നടി

കെ ആര്‍ വിജയ


K. R. Vijaya

സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുംമുമ്പേ നാടകങ്ങളിലൂടെ കെ ആര്‍ വിജയ അഭിനയരംഗത്തെത്തി. തുടര്‍ന്ന് പരസ്യങ്ങള്‍ക്ക് മോഡലായി. ഒരു കലണ്ടറിനുവേണ്ടി മോഡലായതാണ് വിജയയെ സിനിമയിലെത്തിച്ചത്. ഈ കലണ്ടര്‍ കാണാനിടയായ തമിഴ് സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്‍ 'കര്‍പ്പകം' എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ വിജയയെ നായികയാക്കി. തുടര്‍ന്ന് ജെമിനി ഗണേശന്‍, മുത്തുരാമന്‍, എം ആര്‍ രാധ തുടങ്ങിയ പ്രമുഖ തമിഴ് നടന്മാരുടെ നായികയായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. മണവാട്ടിയാണ് ആദ്യ മലയാള ചിത്രം. സത്യന്‍, മധു, അംബിക തുടങ്ങിയവരായിരുന്നു ഇതിലെ പ്രധാന താരങ്ങള്‍.

അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കിലും തമിഴിലുമാണ് ഏറെ ശ്രദ്ധേയയായത്. തമിഴില്‍ ശിവാജിയോടൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. നഖങ്ങള്‍, അയോദ്ധ്യ, ആയിരം ജന്മങ്ങള്‍, തച്ചോളി അമ്പു, ആയുധം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

തൃശൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ 1947ല്‍ ജനിച്ചു. കോടീശ്വരനായ ചെട്ടിയാര്‍ ഭര്‍ത്താവാണ്. മകള്‍: ഹേമലത.


കെപിഎസി ലളിത


K.P.A.C. Lalitha

സംവിധായക പ്രതിഭയായ ഭരതന്റെ ഭാര്യ കെ പി എ സി ലളിത പത്താം വയസ്സില്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ആദ്യനാടകം 'ഗീതയുടെ ബലി'. 1963ല്‍ മൂലധനം എന്ന ചിത്രത്തില്‍ പാടാനാണ് ലളിത കെപിഎസിയില്‍ എത്തിയത്. അശ്വമേധത്തില്‍ കെ പി ഉമ്മറിന്റെ ഭാര്യയായി അഭിനയിച്ചു.

എട്ട് വര്‍ഷം കെപിഎസിയില്‍ സ്ഥിരം നടിയായിരുന്നു. കൂട്ടുകുടുംബം എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. തോപ്പില്‍ ഭാസി സംവിധാനംചെയ്ത ആ നാടകം സിനിമയായപ്പോള്‍ നാടകത്തിലെ അതേ വേഷം സിനിമയിലും ലഭിച്ചു. തുടര്‍ന്ന് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. ചക്രവാളത്തില്‍ പ്രേംനസീറിന്റെ നായികയായി.

1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹംചെയ്തു. കുറച്ചുകാലം സിനിമയില്‍നിന്ന് വിട്ടുനിന്നെങ്കിലും ഭരതന്റെതന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. സത്യന്‍ അന്തിക്കാടായിരുന്നു തുടര്‍ന്ന് ലളിതയ്ക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയത്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, പൊന്മുട്ടയിടുന്ന താറാവ്, കുടുംബപുരാണം, അച്ചുവിന്റെ അമ്മ തുടങ്ങിയ സത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശംസനേടി. ഭരതന്റെ വെങ്കലം, അമരം എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമാണ്. 1990ല്‍ അമരത്തിലൂടെ ആദ്യമായി ദേശീയാംഗീകാരം നേടി. 2000ല്‍ ശാന്തം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയാംഗീകാരവും ലഭിച്ചു. ഈ ചിത്രത്തിലെ കാര്‍ത്ത്യായനി എന്ന കഥാപാത്രം ലളിതയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ്. മൂന്ന് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
കായംകുളം രാമപുരത്ത് കടയ്ക്കത്തറയില്‍വീട്ടില്‍ കെ അനന്തന്‍നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി 1947ല്‍ ജനിച്ചു. മഹേശ്വരി എന്നാണ് യഥാര്‍ത്ഥ പേര്. രണ്ട് സഹോദരങ്ങള്‍. കലാമണ്ഡലം ഗംഗാധരന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു. മകള്‍ ശ്രീക്കുട്ടി. നടന്‍ സിദ്ധാര്‍ത്ഥ് മകനാണ്.


കാജല്‍ കിരണ്‍


ചക്കരയുമ്മ എന്ന മലയാള ചിത്രത്തിലഭിനയിച്ച ഹിന്ദി നടി.


കാലടി ഓമന


മഞ്ചരി, ടി.സി.17/783, പൂജപ്പുര, തിരുവനന്തപുരം-12.ഫോണ്‍: 0471-2355613, 94472 10877. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ


രാരിച്ചന്‍ എന്ന പൗരന്‍ ആദ്യചിത്രം. അതോടെ ചലച്ചിത്രരംഗം വിട്ടു. നാടകനടി കലാമണ്ഡലത്തിലായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ പത്നി. സ്വദേശം ആലുവാ. തൃപ്പുണിത്തുറയില്‍ നൃത്തകലാലയം നടത്തുന്നു.


കലാരഞ്ജിനി


സ്വന്തമെന്ന പദം തുടങ്ങി അമ്പതിലധികം ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു നാടകനടന്‍ ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകള്‍ .നടിമാരായ കല്പനയുടെയും ഉര്‍വശിയുടെയും സഹോദരി.


കല്‍പന


Kalpana

യോഗം എന്ന ചിത്രത്തില്‍ അഭിനയിച്ച് സിനിമയിലെത്തിയ കല്‍പന 125ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ഇന്‍സ്പെക്ടര്‍ ബല്‍റാം, അപാരത, ഇന്നത്തെ പ്രോഗ്രാം, ഒരുക്കം, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, കുടുംബകോടതി, സിഐഡി ഉണ്ണികൃഷ്ണന്‍, കുടുംബവിശേഷം, പൈ ബ്രദേഴ്സ്, കുടുംബവാര്‍ത്തകള്‍, മലയാളമാസം ചിങ്ങം ഒന്നിന്, ത്രീമെന്‍ ആര്‍മി, അമേരിക്കന്‍ അമ്മായി, കൃഷ്ണഗോപാലകൃഷ്ണ. ചിരികുടുക്ക, മിഴി രണ്ടിലും, വരും വരുന്നു വന്നു, ഫൈവ് ഫിംഗേഴ്സ്, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ , ട്വന്റി ട്വന്റി, സീനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി. നടികള്‍ക്കും ഹാസ്യറോളുകളില്‍ തിളങ്ങാനാവുമെന്ന് തെളിയിച്ചു. തമിഴകത്തെ ജനപ്രീതി നേടിയ നടിയായി ദിനതന്തി ദിനപത്രം 1985ല്‍ കല്‍പനയെ തെരഞ്ഞെടുത്തു.

പായിക്കാട് വീട്ടില്‍ ചവറ വി പി നായരുടെയും കൊച്ചുവീട്ടില്‍ വിജയലക്ഷ്മിയുടെയും മകളായി 1965ല്‍ ജനിച്ചു. തിരുവനന്തപുരത്തായിരുന്നു വിദ്യാഭ്യാസം. ഉഷാ ഉതുപ്പുമായി ചേര്‍ന്ന് ഒരു ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ഓര്‍മ്മകുറിപ്പുകള്‍ ചേര്‍ത്ത് 'ഞാന്‍ കല്പന' എന്നപേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനില്‍-ബാബു ടീമിലെ അനില്‍ ഭര്‍ത്താവും ശ്രീമയി മകളുമാണ്. സിനിമാരംഗത്ത് സജീവമായ കലാരഞ്ജിനി, കമല്‍റോയ്, ഉര്‍വശി എന്നിവരും സിനിമാരംഗത്തുണ്ടായിരുന്ന അന്തരിച്ച പ്രിന്‍സും സഹോദരങ്ങള്‍.


കമലാദേവി


ആദ്യചിത്രം കല്യാണഫോട്ടോ. ചെമ്മീന്‍ തുടങ്ങി പതിനെട്ടോളം ചിത്രങ്ങള്‍. ഭര്‍ത്താവ് ഓ.രാമദാസ്. സ്വദേശം പാലക്കാട്. യഥാര്‍ത്ഥ പേര് ജയലക്ഷ്മി. താമസം തൃശൂരില്‍.


കമലാ കാമേഷ്


രുഗ്മ, മൂന്നുമാസങ്ങള്‍ക്കുമുമ്പ്, അമൃതം ഗമയ, വീണ്ടു ലിസ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടി. സ്വദേശം തഞ്ചാവൂര്‍. അന്തരിച്ചു. ഭര്‍ത്താവ് കാമേഷ്


കമല. കെ.


ആദ്യ ചിത്രം ചെമ്മീന്‍. ചെര്‍പ്പുളശ്ശേരി കമല എന്ന പേരില്‍ അറിയപ്പെടുന്നു. കുറ്റവാളി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. രംഗം വിട്ടു ചെര്‍പ്പുളശ്ശേരി സ്വദേശിനി.39 News Items found. Page 1 of 4