സ്മൃതി

എന്‍.എന്‍.പിഷാരടി


മലയാളത്തിലെ ആദ്യകാല സിനിമയായ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത എന്‍.എന്‍.പിഷാരടി (കാഞ്ഞൂര്‍ പാറപ്പുറത്ത് നാരായണപിഷാരടി) (82) 2008 ആഗസ്റ്റ് 30ന് അന്തരിച്ചു.


നെയ്യാറ്റിന്‍കര വാസുദേവന്‍


സിനിമാ പിന്നണിഗായകനും കര്‍ണാടകസംഗീതജ്ഞനുമായ നെയ്യാറ്റിന്‍കര വാസുദേവന്‍ (68) 2008 മെയ് 13ന് അന്തരിച്ചു

' ഏണിപ്പടികള്‍ ' എന്ന ചിത്രത്തിനുവേണ്ടി ദേവരാജന്‍ മേല്‍നോട്ടം വഹിച്ച 'സാരസസുവദന....' എന്ന സ്വാതിതിരുനാള്‍ കൃതി എം.ജി. രാധാകൃഷ്ണനോടൊപ്പം ആലപിച്ചുകൊണ്ട് സിനിമാവേദിയിലെത്തി. കര്‍ണ്ണാടക സംഗീതത്തില്‍ കേരളീയരായ ഇന്നത്തെ അമരക്കാരില്‍ ഒരാളാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ . വിദേശരാജ്യങ്ങളടക്കം ധാരാളം സ്ഥലങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുള്ള വാസുദേവന്‍ തൃപ്പുണിത്തുറ സംഗീതകോളേജിലെ സംഗീതാദ്ധ്യാപകനായിരുന്നു. അതിനുശേഷം തിരുവനന്തപുരം ആകാശവാണിയിലെ ശാസ്ത്രീയ സംഗീതവിഭാഗത്തില്‍ പ്രവേശിച്ചു. സ്വാതിതിരുനാള്‍ , ചിത്രം തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.


ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്


ONVs first death anniversary

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി. കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മണ്ണിന്റെ മണമുള്ള ഒരുപിടി കവിതകളും ചലച്ചിത്രഗാനങ്ങളും കേരളക്കരയ്ക്ക് സമ്മാനിച്ച കവിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം. പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്റെ രചനകളിലൂടെ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്നു.

മലയാളകവിതയുടെ പര്യായമായിരുന്നു ഒ.എന്‍.വി. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ആറു പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്റെ വരികളില്‍ ആവാഹിച്ചു. ഉപ്പ്, ഉജ്ജയനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

1931 മെയ് 27ന് ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. ചവറ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ.എന്‍ കോളേദില്‍ നിന്നു ബിരുദവും തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി. എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2007ല്‍ ജ്ഞാനപീഠ പുരസ്കാരം നേടി. 1946ല്‍ "മുന്നോട്ട്" എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1949ല്‍ പുറത്തിറങ്ങിയ "പൊരുതുന്ന സൗന്ദര്യ"മാണ് ആദ്യ കവിതാ സമാഹാരം. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജ്ഞാന പീഠത്തിനും പത്മശ്രീ (1998), പത്മവിഭൂഷണ്‍(2011) ബഹുമതികള്‍ക്കും പുറമെ ഒട്ടനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ രാമവര്‍മ്മ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ അവയില്‍ ചിലതു മാത്രം. ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്.

നിരന്തരമായി കവികളെഴുതിയിരുന്ന ഒ.എന്‍വി. സ്വയം ഒരു കവിതയായി മാറുകയായിരുന്നു. മാനവസ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പ്രവാചകന്‍, അവിസ്മരണീയ ഗാനങ്ങളുടെ നറുതേന്‍നിലാവ് പൊഴിച്ച കവി എന്നിങ്ങനെ ഒ.എന്‍.വിയുടെ വിശേഷങ്ങള്‍ അനന്തമായി നീളുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്റെ ഓരോ വരികളും കാലാതീതമായി അനുവാചകരുടെ മനസ്സില്‍ ആനന്ദവും ആശ്വാസവുമേകി അലയടിച്ചു കൊണ്ടേയിരിക്കും. "ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാനിവിടെ ഉപേക്ഷിച്ചു പോകും. അതാണെന്റെ കവിത." എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. അതെ, അദ്ദേഹത്തിന്റെ ആത്മാംശമായ കവിത പ്രത്യാശയുടെയും സ്നേഹത്തിന്റെയും പുത്തന്‍ ഗീതങ്ങളോതി ഏവരുടെയും ആത്മാവിനെ മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു.


പി വേണു


മലയാളത്തിലെ ആദ്യ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഉദ്യോഗസ്ഥയുടെ സംവിധായകന്‍ പി വേണു 2011 മെയ് 25-ന് നിര്യാതനായി. ചെന്നൈയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. സംസ്കാരം
ചെറുതുരുത്തിയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നു.

തൃശൂര്‍ ജില്ലയിലെ പുറനാട്ടുകര സ്വദേശിയായ വേണു 32 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിരുതന്‍ ശങ്കു, സി ഐ ഡി നസീര്‍ , പാറശാല പരമു, ശേഷം സ്ക്രീനില്‍ , പരിണാമം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍ .1969-ല്‍ വിരുന്നുകാരി എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി. തുടര്‍ന്ന്‌ ഏഴു ചിത്രങ്ങള്‍ കൂടി നിര്‍മിച്ചു. പത്തു ചിത്രങ്ങള്‍ക്ക്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വഹിച്ചു. 2002-ല്‍ സംവിധാനംചെയ്‌ത പരിണാമം എന്ന സിനിമയുടെ തിരക്കഥ ഇസ്രയേലില്‍ നടന്ന ആഷ്‌ഡോസ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച സ്‌ക്രീന്‍ പ്ലേ അവാര്‍ഡ്‌ മാടമ്പ്‌ കുഞ്ഞുകുട്ടന്‌ നേടിക്കൊടുത്തു. 2005-ല്‍ കേരള ഫിലിം ക്രിട്ടിക്‌ അസോസിയേഷന്റെ സമഗ്രസംഭാവനക്കുള്ള ചലചിത്ര പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായി. ഭാര്യ: ശശികല. മക്കള്‍ ‍: വിജയന്‍ , ശ്രീദേവി.


പി.എന്‍.മേനോന്‍


സംവിധായകനും, ജെ.സി.അവാര്‍ഡ് ജേതാവുമായ പി.എന്‍.മേനോന്‍ (82)ദീര്‍ഘകാലത്തെ അസുഖത്തെതുടര്‍ന്ന് 2008 സെപ്റ്റംബര്‍ 9-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

റോസി എന്ന ചിത്രത്തിലൂടെയാണ് പി.എന്‍ മേനോന്‍ എന്ന പാലിശ്ശേരി നാരായണന്‍ കുട്ടിമേനോന്‍ സംവിധാനരംഗത്തേക്കെത്തിയത്.

1928-ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രരംഗത്ത് വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രശസ്തചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ചെറിയച്ചനാണ് ഇദ്ദേഹം. ഭാര്യ ഭാരതി.

തൃശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ പഠിച്ചിറങ്ങിയ മേനോന്‍ നേരേ മദ്രാസിലേക്ക് പോയി. സെറ്റ് പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് എന്നീ മേഖലകളിലായാണ് സിനിമയില്‍ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ല്‍ റോസി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നു.

1969-ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രം മേനോനെ പ്രശസ്തസംവിധായകരുടെ നിരയിലേക്കുയര്‍ത്തി. ആ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചലച്ചിത്രത്തിനായിരുന്നു. കുട്ട്യേടത്തി, മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം(1983) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. 2004-ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

പണിമുടക്ക്, ചെമ്പരത്തി, ഗായത്രി, ദര്‍ശനം, ചായം, മഴക്കാറ്, ഓടക്കുഴല്‍ , ഉദയം കിഴക്കുതന്നെ, ടാക്സി ഡ്രൈവര്‍ , മിടുക്കി പൊന്നമ്മ, ദേവത, അര്‍ച്ചന ടീച്ചര്‍ , അനു, അസ്ത്രം, പഠിപ്പുര, മണിയോര്‍ഡര്‍ , നേര്‍ക്കുനേര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചെമ്പരത്തിക്ക് സംസ്ഥാനഅവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഓളവും തീരവും എന്നചിത്രം ഡല്‍ഹി മലയാളം ഫിലിം ഫെസ്റ്റിവലില്‍ സ്വര്‍ണ്ണമെഡല്‍ നേടി. മലയാള ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക് ജെ.സി.ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


പി.കെ.ജോസഫ്


സംവിധായകന്‍ പി.കെ.ജോസഫ് (60) 2008 മാര്‍ച്ച് 10ന് അന്തരിച്ചു


പൂര്‍ണം വിശ്വനാഥ്


ചിത്രം എന്ന സിനിമയിലൂടെ പ്രശസ്തനായ സ്വഭാവതാരവും നാടകകലാകാരനുമായ പൂര്‍ണം വിശ്വനാഥ് (87) 2008 ഒക്ടോബര്‍ 2ന് അന്തരിച്ചു.


രാജന്‍ പി ദേവ്


നാടക-ചലച്ചിത്രനടന്‍ രാജന്‍ പി ദേവ് (55) കരള്‍സംബന്ധമായ അസുഖത്താല്‍ അന്തരിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 'ഇന്ദ്രജാല'ത്തിലൂടെ ശ്രദ്ധേയനായി.
പ്രതിനായകസ്പര്‍ശമുള്ള വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജാക്ക്പോട്ട്, മാന്ത്രികം, ക്രൈംഫയല്‍ , അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ , ദി കിംഗ്, എഴുപുന്ന തരകന്‍ ,രക്തസാക്ഷികള്‍ സിന്ദാബാദ്, ഗുരുശിഷ്യന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . ഉദയായിലെ ഫിലിം റെപ്രസന്‍റേറ്റീവ്, ഗായകന്‍ , നടന്‍ ,സംവിധായകന്‍ എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു.

ചേര്‍ത്തല ജൂബിലി തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു നാടക ട്രൂപ്പുമുണ്ട്. 1998-ല്‍ ' അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ ' എന്ന ചിത്രത്തിലൂടെ സംവിധായകനായി.

1984, 1986 വര്‍ഷങ്ങളിലെ ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'കാട്ടുകുതിര'യിലെ
കൊച്ചുവാവയാണ് നാടകത്തിലെ മികച്ച വേഷം.തിരുവല്ലയില്‍ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954-ല്‍ ജനനം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂള്‍ ,ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജ്, എസ്
എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ശാന്തമ്മ. മക്കള്‍ : ആഷമ്മ,ജുബില്‍രാജ് ( കണ്ണന്‍ ).
സഹോദരി : റാണിയമ്മ.


രഘുവരന്‍


Reghuvaran

നടന്‍ രഘുവരന്‍ (49) 2008 മാര്‍ച്ച് 19ന് ഹൃദയാഘാതം മൂലം അന്തരിച്ചു


ഓര്‍മകളില്‍ മണിമുഴക്കം


Remembering Kalabhavan Mani - CiniDiary

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം. മരിച്ചി്ട്ടും മരിക്കാത്ത ഓര്‍മകളുമായി മലയാളി പ്രേക്ഷകര്‍ ആ പ്രിയ കലാകാരന്റെ അകാലവിയോഗത്തെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണിപ്പോഴും. ഇതുവരെ തെളിയാത്ത മരണത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകള്‍ കാണുമ്പോഴും അദ്ദേഹം ഇപ്പോഴുമുണ്ടെന്ന തോന്നലാണുള്ളില്‍. നടന്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാനാവില്ല മണിയെ. ഗായകന്‍, കഥാകൃത്ത്, മിമിക്രി കലാകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മനുഷ്യസ്നേഹി ഇതെല്ലാമാണ് മണി. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചെടുത്തൊരു സാധാരണക്കാരന്‍. കുന്നശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണി അമ്മയുടെയും ഏഴാമത്തെ മകന്‍. വെള്ളിത്തിരയില്‍ നര്‍മം കൊണ്ട് പൊട്ടിച്ചിരിപ്പിച്ചു. വില്ലനായി പേടിപ്പിച്ചു. അഭിനയപാടവം കൊണ്ട് അത്ഭുതപ്പെടുത്തി. മണിയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും കരഞ്ഞു. വേദിയില്‍ മണിക്കൊപ്പം പാടി. നൃത്തം ചെയ്തു. ആരാധകര്‍ മണിയെ ദൂരെ നിന്നും അല്ല നോക്കിക്കണ്ടത്. തങ്ങളിലൊരാളായി തന്നെയാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളോട് പടവെട്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോഴും എളിമയും ലാളിത്യവും മണി കൈവിട്ടില്ല.

'വിനോദശാല' എന്ന ടിവി പരമ്പരയിലൂടെയാണ് മണി സിനിമയിലെത്തിയത്. 'സമുദായം' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് സിബിമലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു. 'സല്ലാപ'ത്തിലെ ചെത്തുകാരന്റെ വേഷം മണിയുടെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. തുടര്‍ന്നങ്ങോട്ട് മണി സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി. ങ്യാഹഹഹഹേ....ആ പ്രത്യേക ചിരി മണിമുഴക്കമായ് മുഴങ്ങി.

വിനയന്‍ സംവിധാനം ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തില്‍ നായകനായി. ആ ചിത്രത്തിലെ അന്ധഗായകനായ രാമുവായി മണി കസറി. സംസ്ഥാന ദേശീയ അവാര്‍ഡുകളിലേക്ക് മണിയുടെ പേര് ഉയര്‍ന്നു വന്നു. സംസ്ഥാന അവാര്‍ഡില്‍ മണിയെ തഴഞ്ഞ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ചില്ലറ വിവാദങ്ങളും ഉടലെടുത്തു. സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രത്യേക ജൂറി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. 'കരുമാടിക്കുട്ടന്‍' എന്ന വിനയന്‍ ചിത്രത്തിലും മികച്ച പ്രകടനം. തുടര്‍ന്നങ്ങോട്ട് നായകവേഷങ്ങളില്‍ മണി തിളങ്ങി.

'മറുമലര്‍ച്ചി' എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. വിക്രം നായകനായ 'ജെമിനി' എന്ന ചിത്രത്തിലെ വ്യത്യസ്തനായ വില്ലനെ അവതരിപ്പിച്ചതോടെ തമിഴില്‍ പോപ്പുലറായി. രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തിളങ്ങി.

നാടമ്പാട്ടിന്റെ പുത്തനുണര്‍വിന് കാരണക്കാരന്‍ മണിയായിരുന്നു. ഒരുപാട് നാടന്‍ പാട്ടുകള്‍ തന്റേതായ രീതിയില്‍ പാടി കാസറ്റുകളായി മണി എത്തിച്ചപ്പോള്‍ അതിന് വന്‍ പ്രചാരമുണ്ടായി. ഒട്ടേറെ അയ്യപ്പ ഭക്തി ഗാനങ്ങളും മണി പാടി ഹിറ്റുകളാക്കിയിട്ടുണ്ട്.

ചാലക്കുടി മുഴുവനും മണിയുടെ കളിത്തട്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറെ സുതാര്യമായ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് ? ഇന്നും ദുരൂഹതയവസാനിക്കാതെ ആ ചോദ്യം നിഴലിക്കുകയാണ്. ചാലക്കുടിയിലെ വീടിനോട് ചേര്‍ന്നുള്ള പാഡിയില്‍ നിന്നുയരുന്ന നൊമ്പരം കലാസ്നേഹികളുടെ നെഞ്ചിലുണ്ടിപ്പോഴും.39 News Items found. Page 3 of 4