ഗായിക

ബി. സാവിത്രി


പ്രസിദ്ധ ഗായികയായ ബി. വസന്തയുടെ സഹോദരിയായ ബി. സാവിത്രി 'വഴിപിഴച്ച സന്തതി....' എന്ന ചിത്രത്തില്‍ പാടി. രചന പി.ഭാസ്കരനും സംഗീതം ചിദംബരനാഥും ആണ്.


ബി.വസന്ത


മുതലാളി എന്ന ചിത്രത്തിലെ 'പുന്നാര മുതലാളി...' എന്ന ഗാനമാണ് ബി.വസന്തയുടെ ആദ്യ മലയാളഗാനം. 1944 മാര്‍ച്ച് 20 ന് ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ച വസന്ത ബി.എസ്.സി. വരെ പഠിച്ചു. ചെറിയ വയസ്സുമുതല്‍ പാടാന്‍ ആരംഭിച്ചു. രാഘാവാചാരിയില്‍ നിന്ന് ശാസ്ത്രീയ സംഗീതവും അച്ഛന്‍ രവീന്ദ്രനാഥില്‍ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു.

1962-ല്‍ കവിയായ അത്രേയ നിര്‍മ്മിച്ച 'വാഗ്ദാനം' എന്ന തെലുങ്ക് ചിത്രത്തില്‍ പെട്യാല നാഗേശ്വരറാവുവിന്റെ സംഗീതത്തില്‍ പാടി. അതിനുശേഷം ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒരു ഹിന്ദി ചിത്രത്തിലുമായി മൂവായിരത്തോളം ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ ഒരു കന്നട ചിത്രത്തിനും ഒരു തെലുങ്കുചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിച്ചു. വളരെയധികം കാസറ്റുകളില്‍ പാടുകയും സംഗീതസംവിധാനം ചെയ്തുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. മലയാളത്തില്‍ ആദ്യമായി പാടിയത് ' മുതലാളി' യിലാണ് , ശൂതമംഗലം രാജലക്ഷ്മിയുമായി ചേര്‍ന്നുപാടിയ പുന്നാരമുതലാളി എന്ന ഗാനം 1964-ല്‍ റെക്കോര്‍ഡു ചെയ്തെങ്കിലും റിലീസായത് 1965 ലാണ്. സംഗീതം പുകഴേന്തി. 'അശ്വമേധം' എന്ന ചിത്രത്തിലെ 'തെക്കുംകൂറടിയാത്തി' എന്ന ഗാനവും അതുപാടിയ ബി.വസന്തയും മലയാള ചലച്ചിത്രാസ്വാദകരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോവുകയില്ല. 'പേള്‍വ്യൂ' വിലെ 'യവനസുന്ദരി....', 'ജ്വാല'യിലെ ' കുടമുല്ലപ്പൂവിനും.....', കൂട്ടുകുടുംബത്തിലെ', 'സ്വപ്നസഞ്ചാരിണി......', (സുശീലയുമൊത്ത്) 'മേലേ മാനത്തെ നീലിപ്പുലയിയ്ക്ക്....' തുടങ്ങിയവ വസന്തയുടെ പ്രസിദ്ധമായ പാട്ടുകളില്‍ ചിലതാണ്. ഭര്‍ത്താവും കുട്ടികളുമായി മദ്രാസില്‍ താമസം . മേല്‍വിലാസം ബി.വസന്ത, ബി.5, മംഗളം അപ്പാര്‍ട്ടുമെന്റ്, രംഗരാജപുരം മെയിന്‍റോഡ്, കോടമ്പാക്കം, മദ്രാസ് 24


ബേബി സംഗീത


'അഗ്നിമുഹൂര്‍ത്തം'എന്ന ചിത്രത്തില്‍ എസ്.പി.വെങ്കടേശിന്റെ സംഗീതത്തില്‍ ബാബുകിരിയത്തിന്റെ രചനയായ 'മഞ്ഞണിഞ്ഞ മാമലകള്‍ ' എന്ന ഗാനം ബേബി സംഗീത ആലപിച്ചു.


ബേബി രൂപ


'ആ മരത്തില്‍ ....' എന്നു തുടങ്ങുന്ന ഗാനം 'ഇതു ഒരു തുടക്കം മാത്രം' എന്ന ചിത്രത്തിലേതാണ്. രാജാമണിയുടെ സംഗീതത്തില്‍ ഈ ഗാനം ബേബി രൂപ ചിത്രയോടൊപ്പം പാടി.


ബാലസരസ്വതി


' സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം പാടിയ ബാലസരസ്വതി നൈര്‍മ്മല്യമുള്ള ഒരു നല്ല ശബ്ദത്തിന്റെ ഉടമയാണ്. ആന്ധ്രാ സ്വദേശിനിയായ അവര്‍തമിഴ്, തെലുങ്ക്, ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.


ഭാവനാ രാധാകൃഷ്ണന്‍


ആകാശവാണിയില്‍ ലളിതഗാനവും ശാസ്ത്രീയസംഗീതവും അവതരിപ്പിച്ചിരുന്ന ഭാവന 1993ല്‍ ഹോണറബിള്‍ പങ്കുണ്ണിനായര്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ചിത്രം റിലീസായില്ല. 1997ല്‍ റിലീസായ കളിയാട്ടത്തിലെ എന്നോടെന്തിനീ പിണക്കം... ആണ് ആദ്യ സിനിമാഗാനം. ഇതിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ച് ചിത്രശലഭം, കാറ്റത്തൊരു പെണ്‍പൂവ്, വരവായ്, വിഗതകുമാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും പാടിയിട്ടുണ്ട്. വിളക്കുവയ്ക്കും നേരം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗ് പാടിക്കൊണ്ട് ടെലിവിഷന്‍ രംഗത്തെത്തി.

പാലക്കാട് അലനല്ലൂര്‍ തൃക്കടീരി തറവാട്ടില്‍ ജാതവേദന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകളായി 1961ല്‍ ജനിച്ചു. സഹോദരന്മാര്‍: ജയദേവന്‍, ദിലീപ്. അരനല്ലൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, മണ്ണാര്‍ക്കാട് എംഇഎസ്, കാലടി കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ച്ച് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ മ്യൂസിക്കില്‍ ബിരുദവും തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ബിരുദാനന്തബിരുദവും ഡോക്ടറേറ്റും നേടി. കൊല്ലം എസ് എന്‍ കോളേജില്‍ സംഗീതാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ആറ്റുകാലമ്മയെക്കുറിച്ച് അമ്മേ മഹാമായേ എന്ന കാസറ്റിനുവേണ്ടിയാണ് ആദ്യം പാടിയത്. ഭാവനയുടെ അധ്യപകന്‍കൂടിയായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് ഈ അവസരം നല്‍കിയത്. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍കൃഷ്ണന്‍, അനഘ.


ഭവാനീ മേനോന്‍


' കൊടുങ്ങല്ലൂര്‍ ഭഗവതി' എന്ന ചിത്രത്തില്‍ ' മൂകാംബികസ്തോത്രം' പാടിക്കൊണ്ട് ഭവാനീ മേനോന്‍ എന്നൊരു പിന്നണിഗായികയും മലയാള സിനിമാരംഗത്തു വന്നു.7 News Items found. Page 1 of 1