സ്മൃതി

കെ.എസ് നമ്പൂതിരി


തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന കെ.എസ് നമ്പൂതിരി (71) 2008 ആഗസ്റ്റ് 27 അന്തരിച്ചു.


കെ.ടി.മുഹമ്മദ്


K T Muhammed

തിരക്കഥാകൃത്തും നാടകാചാര്യനും നടി സീനത്തിന്റെ മുന്‍ഭര്‍ത്താവുമായ കെ.ടി.മുഹമ്മദ് (79) 2008 മാര്‍ച്ച് 25-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.

നാടകകൃത്ത് , സിനിമാസംവിധായകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് കെ.ടി.മുഹമ്മദ്. 1929 നവംബറില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ തൊടിയില്‍ കുഞ്ഞാമയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തപാല്‍വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞു. ജിതിന്‍ ഏകമകനാണ്.

നാല്‍പ്പതിലധികം നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം 20 ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. കണ്ടംബച്ച കോട്ട്, അച്ഛനും ബാപ്പയും, കടല്‍പ്പാലം, രാജഹംസം തുടങ്ങിയവ അദ്ദേഹത്തിന്റെ തിരക്കഥയാണ്.

കേരളസംഗീതനാടക അക്കാദമി പുരസ്കാരം, മദ്രാസ് സംഗീതനാടക അക്കാദമി പുരസ്കാരം, മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ്, പി.ജെ.ആന്റണി ഫൗണ്ടേഷന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.


കെടാമംഗലം സദാനന്ദന്‍


ആദ്യകാല ഹാസ്യനടനും കഥാപ്രസംഗകലാകാരനുമായ കെടാമംഗലം സദാനന്ദന്‍ (84) ഏപ്രില്‍ 13ന് അന്തരിച്ചു.

മരുമകള്‍ ആദ്യചിത്രം. കഥാകൃത്ത്, കാഥികന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ . ഗുരുവായൂരപ്പന്റെ സംഭാഷണ രചയിതാവ്. സ്വദേശം വടക്കന്‍ പറവൂര്‍ .


കൊച്ചിന്‍ ഹനീഫ


പ്രശസ്ത നടന്‍ കൊച്ചിന്‍ ഹനീഫ 2010 ഫെബ്രുവരി 3-ന് അന്തരിച്ചു.

കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951-ല്‍ ജനിച്ചു. സെന്‍റ് ആല്‍ബര്‍ട്ട്സ് സ്കൂളിലും കോളേജിലും വിദ്യാഭ്യാസം. ബോട്ടണിയില്‍ ബിരുദധാരി. സ്കൂളില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സ്കൂള്‍ കോളേജ് നാടകങ്ങളിലും ഹനീഫ സജീവമായിരുന്നു. അതിനുശേഷം സിനിമാമോഹവുമായി മദ്രാസിലേക്ക് പോയി. ഭാര്യ: ഹാജിറ.

1972-ല്‍ വിജയന്‍ സംവിധാനം ചെയ്ത അഴിമുഖം എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫ സിനിമയിലെത്തിയത്. മൂര്‍ഖന്‍ , രക്തം, കടത്തനാടന്‍ അമ്പാടി, കല്യാണപന്തല്‍ , കോളേജ് ഗേള്‍ , യുദ്ധഭൂമി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേഷകമനസ്സില്‍ ഇടംനേടിയ അദ്ദേഹം കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് നിറഞ്ഞുനിന്നത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും അദ്ദേഹത്തിന് മാറ്റം കുറിച്ചത് സിബിമലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രമാണ് . പിന്നീടങ്ങോട്ട് സീരിയസ്സും കോമഡിയുമെല്ലാം ഇടകലര്‍ന്ന് നിരവധി ചിത്രങ്ങളില്‍ തന്റെ സാന്നിദ്ധ്യം തെളിയിച്ചു. മാന്നാര്‍ മത്തായിയിലെ എല്‍ദോയും,
മീശമാധവനിലെ പെടലി വിക്രമനും, പറക്കുംതളികയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീരപ്പന്‍കുറുപ്പും,
പത്രത്തിലെ ഐ.ജി.സഭാവതിയും നര്‍മ്മഭാവത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ നല്‍കി പ്രേക്ഷകമനസ്സില്‍ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ത്തവയാണ്. പഞ്ചാബിഹൗസ്, കുഞ്ഞിക്കൂനന്‍ , പ്രജ, പുലിവാല്‍ കല്യാണം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്.

ഒരു സന്ദേശംകൂടി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. തമിഴിലും മലയാളത്തിലുമായി 14 ചിത്രങ്ങള്‍ സംവിധാനംചെയ്തു. ആരംഭം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുമായി. 2001-ല്‍ ലോഹിതദാസിന്റെ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.4 News Items found. Page 1 of 1