സ്മൃതി

അടൂര്‍ ഭവാനി


Adoor Bhavani

ചെമ്മീന്‍, മുടിയനായ പുത്രന്‍, കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന നടി അടൂര്‍ ഭവാനി 2009 ഒക്ടോബര്‍ 19-ന് അന്തരിച്ചു.

ഭവാനിയുടെ അനുജത്തി പങ്കജമാണ് ആദ്യം സിനിമയില്‍ അഭിനയിച്ചത്. പങ്കജത്തിനു കൂട്ടുപോയ ഭവാനിയെ കണ്ട് തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന്‍ ആണ്. രാമുകാര്യാട്ടിന്റെ നിര്‍ബന്ധംകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം ലഭിച്ചതോടെ സിനിമയില്‍ സജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണ് ഭവാനി ചെമ്മീനില്‍ അഭിനയിച്ചത്. ഇതിലെ ചക്കിപ്പെമ്പിള ഭവാനിയുടെ അനശ്വര കഥാപാത്രമാണ്. സത്യന്‍, നസീര്‍, ഷീല, ശാരദ, അടൂര്‍ ഭാസി, സോമന്‍, സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സി.ബി.ഐ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

1969-ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. 1927-ല്‍ കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. അന്തരിച്ച ജനാര്‍ദ്ദനന്‍പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്.


ആറന്മുള പൊന്നമ്മ


Aranmula Ponnamma

മലയാള സിനിമയുടെ അമ്മയായ ആറന്മുള പൊന്നമ്മ 2011 ഫെബ്രുവരി 21ന് അന്തരിച്ചു.

1950-ല്‍ ശശിധരന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2006-ല്‍ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിച്ചു. പതിമൂന്നുവര്‍ഷം സംഗീത അദ്ധ്യാപികയായിരുന്നു. നാടകരംഗത്തുനിന്നുമാണ് സിനിമയിലെത്തിയത്. ശശിധരന്‍ , ഉമ്മിണിത്തങ്ക, സാഗരംസാക്ഷി, കഥാപുരുഷന്‍ എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍ .

മാലേത്ത് കേശവപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകളായി 1914 മീനമാസത്തില്‍ ജനിച്ചു. നാലു സഹോദരങ്ങള്‍ : രാമകൃഷ്ണപിള്ള, പങ്കിയമ്മ, ഭാസ്ക്കരപിള്ള, തങ്കമ്മ. ഭര്‍ത്താവ് : യശശ്ശരീരനായ കൊച്ചുകൃഷ്ണപിള്ള. മക്കള്‍ ‍: രാജമ്മ, രാജശേഖരന്‍ . ചെറുമകള്‍ രാധിക നടന്‍ സുരേഷ്ഗോപിയുടെ ഭാര്യയാണ്.


അസീസ്


വില്ലന്‍കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനിന്ന നടന്‍ അസീസ് 2003 ജൂലൈ 16ന് അന്തരിച്ചു.

1973-ല്‍ നീലക്കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിരുന്നു. സിനിമയിലും ഒട്ടേറെ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചു. കൗരവര്‍, ധ്രുവം, ലേലം, മതിലുകള്‍, വിധേയന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

കണിയാപുരത്തിനടുത്തുള്ള കുറക്കോട്ട് കാസിംപിള്ളയുടെയും നബീസയുടെയും മകനായി 1947ല്‍ ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂള്‍, നെടുമങ്ങാട് ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ: സൈനാബീബി. മക്കള്‍: നസീമ, എം എം രാജ, നസീറ.3 News Items found. Page 1 of 1