സംഗീത സംവിധാനം

നൗഷാദ് അലി


നൗഷാദ് അലി തന്റെ സംഗീത സിദ്ധി 'ധ്വനി' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ മലയാളത്തിനു പകര്‍ന്നു തന്നു എന്നത് കൃതാര്‍ത്ഥാജനകമാണ്. 1919 ഡിസംബര്‍ 25 ന് ക്രിസ്തുമസ് ദിനത്തില്‍ ലഖ്നൗ സിറ്റി കോര്‍ട്ട് മുന്‍സിഫായിരുന്ന വാഹിദ് അലിയുടെ പുത്രനായി ജനിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനോട് തീരെ താല്‍പര്യമില്ലാതിരുന്ന നൗഷാദിന് സംഗീതത്തിനോടായിരുന്നു താല്‍പര്യം. സംഗീത സ്ഥലങ്ങളും , സംഗീതമേടകളും സന്ദര്‍ശിക്കുകയും പഠിയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന നൗഷാദിന്, ഈ പോക്ക് ഇഷ്ടമല്ലാതിരുന്ന അച്ഛനുമായി ഇടയേണ്ടിവന്നു. ഗൃഹത്തില്‍ നിന്ന് നിഷ്കാസിതനാക്കപ്പെട്ടു. അന്ന് നിശ്ശബ്ദചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തില്‍ സംഗീതം ഉണ്ടായിരുന്നില്ല. പക്ഷേ പകരം, അതിനു വേണ്ടി പശ്ചാത്തലസംഗീതമെന്ന നിലക്കു വാദ്യോപകരണങ്ങള്‍ വെള്ളിത്തിരയ്ക്കുമുമ്പില്‍ വച്ചുപ്രവര്‍ത്തിപ്പിച്ചുകൊണ്ട് രംഗങ്ങള്‍ക്ക് ഇണങ്ങുന്ന സംഗീതം നല്‍കിയിരുന്നു. അതു ശ്രദ്ധിക്കുകയും മനസ്സിലാക്കുകയുമായിരുന്നു പിന്നീട് ചെയ്തത്. ആ പരീക്ഷണകാലങ്ങള്‍ ഒരു ദൃഢനിശ്ചയത്തോടു കൂടിത്തന്നെ തരണം ചെയ്തു.

1937-ല്‍ ' പ്രേംനഗര്‍ ' എന്ന ചിത്രത്തിന്റെ സംഗീതസംവിധായക പദം ഏറ്റെടുക്കുന്നതുവരെ അതു തുടര്‍ന്നു പിന്നീട് നടന്നുകയറിയതെല്ലാം വെണ്ണക്കല്‍ പടവുകളിലൂടെയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്രവേദി കണ്ട ഏറ്റവും വലിയ സംഗീത സംവിധായകനായിത്തീര്‍ന്നു. സിനിമാവേദിയിലല്ലാതെ സാംസ്ക്കാരിക സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംഗീതത്തെ ഉപയോഗപ്പെടുത്താമെന്ന് പലഘട്ടങ്ങളിലും ഒരു മൃഗനായാട്ടുകാരനും കൂടിയായ അദ്ദേഹം തെളിയിച്ചു. ഫിലിം ജേര്‍ണലിസ്റ്റ് അസ്സോസിയേഷന്‍ പുരസ്ക്കാരം, ഫിലിം ഫെയര്‍ പുരസ്ക്കാരം, ബോംബെ യൂത്ത് സര്‍ക്കിള്‍ പുരസ്ക്കാരം, സുര്‍സിംഗാര്‍സംസദ് പുരസ്ക്കാരം തുടങ്ങി അനേകമനേകം പുരസ്ക്കാരങ്ങളും മറ്റും കരസ്ഥമാക്കിയ ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ സംഗീത സാര്‍വ്വഭൗമന്‍ ഭീഷ്മാചാര്യന്‍ നൗഷാദ് അലി അഭൗമമായ അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ ഇന്നും ജീവിയ്ക്കുന്നു. വിലാസം : നൗഷാദ് അലി, മ്യൂസിക് ഡയറക്ടര്‍ , ബാന്‍ഡ് സ്റ്റാന്‍ഡ്, ബാന്‍ഡ്ര, ബോംബെ.1 News Items found. Page 1 of 1