സംഗീത സംവിധാനം

കെ.സി. വര്‍ഗ്ഗീസ്


സംഗീതസംവിധാനം നിര്‍‍‍വഹിച്ച ആദ്യ ചിത്രം 'നവംബറിന്റെ നഷ്ടം'. 1945-ല്‍ കുന്നംകുളത്ത് കാക്കശ്ശേരി വീട്ടില്‍ ചേറുവിന്റെയും സാറാമ്മയുടേയും മകനായി ജനിച്ചു. ഒന്‍പതാം ക്ലാസ് വരെ പഠിച്ചതിനു ശേഷം ചലച്ചിത്ര സംവിധായകനായ ജോബിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. ജി. ദേവരാജന്‍ സംഘടിപ്പിച്ച 'കാളിദാസകലാകേന്ദ്രം' എന്ന നാടകസമിതിയില്‍ അല്‍പകാലം ഗായകനായിരുന്നു. അതിനുശേഷം മദ്രാസിലെത്തിയ വര്‍ഗീസ് 'പ്രീതി' എന്ന ചിത്രത്തില്‍ എസ്. ജാനകിയോടൊപ്പം ഒരു യുഗ്മഗാനം പാടി. പിന്നീട് 'നവംബറിന്റെ നഷ്ടം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. ഭാര്യ ഓമന. മകന്‍ അനീഷ്. വിലാസം : കെ.സി. വര്‍ഗ്ഗീസ്, കാക്കശ്ശേരി ഹൗസ്, തെക്കേപ്പുറം, കുന്നംകുളം


കെ.ജെ. ജോയി


'ലൗ ലെറ്റര്‍ ' എന്ന ചിത്രത്തിലാണ് ജോയി ആദ്യം സംഗീത സംവിധായകനാകുന്നത്. തുടര്‍ന്ന് ലിസ, സര്‍പ്പം, ഹൃദയം പാടുന്നു, മുത്തുച്ചിപ്പി തുടങ്ങി 62 പടങ്ങള്‍ക്ക് സംഗീതം നല്‍കി. തൃശൂര്‍ സ്വദേശിയായ കെ.ജെ. ജോയി 'അക്കോര്‍ഡിയന്‍ ' വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിയ്ക്കുന്നത്. കെ.വി. മഹാദേവന്റേയും എം.എസ്. വിശ്വനാഥന്റേയും വാദ്യവൃന്ദത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. വിവാഹിതനായ അദ്ദേഹം ഇന്ന് 'സതേണ്‍ കമ്പൈന്‍സ്' എന്ന നല്ലൊരു 'ശബ്ദലേഖനനിലയ'ത്തിന്റെ ഉടമസ്ഥനുമാണ്.


കെ.ജെ. യേസുദാസ്


1973 ല്‍ 'അഴകുള്ള സെലീന' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് പ്രസിദ്ധഗായകനായ യേശുദാസ് സംഗീതസംവിധാന രംഗത്തേക്ക് പ്രവേശിച്ചു. 'തീക്കനല്‍ ', 'സഞ്ചാരി', 'പൂച്ച സന്യാസി' തുടങ്ങി ഒന്‍പത് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.


കെ.കെ. ആന്റണി


'ബാല്യ പ്രതിജ്ഞ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കെ.കെ. ആന്റണി ആണ്.


കെ.കെ. അരൂര്‍


മലയാളത്തിലെ ആദ്യ സംഗീത സംവിധായകരില്‍ ഒരാള്‍ .1988-ല്‍ സേലം മോഡേണ്‍ തീയേറ്റേഴ്സ് സ്റ്റുഡിയോയില്‍ അതിന്റെ ഉടമസ്ഥന്‍ റ്റി.ആര്‍ സുന്ദരം നിര്‍മ്മിച്ച , നൊട്ടാണി സംവിധാനം ചെയ്ത ബാലന്‍ എന്ന ചിത്രത്തിനായി മുതുകുളം രാഘവന്‍പിള്ളയുടെ രചനകള്‍ക്ക് ഹിന്ദി ചലച്ചിത്രങ്ങളില്‍ നിന്ന് കടമെടുത്ത ഈണങ്ങള്‍ ഇബ്രാഹിം എന്ന ഹാര്‍മോണിസ്റ്റുമായി ചേര്‍ന്ന് ഗായകര്‍ക്ക് പാടിക്കൊടുത്തു. അദ്ദേഹം സ്വയം പാടുകയുംചെയ്തു. അങ്ങനെ അദ്ദേഹവും ഇബ്രാഹിമും ആദ്യ സംഗീത സംവിധായകരായി. കെ. കുട്ടന്‍പിള്ള എന്ന യഥാര്‍ത്ഥ നാമധേയമുള്ള ഇദ്ദേഹം മലയാളവര്‍ഷം 1083-ല്‍ അരൂരില്‍ ജനിച്ചു. കലാരംഗവുമായി ബന്ധപ്പെട്ടപ്പോള്‍ പേര് കെ.കെ.അരൂര്‍ എന്നു മാറ്റി. ബാലനിലെ നായകവേഷം അഭിനയിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് പല ചിത്രങ്ങളിലും പാടുകയും അഭിനയിക്കുകയും ചെയ്തു. നാടകരംഗം കൈവിട്ടില്ല. പക്ഷേ ആ രംഗത്ത് തിരക്കു കുറഞ്ഞപ്പോള്‍ രംഗം കഥാപ്രസംഗവേദിയാക്കി. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.


കെ.പി. ഉദയഭാനു


' സമസ്യ'യാണ് ഉദയഭാനു സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം. കൂടാതെ രണ്ടു ചിത്രങ്ങള്‍ക്കു കൂടി അദ്ദേഹം സംഗീതമൊരുക്കി. 1981-ല്‍ സംഗീത സംവിധായകനുള്ള പ്രത്യേക സ്റ്റേറ്റ് അവാര്‍ഡ് നേടി. കേരള സംഗീത നാടക അക്കാഡമിയുടേതുള്‍പ്പെടെയുള്ള വളരെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മദ്രാസില്‍ നടന്ന റേഡിയോ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഫിലിം അവാര്‍ഡ്നിര്‍ണ്ണയക്കമ്മറ്റിയിലും അംഗമായിരുന്നു. 1985-ല്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യാ പസഫിക് സംഗീത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1986-ല്‍ ദല്‍ഹിയില്‍ നടന്ന ' നാഷണല്‍ പ്രോഗ്രാം ഓഫ് മ്യൂസിക്കില്‍ അവതരിപ്പിച്ച ' ഡ്രീംസ് ഓഫ് ഇന്ത്യ' യുടെ പ്രധാന സംഘാടകനായിരുന്നു.

പാലക്കാട് ജില്ലയിലെ തരൂര്‍ എന്ന സ്ഥലത്ത് 1936-ല്‍ ജനിച്ചു. അച്ഛന്‍ എന്‍ .എസ്. വര്‍മ്മ. അമ്മ നേത്യാരമ്മ. ഉദയഭാനു ഇപ്പോള്‍ തിരുവനന്തപുരം ആകാശവാണിയിലെ ഉദ്യോഗസ്ഥനാണ്. മേല്‍വിലാസം : കെ.പി. ഉദയഭാനു, ആകാശവാണി, തിരുവനന്തപുരം


കെ. രാഘവന്‍


' നീലക്കുയില്‍ ' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായാണ് കെ.രാഘവന്‍ സിനിമയിലേക്കെത്തിയത്. അദ്ദേഹത്തിന്റെ 'എല്ലാരും ചൊല്ലണ് ...','കുയിലിനെത്തേടി....', ' നാലൂരിപ്പാലുകൊണ്ട്....', ' മാനത്തെ മഴമുകില്‍... ' എന്നീ ഗാനങ്ങള്‍ എടുത്തു വാസനിച്ചാല്‍ മലയാളത്തിന്റെ പച്ചമണ്ണ് വാസനിക്കും. ' ശ്രീമഹാദേവന്‍ തന്റെ....' എന്ന പുള്ളവപ്പാട്ടും, ' കായലരികത്ത് ...' എന്ന മാപ്പിളപ്പാട്ടും ഈ അഭിപ്രായം അരക്കിട്ടുറപ്പിയ്ക്കുന്നു. ഈ പ്രത്യേകതയാണ് ഒരാളിന്റെ ' സംഭാവന'യെന്ന് പറയുന്നത്.

ഈ സംഭാവനയുടെ കാരണക്കാരനായ കെ. രാഘവന്റെ സ്വദേശം തലശ്ശേരിയിലെ തലായിയാണ്. പിതാവ്, എം. കൃഷ്ണന്‍ , മാതാവ് നാരായണി. ചെറുപ്പത്തില്‍ സംഗീതാഭ്യസനവും വിദ്യാഭ്യാസവും കായികാഭ്യാസവും ഒരുമിച്ചുകൊണ്ടുപോയി. വളരെ നല്ല കാല്‍പ്പന്തുകളിക്കാരനുമായി. ബോംബെയില്‍ ജോലി അന്വേഷിച്ചുപോയി ഒരു പെട്രോള്‍ കമ്പനിയില്‍ ജോലികിട്ടി. അധികം താമസിയാതെ, അതുപേക്ഷിച്ചിട്ട് മദ്രാസിലെത്തി. അല്പം അലച്ചിലിനുശേഷം ആള്‍ ഇന്ത്യാ റേഡിയോയില്‍ തംബുരു കലാകാരനായി ഉദ്യോഗം ലഭിച്ചു. കുറേക്കഴിഞ്ഞ് സ്ഥലംമാറ്റവുമായി ഡല്‍ഹിയിലേക്കുപോയി. അവിടുത്തെ താമസത്തിനിടയില്‍ നാട്ടുകാരനും കറാച്ചിയുമായി ബന്ധമുള്ള ഒരു സുഹൃത്തുമായി ബന്ധപ്പെട്ടു. കറാച്ചി സന്ദര്‍ശിച്ച അവസരത്തില്‍ രാഘവന്റെ വീട്ടിനടുത്തുള്ള ഒരു കുടുംബവുമായി കിട്ടിയ പരിചയം അദ്ദേഹത്തിന്റെ കല്യാണത്തില്‍പര്യവസാനിച്ചു.

കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോ തുടങ്ങിയപ്പോള്‍ അവിടെ ഉദ്യോഗസ്ഥനായി സ്ഥലം മാറ്റം വാങ്ങി.അവിടെ പി. ഭാസ്ക്കരന്‍ , തിക്കൊടിയന്‍ , ഉറൂബ്, കെ. പത്മനാഭന്‍നായര്‍ ഉള്‍പ്പെടെ ഒരു നല്ല സുഹൃത് വലയം അദ്ദേഹത്തിനു കിട്ടി. അവരുടെ പ്രേരണയില്‍ ലളിതഗാനങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചതോടെ, മലയാള ചലച്ചിത്ര സംഗീതവേദിയിലെ ചതുര്‍ മൂര്‍ത്തികളില്‍ രണ്ടാമത്തെ അംഗത്തിന്റെ പുറപ്പാടായി. ഫലം നീലക്കുയില്‍ , രാരിച്ചന്‍ എന്ന പൗരന്‍ , ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളിലെ തനിമയാര്‍ന്ന ഗാനങ്ങള്‍ നേരത്തേ സൂചിപ്പിച്ച മണ്ണിന്റെ വാസനയുള്ള ഗാനങ്ങള്‍ .

തന്റെ ഉദ്യോഗത്തിന് ഹാനി സംഭവിക്കാതിരിക്കാന്‍ വളരെ ചുരുക്കി മാത്രം കരാറുകള്‍ സ്വീകരിക്കേണ്ടിവന്നതിനാല്‍ 53 ചിത്രങ്ങള്‍ക്കുമാത്രമേ അദ്ദേഹത്തിനു സംഗീതം നല്‍കാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും പലതും നാഴികക്കല്ലുകളായി പിന്‍തലമുറയ്ക്കു മാര്‍ഗ്ഗദര്‍ശകങ്ങളായി നില്‍ക്കുന്നു. 21 വര്‍ഷത്തിനുശേഷം 2011-ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനംചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ബാല്യകാലസഖി എന്ന ചിത്രത്തിന് തൊണ്ണൂറ്റിയേഴാം വയസില്‍ രാഘവന്‍മാസ്റ്റര്‍ ഈണം നല്‍കി. 'താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ...' എന്നഗാനം ആലപിച്ചത് യേശുദാസാണ്. വിലാസം : കെ. രാഘവന്‍ സംഗീതസംവിധായകന്‍ , ശരവണം, തലശ്ശേരി


കെ.വി. മഹാദേവന്‍


പല ഭാഷകള്‍ക്കു വേണ്ടിയെടുത്ത സംഗീത ട്രാക്കില്‍ മലയാള ഗാനങ്ങള്‍ മിശ്രണം ചെയ്തുപയോഗിച്ച ചിത്രമാണ് 'ആനവളര്‍ത്തിയ വാനമ്പാടി'. പിന്നീട് 1978 ലാണ് അദ്ദേഹം ഒരു മലയാള പടത്തിന് സംഗീതം നല്‍കുന്നത് 'പത്മതീര്‍ത്ഥം' ആകെ. 8 പടങ്ങള്‍ മലയാളത്തില്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

'ശങ്കരാഭരണം' കാണാത്ത ഒരു ചലച്ചിത്രപ്രേമിയെങ്കിലും ദക്ഷിണേന്ത്യയില്‍ കാണുമോ എന്നു സംശയമാണ്. ഒരു വലിയ സംഗീതസംവിധായകന്‍ എന്നതിലുപരി ഒരു നല്ല ഹൃദയത്തിനുടമകൂടിയായ കെ.വി. മഹാദേവനാണ് 'ശങ്കരാഭരണ'ത്തിന്റെ സംഗീത സംവിധായകന്‍ . അദ്ദേഹത്തിന്റെ ജനനം ഇന്നത്തെ തമിഴ് നാട്ടിലെ പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിനടുത്തുള്ള കൃഷ്ണന്‍കോവിലാണ്. പിതാവ് വെങ്കിടാചല ഭാഗവതര്‍ അമ്മ പിച്ചു അമ്മാള്‍ . പാരമ്പര്യമായി കിട്ടിയ സംഗീതത്തിന്റെ അടിത്തറയിട്ടത് പിതാവ് തന്നെയായിരുന്നു. പിന്നീട് പ്രസിദ്ധ നാദസ്വരസംഗീതജ്ഞനായിരുന്ന തിരുവാടുതുറ രാജരത്നം പിള്ളയുടെ കച്ചേരികേട്ട് വാസനയും അറിവും മഹാദേവന്‍ സ്വയം വളര്‍ത്തിയെടുത്തു. ജീവിതത്തിലെ പല പരീക്ഷണ ഘട്ടങ്ങളും തരണം ചെയ്ത്, തമിഴിലെ 'ഭക്തമീര'യുടെ സംഗീത സംവിധായകനായ എസ്. വെങ്കിട്ടരാമന്റെ കൂടെയും ടി.എ. കല്യാണത്തിന്റെ കൂടെയും സംഗീതസംവിധാന പരിചയം നേടി. കുറച്ചു കഴിഞ്ഞ് ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു.

1944 മുതല്‍ സ്വന്തമായി സംഗീതസംവിധാനം ചെയ്തു തുടങ്ങി. ആദ്യചിത്രം 'ഭക്തഗൗരി'. അതിനുശേഷം എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനിയില്‍ ജോലി നോക്കി. തിരക്ക് കൂടിയപ്പോള്‍ എച്ച്.എം.വി. വിട്ടു. ഇന്നുവരെ തമിഴ്, തെലുങ്ക് ഭാഷകളിലായി 488 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. 'കായലും കയറും' എന്ന ചിത്രത്തിലെ 'ശരറാന്തല്‍ തിരിതാഴ്ത്തി...' എന്ന യേശുദാസ് പാടിയ ഗാനം ഓര്‍മ്മയില്‍ ഓളങ്ങള്‍ സൃഷ്ടിക്കും. മറ്റ് ഗാനങ്ങള്‍ 'ആയിരം നിലവേ വാ...' (എസ്.പി. ബാലസുബ്രഹ്മണ്യം), 'ഏറിക്കരമേലേ...' ( സൗന്ദരരാജന്‍ ), അമുദും തേനും എതര്‍ക്ക് ...' , 'മന്നവന്‍ വന്താനെടീ...', 'ഉന്നൈ കാണാത്ത കണ്ണൊന്‍റു...' , 'ഗംഗൈക്കരതോട്ടം...', 'നലം താനാ....', 'മനം പാടൈത്താന്‍ ...' തുടങ്ങി ആയിരമായിരം ഗാനങ്ങള്‍ . നാഷണല്‍ അവാര്‍ഡ് (1967 കന്തന്‍ കരുണൈ, 1979 ശങ്കരാഭരണം തെലുങ്ക് സംസ്ഥാന അവാര്‍ഡുകള്‍ (1969 അടിമൈപ്പെണ്‍ , 1987 ശ്രുതിലയം തെലുങ്ക്) . രണ്ടു വിവാഹം കഴിച്ചു.
ഒന്ന് ശ്രീമതി ലക്ഷ്മിയമ്മാള്‍ (കരുനാഗപ്പള്ളി), രണ്ട് ശ്രീമതി ലീല (സേലം) രണ്ടിലും കൂടി അഞ്ച് മക്കള്‍ . മേല്‍വിലാസം : കെ.വി. മഹാദേവന്‍ , 21, ജി.എന്‍ ചെട്ടി റോഡ്, ടി. നഗര്‍ , മദ്രാസ്.


കൈതപ്രം വിശ്വനാഥന്‍


കണ്ണാടി ഇല്ലം, കൈതപ്രം, എം.എം.ബസാര്‍, മാതമംഗലം, കണ്ണൂര്‍
ഫോണ്‍ : 0498-2577203, 93875 25800. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കലവൂര്‍ ബാലന്‍


പാറപ്പുറത്തു ഹൗസ്, കലവൂര്‍, ആലപ്പുഴ-688 522. ഫോണ്‍ : 0477-2258127. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്18 News Items found. Page 1 of 2