ഗായിക

എം.കെ. കമലം


' ബാലന്‍ 'എന്ന ചിത്രത്തില്‍ 'ജഗദീശ്വര ജയജയ...'എന്ന ഗാനം പാടുകയും നായികയായി അഭിനയിക്കുകയും ചെയ്ത എം.കെ.കമലം കോട്ടയം കുമരകത്ത്, മങ്ങാട്ടുവീട്ടില്‍ എം.സി.കൊച്ചുപിള്ള പണിക്കരുടേയും കാര്‍ത്ത്യാനിയുടെയും മൂന്നാമത്തെ മകളായി മലയാളവര്‍ഷം 1099-ല്‍ ജനിച്ചു. സംഗീതത്തിന്റെയും നാടകത്തിന്റെയും ആദ്യപാഠങ്ങള്‍ സംഗീതാദ്ധ്യാപകനും നാടകാദ്ധ്യാപകനുമായ അച്ഛന്‍ തന്നെ ശീലിപ്പിച്ചു. തുടര്‍ന്നു തോമസ് പുന്നന്‍ , നാരായണന്‍ഭാഗവതര്‍ , ഓച്ചിറ രാമന്‍ ഭാഗവതര്‍ , കൊട്ടാരം ശങ്കുണ്ണിനായര്‍ എന്നിവരില്‍ നിന്നു മുതിര്‍ന്ന പാഠങ്ങള്‍ പഠിച്ചു. ഏഴാം വയസ്സു മുതല്‍ നാടരരംഗത്ത് പ്രവേശിച്ചു. കോട്ടയം ആര്യഗാനനടനസഭയുടെ 'വിചിത്രവിജയം' നാടകത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് 'ബാലനി'ല്‍ പാടാനും അഭിനയിക്കാനും ക്ഷണം കിട്ടിയത്. നാടകരംഗത്തു തിരക്കുണ്ടായിരുന്നതുകൊണ്ട്, സിനിമാ രംഗത്ത് കൂടുതല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.1124-ല്‍ ദാമോദരന്‍ വൈദ്യരെ വിവാഹം ചെയ്തു. മൂന്നു പെണ്‍കുട്ടികള്‍ . രാധ, മീര, ഇന്ദുലേഖ, മീര ഗായികയാണ്.


എം.എല്‍ .വസന്തകുമാരി


ആദ്യമായി മലയാളത്തില്‍ പാടുന്നത് പ്രസന്ന എന്ന ചിത്രത്തിനുവേണ്ടി 1950 ലാണ്. 'കലാനികേതേ കേരളമാതേ...' എന്ന ഗാനം. ശാസ്ത്രീയസംഗീതലോകത്ത് ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും, പത്മഭൂഷണ്‍ ബഹുമതി ലഭിക്കുകയും ചെയ്ത ഒരു പ്രതിഭയായിരുന്നു എം.എല്‍ . വസന്തകുമാരി. ജി.എന്‍ .ബാലസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ അവര്‍ ധാരാളം തമിഴ് ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ആശാദീപത്തിലെ 'ജനനീ ജയിക്കനീണാള്‍ മലയാളമേ....', ചതുരംഗത്തിലെ 'കാറ്റേ വാ കടലേ വാ' എന്നീ ഗാനങ്ങളില്‍ കൂടി ചലച്ചത്രഗാനപ്രേമികള്‍ക്ക് അവരെ ഓര്‍ക്കാന്‍ കഴിയുന്നു. പ്രസിദ്ധ ചലച്ചിത്രനടി ശ്രീവിദ്യ, വസന്തകുമാരിയുടെ മകളാണ്.


എം.എസ്. പത്മ


'കണ്മണികള്‍ .....' എന്ന ചിത്രത്തില്‍ ദേവരാജന്റെ സംഗീതസംവിധാനത്തില്‍ വയലാറിന്റെ 'അഷ്ടമംഗല്യത്താലി....' എന്നു തുടങ്ങുന്ന ഗാനമാണ് പത്മ ആദ്യമായി പാടിയത്. പിന്നീട് അനേകം ചിത്രങ്ങളില്‍ പാടുകയുണ്ടായി.


എം.എസ്. രാജേശ്വരി


' സ്കൂള്‍ മാസ്റ്റര്‍ ' എന്ന ചിത്രത്തിലെ വയലാര്‍ദേവരാജന്‍മാരുടെ 'കിലുകിലുക്കം കിലുകിലുക്കം....' എന്ന ഗാനം ഒരു കാലഘട്ടത്തിലെ സഹൃദയര്‍ മറക്കില്ല. കുഞ്ഞുങ്ങള്‍ക്ക് തുല്യമായ ഒരു ശബ്ദത്തിന്റെ ഉടമയാണ് രാജേശ്വരി. ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയ, ആദ്യഗായികാനടിയായിരുന്ന ടി.വി. രാജസുന്ദരിയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ വാസനയുടെ ഫലമായി, മകളായ രാജേശ്വരി ഏഴാം വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. എ.വി.എം.ന്റെ ' നാം ഇരുവര്‍ ' എന്ന തമിഴ് ചിത്രത്തില്‍ ആദ്യമായി പാടി. തുടര്‍ന്ന് ഹിന്ദി ഉള്‍പ്പെടെ പല ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടി. മേല്‍വിലാസം എം.എസ്. രാജേശ്വരി, 36, വലി.വി. കോവില്‍ സ്ട്രീറ്റ്, വള്ളാലതോനംപേട്ട, മദ്രാസ് 86.


മച്ചാട് വാസതി


1957-ല്‍ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ 'ആരു ചൊല്ലീടും....' എന്ന ഗാനം മീനാസുലോചനയോടൊപ്പം പാടിയ മച്ചാട് വാസതി കോഴിക്കോട് സ്വദേശിയാണ്. അവരുടെ അച്ഛന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും പാടുകയുമൊക്കെ ചെയ്തിരുന്നു. വളരെ ചെറിയ പ്രായത്തില്‍ , സംഗീത സംവിധായകന്‍ ജി. ദേവരാജന്റെ നിര്‍ദ്ദേശാനുസരണം സംഗീതം അഭ്യസിച്ചു. ബാബുരാജിനോടൊപ്പം സ്വദേശത്തും വിദേശത്തും ഗാനമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. വിവാഹിതയാണ്. കുട്ടികളുമുണ്ട്. വിലാസം മച്ചാടു വാസതി, സംഗീതാലയം, കൊളത്തറ പി.ഒ., കോഴിക്കോട്.


മാധുരി


'കടല്‍പ്പാലം'എന്ന ചിത്രത്തിലെ 'കസ്തൂരിത്തൈലമിട്ട്...' എന്ന ഗാനത്തോടെയാണ് മാധുരി സിനിമാരംഗത്തെത്തുന്നത്. മലയാള ചലച്ചിത്ര ഗായികാരംഗത്തെത്തിയ അന്യഭാഷാഗായികമാരില്‍ മലയാളഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പഠിച്ചതിനുശേഷം പാടാന്‍ തുടങ്ങിയ ഒരേയൊരു ഗായിക മാധുരിയാണ്. അതുകൊണ്ടുതന്നെ, അവരുടെ മലയാള ഉച്ചാരണം വളരെ വളരെ സ്പഷ്ടമാണ്. 1941 നവംബറില്‍ തൃശ്ശിനാപ്പള്ളിയില്‍ പഴൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ എഞ്ചിനീയറായ അയ്യര്‍ . അമ്മ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായ ശാരാദാംബാള്‍ . സംഗീത ബാലപാഠങ്ങള്‍ അമ്മയില്‍നിന്ന് ഗ്രഹിച്ചതിനുശേഷം സുന്ദരരാജന്‍ എന്ന സംഗീതവിദ്വാനില്‍നിന്ന് കുറച്ചുപാഠങ്ങള്‍ പഠിച്ചു. ചെറിയപ്രായത്തില്‍ തന്നെ വിവാഹിതയായി. ഭര്‍ത്താവിനോടൊപ്പം ഡല്‍ഹിയില്‍ താമസമായി. അവിടേയും ശങ്കരശര്‍മ്മ എന്ന വിദ്വാന്റെയടുക്കല്‍ സംഗീതാഭ്യസനം തുടര്‍ന്നു.

സംഗീതവിശാരദനും പ്രസിദ്ധ സംഗീതനിരൂപകനും നാടക സംവിധായകനുമായ സുബ്ബുഡു, മാധുരിയുടെ ഗാനാലാപം ശ്രവിച്ചതിനുശേഷം ഇനി നിന്റെ സ്ഥലം മദ്രാസാണ്' എന്നുപദേശിച്ചു. ഒരു ഒഴിവിന് ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് ഒരുയാത്ര മദ്രാസിലേക്ക് നടത്തിനോക്കി. ഫലമുണ്ടായില്ല. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥകളും ചേര്‍ന്ന് മേല്‍സൂചിപ്പിച്ച സുബ്ബുഡുവിന്റെ നേതൃത്വത്തില്‍ 'സൗത്തിന്ത്യന്‍ തിയേറ്റേഴ്സ്' എന്ന ഒരു അമച്വര്‍ നാടകസമിതി സംഘടിപ്പിച്ചു. അതില്‍ മാധുരിയും അംഗമായി. രണ്ടു നാടകങ്ങളില്‍ സംഗീതസംവിധായകന്‍ ദേവരാജന്‍ മാധുരിയുടെ പാട്ട് കേള്‍ക്കാനിടയായി. അടുത്തദിവസം നേരില്‍ കാണുകയും മലയാളം പഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ 'മലയാളം പഠിച്ചിട്ട്' എത്തിയ അവര്‍ക്ക് 'കടല്‍പ്പാല'ത്തിലെ 'കസ്തൂരിത്തൈലമിട്ട്' എന്ന ഗാനത്തില്‍ തുടങ്ങി. കുറേശ്ശെ സന്ദര്‍ഭങ്ങള്‍ കൊടുത്ത് പ്രോത്സാഹിപ്പിച്ചു. വ്യത്യസ്തങ്ങളായ ഭാവങ്ങളില്‍ പാടാന്‍ കഴിവുള്ള ഗായികയായി മാധുരി മാറി. 'പ്രിയസഖി ഗംഗേ', 'ചായം കറുത്തചായം', 'സ്വിമ്മിംഗ് പൂള്‍ ', 'ഏഴരപ്പൊന്നാന', 'ഇന്നെനിക്ക് പൊട്ടുകുത്താന്‍ ', 'പ്രാണനാഥനെനിക്കു നല്‍കിയ' തുടങ്ങിയവ ഉദാഹരണങ്ങള്‍ .
1973-ല്‍ 'പ്രാണനാഥനും' 1978-ല്‍ 'രാരീരം പാടുന്ന' എന്ന ഗാനത്തിനും സംസ്ഥാന അവാര്‍ഡുനേടി. കൂടാതെ പല പുരസ്കാരങ്ങളും നേടിയ അവര്‍ ഇന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദഗ്ദ്ധയാണ്. ഭര്‍ത്താവ് ജയരാമന്‍ . മക്കള്‍ രാജു, വിജയകുമാര്‍
മേല്‍വിലാസം മാധുരി, 12, കാംദാര്‍ നഗര്‍ , മദ്രാസ്34


മഹാലക്ഷ്മി


ലൗ ഇന്‍ കേരള എന്ന ചിത്രത്തില്‍ 'പ്രേമിക്കാന്‍ മറന്നുപോയ...' എന്ന ഗാനം പി.ലീലയുമൊത്ത് പാടി.


മാലിനി


' ബല്ലാത്ത പഹയന്‍ ' എന്ന ചിത്രത്തിലെ 'ചിങ്ങം വന്നാല്‍ .....' എന്ന ഗാനം പി.ലീലയോടൊപ്പം മാലിനി പാടി. കൂടാതെ സീറോബാബുവിനോടൊപ്പം 'അലിയാരുകാക്ക..' എന്ന ഗാനവും അതേചിത്രത്തില്‍ ആലപിച്ചു.


മഞ്ജുള


കന്നട സ്വദേശിയായ മഞ്ജുള എന്ന ഗായിക ചിത്രയോടൊപ്പം ചേര്‍ന്നുപാടിയ ഗാനമാണ് വന്നു കണ്ടു കീഴടക്കി എന്ന ചിത്രത്തിലെ 'ഇളം തൂവല്‍ ....' എന്ന ഗാനം. രചന പൂവച്ചല്‍ ഖാദര്‍ , സംഗീതം ശ്യാം.


മനോഹരി


1976-ല്‍ പുറത്തിറങ്ങിയ 'മധുരം തിരുമധുരം' എന്ന ചിത്രത്തില്‍ 'നടുവൊടിഞ്ഞൊരു....' എന്ന ഗാനം എ.റ്റി. ഉമ്മറിന്റെ സംഗീതത്തില്‍ മനോഹരി പാടി.18 News Items found. Page 1 of 2