ഗായകന്‍

ജി. ദേവരാജന്‍


സംഗീത സംവിധായകനായ ജി.ദേവരാജന്‍ അദ്ദേഹത്തിന്റെ തന്നെ സംഗീതത്തില്‍ 'അനുപമകൃപാനിധി....' എന്ന കുമാരനാശാന്റെ കവിത 'കരുണ' എന്ന ചിത്രത്തില്‍ പാടി. ഈ ചിത്രം 1966-ല്‍ പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ സംഗീത സംവിധായകരുടെ വിഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്.


ജി.കെ. വെങ്കിടേഷ്


'ചേച്ചി'യുടെ സംഗീതസംവിധായകനായ ജി.കെ. വെങ്കിടേഷ് സ്വന്തം സംഗീതത്തില്‍ 'വരിക വരിക....' എന്ന ഗാനം കവിയൂര്‍ രേവമ്മയുമായി ചേര്‍ന്നു പാടി. പിന്നീട് അപൂര്‍വ്വം തമിഴ് ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചു.


ജി. വേണുഗോപാല്‍


ഗായകരുടെ നിരയില്‍ നവാഗതനായ വേണുഗോപാല്‍ ആദ്യം പാടിയ ഗാനമാണ്. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ എം.ജി. രാധാകൃഷ്ണന്‍ സംഗീതമേകിയ 'മാനത്തെ മാണിക്യക്കുന്നിന്മേല്‍ ....'എന്നത്. എം. ജി. ശ്രീകുമാറും കെ.ജി. മാര്‍ക്കോസുമാണ് ഒപ്പം പാടിയത്. പിന്നീട് ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ പാടിയ 'രാരീരം...' എന്ന ഗാനത്തോടുകൂടി ജനശ്രദ്ധ പിടിച്ചുപറ്റി. ശാസ്ത്രീയ സംഗീത ലോകത്ത്പറവൂര്‍ സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടിരുന്നവരുടെ സഹോദരിയായ സരോജയുടെയും ഗോവിന്ദന്‍ നായരുടേയും മകനായി 1960 ഡിസംബര്‍ 10 ന് ജനിച്ചു. ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഒരു ഡിപ്ലോമയും നേടിയ വേണുഗോപാല്‍ ഒപ്പം തന്നെ വലിയമ്മമാരില്‍ നിന്നും, ചേര്‍ത്തല ഗോപാലന്‍ നായരില്‍ നിന്നും സംഗീതം പഠിയ്ക്കാന്‍ കിട്ടിയ സന്ദര്‍ഭവും പ്രയോജനപ്പെടുത്തി. ലളിതഗാനത്തിന് തുടര്‍ച്ചയായി സര്‍വ്വകലാശാല പ്രതിഭയായി. മോഹന്‍ സിതാരയുടെ കന്നിച്ചിത്രമായ 'ഒന്നുമുതല്‍ പൂജ്യംവരെ' എന്ന ചിത്രത്തിലെ ഗാനമാണ് 'രാരീരം...' രചന ഒ.എന്‍ .വി. തുടര്‍ന്നു ധാരാളം ചിത്രങ്ങളില്‍ പാടി. മറ്റു പുരസ്ക്കാരങ്ങള്‍ക്കുപുറമെ 1988 -ലേയും 1990-ലെയും സംസ്ഥാന അവാര്‍ഡുകള്‍ നേടി. ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലി നോക്കുന്നു. വിവാഹിതന്‍ ഒരു കുഞ്ഞ്. വിലാസം ജി. വേണുഗോപാല്‍ , പറവൂര്‍ ഹൗസ്, ഫോറസ്റ്റ് ഓഫീസ് ലെയിന്‍ , വഴുതയ്ക്കാട്, തിരുവനന്തപുരം.


ഗംഗാധരന്‍


'ഇന്ദുലേഖ'യിലെ 'മനുജാ....' എന്നാരംഭിക്കുന്ന ഗാനവും 'വഴിത്താര...' എന്നാരംഭിക്കുന്ന ഗാനവും പാടി.


ഗായകപീതാംബരം


'വെള്ളിനക്ഷത്ര'ത്തില്‍ 'ജീവിതവാടി...' എന്ന ഗാനം പാടുകയും നായക കഥാപാത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പീതാംബരമേനോന്‍ എന്ന യഥാര്‍ത്ഥനാമം മാറ്റി, ഗായകപീതാംബരം എന്നാക്കിയത് ഉദയാ സ്റ്റുഡിയോക്കാരാണ്. സംഗീതപരീക്ഷയില്‍ കിട്ടിയ 'ഗായക' ബിരുദവും പീതാംബരവും കോര്‍ത്തിണക്കി ഉണ്ടാക്കിയ നാമം. ഇരിങ്ങാലക്കുടയില്‍ , നടവരമ്പ് ശ്രീരാമന്‍ തമ്പിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി മലയാളവര്‍ഷം 1098-ല്‍ (1923) ജനിച്ചു. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ പഠിച്ച് 1947-ല്‍ 'ഗായക' പാസ്സായി. ഗാനപ്രവീണ പാസ്സായ അദ്ദേഹം ചലച്ചിത്രങ്ങളില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചില്ല. 'ഭാരതീയ സംഗീത കലാലയം' എന്ന സംഗീത വിദ്യാലയം നടത്തി വരുന്നു. കുറച്ചുകാലം ഭാരത് ഇന്‍ഷുറന്‍സില്‍ (എട്ടുകൊല്ലം) പ്രവര്‍ത്തിക്കുകയും ചെയ്തു. 1950-ല്‍ അദ്ധ്യാപികയായ ഇന്ദിരാദേവിയെ വിവാഹം കഴിച്ചു. നല്ല ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിന് അജിത്, രാജീവ്, സുരേഷ്, മഹേഷ് എന്നു നാലു മക്കള്‍ .വിലാസം : എം. ആര്‍ പീതാംബരമേനോന്‍ , 'നവരത്ന' സംഗീതവിദ്യാലയം, സൗത്ത് കൊരട്ടി, തൃശ്ശൂര്‍ 680 308


ഗിരിജ


'മാനിഷാദ' എന്ന ചിത്രത്തിലെ 'പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണന്‍ ....' എന്ന ഗാനം ഗിരിജ പാടി. അതേ ചിത്രത്തില്‍ പട്ടണക്കാട് പുരുഷോത്തമനോടൊപ്പം 'താമരപ്പൂങ്കാവില്‍ ...' എന്ന ഗാനവും പാടി.


ഗോകുലപാലന്‍ പി.


'അമ്മ' എന്ന ചിത്രത്തിനുവേണ്ടി ഗോകുലപാലനും, പി. ലീലയും ചേര്‍ന്ന് പാടിയ "വരൂ നീ പ്രേമ രമണീ' എന്ന ഗാനം നന്നേ പ്രസിദ്ധമായി. തുടര്‍ന്ന്, ലോകനീതി, ' പൊന്‍കതിര്‍ ', ' ശബരിമല ശ്രീഅയ്യപ്പന്‍ ' തുടങ്ങിയ ചിത്രങ്ങളില്‍ പാടി. 1990-ല്‍ ലളിതസംഗീതത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു. സംഗീതം മുറയായി പഠിച്ച അദ്ദേഹം എറണാകുളത്ത് റ്റി.ഡി.എം. ഹാളില്‍ നടത്തപ്പെടുന്ന സംഗീത വിദ്യാലയത്തിന്റെ അദ്ധ്യക്ഷനാണ്. വിലാസം : ഗോകുലപാലന്‍ പി., പൂനത്തില്‍ വീട്, പള്ളിയില്‍ ലെയിന്‍ , കൊച്ചി 16


ഗോപന്‍


'ശക്തി' എന്ന ചിത്രത്തില്‍ കെ.ജെ. ജോയിയുടെ സംഗീതത്തില്‍ ബിച്ചുതിരുമലയുടെ രചനയായ 'മിഴിയിലെങ്ങും....' എന്ന ഗാനം എസ്. ജാനകിയുമായി ചേര്‍ന്ന് ഗോപന്‍ പാടി. പിന്നീട് ചില ചിത്രങ്ങള്‍ക്ക് ഗാന സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. സംഗീതം ചിട്ടയോടെ പഠിച്ച വ്യക്തിയാണ് ഗോപന്‍ . വിദ്യാഭ്യാസത്തില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും നേടിയിട്ടുണ്ട്. വിലാസം: ഗോപന്‍ , എറണാകുളം റേഡിയോ കമ്പനി, എം.ജി. റോഡ്, കൊച്ചി 682 035


ഗോപി


'നേഴ്സ്' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍തമ്പി രചനയും എം.ബി.ശ്രീനിവാസന്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ച 'മുഴുക്കിറുക്കേ...' എന്ന ഗാനം സി.എസ്.രാധാദേവിയുമായി ചേര്‍ന്ന് ഗോപി പാടി.9 News Items found. Page 1 of 1