ഗായകന്‍

എം.ജി. രാധാകൃഷ്ണന്‍


സംഗീതസംവിധായകനെന്ന നിലയില്‍ പ്രശസ്തനായിരുന്ന എം.ജി. രാധാകൃഷ്ണന്‍ 1969-ല്‍ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തില്‍ 'കാലമെന്ന കാരണവര്‍ക്ക്....' എന്ന ഗാനം പാടിക്കൊണ്ട് പിന്നണിഗായകരുടെ നിരയില്‍ എത്തി. മാധുരിയുമൊത്ത് പാടിയ 'ഉത്തിഷ്ടതാ ജാഗ്രത...' എന്ന ഗാനം പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു.

1940-ല്‍ ജനിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല്‍ ഭാഗങ്ങളിലെ നാടകമേളകളില്‍ പ്രഗത്ഭനായ ഹാര്‍മ്മോണിസ്റ്റായും സംഗീത സദസ്സുകളില്‍ ഭാഗവതരായും ജനപ്രീതി നേടിയ മലബാര്‍ ഗോപാലന്‍ നായരുടെയും ഹരികഥാ പ്രവീണയായിരുന്ന കമലാക്ഷിയമ്മയുടെയും മകനായി 1940-ല്‍ ജനിച്ചു. സംഗീതപരമായി അനുഗ്രഹീതരായ ആ ദമ്പതികള്‍ക്കു ജനിച്ച മൂന്നു മക്കളില്‍ മൂത്തയാളാണ് രാധാകൃഷ്ണന്‍ . ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ നിന്നു ഗാനഭൂഷണം ബിരുദം നേടി. സംഗീതകച്ചേരിയരങ്ങുകളില്‍ കേള്‍വിക്കാരെ അതിശയിപ്പിയ്ക്കുംവിധം പാടിയിരുന്ന രാധാകൃഷ്ണന് ആകാശവാണിയില്‍ സംഗീത സംവിധായകനായി ജോലി കിട്ടി. ഒരു സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ചട്ടക്കൂട് ഒരു കലാകാരന്റെ സ്വതന്ത്രമായ വളര്‍ച്ചയ്ക്കു ' ചൗക്കം' സൃഷ്ടിക്കും. ആ ' ചൗക്ക'ത്തിലും രാധാകൃഷ്ണന്‍ ഉന്നമനത്തിനുള്ള തിരക്കു കൂട്ടി. അതിന്റെ ഫലമായി 'തമ്പ് ' എന്ന ചിത്രത്തില്‍ തുടങ്ങി 35 ചിത്രങ്ങള്‍ക്ക് ഗാനസംവിധാനം നിര്‍വ്വഹിച്ചു. തകരയിലെ ' മൗനമേ നിറയും മൗനമേ ' എന്ന ഗാനാലാപനത്തിന് എസ്. ജാനകിയ്ക്ക് സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുക്കുന്ന വിധത്തില്‍ സംഗീതം നല്‍കാന്‍ കഴിഞ്ഞു. ദേശീയ പുരസ്കാരം നേടിയ ചിത്ര, അരുന്ധതി, ബീന വേണുഗോപാല്‍ തുടങ്ങി അനേകം പേര്‍ക്ക് ചലച്ചിത്രത്തില്‍ പ്രവേശിക്കാനുള്ള സന്ദര്‍ഭം നല്‍കിയതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. 2010 ജൂലൈ 2-ന് അന്തരിച്ചു. സംഗീത വിദുഷി ഡോ. ഓമനക്കുട്ടി, ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഇവര്‍ സഹോദരങ്ങള്‍ ഭാര്യ പത്മജ, രണ്ടു മക്കള്‍


എം.ജി. ശ്രീകുമാര്‍


ആദ്യമായി കൂലി എന്ന ചിത്രത്തിനുവേണ്ടി പരേതനായ യുവകവി ജി.ഇന്ദ്രന്‍ എഴുതിയ 'വെള്ളിക്കൊലുസ്സോടെ....' എന്ന ഗാനം രവീന്ദ്രന്റെ സംഗീതത്തില്‍ പാടി ഗായകനിരയില്‍ പ്രവേശിച്ചു. ഹരിപ്പാട് മലബാര്‍ ഗോപാലന്‍ നായരുടേയും കമലാക്ഷിയമ്മയുടേയും മക്കളില്‍ ഏറ്റവും ഇളയവനായി 1957 മേയ് മാസം 25 നു ശ്രീകുമാര്‍ ജനിച്ചു. പ്രസിദ്ധ സംഗീത സംവിധായകനായ എം.ജി. രാധാകൃഷ്ണനും സംഗീതവിശാരദയായ ഡോക്ടര്‍ ഓമനക്കുട്ടിയുമാണ് മൂത്ത രണ്ടു പേര്‍ . ജ്യേഷ്ഠനായ എം.ജി. രാധാകൃഷ്ണന്റെ സംഗീത കച്ചേരികളില്‍ കൂടെ പാടാന്‍ സന്ദര്‍ഭങ്ങള്‍ കിട്ടിയതോടുകൂടി സംഗീതം കൈകാര്യം ചെയ്യാനുള്ള ശബ്ദസ്വാതന്ത്ര്യം കിട്ടി. സന്ദര്‍ഭങ്ങള്‍ കിട്ടാന്‍ പറ്റിയ ഒരു ചുറ്റുപാടില്‍ ശ്രീകുമാര്‍ തനിക്കു കിട്ടിയ അവസരങ്ങള്‍ പാഴാക്കിയില്ല. 1989-ല്‍ സംസ്ഥാന പുരസ്കാരവും 1990-ല്‍ ദേശീയ പുരസ്കാരവും നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിയുണ്ട്. വിവാഹിതന്‍ . വിലാസം എം.ജി. ശ്രീകുമാര്‍ , മേടയില്‍ , തൈക്കാട്, തിരുവനന്തപുരം 14


എം.എല്‍ . ശ്രീകാന്ത്


'മാനസവീണ' എന്ന ചിത്രത്തില്‍ അതിന്റെ സംഗീത സംവിധായകനായ എം.എല്‍ ശ്രീകാന്ത്, ശ്രീകുമാരന്‍തമ്പി എഴുതിയ 'ഉറക്കം മിഴികളില്‍ ....' എന്ന ഗാനം പി. സുശീലയുമായി ചേര്‍ന്ന് ആലപിച്ചു. ഈ ചിത്രം 1976-ല്‍ പുറത്തിറങ്ങി.


എം.എസ്. ബാബുരാജ്


മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന എംഎസ്. ബാബുരാജ് സ്വന്തം സംവിധാനത്തില്‍ 'മൈലാഞ്ചിത്തോപ്പില്‍ .....' എന്ന ഗാനം ആലപിച്ചുകൊണ്ട് 'മൂടുപടം' എന്ന ചിത്രത്തിലൂടെ ഗായകനുമായി. തുടര്‍ന്ന് സ്വന്തം സംഗീതത്തില്‍ പല ചിത്രങ്ങളിലും പാടിയിട്ടുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ സംഗീത സംവിധായകരുടെ വിഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്)


എം.എസ്. വിശ്വനാഥന്‍


'പണിതീരാത്ത വീടിനു'വേണ്ടി അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ, 'കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ....' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് എം.എസ്. വിശ്വനാഥന്‍ മലയാളി പിന്നണിഗായകരുടെ ശൃംഖലയില്‍ കണ്ണിയാകുന്നത്. ഒരു പ്രശസ്ത സംഗീത സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, എം.എസ്. വിശ്വനാഥന്റെ വ്യാപ്തി. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായകന്‍ കൂടിയാണ് അദ്ദേഹം.


എം.ടി. വാസുദേവന്‍ നായര്‍


പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമൊക്കെയായ എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം കഥയായ 'വളര്‍ത്തുമൃഗങ്ങള്‍ ' ചലച്ചിത്രമാക്കിയപ്പോള്‍ യാദൃശ്ചികമായി പാട്ടെഴുതേണ്ടി വന്നു. ആദ്യഗാനം 'ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി...'. പിന്നീട് എന്തു കൊണ്ടോ അദ്ദേഹം ഗാനരചനാ രംഗത്ത് തുടര്‍ന്നില്ല. കഴിഞ്ഞ മുപ്പതുവര്‍ഷത്തോളമായി 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ്. മേല്‍വിലാസം: എം.ടി. വാസുദേവന്‍ നായര്‍ എഡിറ്റര്‍ , മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്.


മധു


1977-ല്‍ റിലീസായ 'ചൂണ്ടക്കാരി' എന്ന ചിത്രത്തിനുവേണ്ടി മോനു എഴുതിയ 'ഓടിവള്ളം തുഴഞ്ഞു....' എന്നഗാനം കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ ചന്ദ്രനോടൊപ്പം മധുവും ചേര്‍ന്നു പാടി.


മധുഭാസ്ക്കര്‍


പന്തളം സുധാകരന്‍ എഴുതിയ 'രക്തം ചിന്തി...' എന്ന ഗാനം 'സഖാവ്' എന്ന ചിത്രത്തിനു വേണ്ടി വി.ഡി.രാജപ്പന്റെ സംഗീതത്തില്‍ മധു ഭാസ്ക്കര്‍ ആലപിച്ചു. കൂടാതെ റെയില്‍വേക്രോസ് എന്ന ചിത്രത്തിലും പാടി. മേല്‍വിലാസം മധു ഭാസ്കര്‍ , ഭാസ്ക്കരവിലാസം, കുന്നുംപുറം, വഞ്ചിയൂര്‍ , തിരുവനന്തപുരം.


മെഹ്ബൂബ്


'ജീവിത നൗക' യില്‍ കൂടി 'വരൂ നായികേ....' എന്ന ഗാനം പി.ലീലയോടൊപ്പം പാടിക്കൊണ്ടാണ് മെഹബൂബ് ചലച്ചിത്രരംഗത്തെത്തിയത് . പിന്നീട് വന്ന ' നീലക്കുയില്‍ ' മെഹബൂബിനെ ഒരു നല്ല ചലച്ചിത്രഗായകനും പ്രശസ്തനുമാക്കി. ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാടി. ഗാനാലാപനരീതിയില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നയാളാണ് മെഹ്ബൂബ്. ഫോര്‍ട്ടുകൊച്ചിയില്‍ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ച മെഹ്ബൂബ് മുറപ്രകാരം സംഗീതം പഠിച്ചയാളല്ല. വീട്ടില്‍ ഒരല്പം ഹിന്ദി (ഉറുദു) കൈകാര്യം ചെയ്തിരുന്നതുകൊണ്ട് ഹിന്ദിഗാനങ്ങള്‍ കേട്ട് എളുപ്പം ഹൃദ്യസ്ഥമാക്കി. അങ്ങനെ ഒരു ഗായകനായി. സിനിമയിലല്ലാതെ തന്നെ പ്രശസ്തി നേടിത്തുടങ്ങി. പ്രസിദ്ധ ഹിന്ദി, ബംഗാളി ഗായകനും സംഗീത സംവിധായകനുമായ പങ്കജ് മല്ലിക്കാണ് മെഹ്ബൂബിന്റെ കഴിവുകള്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.


മഹേന്ദ്ര കപൂര്‍


പ്രശസ്ത ഹിന്ദി ചലച്ചിത്രഗായകനായ മഹേന്ദ്രകപൂര്‍ മലയാളത്തില്‍ 'പ്രിയ' എന്ന ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ പാടി. 'സാഗരകന്യക മൂടിയില്‍ ....', 'മൂകമാം....' എന്നിവയാണ് ആ ഗാനങ്ങള്‍ . രചന, യൂസഫലി, സംഗീതം ബാബുരാജ്.21 News Items found. Page 1 of 3