ഗായിക

കെ.ബി. സുജാത


കല അടൂര്‍ എഴുതിയ 'ചുവട് വച്ച് കളിയ്ക്കണ....'എന്ന വരികള്‍ക്ക് ടി.എസ്.രാധാകൃഷ്ണന്‍ നല്‍കിയ ഈണം ആലപിച്ചത് കെ.ബി.സുജാത എന്ന പുതിയ ഗായികയാണ്. ചിത്രം'ഗീതം' ഈ ഗാനത്തിന്റെ തുടക്കമായ 'ഉലയിലാരു
കടഞ്ഞെടുത്തു' എന്ന വരികള്‍ പാടിയത് സംഗീത സംവിധായകന്‍ തന്നെയാണ്.


കെ. ഓമനക്കുട്ടി


എം.ജി. രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ പുരന്ധരദാസകൃതിയായ 'ജഗദോദ്ധാരണ....' എന്ന കൃതി 'അയിത്തം' എന്ന ചിത്രത്തിനുവേണ്ടി പാടി. ഓമനക്കുട്ടി സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ പ്രസിദ്ധ സംഗീതവിദ്വാന്‍ മലബാര്‍ ഗോപാലന്‍നായര്‍ . അമ്മ കഥാപ്രസംഗനിപുണയായ കമലാക്ഷിയമ്മ. സഹോദരങ്ങള്‍ : സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ , പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ എന്നിവര്‍ . പ്രഗത്ഭരായ സംഗീത വിദ്വാന്മാരില്‍ നിന്നു സംഗീത ശിക്ഷണം നേടി. കൂടാതെ സംഗീതത്തില്‍ തന്നെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം സംഗീതകച്ചേരികള്‍ നടത്തുന്ന അവര്‍ പിന്നണി ഗാനം പാടാന്‍ വിമുഖത
കാണിയ്ക്കുന്നു. ഭര്‍ത്താവ് ഗോപിനാഥന്‍ നായര്‍ , മകള്‍ ലക്ഷ്മി. വിലാസം ഡോ. കെ.ഓമനക്കുട്ടി, ലക്ഷ്മി, മേടയില്‍ , തൈക്കാട്, തിരുവനന്തപുരം.


കെ.പി.എ.സി. ലളിത


'മധുരം തിരുമധുരം' എന്ന ഡോക്ടര്‍ ബാലകൃഷ്ണന്റെ ചിത്രത്തിനുവേണ്ടി 'കാശായ കാശെല്ലാം....' എന്ന ഗാനം ജയചന്ദ്രനോടൊപ്പം പാടി ലളിതയും പിന്നണി ഗായികയായി. കായംകുളം രാമപുരത്ത് കടയ്ക്കത്തറയില്‍വീട്ടില്‍ കെ അനന്തന്‍നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി 1947ല്‍ ജനിച്ചു. മഹേശ്വരി എന്നാണ് യഥാര്‍ത്ഥ പേര്. രണ്ട് സഹോദരങ്ങള്‍ . കലാമണ്ഡലം ഗംഗാധരന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു. പത്താം വയസ്സില്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ആദ്യനാടകം 'ഗീതയുടെ ബലി'. 1963-ല്‍ മൂലധനം എന്ന ചിത്രത്തില്‍ പാടാനാണ് ലളിത കെ.പി.എ.സി.യില്‍ എത്തിയത്. തോപ്പില്‍ ഭാസിയുടെ പ്രോത്സാഹനംകൊണ്ട് ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. പടിപടിയായി കയറിയ ലളിത ഇന്ന് മലയാളചലച്ചിത്രത്തിലെ ഏറ്റവും കഴിവുള്ള കഥാപാത്രനടികളില്‍ ഒരാളാണ്.

1990-ല്‍ അമരത്തിലൂടെ ആദ്യമായി ദേശീയാംഗീകാരം നേടി. 2000-ല്‍ ശാന്തം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയാംഗീകാരവും ലഭിച്ചു. ഈ ചിത്രത്തിലെ കാര്‍ത്ത്യായനി എന്ന കഥാപാത്രം ലളിതയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ്. മൂന്ന് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സംവിധായക പ്രതിഭയായിരുന്ന ഭരതന്റെ ഭാര്യയാണ്. മകള്‍ ശ്രീക്കുട്ടി. നടന്‍ സിദ്ധാര്‍ത്ഥ് മകനാണ്.


കെ.എസ്. ബീന


1981 ല്‍ പുറത്തുവന്ന 'തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തില്‍ യേശുദാസിനോടൊപ്പം ' ഡ ഡ ഡ ഡാഡി...' എന്ന ഗാനം ആലപിച്ച് രംഗത്ത് വന്ന കെ.എസ്. ബീന 'താരുണ്യം', താറാവ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. പ്രശസ്ത ആകാശവാണി ഗായകനായിരുന്ന കരമന കൃഷ്ണന്‍നായരുടേയും ശാന്താകുമാരിയുടേയും പുത്രിയായി 1958-ല്‍ ജനിച്ചു. ഏഴാം വയസ്സില്‍ സംഗീത പഠനം ആരംഭിച്ചു. എച്ച്. ഹരിഹരന്‍ , പ്രഭാകരവര്‍ണ്ണ, കെ. ഓമനക്കുട്ടി എന്നിവരുടെ കീഴില്‍ സംഗീത പഠനം തുടര്‍ന്നു. 1977 മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്നത്തെ പ്രശസ്ത പിന്നണിഗായിക ചിത്ര, ബീനയുടെ ഇളയ സഹോദരിയാണ്. വിവാഹം 1981 ല്‍ , ഭര്‍ത്താവ് ശ്രീ വേണുഗോപാല്‍ ദോഹയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടു കുട്ടികള്‍ വിനായക്, വര്‍ഷ. വിലാസം: രേവതി, റ്റി.സി. 21/236, കരമന, തിരുവനന്തപുരം 2


കെ.സുലോചന (കെ.പി.എ.സി.)


കാലം മാറുന്നു എന്ന ചിത്രത്തില്‍ കെ.എസ് ജോര്‍ജ്ജുമായി ചേര്‍ന്നു പാടിയ ' ആ മലര്‍പ്പൊയ്കയില്‍ .....' എന്നതാണ് ആദ്യ ഗാനം. സുലോചന ഗായികയാണോ നടിയാണോ? രണ്ടംശങ്ങളും സുലോചനയില്‍ ഒരുപോലെ സമ്മേളിതമായിരിക്കുന്നു. 'വെള്ളാരം കുന്നിലെ' 'ചെപ്പുകിലുക്കണ ചങ്ങാതി....', 'അമ്പിളിയമ്മാവാ....', 'ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി....' തുടങ്ങിയ ഗാനങ്ങളെപ്പോലെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യിലെ 'സുമം', 'മുടിയനായ പുത്രനി'ലെ 'പുലയി' തുടങ്ങിയ കഥാപാത്രങ്ങളും നാടകാസ്വാദകര്‍ മറക്കുന്നില്ല.

4.10.1938-ല്‍ മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച സുലോചന തടിയൂര ഗോപാലകൃഷ്ണനില്‍ നിന്നും സംഗീതം അഭ്യസിച്ചു. 1951-ല്‍ കെ.പി.എ.സി. യില്‍ ചേര്‍ന്നു കെ.എസ്. ജോര്‍ജ്ജിന്റെ വിവരണങ്ങളില്‍ കൊടുത്തിരിയ്ക്കുന്നതുപോലെ ചലച്ചിത്രരംഗത്തെത്തി. കെ.എസ്. ജോര്‍ജ്ജുമായി ചേര്‍ന്ന് 'ആ മലര്‍പ്പൊയ്കയില്‍ ' എന്ന ഗാനവും പാടി. ആ ചിത്രത്തില്‍ സത്യനോടൊപ്പം നായികയുമായി ' അരപ്പവന്‍ ' , 'കൃഷ്ണകുചേല' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കിലും നാടകത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ സേവനത്തിന് കേരള സംഗീത നാടക അക്കാദമി, 1975-ല്‍ പുരസ്കാരം നല്‍കി ബഹുമാനിച്ചു. വിവാഹിത ഭര്‍ത്താവ് : കലേശന്‍ മക്കള്‍ ഇല്ല. വിലാസം കെ.സുലോചന, മണിഭവന്‍ , പാലസ് റോഡ്, കായംകുളം


കെ എസ് ചിത്ര


K.S. Chitra

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായ കെ.എസ് ചിത്ര എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ അട്ടഹാസം എന്ന ചിത്രത്തിലെ 'ചെല്ലം ചെല്ലം...' എന്ന ഗാനമാണ് ആദ്യമായി പാടിയത്. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. ആദ്യം പുറത്തുവന്ന ചിത്രം നവംബറിന്റെ നഷ്ടം ആണ്. ഇതില്‍ എം ജി രാധാകൃഷ്ണന്‍തന്നെ ഈണം നല്‍കി അരുന്ധതിയുമൊത്ത് 'അരികിലോ അകലെയോ...' എന്ന ഗാനമാണ് പാടിയത്. അതിനുശേഷം 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തില്‍ 'രജനീ പറയൂ..' എന്ന വ്യക്തിഗത ഗാനവും എം.ജി. രാധാകൃഷ്ണന്‍ തന്നെ പാടിച്ചു. അതോടെ ചിത്രയുടെ ജൈത്രയാത്രയും ആരംഭിച്ചു.

1963 ജൂലായ് 27ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെ പുത്രിയായി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്റെ മേല്‍നോട്ടത്തില്‍ സംഗീതാഭ്യാസവും സ്ക്കൂള്‍ വിദ്യാഭ്യാസവും സമാന്തരമായി കൊണ്ടുപോകാന്‍ ചിത്രയ്ക്കു കഴിഞ്ഞു. അച്ഛനില്‍ നിന്നുകിട്ടിയ ശിക്ഷണത്തിനുപുറമേ ഡോ. കെ. ഓമനക്കുട്ടിയുടെ സഹായവും ശിക്ഷണവും ചിത്രയ്ക്കുണ്ടായിരുന്ന സംഗീതത്തെ കഴിവുറ്റതാക്കി.


ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോടൊപ്പം നടത്തിയ സംഗീതപര്യടനങ്ങളും ചിത്രയെ നന്നേ സഹായിച്ചു. തമിഴ് ചലച്ചിത്ര സംഗീത വിഭാഗത്തിലെ ഇന്നത്തെ മന്നനായ ഇളയരാജ തന്റെ 'നീ താനേ അന്നക്കുയില്‍ ' എന്ന ചിത്രത്തില്‍ സന്ദര്‍ഭം കൊടുത്തത് ചിത്രയുടെ ഭാഗ്യാതിരേകത്തിന്റെ മറ്റൊരു കാണ്ഡമായിരുന്നു. അതോടുകൂടി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത ശാഖ ചിത്രയുടെ ശബ്ദത്തില്‍ ഒതുങ്ങി. ഇതുവരെ എല്ലാ ഭാഷകളിലുമായി നാലായിരത്തോളം ഗാനങ്ങള്‍ ചിത്ര പാടി.

1986, 87, 89, 90 വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡുകളും 1986, 87, 89 ലെ ദേശീയ പുരസ്ക്കാരങ്ങളും ചിത്ര കരസ്ഥമാക്കി. കൂടാതെ 1989 ലെ തമിഴ്നാട് അംഗീകാരവും 90 ലെ ആന്ധ്രാപ്രദേശിലെ 'നന്ദി' അവാര്‍ഡും 1989, 90 ലേക്ക് ഭാരതീയ സംഗീതത്തിനു വേണ്ടിയുള്ള മലേഷ്യാ ഗവണ്‍മെന്റിന്റെ 'ഗമ്മാ' പുരസ്ക്കാരങ്ങളും മറ്റും ഈ ചെറു പ്രായത്തിനുള്ളില്‍ തന്നെ നേടിയെടുത്ത ഏക ഗായികയാണ് കെ.എസ്. ചിത്ര. ഇന്ത്യയിലെ ഏറ്റവും ഭാഗ്യമുള്ള പിന്നണിഗായിക ആര് എന്നു ചോദിച്ചാല്‍ ഞൊടിയിടകൊണ്ട് ഉത്തരം കിട്ടും കെ.എസ്. ചിത്ര. ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ ശബ്ദത്തിലും സംഗീതാംശത്തിലും കൈവരുന്ന ശുദ്ധതയാണ് ചിത്രയുടെ ഈ ഭാഗ്യത്തിന് ഇടയാക്കിയത്. വിവാഹിത; ഭര്‍ത്താവ് വിജയ് ശങ്കര്‍ . ഒരു കുഞ്ഞ്


കല


1981-ല്‍ പുറത്തിറങ്ങിയ 'തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തില്‍ അതിന്റെ സംവിധായകനായ ബാലുകിരിയത്ത് രചിച്ച് ദര്‍ശന്‍ രാമന്‍ സംഗീതം നല്‍കിയ 'ഡ ഡ ഡ ഡാഡി....' എന്ന ഗാനം കല പാടി.


കല്യാണിമേനോന്‍


'തച്ചോളി മരുമകന്‍ ചന്തു' എന്ന ചിത്രത്തിലെ 'ഇല്ലംനിറ....' എന്ന ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കല്യാണിമേനോന്‍ വി. ദക്ഷിണാമൂര്‍ത്തിയില്‍നിന്നും, പുതുക്കാട് കൃഷ്ണമൂര്‍ത്തിയില്‍ നിന്നും, ഡോക്ടര്‍ എസ്. രാമനാഥില്‍നിന്നും സംഗീതം അഭ്യസിച്ചിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'അബല' എന്ന ചിത്രത്തില്‍ പാടിയെങ്കിലും ആ ചിത്രം പുറത്തു വന്നില്ല. മലയാളത്തില്‍ നാല്‍പ്പതോളം ഗാനങ്ങളും തമിഴില്‍ 25 ഓളം ചിത്രങ്ങളിലും പാടി. കൂടാതെ ധാരാളം കാസറ്റുകള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്.


കമല


' കുഞ്ഞാലിമരയ്ക്കാര്‍ ' എന്ന ചിത്രത്തില്‍ യേശുദാസും വസന്തയും കമലയും 'ആറ്റിനക്കരെ' എന്ന ഗാനം പങ്കിട്ടു. സംഘഗായികയായ കമല ഇടയ്ക്കും തലയ്ക്കും മുഖ്യഗായികമാരോടൊപ്പം ഗാനശകലങ്ങള്‍ ആലപിക്കാറുണ്ട്. ഭര്‍ത്താവ് സത്യം. മകന്‍ .


കമലാ കൈലാസനാഥന്‍


കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ നമ്പിയത്ത് രചിച്ച് എം.ബി. ശ്രീനിവാസന്‍ ഈണം നല്‍കിയ 'കരുണാസാഗര....' എന്ന ഗാനം കെ.പി. ഉദയഭാനുവിനോടൊപ്പം ആലപിച്ചത് കമലാകൈലാസനാഥനാണ്. തിരുവനന്തപുരം സ്വദേശിനിയായ അവര്‍ പ്രൊഫ. ശ്രീനിവാസന്റെ മകളും ശാസ്ത്രീയ സംഗീത വിദഗ്ദ്ധയുമാണ്. വിവാഹിത.16 News Items found. Page 1 of 2