തിരക്കഥാകൃത്ത്

നാഗവള്ളി ആര്‍ എസ് കുറുപ്പ്നടനായി തുടങ്ങി തിരക്കഥാകൃത്തും സംവിധായകനുമായി മാറിയ പ്രതിഭയാണ് നാഗവള്ളി ആര്‍ എസ് കുറുപ്പ്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍ സി ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച ' ശശിധരന്‍ ' എന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതില്‍ പങ്കുവഹിച്ചതോടെയാണ് തിരക്കഥാകൃത്തായിതീര്‍ന്നത് . ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത സിനിമാപ്രവര്‍ത്തകനായ രവികുമാറിന്റെ അച്ഛന്‍ മാധവന്‍കുട്ടിമേനോന്‍ സംവിധാനംചെയ്ത 'ചന്ദ്രിക'യാണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും അതില്‍ കുഞ്ചുക്കുറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും നാഗവള്ളിയാണ്.

മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായ 'ന്യൂസ്പേപ്പര്‍ ബോയ്'യുടെ തിരക്കഥയെഴുതി അഭിനയിച്ചു. അതോടെ അഭിനയം മതിയാക്കി. അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. കുമാരസംഭവം, ഗുരുവായൂരപ്പന്‍ , ജഗദ്ഗുരു ആദിശങ്കരന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . സാക്ഷരതാ ക്യാമ്പിനുവേണ്ടിയുള്ള പി എന്‍ പണിക്കരുടെ 'വെളിച്ചമേ നയിച്ചാലും' എന്ന ഡോക്യുമെന്ററി സംവിധാനംചെയ്തു. നാഗവള്ളിയുടെ ആണും പെണ്ണും എന്ന നോവല്‍ 'രണ്ടുലോകം' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതിന് തിരക്കഥ എഴുതി സംവിധാനംചെയ്തു. ഭക്തഹനുമാന്‍ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.

കുട്ടനാട് രാമങ്കരി നാഗവള്ളി തറവാട്ടില്‍ പ്രശസ്ത അഭിഭാഷകന്‍ പി എം രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1919-ലാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാലയിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം. കൊല്ലത്തെ ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായി. കൊല്ലത്ത് മലയാളരാജ്യം വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ഒരുവര്‍ഷം തികയുംമുമ്പേ ഉദ്യോഗം രാജിവച്ചു. തുടര്‍ന്ന് 9 വര്‍ഷം അദ്ധ്യാപകനായി ജോലിനോക്കി. രണ്ടുവര്‍ഷം സൈക്കോളജി ലക്ചററായും പ്രവര്‍ത്തിച്ചു. 1957 മുതല്‍ 20 വര്‍ഷക്കാലം ആകാശവാണില്‍ ഉദ്യോഗസ്ഥനായി. 2003 ഡിസംബറില്‍ അന്തരിച്ചു.
ഭാര്യ: രാജമ്മ. മക്കള്‍ : രാമചന്ദ്രന്‍ , വസുന്ധര, വേണു (നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി), ലളിതാംബി. സഹോദരങ്ങള്‍ ‍: അഡ്വ. ആര്‍ ജി കുറുപ്പ്, ആര്‍ പി കുറുപ്പ് ( റിട്ട. ഹെഡ്മാസ്റ്റര്‍ ), കെ രത്നമ്മ.


നാഥന്‍ പി.ആര്‍


വിലാസം : 631, വികാസ് നഗര്‍ കോളനി, ചക്കോരത്തുകുളം, കോഴിക്കോട്-6. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.2 News Items found. Page 1 of 1