സംവിധായകര്‍

ലാല്‍


മലയാള സിനിമയില്‍ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സമ്മാനിച്ച സംവിധായക ജോഡി സിദ്ധിഖ് ലാലിലെ ലാല്‍ മമ്മൂട്ടിയുടെയും അന്‍സാറിന്റെയും സഹായത്തോടെയാണ് സിനിമയിലെത്തിയത്. മലയാളത്തില്‍ ഹാസ്യതരംഗത്തിന് തുടക്കമിട്ടത് ഈ സംവിധായക ജോഡിയാണ്. പുല്ലേപ്പടിക്കാരന്‍ സിദ്ദിഖുമായുള്ള ചങ്ങാത്തമാണ് കലാജീവിതത്തിലേക്ക് നയിച്ചത്. ലാലും കൂട്ടരും അവതരിപ്പിച്ച രമണന്റെ മരണം എന്ന ഹാസ്യനാടകവുമായി ബന്ധപ്പെട്ടാണ് സിദ്ദുഖുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ലാലിനെ കലാഭവന്‍ ആബേലച്ചന്റെ അരികിലെത്തിച്ചു. അവിടെനിന്ന് പിരിഞ്ഞ് ലാലും സിദ്ദിഖും പുതിയ ട്രൂപ്പ് ഉണ്ടാക്കി. നാടോടിക്കാറ്റിന്റെ കഥയുമായാണ് സിനിമയില്‍ ഇരുവരുടെയും തുടക്കം.

1988ല്‍ നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ഫാസിലിന്റെ സഹസംവിധായകനായി. സിദ്ദിഖും ലാലും ചേര്‍ന്ന് കഥയും സംവിധാനവും ചെയ്ത റാംജി റാവു സ്പീക്കിംഗ് വന്‍ വിജയമായി. അത് ഒരു പുതിയ ഹാസ്യതരംഗത്തിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ തുടര്‍ച്ചയായി അഞ്ച് മെഗാഹിറ്റുകള്‍ സിദ്ദിഖുമായി ചേര്‍ന്നൊരുക്കി. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനുള്ള 1991ലെ സംസ്ഥാന അവാര്‍ഡ് ഗോഡ് ഫാദര്‍ കരസ്ഥമാക്കി.

ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തില്‍ പനിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനായ ലാല്‍ ചന്ദ്രനുദിക്കുന്ന ദിക്ക്, അരയന്നങ്ങളുടെ വീട്, കന്മദം, ദയ, ഓര്‍മ്മച്ചെപ്പ്, പഞ്ചാബി ഹൌസ്, ഈ നാട് ഇന്നലെവരെ, തെങ്കാശിപ്പട്ടണം, മഴ, വണ്‍മാന്‍ഷോ, കല്യാണരാമന്‍, ശിങ്കാരിബോലോന, അന്യര്‍ , തൊമ്മനും മക്കളും, തലപ്പാവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തലപ്പാവിലെ അഭിനയത്തിന് 2008-ലെ മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ തെങ്കാശിപ്പട്ടണത്തിന്റെ നിര്‍മ്മാതാവും വിതരണക്കാരനുംകൂടിയാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഹിറ്റ്ലര്‍ ,സൂപ്പര്‍മാന്‍ , ചതിക്കാത്ത ചന്തു, ഫ്രണ്ട്സ്, ചാന്തുപൊട്ട്, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളുടെയും നിര്‍മ്മാതാവ് ലാല്‍ ആണ്.

2009-ല്‍ ഹരിഹര്‍നഗറിന്റെ രണ്ടാംഭാഗമായ 2 ഹരിഹര്‍നഗര്‍ സംവിധാനംചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് ഹരിഹര്‍നഗറിന്റെ മൂന്നാംഭാഗമായ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

കൊച്ചി ചേരാനല്ലൂരില്‍ സംഗീതാദ്ധ്യാപകനായ എ എം പോളിന്റെയും ഫിലോമിനയുടെയും മകനായി 1958ലാണ് ലാല്‍ ജനിച്ചത്. ഭാര്യ: നാന്‍സി. മക്കള്‍: ജീന്‍, മോനിക്ക.


ലാല്‍ ജോസ്


കമലിനൊപ്പമാണ് ലാല്‍ ജോസ് സിനിമയിലെത്തുന്നത്. ആദ്യമായി കമലുമായി സഹകരിച്ചത് പ്രാദേശിക വാര്‍ത്തകള്‍ എന്ന ചിത്രത്തിലാണ്. തുടര്‍ന്ന് പതിനാറ് ചിത്രങ്ങളില്‍ കമലിന്റെ അസിസ്റ്റന്റായിരുന്നു. മറ്റു പലര്‍ക്കുമൊപ്പം പത്തോളം ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. സ്വതന്ത്രമായി സംവിധാനംചെയ്ത ആദ്യ ചിത്രം 'ഒരു മറവത്തൂര്‍ കനവ്'. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ക്ളാസ് മേറ്റ്സ് മെഗാഹിറ്റായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, മീശമാധവന്‍, പട്ടാളം, മുല്ല എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ഒറ്റപ്പാലത്ത് എം എം ജോസിന്റെയും ഇ സി ലില്ലിയുടെയും മകനായി 1966ല്‍ ജനിച്ചു. ഒറ്റപ്പാലം എന്‍എസ്എസ് കെപിടി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം പള്ളിപ്പുറം എന്‍എസ്എസ് കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്തു. കേരള കൌമുദിയുടെ ഒറ്റപ്പാലം ഏജന്റും സ്ട്രിങ്ങറുമായി പ്രവര്‍ത്തിച്ചു. പിന്നീട് മദ്രാസില്‍ പോയി. അവിടെ ഗാര്‍മെന്റ് എക്സ്പോര്‍ട്ട് കമ്പനിയിലും കളര്‍ ലാബിലും ജോലിചെയ്തു. ഭാര്യ: ലീന. മക്കള്‍: ഐറിന്‍, കാതെറിന്‍ലാല്‍.


ലെനിന്‍ രാജേന്ദ്രന്‍


പി എ ബക്കറുടെ ഉണര്‍ത്തുപാട്ടിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ സിനിമയിലെത്തിയത്. ആദ്യം സംവിധാനംചെയ്ത ചിത്രം 'വേനല്‍'. തുടര്‍ന്ന് ചില്ല് (1982), പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍ (1986), സ്വാതിതിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കലം, മഴ, രാത്രിമഴ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. കെഎസ്എഫ്ഡിസിയില്‍ ജോലിചെയ്യുന്നു. ഉപ്പുകാറ്റ്, നേര്‍വഴി, ഭദ്രത എന്നീ ഡോക്യുമെന്ററികള്‍ സംവിധാനംചെയ്തു. 'സ്വാതിതിരുനാള്‍' ഇന്ത്യന്‍ പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. ദൈവത്തിന്റെ വികൃതികള്‍ 1992ലെ മികച്ച ചിത്രത്തിലുള്ള സംസ്ഥാന അവാര്‍ഡും 'കുലം' 1996ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും നേടി.

തിരുവനന്തപുരം ഊരൂട്ടമ്പലം രാജേന്ദ്രവിലാസത്തില്‍ വേലുക്കുട്ടിയുടെയും ദാസമ്മയുടെയും മകനായി 1952ല്‍ ജനിച്ചു. ആലപ്പുഴ മെഡിക്കല്‍കോളേജിലെ പ്രൊഫസര്‍ രമണി ഭാര്യയും പാര്‍വ്വതി, ഗൌതമന്‍ എന്നിവര്‍ മക്കളുമാണ്. എട്ട് സഹോദരങ്ങള്‍.


ലോഹിതദാസ്


തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നീലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോഹിതദാസ്, സിബി മലയില്‍ സംവിധാനംചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയാണ് സിനിമയില്‍ പ്രവേശിച്ചത്. കിരീടം, ചെങ്കോല്‍, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സല്ലാപം, മൃഗയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

'ഭൂതക്കണ്ണാടി' ആദ്യം സംവിധാനംചെയ്ത ചിത്രം. തുടര്‍ന്ന് അരയന്നങ്ങളുടെ വീട്, കാരുണ്യം, ജോക്കര്‍, കന്മദം, സൂത്രധാരന്‍, ഓര്‍മ്മച്ചെപ്പ്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഭൂതക്കണ്ണാടിയുടെ സംവിധാനത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. 1997ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും 'ഭൂതക്കണ്ണാടി' നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.

കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955ല്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം. വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഉദയനാണ്താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം
അഭിനയിച്ചിട്ടുമുണ്ട്.

2009 ജൂണ്‍ 28-ന് രാവിലെ 10-50-ന് ഹൃദയാഘാതത്തെതുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ
ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ :സിന്ധു. മക്കള്‍ ‍: ഹരികൃഷ്ണന്‍ , വിജയ്ശങ്കര്‍ , മൂന്ന് സഹോദരങ്ങള്‍.4 News Items found. Page 1 of 1