സംഗീത സംവിധാനം

എം.എ. മജീദ്


'ഭൂമിയിലെ മാലാഖ' എന്ന ചിത്രത്തിനു സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതില്‍ ജയവിജയമ്നാരോടൊപ്പം എം.എ. മജീദും പങ്കു വഹിച്ചിരുന്നു.


എം.ബി. ശ്രീനിവാസന്‍


'സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിനാണ് ആദ്യം സംഗീതം നല്‍കിയത് എങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം സ്നേഹദീപം ആയിരുന്നു. 1925 ല്‍ ഇന്നത്തെ ആന്ധ്രപ്രദേശിലെ (അന്നത്തെ മദിരാശി പ്രവിശ്യ) ചിറ്റൂര്‍ താലൂക്കില്‍ ജനിച്ചു. പിതാവ് പ്രൊഫസര്‍ എം.ആര്‍ ബാലകൃഷ്ണന്‍ . മാതാവ് വൈശാലി. തമിഴ് ഭാഷക്കാരായ അവരുടെ സ്വന്തം സ്ഥലം തമിഴ്നാട്ടിലെ മാനാമധുരയാണ്. തൊഴില്‍പരമായിട്ടല്ലെങ്കിലും സംഗീതാഭിജ്ഞരായ രക്ഷകര്‍ത്താക്കളില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 1937-ല്‍ തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മദ്രാസ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ വളര്‍ന്നു വന്നപ്പോള്‍ , പഠിക്കാനെത്തിയ ശ്രീനിവാസന്‍ അതിന്റെ പ്രവര്‍ത്തകനായി. തുടര്‍ന്ന് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും പാര്‍ട്ടിയുമായി ബന്ധപ്പെടുകയും അതിന്റെ ഫലമായി ഡെല്‍ഹിയിലെത്തി പാര്‍ട്ടി ഓഫീസില്‍ പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതലയുള്ള ഒരു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അവിടെവച്ച് സമാധാന പ്രസ്ഥാനത്തിന്റെ നേതാവായ സൈഫുദ്ദീന്‍ കിച്ച്ലുവിന്റെ മൂത്തമകള്‍ സഹദയെ പരിചയപ്പെട്ട് വിവാഹം കഴിച്ചു.

1952-ലെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെത്തുടര്‍ന്ന് തിരിച്ച് മദിരാശിയിലെത്തി പാര്‍ട്ടിപ്രവര്‍ത്തനവും സംഗീതവുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1959-ല്‍ തമിഴ് ചലച്ചിത്രമായ 'പാതൈ തെരിയുത് പാര്‍ 'നു വേണ്ടി സംഗീത സംവിധായകന്റെ മേലങ്കിയണിഞ്ഞു മലയാളത്തില്‍ ആദ്യം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് പി.ബി. ഉണ്ണി സംവിധാനം ചെയ്ത 'സ്വര്‍ഗ്ഗരാജ്യം' ആയിരുന്നു. പക്ഷേ രണ്ടാമതു സംഗീതം നല്‍കിയ കെ.എസ്. സേതുമാധവന്‍ സംവിധാനം നിര്‍വ്വഹിച്ച 'കണ്ണും കരളും' എന്ന ചിത്രം പുറത്തുവരുന്നതിനുമുന്പ് മൂന്നാമത്തെ ചിത്രമായ 'സ്നേഹദീപം' ആദ്യം പുറത്തിറങ്ങി. അമ്പത്തിയേഴു മലയാള ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ച ശ്രീനിവാസന്‍ , നാലുതവണ കേരള ഗവണ്മെന്റിന്റെ പുരസ്ക്കാരത്തിന് അര്‍ഹനാവുകയുണ്ടായി. പ്രശസ്ത ഗായകനായ കെ.ജെ. യേശുദാസിനെ ചലച്ചിത്രരംഗത്തേക്ക് പരിചയപ്പെടുത്തിയത് ശ്രീനിവാസനാണ്.

ചലച്ചിത്ര ലോകത്തിന് മറക്കാനാവാത്ത പല സംഭാവനകളും ശ്രീനിവാസന്‍ നല്‍കിയിട്ടുണ്ട്. 1970-ല്‍ സ്വന്തം മേല്‍ നോട്ടത്തില്‍ മദ്രാസ് യൂത്ത് കൊയര്‍ ആരംഭിച്ചു. പലര്‍ക്കും പല തരത്തില്‍ പ്രചോദനമായ ഒരു വലിയ പ്രസ്ഥാനമായി അത് വളര്‍ന്ന് പന്തലിച്ചു. അതിന്റെ പ്രോത്സാഹനാര്‍ത്ഥം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരവും ശ്രീനിവാസന് ലഭിച്ചിട്ടുണ്ട്. മദ്രാസില്‍ വളരെക്കാലമായി കുത്തഴിഞ്ഞ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന 'സിനി മ്യൂസിഷ്യന്‍സ് യൂണി'യനെ പുനരുജ്ജീവിപ്പിക്കുകയും സുശക്തമാക്കുകയും അതിലെ അംഗങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സംഘടനയാക്കി മാറ്റിയെടുക്കുകയും ചെയ്തത് ശ്രീനിവാസന്റെ കര്‍മ്മശേഷിക്ക് മകുടോദാഹരണമാണ്. അതുപോലെതന്നെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും പ്രയോജനകരമായ രീതിയില്‍ ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ് സൊസൈറ്റിയില്‍ പ്രവേശിച്ച് ആ സംഘടനയെ കലാകാരന്മാരുടേതാക്കി മാറ്റിയെടുത്തതും ശ്രീനിവാസനായിരുന്നു.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും അംഗമായിരുന്നു. അദ്ദേഹം 1988 മാര്‍ച്ച് 9-ന് സംഘഗാനം അഭ്യസിപ്പിക്കാനെത്തിയ സന്ദര്‍ഭത്തില്‍ ലക്ഷദീപില്‍ വെച്ച് അന്തരിച്ചു.


എം.ജി. രാധാകൃഷ്ണന്‍


സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യചിത്രം -തമ്പ് . 1940-ല്‍ ജനിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല്‍ ഭാഗങ്ങളിലെ നാടകമേളകളില്‍ പ്രഗത്ഭനായ ഹാര്‍മ്മോണിസ്റ്റായും സംഗീത സദസ്സുകളില്‍ ഭാഗവതരായും ജനപ്രീതി നേടിയ മലബാര്‍ ഗോപാലന്‍ നായരുടെയും ഹരികഥാ പ്രവീണയായിരുന്ന കമലാക്ഷിയമ്മയുടെയും മകനായി 1940-ല്‍ ജനിച്ചു.

സംഗീതപരമായി അനുഗ്രഹീതരായ ആ ദമ്പതികള്‍ക്കു ജനിച്ച മൂന്നു മക്കളില്‍ മൂത്തയാളാണ് രാധാകൃഷ്ണന്‍ . ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ നിന്നു ഗാനഭൂഷണം ബിരുദം നേടി. സംഗീതകച്ചേരിയരങ്ങുകളില്‍ കേള്‍വിക്കാരെ അതിശയിപ്പിയ്ക്കുംവിധം പാടിയിരുന്ന രാധാകൃഷ്ണന് ആകാശവാണിയില്‍ സംഗീത സംവിധായകനായി ജോലി കിട്ടി. ഒരു സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ചട്ടക്കൂട് ഒരു കലാകാരന്റെ സ്വതന്ത്രമായ വളര്‍ച്ചയ്ക്കു ' ചൗക്കം' സൃഷ്ടിക്കും. ആ ' ചൗക്ക'ത്തിലും രാധാകൃഷ്ണന്‍ ഉന്നമനത്തിനുള്ള തിരക്കു കൂട്ടി. അതിന്റെ ഫലമായി 'തമ്പ് ' എന്ന ചിത്രത്തില്‍ തുടങ്ങി 35 ചിത്രങ്ങള്‍ക്ക് ഗാനസംവിധാനം നിര്‍വ്വഹിച്ചു. തകരയിലെ ' മൗനമേ നിറയും മൗനമേ ' എന്ന ഗാനാലാപനത്തിന് എസ്. ജാനകിയ്ക്ക് സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുക്കുന്ന വിധത്തില്‍ സംഗീതം നല്‍കാന്‍ കഴിഞ്ഞു. ദേശീയ പുരസ്കാരം നേടിയ ചിത്ര, അരുന്ധതി, ബീന വേണുഗോപാല്‍ തുടങ്ങി അനേകം പേര്‍ക്ക് ചലച്ചിത്രത്തില്‍ പ്രവേശിക്കാനുള്ള സന്ദര്‍ഭം നല്‍കിയതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. 2010 ജൂലൈ 2-ന് അന്തരിച്ചു. സംഗീത വിദുഷി ഡോ. ഓമനക്കുട്ടി, ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഇവര്‍ സഹോദരങ്ങള്‍ . ഭാര്യ പത്മജ, രണ്ടു മക്കള്‍ .


എം.കെ. അര്‍ജ്ജുനന്‍


'കറുത്ത പൗര്‍ണ്ണമി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടാണ് എം.കെ.അര്‍ജ്ജുനന്‍ സിനിമാസംഗീതലോകത്ത് എത്തിയത്.
മലയാള ഗാനങ്ങളുടെ മലര്‍വല്ലിത്തോപ്പിലെ മനോഹര പുഷ്പങ്ങളായ അനേകം ഗാനങ്ങളെ സമ്പുഷ്ടവും സ്മരണീയങ്ങളുമാക്കിയ സംഗീത സംവിധായകനാണ് എം.കെ. അര്‍ജ്ജുനന്‍ . ദുഃഖങ്ങളുടെ നടുവില്‍ പിറന്ന അര്‍ജ്ജുനന്‍ ഏതോ അനാഥമന്ദിരത്തിലാണ് വളര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. കിട്ടിയ സാമാന്യ വിദ്യാഭ്യാസം കൊണ്ട് തന്നിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാനായി പളനിയില്‍ ചെന്നുപെട്ടു. പാടാനും ഹാര്‍മോണിയം വായിക്കാനും അഭ്യസിച്ച അദ്ദേഹം നാട്ടില്‍ വന്ന് ചില നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ സ്വന്തമായി സംഘടിപ്പിച്ചെടുത്ത കാളിദാസ കലാകേന്ദ്രത്തിലെ ഹാര്‍മോണിസ്റ്റായി അര്‍ജ്ജുനന്‍ ക്ഷണിക്കപ്പെട്ടു. തന്റെ ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ തുടങ്ങിയെന്ന് അര്‍ജ്ജുനന്‍ പറയുന്നു.
ജി. ദേവരാജന്റെ സംഗീത ശൈലിയില്‍ പ്രവര്‍ത്തിച്ചു പരിചയം നേടിയ അര്‍ജ്ജുനന് ചില നാടകങ്ങളില്‍ സംഗീതം ചെയ്യാനുള്ള അവസരം കിട്ടി അങ്ങനെയാണ് 'കറുത്ത പൗര്‍ണ്ണമി' എന്ന ചിത്രത്തിന്റെ സംഘാടകര്‍ അദ്ദേഹത്തെ അതിന്റെ സംഗീതസംവിധാന ചുമതല ഏല്‍പ്പിക്കുന്നത്. സംഗീത സംവിധാനത്തില്‍ അര്‍ജ്ജുനന്റെ ഗുരുവായ ജി. ദേവരാജന്‍ തന്നെ 'കറുത്ത പക്ഷി'യിലെ ഗാനങ്ങള്‍ ആലേഖനം ചെയ്യാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ സഹായിയായ ആര്‍ കെ. ശേഖറിനേയും പരിചയപ്പെടുത്തിക്കൊടുത്തു. അതിലെ 'മാനത്തില്‍ മുറ്റത്ത്...', 'ഹൃദയമുരുകി നീ..' എന്നീ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളായി.

അല്‍പം ഇടവേളയ്ക്കുശേഷം ധാരാളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാനുള്ള അവസരം അദ്ദേഹത്തിന് കിട്ടി. അന്നുണ്ടായിരുന്ന എല്ലാ ഗാനരചയിതാക്കളുടേയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയെങ്കിലും ശ്രീകുമാരന്‍തമ്പി അര്‍ജ്ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. 'യമുനേ പ്രേമയമുനേ', 'പാടാത്ത വീണയും പാടും', 'കസ്തൂരി മണക്കുന്നല്ലോ..' തുടങ്ങിയ ഗാനങ്ങള്‍ അവയില്‍ ചിലതാണ്. നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അഞ്ച് സംവിധായകരുടെ പട്ടികയില്‍ 132 ചിത്രങ്ങളുമായി അര്‍ജ്ജുനന്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നു. ഭാര്യ, നാലു മക്കള്‍ . എല്ലാവരും വിവാഹിതര്‍ മേല്‍വിലാസം : എം.കെ. അര്‍ജ്ജുനന്‍ , മ്യൂസിക് ഡയറക്ടര്‍ , പാര്‍വതി മന്ദിരം, പള്ളുരുത്തി, കൊച്ചി.


എം.എല്‍ . ശ്രീകാന്ത്


1976 ല്‍ പുറത്തിറങ്ങിയ 'മാനസവീണ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് എം.എല്‍ ശ്രീകാന്ത്.


എം.എസ്.ബാബുരാജ്


M. S. Baburaj

മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായാണ് എം.എസ് ബാബുരാജ് സിനിമയിലേക്ക് പ്രവേശിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ലളിതവിഭാഗമായ 'ഗസല്‍ ', 'ഖവാലി'കളിലെ മനോഹരമായ അംശങ്ങള്‍ തന്റെ സംഗീതസൃഷ്ടികളില്‍ സന്നിവേശിപ്പിച്ച്, മലയാള ചലച്ചിത്രഗാനങ്ങളെ ഹൃദ്യമധുരമാക്കി. പുതിയൊരു ഭാവം പകര്‍ന്നു. പ്രത്യേക ശുഭ്രശിലാതലങ്ങളില്‍ പ്രതിഷ്ഠിച്ചയാളാണ്. എം.എസ്. ബാബുരാജ് എന്ന സംഗീതസംവിധായകന്‍ . 'താമസമെന്തേ വരുവാന്‍ ...', 'തളിരിട്ട കിനാക്കള്‍ ..', 'സൂര്യകാന്തി...', 'നദികളില്‍ സുന്ദരി...' ഇവയൊക്കെ ഉദാഹരണങ്ങളാണ്. കൂടാതെ 'അഞ്ജനക്കണ്ണെഴുതി...', 'കൊട്ടും ഞാന്‍ കേട്ടില്ല...' തുടങ്ങിയ കേരളത്തനിമയുള്ള ഗാനങ്ങളും മാപ്പിളപ്പാട്ടിന്റെ ഹരം പകരുന്ന 'ഒരു കൊട്ടാപ്പൊന്നുണ്ടല്ലോ...' മാതിരിയുള്ള ഗാനങ്ങളും അദ്ദേഹത്തിന് വശമായ മറ്റു ശൈലികളിലുള്ളതാണ്. ഇവയിലെ സംഗീതത്തിന്റെ പ്രത്യേകതയെയാണ് ബാബുരാജിന്റെ സംഭാവന എന്നു പറയുന്നത്. അടുത്ത തലമുറയ്ക്ക പഠിക്കാനുതകുന്ന ആ പ്രത്യേകത, അദ്ദേഹത്തിനെ മലയാള ചലച്ചിത്ര സംഗീതത്തിലെ ചതുര്‍മൂര്‍ത്തികളില്‍ നാലാമത്തെ ആളാക്കി.

എം.എസ്. ബാബുരാജിന്റെ യഥാര്‍ത്ഥനാമം മുഹമ്മദ് സബീര്‍ എന്നാണ്. 1921 മാര്‍ച്ച് 29 ന് ബാബുരാജ് കോഴിക്കോട്ട് ജനിച്ചു. അച്ഛനില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് സംഗീതവാസന. ബംഗാളി മുസ്ലീമായിരുന്ന അദ്ദേഹത്തില്‍ നിന്നു തന്നെ കുറെ ഗാനങ്ങള്‍ പഠിച്ചെടുക്കാന്‍ അദ്ദേഹം മറന്നില്ല. ജീവിതത്തില്‍ കയ്പേറിയ അനുഭവങ്ങള്‍ ധാരാളമുണ്ടായിരുന്ന അദ്ദേഹം പുരോഗമനപ്രസ്ഥാനങ്ങളുമായി അടുത്തിടപഴകിയതില്‍ അതിശയിക്കാനില്ല. 'നമ്മളൊന്ന്' തുടങ്ങിയ നാടകങ്ങളുമായി ബന്ധപ്പെട്ടു. 1957-ല്‍ പുറത്തിറങ്ങിയ 'മിന്നാമിനുങ്ങില്‍ ' തുടങ്ങിയ സംഗീത സംവിധാന പ്രക്രിയ ഏകദേശം നൂറോളം ചിത്രങ്ങളുടെ സംഗീതം ചിട്ടപ്പെടുത്തിയപ്പോള്‍ , സ്വന്തം ജീവിതവും കുടുംബജീവിതവും ചിട്ടപ്പെടുത്താന്‍ കഴിയാതെ നേരത്തേതന്നെ 'അകലെ, അകലെ, നീലാകാശ' ത്തില്‍ വിലയം പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബിച്ചു, കുട്ടികള്‍ വിവാഹിതര്‍


എം.എസ്. വിശ്വനാഥന്‍


തമിഴകത്ത് മുഖ്യമന്ത്രിയായി തീര്‍ന്ന തമിഴ് ചലച്ചിത്രാസ്വാദകരുടെ ദൈവമായി തീര്‍ന്ന, തമിഴ് ജനതയുടെ രക്തത്തിന്‍ രക്തമായ എം.ജി. രാമചന്ദ്രന്‍ അഭിനയിച്ച ഏക മലയാള ചിത്രമായ (തമിഴിലും ഒരേസമയം എടുത്ത ചിത്രം) ' ജനോവ'യില്‍ റ്റി.എ. കല്യാണം ജ്ഞാനാമണി എന്നിവരോടൊപ്പം വിശ്വനാഥന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ഒരു ഇടവേളയ്ക്കുശേഷം തമിഴില്‍ തിരക്കിനിടയില്‍ 'ലില്ലി' എന്ന ചിത്രത്തിനു സംഗീതം നല്‍കി. വീണ്ടും ഒരു നീണ്ട ഇടവേളയ്ക്കുശേഷം ' ലങ്കാദഹനം' എന്ന ചിത്രത്തിനുവേണ്ടി സംഗീതം പകര്‍ന്നു.

തമിഴ് ചലച്ചിത്രസംഗീതലോകത്ത് അതിപ്രശസ്തനായിതീര്‍ന്ന പ്രഗത്ഭമതിയാണ് കേരളീയനായ വിശ്വനാഥന്‍ . വളരെ ചെറുപ്പത്തില്‍ നേടിയെടുത്ത സംഗീതത്തിലുള്ള അറിവുംകൊണ്ട് നാടുവിട്ടു അനുഭവിയ്ക്കേണ്ടിവന്ന ക്ലേശങ്ങളുടെ ഒരു നീണ്ട പട്ടികയാണ് അദ്ദേഹത്തിനുപറയുവാനുള്ളത്. തമിഴ് സംഗീതസംവിധായകന്‍ എസ്.എം. സുബ്ബയ്യാനായിഡുവിന്റെ കൂടെയും തമിഴ്, തെലുങ്ക് ചലച്ചിത്രസംഗീതസംവിധായകരില്‍ വളരെ പ്രമുഖനായിരുന്ന റ്റി.ആര്‍ സുബ്ബരാമന്റെ കൂടെയും സഹായിയായി കഴിഞ്ഞു. ആലോചനാമൃതങ്ങളായ ഹാസ്യദൃശ്യങ്ങള്‍ തമിഴ് ചലച്ചിത്രാസ്വാദകര്‍ക്ക് ഒരു കാലഘട്ടത്തില്‍ പകര്‍ന്നുകൊടുത്ത പുരോഗമനവാദിയും ദയാലുവുമായിരുന്ന എന്‍ .എസ്. കൃഷ്ണനോടൊപ്പവും അദ്ദേഹം കുറച്ചുനാള്‍ ചിലവഴിച്ചു.

ഏകദേശം മുപ്പത്തഞ്ചോളം മലയാള ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി അറുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഈശ്വരനൊരിക്കല്‍ ...., സുപ്രഭാതം..., നാടന്‍ പാട്ടിന്റെ മടിശ്ശീല ...., സ്വര്‍ഗ്ഗ നന്ദിനി....., വീണപൂവേ....., കണ്ണുനീര്‍ത്തുള്ളിയെ.... തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ നല്ല ഗാനങ്ങളില്‍ ചിലവയാണ്. വിലാസം : എം.എസ്. വിശ്വനാഥന്‍ , 46; സാന്തോം ഹൈറോഡ്, മദ്രാസ് 600028


മഹാരാജ


തിരുവനന്തപുരം സ്വദേശിയായ മഹാരാജ 'അഹങ്കാരം' എന്ന ചിത്രത്തിനു സംഗീതം നല്‍കിക്കൊണ്ട് രംഗത്തുവന്നു. 'സമ്മേളനം' എന്ന ചിത്രത്തിനും സംഗീതം നല്‍കിയത് മഹാരാജ ആണ്.


മോഹന്‍സിതാര


ആദ്യ ചിത്രം -ഒന്നു മുതല്‍ പൂജ്യം വരെ. തൃശൂര്‍ പെരുവല്ലൂര്‍ കല്ലത്തോടത്തില്‍ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ചു. തബല, ഹാര്‍മ്മോണിയം എന്നിവ കൈകാര്യം ചെയ്യാന്‍ പഠിച്ചതിനു ശേഷം 1978 ല്‍ തിരുവനന്തപുരത്ത് നിസരി സംഗീത വിദ്യാലയത്തില്‍ നിന്നു പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥില്‍ നിന്ന് കര്‍ണ്ണാടകസംഗീതം പഠിച്ചു. 1981 തരംഗിണി ആരംഭിച്ചപ്പോള്‍ വാദ്യവൃന്ദത്തില്‍ വായിക്കാന്‍ തുടങ്ങി. പിന്നീട് കണ്ണൂര്‍ രാജന്‍ , ആലപ്പി രംഗനാഥ്, എം.ജി. രാധാകൃഷ്ണന്‍ എന്നിവരുടെ സഹായിയായി ജോലി ചെയ്തു. 1986-ല്‍ 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിനു സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചു. ഇതുവരെ 8 ചിത്രങ്ങള്‍ക്ക് സംഗീതവും വേറെ കുറച്ചു ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും നല്‍കി. ഭാര്യ, ഒരു കുഞ്ഞ്. വിലാസം : മോഹന്‍ സിതാര, റ്റി. സി. 15/100, ജി.എം. റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 10


മുരളി സിതാര


കൊല്ലം വിദ്യാധരന്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് 'തീക്കാറ്റ്' എന്ന ചിത്രത്തിലൂടെ മുരളി സിതാര ഗാന സംവിധാന രംഗത്തേയ്ക്ക് പ്രവേശിച്ചു. 'മാന്‍ മിഴിയാള്‍ ' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ മാധവന്‍കുട്ടി രചിച്ച ഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. വിലാസം മുരളി സിതാര, റ്റി.സി. 10/2054, മുരളീ ഭവന്‍ , കാഞ്ഞിരംപാറ, തിരുവനന്തപുരം 3010 News Items found. Page 1 of 1