ഗായിക

ജമുനാറാണി


ജനോവ എന്ന ചിത്രത്തില്‍ എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ 'ഇടിയപ്പം...' എന്ന ഗാനം ആലപിച്ചുകൊണ്ട് ജമുനാറാണി മലയാളത്തില്‍ പ്രവേശിച്ചു. ജമുനാറാണിയെ മറന്നുകൊണ്ട്, തമിഴ് ചലച്ചിത്രഗാനങ്ങളുടെ സുവര്‍ണ്ണകാലത്തെപ്പറ്റി ഓര്‍ക്കുക സാദ്ധ്യമല്ല. ഒരു പ്രത്യേകതരം ശൃംഗാരരസം തുളുമ്പുന്ന ഭാവം അവരുടെ ശബ്ദത്തിനുണ്ട്. ശരത്ചന്ദ്രചാറ്റര്‍ജിയുടെ 'ദേവദാസ്' എന്ന നോവല്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും നിര്‍മ്മിക്കപ്പെട്ടു. പക്ഷേ എ.നാഗേശ്വരറാവുവും സാവിത്രിയും അഭിനയിച്ച തെലുങ്കു, തമിഴ് 'ദേവദാസി'നോട് കിടനില്‍ക്കാന്‍ മറ്റൊരു 'ദേവദാസിനും' സാധിച്ചില്ല. ഈ ചിത്രത്തില്‍ സംഗീതസംവിധായകനായ സുബ്ബരാമന്റെ സംഗീതത്തില്‍ പാടിക്കൊണ്ടാണ് ജമുനാ റാണിയുടെ തുടക്കം. 'ജനോവ' എന്ന പടം തമിഴിലും മലയാളത്തിലും നിര്‍മ്മിക്കപ്പെട്ടു. രണ്ടിലും നായകന്‍ എം.ജി. രാമചന്ദ്രന്‍ തന്നെ. അദ്ദേഹം അഭിനയിച്ച ഏകമലയാള ചിത്രവും ഇതു തന്നെ. ധാരാളം ചിത്രങ്ങളില്‍ പാടി. തമിഴ്, തെലുങ്ക്,കന്നട, മലയാളം, സിംഹള ഭാഷകളിലായി മൂവായിരത്തോളം പാട്ടുകള്‍ പാടി. അവിവാഹിതരായ അവര്‍ സഹോദരനുമായി മദ്രാസില്‍ താമസിയ്ക്കുന്നു. വിലാസം . ജമുനാറാണി, 8/6 ബസുള്ള റോഡ്, റ്റി നഗര്‍ , മദ്രാസ് 17.


ജാനമ്മാ ഡേവിഡ്


1950-ല്‍ പുറത്തിറങ്ങിയ 'നല്ല തങ്ക' എന്ന ചിത്രത്തിലൂടെയാണ് ജാനമ്മാഡേവിഡ് ഒരു പിന്നണിഗായികയായി രംഗത്തെത്തുന്നത്. പാട്ടിന്റെ വരി വ്യക്തമായി ഓര്‍മ്മിയ്ക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ക്കുന്ന ഗാനമാണു ഇവിടെ കുറിയ്ക്കുന്നത്. 'ആത്മശാന്തി' എന്ന ചിത്രത്തില്‍ വിജയറാവുമൊത്തു പാടിയ ഒരു യുഗ്മഗാനമാണ് 'കൊച്ചമ്മയാകിലും...'. 1954-ല്‍ വന്ന നീലക്കുയിലിലെ ഗാനങ്ങള്‍ ജാനമ്മയെ പ്രശസ്തിയിലെത്തിച്ചു. 'എല്ലാവരും ചൊല്ലണ്...', 'കുയിലിനെത്തേടി....' എന്നീ ഗാനങ്ങള്‍ 'നീലക്കുയിലിലെ' പുലയിയില്‍നിന്നോ അതഭിനയിച്ച കുമാരിയില്‍നിന്നോ വേര്‍പ്പെടുത്താന്‍ പറ്റാത്തവിധം ഇഴകിചേര്‍ന്നുപോയി. കെ. രാഘവന്റെ ആ പാട്ടുകള്‍ക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മാ ഡേവിഡിന്റെ ശബ്ദത്തില്‍കൂടിയാണ്. അത്തരം പാട്ടുകള്‍ അത്രയും ഭാവപുഷ്ടിയോടുകൂടി പാടുന്നവര്‍ വേറെ ഇല്ലതന്നെ.


ജസീന്ത


കൃഷ്ണപ്പരുന്ത് എന്ന ചിത്രത്തിലെ 'തൃശ്ശിവപേരൂരിലെ....' എന്ന ഗാനം പാടിയാണ് ജസീന്ത സിനിമാരംഗത്തെത്തിയത്. രാമദാസിന്റെ രചനയ്ക്ക് ശ്യാം ഈണം നല്‍കി. 1979 ല്‍ ഈ ചിത്രം പുറത്തിറങ്ങി.


ജയലക്ഷ്മി (രാധാജയലക്ഷ്മി)


'പ്രസന്ന' എന്ന ചിത്രത്തിലെ 'ഗാന മോഹന ഹരേ...' എന്ന ഗാനമാണ് അവര്‍ പാടിയ ആദ്യമലയാള ഗാനം. രാധാജയലക്ഷ്മി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത സംഗീതവിദൂഷികളില്‍ ഒരാളാണ് ജയലക്ഷ്മി ആലേഖനത്തിനു കൂടുതല്‍ അനുയോജ്യമായ ശബ്ദം ജയലക്ഷ്മിയുടേതായതു കൊണ്ടാവണം ചലച്ചിത്രങ്ങളില്‍ പാടാന്‍ അവര്‍ക്ക് (ജയലക്ഷ്മിയ്ക്ക്) കൂടുതല്‍ സന്ദര്‍ഭങ്ങള്‍ കിട്ടിയത്. തമിഴിലും മലയാളത്തിലുമായി ശാസ്ത്രീയ നിബദ്ധമായ ധാരാളം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. മദ്രാസില്‍ സ്ഥിരതാമസക്കാരായ അവര്‍ രണ്ടുപേരും അവിവാഹിതരാണ്.


ജയമ്മ


'അഹങ്കാരം' എന്ന ചിത്രത്തില്‍ 'അരയാല്‍ തളിരില്‍ .....' എന്നു തുടങ്ങുന്ന ഗാനം പാടിയ ജയമ്മ ഗാനഗന്ധര്‍വ്വനായ യേശുദാസിന്റെ സഹോദരിയാണ്. അധികം ചിത്രങ്ങളില്‍ പാടിയില്ല. വിവാഹിതയായി രംഗം വിടുകയാണുണ്ടായത്.


ജയശ്രീ


'നൈറ്റ് ഡ്യൂട്ടി' എന്ന ചിത്രത്തില്‍ 'ശ്രീമഹാഗണപതിയുറങ്ങി....' എന്ന ഗാനം പാടിക്കൊണ്ട് ജയശ്രീ സിനിമാ പിന്നണിഗാനരംഗത്തുവന്നു. തുടര്‍ന്നും ചില സിനിമകളില്‍ പാടുകയുണ്ടായി.


ജെന്‍സി


1977-ല്‍ ഭരണിക്കാവ് ശിവകുമാര്‍ രചിച്ച് എം.കെ. അര്‍ജ്ജുനന്‍ സംഗീതം നല്‍കിയ 'വയറുവിശക്കുന്നെന്റമ്മേ....' എന്നഗാനം 'ആശീര്‍വാദം' എന്ന ചിത്രത്തിനുവേണ്ടി പാടിക്കൊണ്ട് പിന്നണിഗാനരംഗത്തെത്തി. ആദ്യം പാടിയത് ' വേഴാമ്പല്‍ 'എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് എം.കെ. അര്‍ജ്ജുനന്‍ സംഗീതം ചെയ്ത 'തിരുവാകച്ചാര്‍ത്തിന്' എന്ന ഗാനമാണെങ്കിലും ആദ്യം പുറത്തുവന്നത് 'ആശീര്‍വാദ'ത്തിലെ ഗാനമാണ്. തുടര്‍ന്ന് മലയാളം, തമിഴ് ഭാഷകളിലായി 85 ഓളം ചിത്രങ്ങളില്‍ ജെന്‍സി പാടി. തമിഴില്‍ പ്രശസ്തസംഗീതസംവിധയകനായ ഇളയരാജയുടെ പ്രോത്സാഹനം നന്നേ ഉണ്ടായിരുന്നിട്ടും വിവാഹിതയായതോടുകൂടി ചലച്ചിത്രഗാനരംഗം വിടേണ്ടിവന്നു. അങ്ങനെ ജെന്‍സിക്കു സ്വയവും ചലച്ചിത്രരംഗത്തിനു ഒരുനല്ല ഗായികയെയും നഷ്ടമായി. കൊച്ചിയില്‍ പിടിയന്‍ചേരിവീട്ടില്‍ ആന്റണിയുടെയും സിസിലിയുടെയും മകളായി ജനിച്ചു. ഭര്‍ത്താവ് ഗ്രിഗറിതോമസ്, കുട്ടികള്‍ . വിലാസം ജെന്‍സി ഗ്രിഗറി, 'ഓട്ടോ കംഫര്‍ട്ട്', മാമംഗലം, പാലാരിവട്ടം, എറണാകുളം.


ജിക്കി കൃഷ്ണവേണി


വനമാല എന്ന ചിത്രത്തിലെ 'തള്ളി തള്ളി ഓ വെള്ളം തള്ളി' ആണ് ആദ്യഗാനം. അപൂര്‍വ്വം ചില അക്ഷരങ്ങളില്‍ തമിഴ് ചുവയുണ്ടാകാമെങ്കിലും അക്ഷരവ്യക്തതയോടുകൂടി, ഭാവമധുരമായി പാടാന്‍ കഴിയുന്ന ഒരു ശബ്ദത്തിന്റെ ഉടമയാണ് ജിക്കി. 1935 നവംബര്‍ ഒന്നാം തീയതി ഗജപതി നായിഡുവിന്റെ മകളായി മദ്രാസില്‍ ജനിച്ചു. സംഗീതം അനുഗ്രഹമായി കിട്ടിയ ആ കുട്ടി ഏഴാമത്തെ വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. 'സിറ്റാഡലി'ന്റെ തമിഴ് 'ജ്ഞാനസുന്ദരി'യില്‍ 'അരുള്‍ താരും ദേവമാതാവേ...' എന്ന ഒരു ഗാനമുണ്ട്. മുഖ്യകഥാപാത്രമായ 'ജ്ഞാനസുന്ദരി' ചെറിയ പ്രായത്തില്‍ നിന്ന് വലിയ പ്രായമാകുന്നതായി ചിത്രീകരിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ഈ ഗാനത്തില്‍ കുട്ടിക്കുവേണ്ടി ഏഴുവയസ്സുള്ള ജിക്കിയും യുവതിക്കുവേണ്ടി പി.എ. പെരിയനായകിയും പാടി. കൂടാതെ ബാലനടിയായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്സ് വരെ മാത്രം പഠിപ്പുള്ള ജിക്കി മുതിര്‍ന്നപ്പോള്‍ മുന്‍പന്തിയിലെ ഗായികനിരയില്‍ സ്ഥാനം ഉറപ്പിച്ചു.

'ഉമ്മ'യിലെ 'കദളിവാഴക്കയ്യിലിരുന്ന്.....', 'കടലമ്മ'യിലെ 'മുങ്ങിമുങ്ങി മുത്തുകള്‍ വാരും....', 'ആയിരത്തിരി കൈത്തിരി......' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. വയലാര്‍ദേവരാജന്‍ ടീമിന്റെ 'വിശറിക്കു കാറ്റുവേണ്ട' എന്ന നാടകത്തിലെ 'കല്യണപ്പുടവ വേണം...' എന്ന നാടകഗാനത്തെ ദേവരാജനോടൊപ്പം അവരുടെ ശബ്ദം മോഹനതരമാക്കി. തന്നോടൊപ്പം ധാരാളം യുഗ്മഗാനങ്ങള്‍ പാടിയ എ.എം. രാജയെ 1958-ല്‍ അവര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ നാലുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉണ്ട്. ആണ്‍കുട്ടികള്‍ ഇപ്പോള്‍ അവരോടൊപ്പം ഗാനമേളകളില്‍ പങ്കെടുക്കുന്നു, പാടുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നട, സിംഹളഭാഷകളിലായി അയ്യായിരത്തോളം ഗാനങ്ങള്‍ ജിക്കി പാടിയിട്ടുണ്ട്. മെഹ്ബൂബിന്റെ ' ആന്‍ ' എന്ന ഹിന്ദി ചിത്രത്തിലും ജിക്കി പാടിയിട്ടുണ്ട്.


ജോളി എബ്രഹാം


'ചട്ടമ്പിക്കല്യാണി' എന്ന ചിത്രത്തില്‍ ' ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ ....' എന്ന ഗാനം പാടി സിനിമാരംഗത്തെത്തി. തുടര്‍ന്ന് അനേകം ഗാനങ്ങള്‍ പാടി തന്റെ സ്ഥാനം ഉറപ്പിച്ചു. മേല്‍വിലാസം: ജോളിഎബ്രഹാം. 12/ ഫ്ളാറ്റ്സ്, സുബ്ബരായനഗര്‍ , മദ്രാസ് 600 024


ജ്യോത്സന


പുതുതലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയായ ജ്യോത്സന മോഹന്‍സിത്താര സംഗീതം നല്‍കിയ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. നമ്മള്‍, മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി. 2003ലെ ലെക്സ് ഏഷ്യാനെറ്റ് അവാര്‍ഡ്, 2004ലെ മഹാത്മാഗാന്ധി എഡ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്, 2005ലെ മികച്ച ആല്‍ബം ഗാനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.
കുവൈത്തില്‍ രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ ജനിച്ചു. തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍നിന്ന് സ്കൂള്‍ പഠനവും വിദൂര പഠനത്തിലൂടെ ബിരുദവും നേടി. സഹോദരി: വീണ.10 News Items found. Page 1 of 1