രചന

കെ.സി. പൂങ്കുന്നം (കെ.സി. ഫ്രാന്‍സിസ്)


1955 ല്‍ പ്രദര്‍ശനം ആരംഭിച്ച 'ന്യൂസ് പേപ്പര്‍ബോയ്' എന്ന സിനിമയില്‍ 'തെക്കന്‍കാറ്റേ.....' എന്ന പാട്ടെഴുതിയിട്ടുണ്ട്. 1933-ല്‍ വടക്കഞ്ചേരിയില്‍ ജനിച്ചു. പിതാവ് കൊള്ളന്നൂര്‍ വീട്ടില്‍ കെ.പി. ചേറു. അമ്മ മുരിങ്ങത്തേരി ത്രേസ്യ. എം.എ, ബി.ടി. ബിരുദധാരിയായ പൂങ്കുന്നം അദ്ധ്യാപകനായി, 32 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തു. ഭാര്യ കാതറീന്‍ തൃശൂര്‍ ഡി.ഡി. ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടാണ്. മൂന്നുമക്കള്‍ . മേല്‍വിലാസം : കെ.സി. ഫ്രാന്‍സിസ്, കൊള്ളന്നൂര്‍ ഹൗസ്, പൂങ്കുന്നം, തൃശൂര്‍ ‍2


കെ.ജി. മേനോന്‍


1984-ല്‍ ആരിഫാ ഹസ്സന്‍ നിര്‍മ്മിച്ച 'കാഹളം' എന്ന ചിത്രത്തിനുവേണ്ടി എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസ് പാടിയ 'വാനം പൂവനം' എന്നു തുടങ്ങുന്ന ഗാനം രചിച്ചുകൊണ്ട് ചലച്ചിത്രഗാനരംഗത്തേയ്ക്കു വന്നു.1923 ജനുവരി 21ന് കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളത്ത് ജനിച്ചു. പിതാവ് കുഞ്ഞികൃഷ്ണപ്പണിക്കരും മാതാവ് കാവുങ്കല്‍ പാറുവമ്മയും. എറണാകുളം മഹാരാജാസ് കോളേജില്‍ ഉപരിപഠനം നടന്നുകൊണ്ടിരിക്കെ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ പഠിത്തം നിര്‍ത്തി നാടുവിടേണ്ടി വരികയും മദിരാശിയിലെത്തി ഇഞ്ചിനീയറിംഗില്‍ ഉപരിപഠനം നടത്തുകയും അവിടെ തന്നെ ജീവിതം തുടരുകയും ചെയ്തു. ഇന്ന് മദിരാശിയിലെ പല പ്രമുഖ ഇഞ്ചിനീയറിംഗ് സംഘടനകളിലും അംഗമാണ്. കലാസാംസ്ക്കാരിക സാമൂഹികരംഗങ്ങളിലും വ്യാപൃതനാണ്. കവിതയിലും ഗാനരചനയിലും അതീവ തല്‍പരനാണ്. ആറോളം ചലച്ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വിവാഹിതന്‍ ഭാര്യ ഡോ. ചന്ദ്രവല്ലി, മക്കള്‍ രാമചന്ദ്രന്‍ , ജയശ്രീ. മേല്‍വിലാസം: കെ.ജി. മേനോന്‍ , ജയശ്രീ, 37 ഐ. സ്ട്രീറ്റ്, ജയലക്ഷ്മിപുരം, നുങ്കമ്പാക്കം, മദ്രാസ് 600 034


കെ. ജയകുമാര്‍


പ്രശസ്ത നടി ഉര്‍വ്വശി ശാരദ നിര്‍മ്മിച്ച് എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ഭദ്ര ദീപം' എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ....'' എന്ന ഗാനം രചിച്ചുകൊണ്ട്, വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ചിത്രഗാനരചനാരംഗത്തേക്ക് കടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം. കൃഷ്ണന്‍നായരുടെ പുത്രനായി മണ്ണന്തലയില്‍ ജയകുമാര്‍ ജനിച്ചു. ഐ.എ.എസ്. ബിരുദധാരിയായി. വിദ്യാഭ്യാസ കാലത്തു തന്നെ ആനുകൂലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രങ്ങളില്‍ ഗാനങ്ങളും എഴുതി . പിന്നീട് ഉപരിപഠനത്തിനും മറ്റും ഉപയോഗിച്ച ദീര്‍ഘകാലത്തിനു ശേഷം 17 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. 'ഒരു വടക്കന്‍ വീരഗാഥ'യിലെ 'ചന്ദനലേപസുഗന്ധം....' എന്ന ഗാനം രചയിതാവെന്ന നിലയില്‍ പ്രശസ്തി നേടിക്കൊടുത്തു. കോഴിക്കോട്ട് അസിസ്റ്റന്റ് കളക്ടറായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയും വീണ്ടും കോഴിക്കോട്ട് കളക്ടറായും സര്‍വ്വസമ്മതനായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഡിപ്പാര്‍ട്ട്മെന്‍റ്ഓഫ് ടൂറിസത്തില്‍ ഡയറക്ടറായി ജോലി നോക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും.


കെ.എം. അലവി


'ഭൂമിയിലെ മാലാഖ' യ്ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ച നാലുപേരില്‍ ഒരാളാണ് കെ.എം.അലവി. ഗാനം 'മാടപ്പിറാവല്ലേ...'


കെ. നാരായണപിള്ള


'മുത്ത്' എന്ന സിനിമയില്‍ ഗാനം എഴുതിക്കൊണ്ടാണ് ചലച്ചിത്രഗാനരംഗത്തേക്ക് കടന്നുവന്നത്. അതിലെ 'നിത്യചൈതന്യദായകാ...' എന്ന ആദ്യ ഗാനം വളരെ ജനപ്രീതി നേടി. നോവലിസ്റ്റ്, നിരൂപകന്‍ , പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ചങ്ങനാശ്ശേരി കറുകച്ചാലില്‍ ഭാര്‍ഗ്ഗവീ സദനത്തില്‍ കെ. കൃഷ്ണപിള്ളയുടേയും ഭാര്‍ഗ്ഗവിയമ്മയുടേയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് ബിരുദം നേടിയതിനുശേഷം കുറച്ചു നാള്‍ ആകാശവാണിയില്‍ ജോലിനോക്കി. ഇപ്പോള്‍ 'മലയാള മനോരമ'യില്‍ പത്രാധിപസമിതിയംഗമാണ്. മേല്‍വിലാസം കെ. നാരായണപിള്ള, 'മലയാളമനോരമ', കോട്ടയം


കെ.എസ്. നമ്പൂതിരി


1976 ല്‍ 'മുത്ത്' എന്ന സിനിമയ്ക്കുവേണ്ടി ആറ് ഗാനങ്ങളെഴുതി. ആദ്യഗാനം 'വിമൂകശോകസ്മൃതികളുണര്‍ത്തി...'. 'യാഗം എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. 1937-ല്‍ മീനച്ചില്‍ താലൂക്കില്‍ കിഴക്കേടത്തുമനയില്‍ ശ്രീകൃഷ്ണന്‍ നമ്പൂതിരിയുടേയും ആര്യാദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. ഇപ്പോള്‍ എഫ്.എ.സി.ടി. ടൗണ്‍ഷിപ്പ് ഹൈസ്ക്കൂളില്‍ മലയാളം അദ്ധ്യാപകനാണ്. ഭാര്യ ശ്രീമതി സരസ്വതീ അന്തര്‍ജ്ജനം. കൃഷ്ണകുമാര്‍ , വിപിന്‍കുമാര്‍ എന്നിവര്‍ മക്കള്‍ . കെ.എസ്. നമ്പൂതിരി പ്രശസ്തനായ നാടകകൃത്തുകൂടിയാണ്. 'സമസ്യ', 'സമാവര്‍ത്തനം', 'സമന്വയം', 'സംഘഗാനം' തുടങ്ങിയവയാണ് നമ്പൂതിരിയുടെ പ്രശസ്ത നാടകങ്ങള്‍ . സാഹിത്യ അക്കാദമി അവാര്‍ഡ്, ശക്തി അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. മേല്‍വിലാസം : കെ.എസ്. നമ്പൂതിരി, 'ഹരിശ്രീ', ചങ്ങമ്പുഴ നഗര്‍ പി.ഒ., കൊച്ചിന്‍ 33. ഫോണ്‍ : 856927


കെ. വിജയകുമാര്‍


'പാറ' എന്ന ചിത്രത്തിനുവേണ്ടി 'ഈ കാടാകെ പൂക്കള്‍ ...' എന്ന ഗാനം എഴുതിയത് കെ.വിജയകുമാറാണ്.


കൈതപ്രം ദാമോദരന്‍ നമ്പൂതിരി


Kaithapuram Damodharn Namboothiri

ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന് ഗാനങ്ങളെഴുതിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചലച്ചിത്രരംഗത്ത് വന്നത്. 'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങള്‍ക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. 1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി. 1980ല്‍ തിരുവനന്തപുരം 'മാതൃഭൂമി'യില്‍ പ്രൂഫ് റീഡറായി.

ഗാനരചയിതാവ്, സംഗീതസംവിധായകന്‍ , തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ മാത്രമല്ല മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്ത് സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹം എഴുതിയ മഴവില്ലിനറ്റം വരെ എന്ന കവിതയില്‍നിന്നാണ് ഈ സിനിമയുടെ പിറവി. കവി തന്നെ സംവിധായകനുമായി. ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന ആദ്യസിനിമയെന്ന പ്രത്യേകതയും കൈതപ്രത്തിന്റെ ഈ ചിത്രത്തിനുണ്ട്. ഈ സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനും ഗായകനുമായ ദീപാങ്കുരനാണ്.

ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ പല അവാര്‍ഡുകളും നേടി. ഭാര്യ ദേവി, രണ്ടു മക്കള്‍ ദീപാങ്കുരനും, ദേവദര്‍ശനും രണ്ടുപേരും ഗായകരാണ്. മേല്‍വിലാസം - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈരളി, തിരുവണ്ണൂര്‍ , കോഴിക്കോട്.ഭാര്യ: ദേവി. മക്കള്‍: ദീപു, ദര്‍ശന്‍.


കല അടൂര്‍


കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ 'തെന്നലാടും പൂമരത്തില്‍ ...' എന്ന ഗാനത്തിലൂടെയാണ് ഗാനരചയിതാക്കളുടെ പട്ടികയിലെത്തിയത്. പിന്നീട് 'എന്ന് നാഥന്റെ നിമ്മി', 'ഗീതം' തുടങ്ങിയ ചിത്രങ്ങള്‍ക്കും ഗാനങ്ങളെഴുതി. കല അടൂര്‍ എന്ന് അറിയപ്പെടുന്ന കലാധരന്‍ , അടൂര്‍ ചൂരക്കോട് തെക്കേ പുത്തന്‍വീട്ടില്‍ രാമകൃഷ്ണക്കുറുപ്പിന്റെയും സരോജിനിയമ്മയുടെയും പുത്രനായി ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ കലാധരന്‍ ബിരുദധാരിയാണ്. പലരുടേയും സംവിധാന സഹായിയായി. ഒടുവില്‍ സംവിധായകനുമായി. ഇപ്പോള്‍ സംവിധാനരംഗത്തുമാത്രമാണ് ശ്രദ്ധ.


കല്ലട ശശി


'ഡ്രൈവര്‍ മദ്യപിച്ചിരുന്നു' എന്ന ചിത്രത്തിനുവേണ്ടി ഗാനരചന നടത്തിയ കല്ലട ശശി ധാരാളം ലഘുകവിതകള്‍ എഴുതിയിട്ടുള്ള ആളാണ്. ഈ ചിത്രത്തിലെ 'ഒന്നുരിയാടാന്‍ ....' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ ആദ്യഗാനം.30 News Items found. Page 1 of 3