ഗായകന്‍

അഗസ്റ്റിന്‍ ജോസഫ്


ഉദയാസ്റ്റുഡിയോയില്‍ നിര്‍മ്മിച്ച 'നല്ലതങ്ക' എന്ന ചിത്രത്തിലെ ' മനോഹരമീ മഹാരാജ്യം....' എന്ന ഗാനമാണ് അഗസ്റ്റിന്‍ ജോസഫ് നായകന്മാരില്‍ ഒരാളായി പാടുകയും അഭിനയിക്കുകയും ചെയ്തത്. വി. ദക്ഷിണാമൂര്‍ത്തിയും രാമറാവുമായിരുന്നു, സംഗീതസംവിധായകര്‍ . ഗാനങ്ങള്‍ എഴുതിയത് അഭയദേവ്. അന്തരിച്ചുപോയ മിസ്. കുമാരിയായിരുന്നു 'നല്ല തങ്ക'യുടെ കഥാപാത്രത്തില്‍ . ആ കാലത്ത് നാടകരംഗത്തെ ഒരുജ്ജ്വല താരമായിരുന്നു അഗസ്റ്റിന്‍ ജോസഫ്. സൗന്ദര്യത്തിലും പാട്ടിലും അഭിനയത്തിലും മികച്ചു നിന്നു. ഓച്ചിറ വേലുക്കുട്ടിയുടെ കരുണ ( ഉപഗുപ്തന്‍ ‍), സുഹൃത്ത് മുതലായ നാടകങ്ങള്‍ അരങ്ങുതകര്‍ത്തു. ' വേലക്കാരന്‍ 'എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സീമന്തപുത്രനാണ് ചലച്ചിത്രഗാനരംഗത്തിന് 'ഈശ്വരന്‍ തന്ന നിധി'യായ പിന്നണിഗായകന്‍ യേശുദാസ്. 1964-ല്‍ മകന്‍ വളര്‍ച്ചയുടെ കോവണിപ്പടികള്‍ കയറുന്നതു കണ്ടിട്ടു അദ്ദേഹം മരിച്ചു.


അയിരൂര്‍ സദാശിവന്‍


'അമ്മേ അമ്മേ അവിടത്തെ മുല്‍പില്‍ ഞാനാര് ദൈവമാര് ...', 1973 ല്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ 'ചായം' എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും പുതുമ നശിക്കാതെ നില്‍ക്കുന്നു. നാടകരംഗത്തെ പ്രശസ്ത ഗായകനായ അയിരൂര്‍ സദാശിവന്റെ ആദ്യഗാനമായിരുന്നു ഇത് തുടര്‍ന്നും പല സിനിമകളില്‍ സദാശിവന്‍ പാടുകയുണ്ടായി.


ബാബു


ലൗ ലറ്റര്‍ എന്ന ചിത്രത്തില്‍ 'ദുഃഖിപ്പോരേ....' എന്നഗാനം ബാബു പാടി.


ബാലചന്ദ്രമേനോന്‍


പ്രസിദ്ധനടനും സംവിധായകനുമായ അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'ഒരു പൈങ്കിളിക്കഥയില്‍ ' ബിച്ചുതിരുമല എഴുതി എ.ടി. ഉമ്മര്‍ സംഗീതം നല്‍കിയ 'ആനക്കൊടുത്താലും കിളിയേ....' എന്ന ഗാനം ശ്രീവിദ്യയുമായി ചേര്‍ന്നു പാടി. സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.


ബാലഗോപാലന്‍ തമ്പി


ആദ്യമായി ജോണ്‍സന്റെ സംഗീതത്തില്‍ ഭരണിക്കാവിന്റെ 'താമരനെഞ്ചം.....' എന്നു തുടങ്ങുന്ന വരികള്‍ 'സ്വര്‍ണ്ണഗോപുരം' എന്ന ചിത്രത്തില്‍ പാടി. ബാലഗോപാലന്‍തമ്പി അറിയപ്പെടുന്ന ഒരു ഗായകനാണ്. തിരുവട്ടാര്‍ അമ്മ വീട്ടില്‍ രാമന്‍കുട്ടിമേനോന്റെയും കമലയുടേയും മകനായി 1957 ഒക്ടോബര്‍ 10 ന് ജനിച്ചു. ഹരിപ്പാട് കെ.പി.എന്‍ .പിള്ള, മാവേലിക്കര പ്രഭാകരവര്‍മ്മ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. തുടര്‍ന്ന് കുറച്ചു ചിത്രങ്ങളില്‍ കൂടി പാടാന്‍ സാധിച്ചു. ഗാനമേളകളില്‍ സജീവമായി പങ്കെടുക്കുന്നു. വിലാസം ബാലഗോപാലന്‍തമ്പി, റ്റി.സി. 28/990, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം.


ഭരത് ഗോപി


ഒരു പൈങ്കിളിക്കഥയില്‍ ബിച്ചു തിരുമല രചിച്ച 'പൈങ്കിളിയേ....' എന്ന ഗാനം എ.ടി.ഉമ്മറിന്റെ സംഗീതത്തില്‍ വേണു നാഗവള്ളി, ജാനകീ ദേവി, സിന്ധുദേവി എന്നിവരോടൊപ്പം പാടി ഗോപിയും ഗായകനായി. അഭിനയത്തിന് ഭരത് അവാര്‍ഡ് നേടിയ നടനാണ് ഗോപി.


ഭരതന്‍


'ഒഴിവുകാലം' എന്ന ചിത്രത്തിനുവേണ്ടി ജോണ്‍സന്റെ സംഗീതത്തില്‍ പരമ്പരാഗതമായ ഒരു നാഗപ്പാട്ട് ജോണ്‍സനോടൊപ്പം ഭരതന്‍ പാടി.


ഭാസ്കരന്‍


'എന്റെ ഗ്രാമം' എന്ന ചിത്രത്തില്‍ വിദ്യാധരന്റെ സംഗീതത്തില്‍ , ശ്രീമൂലനഗരം വിജയന്റെ രചനയായ 'പത്തായംപോലത്തെ....' എന്ന ഗാനം ആന്റോയോടൊപ്പം പാടി.


ബിച്ചുതിരുമല


'ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീതത്തില്‍ ബ്രഹ്മാനന്ദന്‍ , അമ്പിളി, കമലഹാസന്‍ എന്നിവരോടൊപ്പം 'ധൂമാനന്ദലഹരി.....' എന്ന ഗാനം പാടിയ പ്രസിദ്ധ ഗാനരചയിതാവായ ബിച്ചുതിരുമല, പാരമ്പര്യമായി സംഗീത വാസനയുള്ള വ്യക്തിയാണ്. ചില ചിത്രങ്ങളില്‍ ചില ഗാനങ്ങള്‍ അദ്ദേഹം പാടുകയുണ്ടായി. അക്കല്‍ദാമയിലെ 'നീലാകാശവും മേഘങ്ങളും....'എന്ന ഗാനമാണ് ബിച്ചു തിരുമലയെ സിനിമാഗാനരചയിതാവാക്കിയത്. സംഗീതസാഹിത്യാദികലകളില്‍ പ്രാവീണ്യം നേടിയിരുന്ന സി.ഐ. സഹോദരന്മാരില്‍ വിദ്വാന്‍ സി.ഐ. ഗോപാലപിള്ളയുടെ പൗത്രനായ ബിച്ചു 1942 ഫെബ്രുവരി 13നു ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടി അമ്മയുടെയും സി.ജി. ഭാസ്ക്കരന്‍ നായരുടേയും പ്രഥമ സന്താനമായി ജനിച്ചു. ചെറുപ്പത്തിലെ കവിതയിലും നാടകരചനയിലും തല്‍പ്പരനായിരുന്ന ബിച്ചു യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ 1962-ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകമത്സരത്തില്‍ സ്വന്ത രചനയായ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം അഭിനയിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമാവുകയും ചെയ്തു.

1970-ല്‍ യശഃശരീരനായ സി.ആര്‍ .കെ. നായര്‍ 'ശബരിമല ശ്രീശാസ്താ' എന്ന ചിത്രമെടുത്തപ്പോള്‍ , സംവിധായകനായ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം കിട്ടി. ഗാനങ്ങളെഴുതുവാന്‍ ബിച്ചുവിനു കഴിവുണ്ടെന്നു മനസ്സിലാക്കിയ സി.ആര്‍ .കെ. തന്റെ അടുത്ത ചിത്രമായ 'ഭജഗോവിന്ദത്തില്‍ ' ഗാനങ്ങള്‍ എഴുതാന്‍ അവസരം നല്‍കി. പക്ഷേ ഈ ചിത്രം പുറത്തുവന്നില്ല. ബിച്ചു ഗാനങ്ങളെഴുതിയ രണ്ടാമത്തെ ചിത്രമായ എന്‍ പി. അബുവിന്റെ 'സ്ത്രീധനവും' പുറത്തുവന്നില്ല. മൂന്നാമത്തെ ചിത്രമായ 'അക്കല്‍ദാമയാണ്' ബിച്ചു ഗാനങ്ങള്‍ രചിച്ചു പുറത്തിറങ്ങിയ ആദ്യ ചിത്രം. പ്രശസ്ത നടന്‍ മധു നിര്‍മ്മിച്ച ആ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ് നിര്‍വ്വഹിച്ചത്. 'നിലാകാശവും മേഘങ്ങളും' എന്ന ആ ഗാനം ആലപിച്ചത് ബ്രഹ്മാനന്ദനാണ്. ഭരണിക്കാവ് ശിവകുമാറും അതില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

147 ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു. 1981-ല്‍ തേനും വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൂടാതെ അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. ആദ്യത്തെ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990-ലെ 'വാമദേവന്‍ ' പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980 ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയുമായിരുന്നു. ബിച്ചു തിരുമല. പിന്നണി ഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.

'നീലജലാശയത്തില്‍ ...', 'രാകേന്ദുകിരണങ്ങള്‍ ....', 'തേനും വയമ്പും...', 'യാമശംഖൊലി....', 'പാവാടവേണം....', 'മൈനാകം കടലില്‍ നിന്നുയരുന്നുവോ....', 'ഏഴുസ്വരങ്ങളും....' തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ ചിത്രഗാനങ്ങളില്‍ ചിലവയാണ്. സഹധര്‍മ്മിണി പ്രസന്ന ഉദ്യോഗസ്ഥയാണ്. ഏകമകന്‍ സുമന്‍ ഗായകനാകാനുള്ള തയ്യാറെടുപ്പിലാണ്. മേല്‍വിലാസം : ബിച്ചു തിരുമല, 'അര്‍ച്ചന', ജാന്‍വില്ല ലെയിന്‍ , ശാസ്തമംഗലം, തിരുവനന്തപുരം 10


ബോംബെ കുരുവിള


1976-ല്‍ റിലീസായ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥനോടൊപ്പം 'കൃഷ്ണാ മുകുന്ദാ....' എന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ ആലപിച്ചു. തമിഴ് ചലച്ചിത്രവേദിയിലെ പ്രസിദ്ധനടനായ റ്റി.എസ്. ബാലയ്യയുടെ മകനാണ് ബോംബെ കുരുവിള. സംഗീതോപകരണ വിഭാഗത്തില്‍ ഗിറ്റാര്‍ വിദഗ്ദ്ധനും ഗായകനുമാണ് അദ്ദേഹം.



196 News Items found. Page 2 of 20