ഷണ ശ്രമങ്ങളും മലയാള സിനിമയെ തിരിച്ചടികളുടെ വര്‍ത്തമാനത്തിലും പ്രസക്തമാക്കിത്തീര്‍ക്കുന്നു.

ബഹുസ്വര സാംസ്കാരിക ധാരകള്‍ കേരളീയ സംസ്കാരരൂപീകരണത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹം, ഹിന്ദു - ക്രിസ്ത്യന്‍ - ഇസ്ളാം മതങ്ങള്‍, ഗ്രാമാന്തരങ്ങളില്‍ നിലനിന്ന കാര്‍ഷിക സംസ്കാരം, നാട്ടറിവുകള്‍, ജന്മി സമൂഹത്തിന്റെ വളര്‍ച്ച, നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും മറ്റും മുന്‍കൈയില്‍ നടന്ന സാമൂഹിക നവോത്ഥാന ശ്രമങ്ങള്‍, ഫ്യൂഡല്‍ കൊളോണിയല്‍ മേല്‍ക്കോയ്മക്കെതിരെ ജനാധിപത്യശക്തികളുടെ പ്രതിരോധങ്ങള്‍, അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവ്, ജനാധിപത്യത്തെ നിര്‍ണ്ണയിക്കാന്‍ പാകത്തില്‍ രൂപപ്പെട്ടുവന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളിലൂടെ രൂപപ്പെട്ടുവന്ന ജനകീയ ബോധം, സാഹിത്യാദികലകളുടെ ജനകീയവല്‍ക്കരണം, വായനശാലകളിലൂടെ ഉരുത്തിരിഞ്ഞ പൊതുബോധം, അറിവിന്റെ വികേന്ദ്രീകരണം - ഇത്തരത്തിലുള്ള സാമൂഹിക വസ്തുതകളും ഉണര്‍ച്ചകളും കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച സംവാദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും സാംസ്കാരിക ഉല്‍പന്നങ്ങളാണ് ആധുനിക കേരളീയ സമൂഹത്തെ രൂപപ്പെടുത്തിയത്.

ഇതിനു സമാന്തരമായി പരിശോധിക്കുമ്പോള്‍, പ്രാരംഭദശയില്‍ സ്വാഭാവികമായും സാമൂഹികചലനങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്താനോ സ്വാംശീകരിക്കാനോ ഉള്ള പ്രാപ്തി മലയാള സിനിമ കൈവരിച്ചിരുന്നില്ല. എന്നാല്‍ അമ്പതുകളുടെ പകുതിയോടെ, പരിമിതികളോടെയെങ്കിലും മലയാള സിനിമ ആദ്യമായി 'മലയാളീകരണം' സാമൂഹിക അര്‍ത്ഥത്തില്‍ സുസാദ്ധ്യമാക്കി. അറുപതുകളില്‍ മലയാള സാഹിത്യത്തില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് സര്‍ഗ്ഗാത്മകമായ പുനര്‍നിര്‍മ്മിതിയെ സാക്ഷാല്‍കരിക്കാന്‍ അതിനു കഴിഞ്ഞു. എഴുപതുകളില്‍, ലോക സിനിമയെ അടുത്തറിഞ്ഞുകൊണ്ട് അടിമുടി നവീകരിക്കാനും ലോക സിനിമയ്ക്ക് സമകാലികവുമാകാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ആരംഭിച്ചു. എണ്‍പതുകളില്‍ പ്രതിഭാശാലികളായ ഒരു കൂട്ടം സംവിധായകര്‍ സൃഷ്ടിച്ച സവിശേഷ കാലഘട്ടത്തിലൂടെ വിശാലമായ ചലച്ചിത്ര പരിപ്രേക്ഷ്യം സൃഷ്ടിക്കാനും മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കാനും ഒരളവോളം സാദ്ധ്യമായി. വര്‍ത്തമാനകാലത്ത്, ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയിലെ അനവധി സംഘര്‍ഷങ്ങള്‍ക്കിടയില്‍, കമ്പോളവല്‍ക്കരണത്തിന്റെയും അതുവഴി ഉണ്ടായ മായികഭ്രമങ്ങളുടെയും വെല്ലുവിളികള്‍ക്കിടയില്‍, സ്വയം കണ്ടെത്താനും അപഗ്രഥിക്കാനും ചുരുക്കമായെങ്കിലും ശ്രമിച്ചുകൊണ്ട്, പുത്തന്‍ ലോക ക്രമത്തിന്റെ തുറസ്സില്‍ കൃത്യമായ ഇടങ്ങള്‍ തേടിക്കൊണ്ട് ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് മലയാള സിനിമ.