ഗായകന്‍

ചിദംബരനാഥ്. ബി.എ.


സംഗീത സംവിധായകനായ ചിദംബരനാഥ് 'സ്ത്രീ' എന്ന ചിത്രത്തിലെ 'കവിയായി കഴിയുവാന്‍ മേല....' എന്ന ഗാനം സ്വയം ചിട്ടപ്പെടുത്തി ആലപിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ചലച്ചിത്ര ലോകത്ത് എത്തി. 1926-ല്‍ കന്യാകുമാരി ജില്ലയിലെ പുതുപ്പാണ്ടിയില്‍ സംഗീത സാഹിത്യകാരനായ ബി.കെ. അരുണാചലം അണ്ണാവിയുടെയും ചെമ്പകവല്ലിയുടെയും മൂത്തമകനായി ചിദംബരാഥ് ജനിച്ചു. പിതാവിന്റെ ശിക്ഷണത്തില്‍ മൃദംഗവും പാട്ടും അഭ്യസിച്ചു. വാഗ്ലേയകാരനും തിരുവിതാംകൂര്‍ ആസ്ഥാന വിദ്വാനുമായിരുന്ന മുത്തയ്യാഭാഗവതരുടെ ശിഷ്യയായ കുനിയൂര്‍ സീതമ്മയുടെ കച്ചേരിയ്ക്ക് മൃദംഗംവായിച്ചുകൊണ്ട് അരങ്ങേറി. പിന്നീട് സംഗീതവിദ്വാന്‍ നഗമണിമാര്‍ത്താണ്ഡനാടാരുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ചു. ഉപരിപഠനത്തിന് സംഗീത കലാനിധി കുംഭകോണം രാജമാണിക്യംപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു.

ഏഴുകൊല്ലത്തെ പഠനത്തിനുശേഷം മദിരാശിയിലെത്തി എം.എം.ദണ്ഡപാണിദേശികരുടെ സംഗീത കച്ചേരിയ്ക്കുവായിച്ചതോടുകൂടി ചലച്ചിത്രവാദ്യസംഘങ്ങളില്‍ വായിയ്ക്കാന്‍ അവസരം ലഭിച്ചു. അങ്ങിനെ
'വെള്ളിനക്ഷത്ര'ത്തിന്റെ സംഗീതവിഭാഗത്തില്‍ എത്തി. ഈ ചിത്രത്തിന്റെ ഗാനസംവിധാനത്തില്‍ ചിദംബരനാഥും ഹാര്‍മോണിസ്റ്റായ പരമുദാസും ഉണ്ടായിരുന്നതായി ഈ ചിത്രത്തിലെ ഗായികയും നടിയുമായിരുന്ന ചെറായി
അംബുജം രേഖപ്പെടുത്തുന്നു.

തിരുവിതാംകൂര്‍ റേഡിയോയിലും കോഴിക്കോട് റേഡിയോവിലും നിലയവിദ്വാനായി.വീണ്ടും മദ്രാസിലെത്തി. 'രാജമല്ലി' തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഗീതം നല്‍കി. ഏകദേശം 27 ചിത്രങ്ങളില്‍ക്കൂടി, പകല്‍ക്കിനാവിന്‍ ... കരയുന്നോപുഴ ചിരിക്കുന്നോ..., കേശാദിപാദം തൊഴുന്നേന്‍ ....., സുറുമ നല്ല സുറുമ ...., നിദ്രതന്‍ നീരാഴി.... തുടങ്ങിയ നല്ലഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമാമണി'
പുരസ്ക്കാരം ലഭിച്ചു. ഭാര്യ തുളസി. സംഗീത സംവിധായകനായ രാജാമണി ഉള്‍പ്പെടെ ആറുമക്കള്‍ .


കൊച്ചിന്‍ ഇബ്രാഹിം


കൊച്ചിയില്‍ പനയപ്പള്ളി സ്വദേശിയായ 'കൊച്ചിന്‍ ഇബ്രാഹിം', 'മാന്‍പേട' എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി രചിച്ച് ബാബുരാജ് സംഗീതം പകര്‍ന്ന 'ഉഷസ്സിന്റെ ഗോപുരങ്ങള്‍ ' എന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമാപിന്നണി ഗാനരംഗത്തെത്തി. തുടര്‍ന്ന് മനസ്സ്, ചഞ്ചല, സൃഷ്ടി തുടങ്ങി അനേകം ചിത്രങ്ങളില്‍ പാടി.


ദക്ഷിണാമൂര്‍ത്തി


സംഗീതസംവിധായകനായ ദക്ഷിണാമൂര്‍ത്തി അങ്ങിനെയിരിക്കുമ്പോള്‍ ഗായകനായും പ്രത്യക്ഷപ്പെടാറുണ്ട്. ഒരു തികഞ്ഞ ഗായകനായി അദ്ദേഹം ആദ്യം പാടിയത്. 'അമ്മ'യിലെ 'അരുമസോദരാ....' എന്ന ഗാനമാണ്. പിന്നീട് ധാരാളം ചിത്രങ്ങളില്‍ പാടി.

മലയാളചലച്ചിത്രസംഗീതത്തിലെ ആദരണീയ പ്രതിഭ. ചതുര്‍മൂര്‍ത്തികളെന്നു വിളിയ്ക്കാവുന്നവരില്‍ ആദ്യം രംഗത്തെത്തിയ സംഗീത സംവിധായകനാണ് അദ്ദേഹം. 'നല്ലതങ്ക' എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതം ഒരുക്കുന്നത്. അദ്ദേഹത്തോടൊപ്പം രാമറാവു എന്ന ഒരാളുമുണ്ടായിരുന്നു. ആ ചിത്രത്തിലെ ഒരു നായകനായി അഭിനയിച്ചിരുന്നത് പ്രസിദ്ധഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫാണ്. അദ്ദേഹത്തിനും , യേശുദാസിനും, യേസുദാസിന്റെ മകന്‍ വിജയിനും അങ്ങനെ മൂന്നു തലമുറയ്ക്കുവേണ്ടി സംഗീതം പകര്‍ന്നുകൊടുത്ത ബഹുമതി, ദക്ഷിണാമൂര്‍ത്തിയ്ക്കുള്ളതാണ്.

മലയാള ചലച്ചിത്ര സംഗീതവസന്തത്തിലെ വാടാമലരുകളായ മലയാളമലര്‍ വാടിയേ, ജനനീ നീ ജയിയ്ക്കനീണാള്‍ , പ്രിയമാനസാ നീ, സ്വപ്നങ്ങള്‍ , ഹൃദയ സരസ്സിലെ, കാട്ടിലെ പാഴ്മുളം, ആലാപനം തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയായി കേരളത്തിന് കിട്ടിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഈണങ്ങള്‍ക്കൊപ്പിച്ച് വാക്കുകള്‍ എഴുതപ്പെടുന്ന പ്രക്രിയയ്ക്ക് അദ്ദേഹവും വഴങ്ങപ്പെടേണ്ടിവന്നിരുന്ന ഒരു കാലമായിരുന്നു അതെങ്കിലും സ്വതന്ത്രമായി ഈണം നല്‍കുവാന്‍ ലഭിച്ച സന്ദര്‍ഭങ്ങള്‍ പാഴാക്കിക്കളയാതെ കയ്യില്‍ കിട്ടിയ ഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആ ഗാനങ്ങളെ ആഴവും, ഗൗരവവും ലാളിത്യവും ഉള്ളതാക്കിയെടുത്തു. അവയെ അനശ്വരമാക്കിയ സംഗീതത്തെയാണ് ആ കലാകാരന്റെ 'സംഭാവന' എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നത്.

1919-ല്‍ ആലപ്പുഴയില്‍ ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വ്വതിയമ്മാളിന്റെയും പുത്രനായി ജനിച്ച അദ്ദേഹം ബാല്യദശയില്‍ തന്നെ അമ്മയില്‍ നിന്നു ത്യാഗരാജസ്വാമികളുടെ കുറേ കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി. എസ്.എസ്.എല്‍ .സി. യ്ക്കുശേഷം തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയില്‍ നിന്നും മുറപ്രകാരം സംഗീതം അഭ്യസിച്ചു. പാണ്ഡിത്യവും നേടി. പ്രശസ്ത ഗായികമാരായ കവിയൂര്‍ രേവമ്മ, പി. ലീല, അമ്പിളി, ശ്രീലത, കല്യാണിമേനോന്‍, ഈശ്വരി പണിയ്ക്കര്‍ തുടങ്ങിയവര്‍ ശിഷ്യഗണങ്ങളില്‍പെടുന്നു.

1971-ല്‍ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ഭാര്യ : കല്യാണി, മക്കള്‍ :ഒരാണും രണ്ടു പെണ്ണും എല്ലാവരും വിവാഹിതര്‍


ദീപാങ്കുരന്‍


ദേശാടനത്തിനുവേണ്ടി കൈതപ്രം രചിച്ച് സംഗീതം നല്‍കിയ ഗാനം ആലപിച്ച ദീപാങ്കുരന്‍ കൈതപ്രത്തിന്റെ മൂത്ത മകനാണ്. ദുബായില്‍ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കേ അച്ഛന്‍ സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി സംഗീതസംവിധായകനുമായി. അനിയന്‍ ദേവദര്‍ശനും നല്ലൊരു പാട്ടുകാരനാണ്. കാരുണ്യം എന്ന സിനിമയില്‍ ദൈവമേ നിന്റെ കാരുണ്യം...... എന്നു തുടങ്ങുന്ന പാട്ട് യേശുദാസിനൊപ്പം പാടിയത് അഞ്ചുവയസ്സുകാരനായ ദേവദര്‍ശനാണ്. ഭക്തി ഗാനകാസറ്റുകള്‍ക്കു വേണ്ടി ചേട്ടനും അനിയനും ചേര്‍ന്ന് നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.


ദിനേശ്


'വൈശാലി' എന്ന പ്രസിദ്ധ ചിത്രത്തിലെ 'ദും ദും ദും ദും ദുന്ദുഭിനാദം....'എന്ന ഗാനത്തോടെയാണ് ദിനേശ് എന്ന പുതിയ ഗായകന്‍ രംഗപ്രവേശം ചെയ്തത്. ഒറ്റപ്പാലക്കാരനായ ദിനേശ് പ്രീഡിഗ്രിയ്ക്ക് പഠിച്ച ശേഷം മദ്രാസ് പ്രസാദ് സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനീയറിംഗ് പഠിയ്ക്കാന്‍ എത്തി. അവിടെ യേശുദാസിനും മറ്റു പല
ഭാഷകളിലെ ഗായകര്‍ക്കും വേണ്ടി ട്രാക്ക് പാടാന്‍ സൗകര്യം കിട്ടി. മൂന്നുപേര്‍ പാടേണ്ടിയിരുന്ന ഒരു ഗാനം മാറ്റി പാടിയെടുത്തു കൊണ്ടിരിയ്ക്കെ ദിനേശിന്റെ ശബ്ദം മാറ്റേണ്ടതില്ലെന്നു യേശുദാസ് പറഞ്ഞതോടുകൂടി, യഥാര്‍ത്ഥ ഗായകനായി. ബോംബെ രവിയുടെ കൂടെ ജോലിചെയ്തപ്പോള്‍ വൈശാലിയില്‍ പാടാനവസരം കിട്ടി. പിന്നീടും പല
ചിത്രങ്ങളിലും പാടി. വിവാഹിതന്‍ . ഒരു കുഞ്ഞ്. വിലാസം: ദിനേശ്. ഡി, 54, കുമരന്‍
നഗര്‍ , ചിന്മയ നഗര്‍ , മദ്രാസ് 111


ഡോക്ടര്‍ ബാലമുരളീകൃഷ്ണ


ആന്ധ്രാ സ്വദേശിയായ അദ്ദേഹം 'ദേവത' എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി പാടിയത്. പി.എസ്.ദിവാകറിന്റെ സംഗീതത്തില്‍ പി.ലീലയോടൊത്ത് 'ധീരസമീരേ യമുനാതീരേ.....' എന്ന ഗാനം. ഏതുരംഗത്തും 'പ്രതിഭ' എന്ന് വിളിക്കാവുന്നവര്‍ ഇരുന്നൂറ് കൊല്ലം കൂടുമ്പോള്‍ മാത്രമേ ഉണ്ടാകാറുള്ളൂവത്രേ. അങ്ങനെയുണ്ടാകുന്ന പ്രതിഭാശാലികളില്‍ ഒരാളാണ് ബാലമുരളീകൃഷ്ണ. ശാസ്ത്രീയസംഗീതത്തില്‍ വായ്പ്പാട്ട്, വയലിന്‍ , മൃദംഗം ഈ മൂന്നു വിഭാഗവും ഒരു പോലെ, അതീവ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രതിഭാശാലി ബാലമുരളീകൃഷ്ണ മാത്രമാണ്. അദ്ദേഹം ചിത്രങ്ങളില്‍ പാടാന്‍ മടികാണിച്ചില്ലെന്നു മാത്രമല്ല, ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം പാടുകയും ചെയ്തു. ഡോക്ടറേറ്റ് നേടിയിട്ടുള്ള പത്മഭൂഷണ്‍ ബാലമുരളീകൃഷ്ണയ്ക്ക് മറ്റനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ, മക്കള്‍ മദ്രാസില്‍ താമസം. മേല്‍വിലാസം ഡോക്ടര്‍ ബാലമുരളീകൃഷ്ണ, 3, കനകശ്രീ നഗര്‍ , മദ്രാസ് 86


ഡോ. ദിലീപ്


'പൗര്‍ണ്ണമിരാത്രിയില്‍ ....' എന്ന ചിത്രത്തിനുവേണ്ടി പൂവച്ചല്‍ ഖാദര്‍ രചിച്ച 'ഏഴുകടല്‍..' എന്ന ഗാനം രവീന്ദ്രന്റെ സംഗീതത്തില്‍ ദിലീപ് എന്ന ഗായകന്‍ പാടി.


ഇടവാ ബഷീര്‍


രഘുവംശം എന്ന ചിത്രത്തില്‍ അന്‍വര്‍ സുബൈറിന്റെ രചനയ്ക്ക് എ.ടി.ഉമ്മര്‍ നല്‍കിയ സംഗീതത്തില്‍ 'വീണ വായിക്കുമീവിരല്‍ ....'എന്ന ഗാനമാണ് എസ്. ജാനകിയോടൊപ്പം ഇടവാ ബഷീര്‍ പാടിയത്. ഗാനമേളകളില്‍ കൂടി പ്രസിദ്ധനായ ഒരു ഗായകനാണ് അദ്ദേഹം . 1950-ല്‍ ഇടവായില്‍ കരിയ്ക്കകം വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും ഫാത്തിമാ കുഞ്ഞിന്റെയും മകനായി ജനിച്ചു. സ്വാതിതിരുനാള്‍ അക്കാദമിയില്‍ നിന്നും ക്ലാസോടുകൂടി പാസ്സായി. വിലാസം ഇടവാ ബഷീര്‍ , സംഗീതാലയ, കിളികൊല്ലൂര്‍ , കൊല്ലം4


ഫ്രെഡി


' പെരിയാര്‍ 'എന്ന ചിത്രത്തില്‍ 'അന്തിവിളക്ക്....' എന്ന ഗാനം എസ്. ജാനകിയോടൊപ്പം പാടിക്കൊണ്ടാണ് ഫ്രെഡി സിനിമാപിന്നണിഗാന രംഗത്തെത്തുന്നത്.


ജി. ദേവരാജന്‍


സംഗീത സംവിധായകനായ ജി.ദേവരാജന്‍ അദ്ദേഹത്തിന്റെ തന്നെ സംഗീതത്തില്‍ 'അനുപമകൃപാനിധി....' എന്ന കുമാരനാശാന്റെ കവിത 'കരുണ' എന്ന ചിത്രത്തില്‍ പാടി. ഈ ചിത്രം 1966-ല്‍ പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ സംഗീത സംവിധായകരുടെ വിഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്.196 News Items found. Page 4 of 20