രചന

ഒ.എന്‍ .വി. കുറുപ്പ്


'ആ മലര്‍ പെയ്കയില്‍ ആടിക്കളിയ്ക്കുന്നൊരോമനത്താമരപ്പൂവേ...' എന്നു തുടങ്ങുന്ന ഒ.എന്‍ വി. കുറിപ്പിന്റെ ആദ്യഗാനം (ചിത്രം -കാലം മാറുന്നു) വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ലളിതഭാവനകളുടെ തുടക്കത്തിന്റെ മധുരമായി ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

മഹാപണ്ഡിതനും ആയുര്‍വേദ ഭിഷഗ്വരനുമായ ഒ.എന്‍ കൃഷ്ണക്കുറിപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1931 മേയ് 27ന് ഒ.എന്‍ .വി. ജനിച്ചു. മലയാളം മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പ്രൊഫസറും ഗവണ്‍മെന്‍റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാളബിരുദാനന്തരബിരുദ വിഭാഗത്തിന്റെ തലവനുംആയി ഔദ്യോഗിക മേഖലയില്‍നിന്ന് വിരമിച്ചു. 21 കവിതാസമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറ് സമാഹാരങ്ങളും പുറത്തിറക്കിയിട്ടുള്ള ഒ.എന്‍ .വി. അനേകം പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

1971 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, 1975 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, 1981 ലെ വയലാര്‍ സാഹിത്യഅവാര്‍ഡ്, 1982 ലെ സോവ്യറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, 1973, 76, 77, 79, 80, 83, 84, 86, 87, 88, 89, 90, 2008 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, 1989 ലെ മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്കാരം, 1989 ലെ ആശാന്‍പ്രൈസ് , 89-ല്‍ പ്രസിഡന്റിന്റെ ദേശീയപുരസ്കാരം, 1998-ല്‍ പത്മശ്രീ, 2008-ല്‍ എഴുത്തച്ഛന്‍ പുരസ്കാരം, 2010-ല്‍ ജ്ഞാനപീഠം, 2011-ല്‍ പത്മവിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2007-ല്‍ കേരള യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ടോള്‍സ്റ്റോയിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പങ്കെടുക്കാന്‍വേണ്ടി യു.എസ്.എസ്. ആറിലും (1978) സോവ്യറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് വാങ്ങാന്‍ വേണ്ടി വീണ്ടും യു.എസ്.എസ്. ആറില്‍ 1982-ലും 1987-ല്‍ ലോക കവിതോത്സവത്തില്‍ ഭാരതീയകവിതയെ പ്രതിനിധീകരിച്ച് യുഗോസ്ലാവിയയിലും, മാസിഡോണിയയിലും, സി.ഐ.സി.എ.സി.യുടെ ഏഷ്യന്‍ സമ്മേളനപ്രതിനിധിയായി സിംഗപ്പൂരിലും കൂടാതെ ഗള്‍ഫ് നാടുകളിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.

സംഗീതസംവിധായകന്‍ ജി. ദേവരാജനുമായുള്ള പരിചയപ്പെടല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അവരുടെ കൂട്ടുകെട്ടില്‍ വിരിഞ്ഞ എത്രഗാന പുഷ്പങ്ങള്‍ ' പൊന്നരിവാളില്‍ ' തുടങ്ങി, 'മാരിവില്ലി' ല്‍ കൂടി, 'അമ്പിളിയമ്മാവ'നില്‍ക്കൂടി, 'ചാഞ്ചാടുണ്ണി...' പാടിക്കൊണ്ട് 'വെണ്ണിലാച്ചോല...' യില്‍ക്കൂടി നിര്‍ത്താതെ വന്ന തേരില്‍ (തേരിത് നിര്‍ത്തരുതേ) കയറി നാടകഗാനങ്ങള്‍ സഞ്ചരിച്ചപ്പോള്‍ , അവരുടെ ചലച്ചിത്രഗാനങ്ങള്‍ 'ആമലര്‍പൊയ്ക...'യില്‍ നീരാടി, 'മാണിക്യവീണയുമേന്തി' 'വാര്‍തിങ്കള്‍തോണിയേറി' എത്രയും മനോഹരമായ 'ഭൂമിയെ സ്നേഹിച്ച' നൂറുകണക്കിന് ഗാനങ്ങള്‍ ‍! അദ്ദേഹത്തിന്റെ ഗാനപുസ്തകങ്ങള്‍ തന്റെ 'ഗാനങ്ങളെ നൃത്തംപഠിപ്പിച്ച' ജി. ദേവരാജന് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഒട്ടും അതിശയിക്കാനില്ല.

വളരെ ലളിതവും മനോഹരുമായ മലയാള പദങ്ങള്‍കൊണ്ട് അര്‍ത്ഥസമ്പുഷ്ടമായ, വളരെ വ്യത്യസ്തമായ എന്നാല്‍ തന്റേതായ ശൈലിയില്‍ എഴുതപ്പെട്ട ചിരന്തനകവിതകളില്‍ക്കൂടി, ഗാനങ്ങളില്‍ക്കൂടി ഒ.എന്‍ .വി. കുറുപ്പ് ജീവിക്കുന്നു. മേല്‍വിലാസം : ഒ.എന്‍ .വി. കുറുപ്പ്, 'ഇന്ദീവരം', കോട്ടണ്‍ഹില്‍ , വഴുതക്കാട്
തിരുവനന്തപുരം


ഒ. രാമദാസ്


സഹസംവിധായകനായും 'വഴിപിഴച്ചസന്തതി' എന്ന ചിത്രത്തിന്റെ സംവിധായകനായും പ്രവര്‍ത്തിച്ച ഒ. രാമദാസ് 'കൃഷ്ണപ്പരുന്ത്' എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ അതിലെ ഗാനങ്ങള്‍ അദ്ദേഹം തന്നെ എഴുതി. സംഗീതം ശ്യാം.ആദ്യഗാനം: 'അഞ്ജനശിലയില്‍ ..'


ഒ.വി. അബ്ദുള്ള


'അഷ്ടബന്ധം' എന്ന സിനിമയ്ക്കുവേണ്ടി 'മനുഷ്യനെത്ര' എന്ന ഗാനം രചിച്ചത് ഒ.വി. അബ്ദുള്ളയാണ്. മറ്റു ഗാനങ്ങള്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും രചിച്ചു.


ഒ.വി. ഉഷ


ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തില്‍ ഗാനരചന നടത്തിയ ഒ.വി. ഉഷ പ്രശസ്ത സാഹിത്യകാരനായ ഒ.വി. വിജയന്റെ സഹോദരിയാണ്. 'ആരുടെ ഹൃദയത്തില്‍ ....'എന്നു തുടങ്ങുന്ന വരികളാണ് അവരുടെ ആദ്യഗാനം. നല്ല കവയിത്രികൂടിയായ ഉഷ കോട്ടയം ഗാന്ധിജി യൂണിവേഴ്സിറ്റിയിലെ സ്ക്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. അവിവാഹിത.4 News Items found. Page 1 of 1