സ്മൃതി

ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്


ONVs first death anniversary

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി. കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മണ്ണിന്റെ മണമുള്ള ഒരുപിടി കവിതകളും ചലച്ചിത്രഗാനങ്ങളും കേരളക്കരയ്ക്ക് സമ്മാനിച്ച കവിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം. പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്റെ രചനകളിലൂടെ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്നു.

മലയാളകവിതയുടെ പര്യായമായിരുന്നു ഒ.എന്‍.വി. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ആറു പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്റെ വരികളില്‍ ആവാഹിച്ചു. ഉപ്പ്, ഉജ്ജയനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

1931 മെയ് 27ന് ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. ചവറ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ.എന്‍ കോളേദില്‍ നിന്നു ബിരുദവും തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി. എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2007ല്‍ ജ്ഞാനപീഠ പുരസ്കാരം നേടി. 1946ല്‍ "മുന്നോട്ട്" എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1949ല്‍ പുറത്തിറങ്ങിയ "പൊരുതുന്ന സൗന്ദര്യ"മാണ് ആദ്യ കവിതാ സമാഹാരം. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജ്ഞാന പീഠത്തിനും പത്മശ്രീ (1998), പത്മവിഭൂഷണ്‍(2011) ബഹുമതികള്‍ക്കും പുറമെ ഒട്ടനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ രാമവര്‍മ്മ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ അവയില്‍ ചിലതു മാത്രം. ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്.

നിരന്തരമായി കവികളെഴുതിയിരുന്ന ഒ.എന്‍വി. സ്വയം ഒരു കവിതയായി മാറുകയായിരുന്നു. മാനവസ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പ്രവാചകന്‍, അവിസ്മരണീയ ഗാനങ്ങളുടെ നറുതേന്‍നിലാവ് പൊഴിച്ച കവി എന്നിങ്ങനെ ഒ.എന്‍.വിയുടെ വിശേഷങ്ങള്‍ അനന്തമായി നീളുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്റെ ഓരോ വരികളും കാലാതീതമായി അനുവാചകരുടെ മനസ്സില്‍ ആനന്ദവും ആശ്വാസവുമേകി അലയടിച്ചു കൊണ്ടേയിരിക്കും. "ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാനിവിടെ ഉപേക്ഷിച്ചു പോകും. അതാണെന്റെ കവിത." എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. അതെ, അദ്ദേഹത്തിന്റെ ആത്മാംശമായ കവിത പ്രത്യാശയുടെയും സ്നേഹത്തിന്റെയും പുത്തന്‍ ഗീതങ്ങളോതി ഏവരുടെയും ആത്മാവിനെ മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു.1 News Items found. Page 1 of 1