ഗായകന്‍

കെ.സി. വര്‍ഗീസ്


പ്രീതി എന്ന ചിത്രത്തില്‍ 'ഉമ്മ തരുമോ....' എന്ന ഗാനം കെ.സി. വര്‍ഗീസും എസ്. ജാനകിയും ലതാരാജുവും ചേര്‍ന്ന് പാടി. ഒരു ഗായകനാകാന്‍ മദ്രാസിലെത്തിയ വര്‍ഗ്ഗീസ് 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിനു സംഗീതവും നല്‍കി.


കെ.ജി. മാര്‍ക്കോസ്


1981-ല്‍ 'കേള്‍ക്കാത്ത ശബ്ദം' എന്ന ചിത്രത്തിനുവേണ്ടി 'കന്നിപ്പൂമാനം....' എന്ന ഗാനം പാടി. രചന ദേവദാസ്, സംഗീതം ജോണ്‍സണ്‍ . പടം പുറത്തിറങ്ങിയത് 1982 ലാണ്. യേശുദാസിന്റെ ഗാനങ്ങള്‍ അതേശബ്ദത്തില്‍ തന്നെ ഗാനമേളകളിലും മറ്റും പാടി പ്രശസ്തി പിടിച്ചുപറ്റിയ കലാകാരനാണ് കെ.ജി. മാര്‍ക്കോസ്. ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. കൊല്ലത്തു തങ്കപ്പന്‍ ഭാഗവതര്‍ , സുബ്രഹ്മണ്യശര്‍മ്മ എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ചു. വിലാസം: കെ.ജി. മാര്‍ക്കോസ്, തെങ്ങഴികത്ത് 'അജിനാ', ശങ്കേഴ്സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ കൊല്ലം 1


കെ ജെ യേശുദാസ്


K. J. Yesudas

'കാല്പാടുകള്‍ 'എന്ന ചിത്രത്തിനുവേണ്ടി എം.ബി. ശ്രീനിവാസന്‍ സംഗീതം നല്‍കിയ നാലുവരികള്‍ ('ജാതിഭേദം മതദ്വേഷം....') ആദ്യമായി ആലപിച്ചുകൊണ്ട് പിന്നണി ഗായകനായി. ഗായികാഗായകന്മാരില്‍ പതിനായിരത്തില്‍ ഒരാളിനുമാത്രം കിട്ടുന്ന ത്രിസ്ഥായി ശബ്ദത്തിന്റെ ഉടമയാണ് കെ.ജെ. യേശുദാസ്.

അനുഗൃഹീത നടനും ഗായകനും ആയിരുന്ന, യശഃശ്ശരീരനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചുമക്കളില്‍ മൂത്തപുത്രനായി, മലയാളചലച്ചിത്ര ഗാനാലാപനശാഖയ്ക്ക് 'ഈശ്വരന്‍ തന്ന നിധി'യായി 1940 ജനുവരി 10-ന് എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പുണിത്തുറ ആര്‍ .എല്‍ .വി.സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതഅക്കാദമിയിലും സംഗീതാഭ്യസനം നടത്തി. കെ.എസ്.ആന്റണി എന്ന സംവിധായകന്റെ ക്ഷണമനുസരിച്ച് നമ്പിയത്തു നിര്‍മ്മിച്ച 'കാല്പാടുകള്‍ 'എന്ന ചിത്രത്തിനുവേണ്ടി എം.ബി. ശ്രീനിവാസന്‍ സംഗീതം നല്‍കിയ നാലുവരികള്‍ ('ജാതിഭേദം മതദ്വേഷം....') ആദ്യമായി ആലപിച്ചു. എങ്കിലും പുറത്തുവന്ന ആദ്യചിത്രം ' ശ്രീകോവില്‍ ' ആയിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു അതിന്റെ സംഗീതസംവിധായകന്‍ തുടര്‍ന്ന് അനേകായിരം ഗാനങ്ങള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലും പാടി പ്രസിദ്ധിയുടെ കനകസിംഹാസനത്തില്‍ അവരോധിതനായിരിക്കുന്ന ഈ കലാകാരന്‍ ഇന്ന് മലയാള സിനിമാഗാനങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു.

നിരവധി തവണ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങളും 'പത്മശ്രീ' ബഹുമതിയും ഡോക്ടറേറ്റും ലഭിച്ച ഈ ഗാനഗന്ധര്‍വ്വന്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിനാകെ അഭിമാനമാണ്. ഇദ്ദേഹം വിദേശരാജ്യങ്ങളിലും പല തവണ ശാസ്ത്രീയ ലളിത സംഗീത പര്യടനം നടത്തിയിട്ടുണ്ട്. ചെറിയ രീതിയിലാണെങ്കിലും കുറച്ചുപേര്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കിക്കൊടുക്കാന്‍ ഉപകരിക്കും വിധം തരംഗിണി എന്ന റെക്കോഡിംഗ് സ്റ്റുഡിയോയും കാസറ്റ് നിര്‍മ്മാണകമ്പനിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നടന്നുവരുന്നു. സംഗീതം തൊഴിലായി സ്വീകരിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ സംഗീതവാസനയുള്ള പല വിദ്യാര്‍ത്ഥികളേയും വാര്‍ത്തെടുക്കാന്‍ സഹായിച്ച 'നിസരി' സംഗീത സ്കൂളിന്റെ ജനയിതാവുമാണ് അദ്ദേഹം. സംഗീതാലാപംകൊണ്ട് സമ്പാദിച്ച തന്റെ വരുമാനത്തിന്റെ ഒരു ഭാഗം മേല്‍പ്പറഞ്ഞ തരത്തില്‍ ഉപകാരപ്രദമായ സ്ഥാപനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ധൈര്യവും സന്മനസും കാണിച്ച ഇന്ത്യയിലെ ചലച്ചിത്രഗായകരിലെ ആദ്യത്തെ വ്യക്തിയാണ് യേശുദാസ് എന്നത് പ്രത്യേകം ഓര്‍മ്മിയ്ക്കപ്പെടേണ്ടതാണ്.

ശബ്ദനിയന്ത്രണത്തിലും ഭാവസ്ഫുരണത്തിലും അക്ഷരസ്ഫുടതയിലുമെല്ലാം തികഞ്ഞ നിഷ്ക്കര്‍ഷത പാലിക്കുന്ന യേശുദാസ്, തന്റെ മനോഹരമായ ശബ്ദംകൊണ്ട് മലയാളസിനിമാസംഗീതത്തിന് നല്‍കിയിട്ടുള്ള സംഭാവന വര്‍ണ്ണനാതീതമാണ്.പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയ അദ്ദേഹം അനുഭവിച്ച ക്ലേശങ്ങളും കയറി വന്ന പടവുകളും, ഒന്നും മറക്കുന്നില്ല. ഓരോ പടവുകളും കയറാന്‍ സഹായിച്ച സുഹൃത്തുക്കളെ, സംഗീത സംവിധായകരെ, ഗാനരചയിതാക്കളെ, സഹപ്രവര്‍ത്തകരെ എന്നിവരെയെല്ലാം അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിക്കുന്നതും അവരോട് ബഹുമാനപൂര്‍വ്വം പെരുമാറുന്ന രീതിയും ഇവയെല്ലാം പുതിയ തലമുറയിലെ ഗായകര്‍ക്ക് പാഠമാണ്.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറ്റ് എല്ലാ ഭാരതീയ ഭാഷകളിലുമായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടി. ഏഴുതവണ ദേശീയ അവാര്‍ഡ് ലഭിച്ചു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു... (1972-അച്ഛനും ബാപ്പയും), പത്മതീര്‍ത്ഥമേ... (1973- ഗായത്രി), ഗോരിതേരാ... (1976- ചിറ്റ്ചോര്‍), ആകാശദേശമു... (1982- മേഘസന്ദേശം- തെലുങ്ക്), ഉണ്ണികളേ ഒരു കഥ പറയാം... (1987- ഉണ്ണികളേ ഒരു കഥ പറയാം), രാമകഥാ... (1991- ഭരതം), വിവിധ ഗാനങ്ങള്‍... (1993- സോപാനം).

22 തവണ സംസ്ഥാന അവാര്‍ഡും 1988, '92 വര്‍ഷങ്ങളില്‍ തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും '88ല്‍ ആന്ധ്ര സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചു. 1977ല്‍ പത്മശ്രീ ബഹുമതിയും 1989ല്‍ അണ്ണാമല യൂണിവേഴ്സിറ്റി ഡോക്ടറേറ്റും നേടി. 1992 കേരള ഗവണ്‍മെന്റിന്റെ സംസ്ഥാന ഗായകപദവി നിരസിച്ചു. 1992ല്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ലതാമങ്കേഷ്കര്‍ അവാര്‍ഡ്, 1994ല്‍ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ് എന്നിവയും ലഭിച്ചു. ഭാര്യ: പ്രഭ. മക്കള്‍: വിനോദ്, വിജയ് (ഗായകന്‍), വിശാല്‍.


കെ.കെ. അരൂര്‍


1938-ല്‍ സേലം മോഡേണ്‍ തീയേറ്റേഴ്സ് സ്റ്റുഡിയോയില്‍ അതിന്റെ ഉടമസ്ഥന്‍ റ്റി.ആര്‍ സുന്ദരം നിര്‍മ്മിച്ച , നൊട്ടാണി സംവിധാനം ചെയ്ത ബാലന്‍ എന്ന ചിത്രത്തിനായി മുതുകുളം രാഘവന്‍പിള്ളയുടെ രചനകള്‍ക്ക് ഹിന്ദി ചലച്ചിത്രങ്ങളില്‍ നിന്ന് കടമെടുത്ത ഈണങ്ങള്‍ ഇബ്രാഹിം എന്ന ഹാര്‍മോണിസ്റ്റുമായി ചേര്‍ന്ന് ഗായകര്‍ക്ക് പാടിക്കൊടുത്തു. അദ്ദേഹം സ്വയം പാടുകയുംചെയ്തു. അങ്ങനെ അദ്ദേഹവും ഇബ്രാഹിമും ആദ്യ സംഗീത സംവിധായകരായി. കെ. കുട്ടന്‍പിള്ള എന്ന യഥാര്‍ത്ഥ നാമധേയമുള്ള ഇദ്ദേഹം മലയാളവര്‍ഷം 1083-ല്‍ അരൂരില്‍ ജനിച്ചു. കലാരംഗവുമായി ബന്ധപ്പെട്ടപ്പോള്‍ പേര് കെ.കെ.അരൂര്‍ എന്നു മാറ്റി. ബാലനിലെ നായകവേഷം അഭിനയിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് പല ചിത്രങ്ങളിലും പാടുകയും അഭിനയിക്കുകയും ചെയ്തു. നാടകരംഗം കൈവിട്ടില്ല. പക്ഷേ ആ രംഗത്ത് തിരക്കു കുറഞ്ഞപ്പോള്‍ രംഗം കഥാപ്രസംഗവേദിയാക്കി. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.


കെ.പി. ഉദയഭാനു


' നായരുപിടിച്ച പുലിവാല്‍ ' എന്ന ചിത്രത്തില്‍ 'എന്തിനിത്ര പഞ്ചസാര.....'എന്ന ഗാനം ആലപിച്ചുകൊണ്ട് കെ.പി. ഉദയഭാനു ചലച്ചിത്രരംഗത്ത് ഒരു ഗായകനായി എത്തി. തുടര്‍ന്ന്, അനേകം ചിത്രങ്ങള്‍ക്കുവേണ്ടി മധുരമായി പാടി. സംഗീതം അഭ്യസിച്ചിട്ടുള്ള അദ്ദേഹം 'മാതൃഭൂമി' സ്ഥാപകപത്രാധിപരായിരുന്ന കെ.പി. കേശവമേനോന്റെ അനന്തിരവനാണ്. കോഴിക്കോട് ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം ആകാശവാണിയില്‍ സംഗീത സംവിധായകനാണ്. 'മനസ്സിനകത്തൊരു പെണ്ണ്...', 'അനുരാഗനാടകത്തില്‍ ....', 'പെണ്ണായി പിറന്നെങ്കില്‍ മണ്ണായി....' തുടങ്ങിയവ അദ്ദേഹത്തിന്റെ നല്ല ഗാനങ്ങളില്‍ പെടുന്നു. ഭാര്യ വിജയലക്ഷ്മി, മകന്‍ രാജീവ്. മേല്‍വിലാസം കെ.പി.ഉദയഭാനു, ആകാശവാണി, തിരുവനന്തപുരം 14


കെ.ആര്‍ ബാലകൃഷ്ണന്‍


'സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തില്‍ ' ഒരു നദീതീരത്തില്‍ .....' എന്നു തുടങ്ങുന്ന യുഗ്മഗാനം, ശാന്തയുമായി ചേര്‍ന്ന് 1962-ല്‍ കെ.ആര്‍ ബാലകൃഷ്ണന്‍ പാടി.


കെ.ആര്‍ വേണു


' ലേഡീസ് ഹോസ്റ്റല്‍ ' എന്ന ചിത്രത്തില്‍ 'പ്രിയതമേ.....' എന്ന ഗാനം പാടിക്കൊണ്ട് കെ.ആര്‍ വേണു ചലച്ചിത്രഗാനരംഗത്തെത്തി.


കെ. രാഘവന്‍


പ്രശസ്ത സംഗീതസംവിധായകനായ കെ. രാഘവന്‍ അദ്ദേഹം തന്നെ ഈണം നല്‍കിയ ' നീലക്കുയില്‍ ' എന്ന ചിത്രത്തിലെ 'കായലരികത്ത് ......' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണിഗായകരില്‍ ചേര്‍ന്നു. കൃഷ്ണകുചേല, അസുരവിത്ത്, കടമ്പ തുടങ്ങിയ ചില ചിത്രങ്ങളില്‍ കൂടി അദ്ദേഹം പാടിയിട്ടുണ്ട്.


കെ.എസ്. ജോര്‍ജ്ജ് (കെ.പി.എ.സി)


കാലം മാറുന്നു എന്ന ചിത്രത്തില്‍ കെ.സുലോചനയുമായി ചേര്‍ന്നു പാടിയ ' ആ മലര്‍പ്പൊയ്കയില്‍ .....'എന്നതാണ് ആദ്യഗാനം. 1952 മുതല്‍ ഒന്നര വ്യാഴവട്ടക്കാലം പുരോഗമനസംഗീത നാടകപ്രേമികള്‍ക്ക് ഹരം പകര്‍ന്ന ഗായകനായിരുന്നു കെ.എസ്. ജോര്‍ജ്ജ്. വിപ്ലവഗാനാലാപനത്തില്‍ അഗ്രഗണ്യനായിരുന്ന ജോര്‍ജ്ജ് ജനിച്ചത് ആലപ്പുഴയില്‍ ഒരു തൊഴിലാളി കുടുംബത്തിലാണ്. സംഗീതത്തില്‍ ആലപ്പുഴ ചെറിയ ഉണ്ണിത്താന്‍ ഭാഗവതരില്‍ നിന്നും സാമാന്യമായ ശിക്ഷണം നേടിക്കൊണ്ട് പുനലൂര്‍പേപ്പര്‍മില്ലില്‍ തൊഴിലാളിയായി. അദ്ദേഹത്തിന്റെ വാസന കണ്ടുപിടിച്ച വക്കീല്‍ രാജഗോപാലന്‍ നായര്‍ , തന്റെ കൂട്ടുകാരായ ജനാര്‍ദ്ദനക്കുറുപ്പും രാജാമണിയുമായി ആരംഭിച്ച കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബിലെ (കെ.പി.എ.സി.) ഗായകനാക്കി. പിന്നീടുള്ള വളര്‍ച്ചയ്ക്ക് കെ.പി.എ.സിയും സംഗീതസംവിധായകന്‍ ദേവരാജനും ഒരു പോലെ കാരണക്കാരാണ്.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' , 'സര്‍വ്വേക്കല്ല് ' തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങള്‍ നാടാകെ കൊടുങ്കാറ്റിളക്കിയപ്പോള്‍ , ആ സംഘത്തെ തന്റെ ചിത്രത്തില്‍ പങ്കെടുപ്പിച്ചാല്‍ ആ ചിത്രം വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ച് ചലച്ചിത്രനിര്‍മ്മാതാവായ കൈലാസ് പിക്ച്ചേഴ്സിന്റെ ഉടമസ്ഥന്‍ നാരായണന്‍ , അവരെയെല്ലാം തന്റെ പുതിയ സംരംഭമായ 'കാലം മാറുന്നു' എന്ന ചിത്രത്തില്‍ ചേര്‍ത്തു. അങ്ങനെ ഒ.എന്‍ .വി., ദേവരാജന്‍ , കെ.എസ്.ജോര്‍ജ്ജ്, സുലോചന എന്നിവര്‍ അവരറിയാതെ ചലച്ചിത്രത്തിലെത്തി. 'കാലം മാറുന്നു'വിലെ ഗാനങ്ങള്‍ ചലച്ചിത്രഗാനരംഗത്ത് വന്ന മാറ്റത്തിന്റെ തുടക്കമായി. 'ആ മലര്‍പ്പൊയ്കയില്‍ .... ' എന്ന യുഗ്മഗാനം (ജോര്‍ജ്ജ്, സുലോചന), 'അമ്പിളിമുത്തച്ഛന്‍ ...' (ലളിതാതമ്പി) 'പോവണോ പോവണോ പെണ്ണേ....' ( കമുകറ, ശാന്താ പി.നായര്‍ ‍) എന്നിവ പ്രസിദ്ധങ്ങളായി. ജോര്‍ജ്ജ് തുടര്‍ന്നു ചില ചിത്രങ്ങളില്‍ പാടി. ഭാര്യയും നാലു മക്കളുമുള്ള അദ്ദേഹം 1989-ല്‍ അന്തരിച്ചു.


കെ ജി ജയന്‍


ഭൂമിയിലെ മാലാഖയിലൂടെയാണ് കെ ജി ജയന്‍ ചലച്ചിത്രരംഗത്തെത്തിയത്. നിറകുടത്തില നക്ഷത്രദീപങ്ങള്‍ തിളങ്ങി... എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. സ്നേഹം, കുരുതിക്കളം തുടങ്ങി മുപ്പതോളം മലയാളം, തമിഴ് ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
1999ല്‍ ഹരിമുരളീരവത്തിന്റെ സംഗീതസംവിധാനത്തിന് ഗോള്‍ഡന്‍ ഡിസ്ക് അവാര്‍ഡ് ലഭിച്ചു. 2000 മാര്‍ച്ചില്‍ ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഗുരുവായ ചെമ്പൈ നവരത്നമോതിരമണിഞ്ഞ് ജയനെ ആദരിക്കുകയുണ്ടായി. 2000 നവംബറില്‍ ശബരിമലയിലെ ധര്‍മ്മപരിഷത്ത് ഹരിവരാസനം നല്‍കി ഈ മഹാപ്രതിഭയെ അംഗീകരിച്ചു. 2002 ജനുവരിയില്‍ പമ്പാസംഗമം തത്ത്വമസി അവാര്‍ഡ് നല്‍കി ആദരിച്ചു.
1934ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു. ആറാം വയസ്സില്‍ രാമന്‍ഭാഗവതരുടെ കീഴില്‍ സംഗീതപഠനം ആരംഭിച്ചു. സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് ഗാനഭൂഷണം ഡിപ്ളോമ ഫസ്റ്റ്ക്ളാസില്‍ പാസായി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായിരുന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.29 News Items found. Page 1 of 3