സംവിധായകര്‍

പി.എം.എ അസീസ്


അവള്‍ എന്ന ചിത്രമാണ് പി.എം.എ അസീസ് സംവിധാനം ചെയ്ത ആദ്യചിത്രം. തുടര്‍ന്ന് രണ്ടുചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു.


പി.എന്‍ മേനോന്‍


റോസി എന്ന ചിത്രത്തിലൂടെയാണ് പി.എന്‍ മേനോന്‍ എന്ന പാലിശ്ശേരി നാരായണന്‍ കുട്ടിമേനോന്‍ സംവിധാനരംഗത്തേക്കെത്തിയത്.

1928-ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രരംഗത്ത് വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രശസ്തചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ചെറിയച്ചനാണ് ഇദ്ദേഹം. ഭാര്യ ഭാരതി.

തൃശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ പഠിച്ചിറങ്ങിയ മേനോന്‍ നേരേ മദ്രാസിലേക്ക് പോയി. സെറ്റ് പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് എന്നീ മേഖലകളിലായാണ് സിനിമയില്‍ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ല്‍ റോസി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നു. 1969-ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന
ചിത്രം മേനോനെ പ്രശസ്തസംവിധായകരുടെ നിരയിലേക്കുയര്‍ത്തി. ആ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചലച്ചിത്രത്തിനായിരുന്നു. കുട്ട്യേടത്തി, മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം(1983) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്.

2004-ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

പണിമുടക്ക്, ചെമ്പരത്തി, ഗായത്രി, ദര്‍ശനം, ചായം, മഴക്കാറ്, ഓടക്കുഴല്‍ , ഉദയം കിഴക്കുതന്നെ, ടാക്സി ഡ്രൈവര്‍ , മിടുക്കി പൊന്നമ്മ, ദേവത, അര്‍ച്ചന ടീച്ചര്‍ , അനു, അസ്ത്രം, പഠിപ്പുര, മണിയോര്‍ഡര്‍ , നേര്‍ക്കുനേര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ചെമ്പരത്തിക്ക് സംസ്ഥാനഅവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഓളവും തീരവും എന്നചിത്രം ഡല്‍ഹി മലയാളം ഫിലിം ഫെസ്റ്റിവലില്‍ സ്വര്‍ണ്ണമെഡല്‍ നേടി.
മലയാള ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക് ജെ.സി.ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ദീര്‍ഘകാലത്തെ അസുഖത്തെതുടര്‍ന്ന് 2008 സെപ്റ്റംബര്‍ 9-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.


പി.രാമദാസ്


1955-ല്‍ റിലീസ് ചെയ്ത ന്യൂസ് പേപ്പര്‍ ബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് പി.രാമദാസ്.


പി വേണു


മലയാളത്തിലെ ആദ്യ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഉദ്യോഗസ്ഥയുടെ സംവിധായകനാണ് പി വേണു. തൃശൂര്‍ ജില്ലയിലെ പുറനാട്ടുകര സ്വദേശിയായ വേണു 32 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിരുതന്‍ ശങ്കു, സി ഐ ഡി നസീര്‍ , പാറശാല പരമു, ശേഷം സ്ക്രീനില്‍ , പരിണാമം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍ .

1969-ല്‍ വിരുന്നുകാരി എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി. തുടര്‍ന്ന്‌ ഏഴു ചിത്രങ്ങള്‍ കൂടിനിര്‍മിച്ചു. പത്തു ചിത്രങ്ങള്‍ക്ക്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വഹിച്ചു. 2002-ല്‍
സംവിധാനംചെയ്‌ത പരിണാമം എന്ന സിനിമയുടെ തിരക്കഥ ഇസ്രയേലില്‍ നടന്ന ആഷ്‌ഡോസ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച സ്‌ക്രീന്‍ പ്ലേ അവാര്‍ഡ്‌ മാടമ്പ്‌ കുഞ്ഞുകുട്ടന്‌ നേടിക്കൊടുത്തു. 2005-ല്‍ കേരള ഫിലിം ക്രിട്ടിക്‌ അസോസിയേഷന്റെ സമഗ്ര സംഭാവനക്കുള്ള ചലചിത്ര പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായി. ഭാര്യ: ശശികല. മക്കള്‍ ‍: വിജയന്‍ , ശ്രീദേവി. 2011 മെയ് 25-ന് ചെന്നൈയില്‍ നിര്യാതനായി. 71 വയസായിരുന്നു.


പി എ ബക്കര്‍


അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ ബോര്‍ഡിനെ വിറളിപിടിപ്പിച്ച ' കബനീ നദി ചുവന്നപ്പോള്‍ ' ആണ് ആദ്യ ചിത്രം. ഇടതുപക്ഷ സ്വതന്ത്ര സിനിമയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. കക്ഷിരാഷ്ട്രീയം കലരാത്ത രാഷ്ട്രീയ സിനിമയുടെ വ്യാകരണം മലയാളിയെ പഠിപ്പിച്ച ബക്കര്‍ , ജോണ്‍ എബ്രഹാമിന്റെ ഒഡീസി ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് പ്രചോദനമായി. ചിത്രങ്ങള്‍ ‍: 1975 - കബനീ നദി ചുവന്നപ്പോള്‍ 1976 - മണിമുഴക്കം, ചുവന്ന വിത്തുകള്‍ , 1979 - സംഘഗാനം, മണ്ണിന്റെ മാറില്‍ , ഉണര്‍ത്തുപാട്ട്, 1981 - ചാരം, 1982 - ചാപ്പ, 1985 - പ്രേമലേഖനം, ശ്രീനാരായണഗുരു, 1987 - ഇന്നലെയുടെ ബാക്കി. ജോണും രവീന്ദ്രനും ടി വി ചന്ദ്രനും അടക്കമുള്ള പില്‍ക്കാല സിനിമാപ്രവര്‍ത്തകരെപ്പോലെ ബക്കറിന്റെയും ചിത്രങ്ങള്‍ ലൈംഗികമോ ( കബനീ നദി ചുവന്നപ്പോള്‍ , ചുവന്ന വിത്തുകള്‍ ) വര്‍ഗ്ഗീയമോ (മണിമുഴക്കം) ആയി പരിണമിക്കുന്ന അടിച്ചമര്‍ത്തലിനെ വ്യാഖ്യാനിക്കുന്നവയാണ്.

1940-ല്‍ തൃശൂരില്‍ ജനിച്ചു. കുട്ടികള്‍ , പൂമൊട്ടുകള്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. രാമുകാര്യാട്ടിന്റെ സഹായിയായി. പി എന്‍ മേനോന്റെ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ അണിയറപ്രവര്‍ത്തകനായി. 1992-ല്‍ അന്തരിച്ചു.


പി. ഭാസ്ക്കരന്‍


1953-ല്‍ രാമു കാര്യാട്ടുമായി ചേര്‍ന്ന് ' നീലക്കുയില്‍ ' എന്ന ചിത്രം സംവിധാനം ചെയ്തു. പ്രസിഡന്റിന്റെ വെള്ളിമെഡലിന് അര്‍ഹമായ 'നീലക്കുയിലി'ലെ ഗാനങ്ങള്‍ ഇന്നും പ്രസിദ്ധങ്ങളാണ്. തുടര്‍ന്ന് രാരിച്ചന്‍ എന്ന പൗരന്‍ , ഇരുട്ടിന്റെ ആത്മാവ്,തുറക്കാത്ത വാതില്‍ , ജഗദ്ഗുരു ശ്രീശങ്കരാചാര്യന്‍ , കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം തുടങ്ങി അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1950-ല്‍ പുറത്തിറങ്ങിയ 'ചന്ദ്രിക' എന്ന മലയാള ചിത്രത്തിലെ 'ചൊരിയുക മധുമാധുരി....'എന്ന ഗാനമാണ് ഭാസ്കരനെ സിനിമാഗാനരചയിതാവാക്കിയത്.

1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ പ്രസിദ്ധകവിയായിരുന്ന നന്ത്യേലത്ത്പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളുഅമ്മയുടെയും പുത്രനായി പി.ഭാസ്ക്കരന്‍ ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും വക്കീലും സ്വാതന്ത്ര്യസമരസേനാനിയും ഒക്കെയായിരുന്ന പിതാവിന്റെ സമ്പാദ്യം കുറെ ഗ്രന്ഥശേഖരമുള്ള ഒരു പുസ്തകപ്പുരയായിരുന്നു. ഭാസ്ക്കരന്റെ ചെറുപ്പത്തില്‍ പിതാവ് മരണമടഞ്ഞപ്പോള്‍ ക്ലേശകരമായിത്തീര്‍ന്ന ജീവിതത്തിലെ ചങ്ങാതിമാര്‍ ഈ പുസ്തകക്കൂമ്പാരങ്ങള്‍ മാത്രം. വായിക്കാവുന്നിടത്തോളം വായിച്ചു. ഗ്രഹിയ്ക്കാവുന്നിടത്തോളം ഗ്രഹിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ കവിത കുത്തിക്കുറിയ്ക്കാന്‍ ആരംഭിച്ചു. അവ നന്നായി ചൊല്ലാനും അഭ്യസിച്ചു.നാട്ടിലെ ഹൈസ്ക്കൂളില്‍ നിന്നും സ്ക്കൂള്‍ ഫൈനല്‍ പാസ്സായി എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നപ്പോള്‍ കവിതയും സാഹിത്യവും ആത്മബന്ധുക്കളായി. 'മഹാകവി ഉലുകന്‍ ' എന്ന പേരില്‍ സി.എ. കിട്ടുണ്ണിയുടെ മാസികയില്‍ അന്ന് കവിതകള്‍ എഴുതുമായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം കിട്ടിയ ഭാസ്ക്കരന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സംഘടിപ്പിക്കുന്നതിന് നിയോഗിക്കപ്പെടുകയും അഖില കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 'ആഗസ്റ്റ്' സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലാവുകയും
ആറുമാസത്തെ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദേശാഭിമാനി' വാരികയില്‍ പ്രവര്‍ത്തിച്ചു. 'മംഗളോദയ'ത്തിലൂടെ വില്ലാളി എന്ന ആദ്യകവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി.

തൊഴില്‍ രംഗത്തുനിന്ന് സാംസ്ക്കാരികരംഗത്തേക്ക് നീങ്ങിയ ഭാസ്ക്കരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗായക സംഘങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതി, പാടിക്കൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഭാസ്ക്കരന്റെയും ഗായകസംഘങ്ങളുടെയും ശക്തി കണ്ടറിഞ്ഞ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്ത് അത് നിരോധിച്ചു. തുടര്‍ന്ന് സി.ജെ. തോമസുമായി ചേര്‍ന്ന് കേരളത്തില്‍ ആദ്യമായി 'ഷാഡോ പ്ലേ' അവതരിപ്പിച്ചു.വയലാറില്‍ ചോരപ്പുഴ ഒഴുകിയ കാലത്ത് 'രവി' എന്ന തൂലികാനാമത്തില്‍ ഭാസ്ക്കരനെഴുതിയ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിത ഭരണവര്‍ഗ്ഗത്തിന്റെ സ്വൈര്യം കെടുത്തി. അതോടെ ആ കവിതയും കവിയും തിരുവിതാംകൂര്‍ മണ്ണില്‍നിന്ന് പുറത്താക്കപ്പെട്ടു. 1947-48 കാലത്ത് മദിരാശിയില്‍ എത്തിയ ഭാസ്ക്കരന്‍ 'ജയകേരളം' പത്രാധിപസമിതിയംഗമായി. റേഡിയോയ്ക്കു വേണ്ടി നാടകങ്ങളും ഗാനങ്ങളും രചിച്ചു. തുടര്‍ന്ന് കോഴിക്കോട് റേഡിയോ നിലയത്തില്‍ ഉദ്യോഗസ്ഥനായി. കുറേ കാലങ്ങള്‍ക്കുശേഷം ജോലി ഉപേക്ഷിച്ച് മദ്രാസില്‍ എത്തി. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ടു. 1950-ല്‍ പുറത്തിറങ്ങിയ 'ചന്ദ്രിക' എന്ന മലയാള
ചിത്രമായിരുന്നു ഭാസ്കരന്‍ ഗാനരചന നിര്‍വഹിച്ച ആദ്യമലയാള ചിത്രമെങ്കിലും അതിനുമുമ്പ് നാലുവരി സിനിമയ്ക്കുവേണ്ടി എഴുതിയത് ഒരു തമിഴ് ചലച്ചിത്രത്തിനുവേണ്ടിയായിരുന്നു. 'അപൂര്‍വ സഹോദരര്‍കള്‍ 'എന്ന ആദികാല തമിഴ് ചിത്രത്തില്‍ 'കടക്കണ്ണില്‍ തലപ്പത്തു കറങ്ങും വണ്ടേ...' എന്നു തുടങ്ങുന്ന ഒരു മലയാളഗാനം. 'നവലോക'ത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ 'തങ്കക്കിനാക്കള്‍ ഹൃദയേവീശും....' എന്ന ഗാനം പി. ലീലയും കോഴിക്കോട് അബ്ദുല്‍ഖാദറും ചേര്‍ന്ന് ആലപിച്ചു.പടവാളുമായി പുറപ്പെട്ട ഭാസ്കരന്‍ അഭ്രപാളികളുടെ അതിതീവ്രമായ രശ്മികളില്‍കൂടി കടന്നുകയറിയപ്പോള്‍ കയ്യിലിരുന്ന വാളും കവിതയെഴുതേണ്ടിയിരുന്ന ഒരു കാലഘട്ടവും നഷ്ടപ്പെട്ടെങ്കിലും 248 ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടെ
രണ്ടായിരത്തിയഞ്ഞൂറിലേറെ ഗാനങ്ങളും ആശയസമ്പുഷ്ടമായ കവിതകളും അതുപാടാനുള്ള 'ഒറ്റക്കമ്പിയുള്ള തംബുരുവുമായി സ്വന്തം നാട്ടിന്റെ തലസ്ഥാനത്ത് എത്തിപ്പെട്ടു.

'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന കവിതാസമാഹാരത്തിന് 1982-ലെ കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്കാരമടക്കം നിരവധി കീര്‍ത്തിമുദ്രകള്‍ നേടിയിട്ടുള്ള ഭാസ്കരന്‍ , കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും ചലച്ചിത്രപരിഷത്തിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാഹിതന്‍ . ഭാര്യ ഇന്ദിര. നാലുമക്കള്‍ . അന്തരിച്ചു. വിലാസം : പി. ഭാസ്കരന്‍ , നമ്പര്‍ 9/438, ശങ്കര്‍റോഡ്, ജവഹര്‍നഗര്‍ , തിരുവനന്തപുരം 695 003


പി ജി വിശ്വംഭരന്‍


1974-ല്‍ 'ഒഴുക്കിനെതിരെ' എന്ന ചിത്രം ഒരുക്കി സ്വതന്ത്ര സംവിധായകനായി. ഇതാ ഒരു തീരം, നീ എന്റെ ലഹരി, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ , സംഘര്‍ഷം, ഗജകേസരിയോഗം തുടങ്ങി അറുപതോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. കാനത്തിന്റെ കഥയെ ആസ്പദമാക്കി കടത്ത് എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനംചെയ്തു. നാലു ചിത്രങ്ങളില്‍ അഭിനയിച്ചു.
തിരുവനന്തപുരം കരിച്ചല്‍ പ്ലാന്തോംവീട്ടില്‍ ഗംഗാധരപ്പണിക്കരുടെയും പൊന്നിയമ്മയുടെയും മകനായി 1947-ല്‍ ജനിച്ചു. കരിച്ചല്‍ പ്രൈമറി സ്കൂളിലും നെല്ലിക്കാക്കുഴി ഗവണ്‍മെന്‍റ് സ്കൂളിലും പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസില്‍ പ്രൈവറ്റായി പ്രീഡിഗ്രി പാസ്സായി.

നടന്‍ സത്യന്‍മാഷാണ് വിശ്വംഭരനെ സിനിമയിലെത്തിച്ചത്. നെല്ലിക്കാക്കുഴി സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത് സ്വകാര്യ സ്കൂളിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ സത്യനെ വിശ്വംഭരന്‍ പരിചയപ്പെട്ടു. എസ്എസ്എല്‍സി കഴിഞ്ഞ് വിശ്വംഭരന്‍ മദ്രാസിലെത്തി സത്യനെ കണ്ടു. അദ്ദേഹം മേക്കപ്പ് പഠിക്കാന്‍ അയച്ചു. തുടര്‍ന്ന് ഒരു വര്‍ഷം ഛായാഗ്രഹണവും പഠിച്ചു. അതിനുശേഷം ചെമ്മീനിന്റെ എഡിറ്റര്‍ കെ സി ജോര്‍ജ്ജിനൊപ്പം എഡിറ്റിങ്ങും മതിവാണന്‍ എന്ന തമിഴ് സംവിധായകന്റെ കീഴില്‍ സംവിധാനവും അഭ്യസിച്ചു. പി ബി ഉണ്ണി, പി ഭാസ്ക്കരന്‍ , ശശികുമാര്‍ തുടങ്ങിയവരുടെ സഹായിയായി. ശശികുമാര്‍ ചിത്രങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഭാര്യ: മീന. മക്കള്‍ ‍: വിമി, വിനോദ്. എട്ട് സഹോദരങ്ങള്‍ .


പി ജെ ആന്‍റണി


പെരിയാര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച്ചു. ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിലെ ആദ്യ ചിത്രം 'രണ്ടിടങ്ങഴി' . നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ശ്രദ്ധേയനായി. 1952-ല്‍ 'സുഹൃത്ത് ' എന്ന ചിത്രത്തിന് ഗാനങ്ങളെഴുതി. 1966-ല്‍ കൂട്ടുകാര്‍ , വിരുന്നുകാരി എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണമെഴുതി. 1970-ല്‍ പുറത്തിറങ്ങിയ ചെകുത്താന്റെ കോട്ട, ഡിക്ടറ്റീവ് 909 കേരളത്തില്‍ എന്നീ ചിത്രങ്ങളുടെ കഥ പി.ജെ.ആന്റണിയുടേതാണ്.

അഭിനയിച്ച ചിത്രങ്ങള്‍ : 1958 - രണ്ടിടങ്ങഴി, 1961 - മുടിയനായ പുത്രന്‍ , 1962 - കാല്‍പ്പാടുകള്‍ 1963 - നിണമണിഞ്ഞ കാല്‍പ്പാടുകള്‍ , അമ്മയെക്കാണാന്‍ , 1964 തച്ചോളി ഒതേനന്‍ , ആദ്യകിരണങ്ങള്‍ ,ഭാര്‍ഗ്ഗവീനിലയം, കളഞ്ഞുകിട്ടിയ തങ്കം, 1965 - റോസി, രാജമല്ലി, മുറപ്പെണ്ണ്, 1966 - തറവാട്ടമ്മ, കുഞ്ഞാലി മരയ്ക്കാര്‍ , 1967 ഇരുട്ടിന്റെ ആത്മാവ്, ശീലാവതി, ബാല്യകാലസഖി, അന്വേഷിച്ചു കണ്ടെത്തിയില്ല, അശ്വമേധം, നഗരമേ നന്ദി, പരീക്ഷ, കാവാലം ചുണ്ടന്‍ , ചെകുത്താന്റെ കോട്ട, മുള്‍ക്കിരീടം, 1968 - കറുത്ത പൗര്‍ണ്ണമി, മനസ്വിനി, അസുരവിത്ത്, പുന്നപ്ര വയലാര്‍ , ലക്ഷപ്രഭു, കായല്‍ക്കരയില്‍ 1969 - അനാച്ഛാദനം, വീട്ടുമൃഗം, ആല്‍മരം, കാട്ടുകുരങ്ങ്, സൂസി, വിരുന്നുകാരി, 1970 - പേള്‍ വ്യൂ, കുരുക്ഷേത്രം, ക്രോസ്ബെല്‍റ്റ്, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ്, 1971 - സി.ഐ.ഡി നസീര്‍ 1972 - മനുഷ്യബന്ധങ്ങള്‍ 1973 - നദി, മാസപ്പടി മാതുപിള്ള, നിര്‍മ്മാല്യം, ധര്‍മ്മയുദ്ധം, 1974 - അതിഥി,1975 - ഓടക്കുഴല്‍ , പ്രിയമുള്ള സോഫിയ, 1976 - മുത്തു, നുരയും പതയും, 1978 - പാദസ്വരം, ആനയും അമ്പാരിയും, 1979 - മണ്ണിന്റെ മാറില്‍ .

1923-ല്‍ എറണാകുളത്ത് ജനിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തില്‍ തൊണ്ണൂറിലധികം നാടകങ്ങള്‍ രചിച്ച് അഭിനയിച്ചു. എന്‍ കൃഷ്ണപിള്ളയുടെ 'ഭഗ്നഭവനം' നാടകത്തില്‍ അഭിനയിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ചേര്‍ന്ന് എറണാകുളത്ത് പ്രതിഭ ആര്‍ട്സ് ക്ലബ് തുടങ്ങി. സിനിമയില്‍ വില്ലന്‍ഷേങ്ങളായിരുന്നു കൂടുതല്‍ അവതരിപ്പിച്ചത്. നിര്‍മ്മാല്യത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ്. ' മണ്ണിന്റെ മാറില്‍ ' എന്ന ചിത്രത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ മദിരാശിയില്‍ അന്തരിച്ചു.


പി.കെ.രാധാകൃഷ്ണന്‍


ശ്രേയസ്, കൊല്ലം പി.ഒ., കൊയിലാണ്ടി, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


പി പത്മരാജന്‍


1979-ല്‍ 'പെരുവഴിയമ്പല'ത്തിലൂടെ സംവിധായകനായി. 18 ചിത്രങ്ങള്‍ സംവിധാനംചെയ്തു. അവസാനം സംവിധാനംചെയ്ത ചിത്രം ഞാന്‍ ഗന്ധര്‍വ്വന്‍ ‍. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് 1978 (രാപ്പാടികളുടെ ഗാഥ), 1979 (പെരുവഴിയമ്പലം), 1984 (കാണാമറയത്ത്), 1988 ( അപരന്‍ ‍) എന്നീ ചിത്രങ്ങളിലൂടെ കരസ്ഥമാക്കി. പെരുവഴിയമ്പലത്തിന് 1978-ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡും ലഭിച്ചു. 1985-ല്‍ 'തിങ്കളാഴ്ച നല്ല ദിവസം' മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ് നേടി. 1982-ല്‍ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ബഹുമതികള്‍ ' ഒരിടത്തൊരു ഫയല്‍വാന്‍ 'നേടി.

ജയറാം, റഹ്മാന്‍ , അശോകന്‍ , സുഹാസിനി, ശാരി എന്നിവര്‍ പത്മരാജന്‍ ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചവരാണ്. ആലപ്പുഴ മുതുകുളത്ത് ഞവരയ്ക്കല്‍ തറവാട്ടില്‍ അനന്തപത്മനാഭപിള്ളയുടെയും ദേവകിയമ്മയുടെയും മകനായി 1945-ല്‍ ജനിച്ചു. രാജന്‍പിള്ള എന്നാണ് മറ്റൊരു പേര്. ചേപ്പാട്ടില്‍ സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം എം ജി കോളേജില്‍നിന്ന് പ്രീ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദവും നേടി.
ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം അസിസ്റ്റന്റായി ജോലിനോക്കി. പിന്നീട് തിരുവനന്തപുരത്തേക്ക് മാറി. 1968-ല്‍ ആകാശവാണിയില്‍നിന്ന് പിരിഞ്ഞു. കോളേജ് പഠനകാലത്ത് കൗമുദി വാരികയില്‍ എഴുതിയ 'ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്' ആദ്യ കഥ. പതിനഞ്ചോളം നോവലുകള്‍ എഴുതി. ' നക്ഷത്രങ്ങളേ കാവല്‍ 'എന്ന നോവലിന് കുങ്കുമം അവാര്‍ഡും 1971-ലെ സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

1975-ല്‍ ആദ്യ തിരക്കഥ 'പ്രയാണം' സിനിമയായി. ഭരതനായിരുന്നു സംവിധായകന്‍ . പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍ , നക്ഷത്രങ്ങളേ കാവല്‍ തുടങ്ങിയ നോവലുകള്‍ സിനിമയാക്കി.
തിരക്കഥകള്‍ ‍: പ്രയാണം, ഇതാ ഇവിടെവരെ, രതിനിര്‍വേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തില്‍ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവല്‍ , പെരുവഴിയമ്പലം, തകര, കൊച്ചു കൊച്ചു തെറ്റുകള്‍ , ശാലിനി എന്റെ കൂട്ടുകാരി, ലോറി, കള്ളന്‍ പവിത്രന്‍ , ഒടിരത്തൊരു ഫയല്‍വാന്‍ , മേള, നവംബറിന്റെ നഷ്ടം, കൂടെവിടെ, കൈകേയി, ഈണം, കാണാമറയത്ത്, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ലദിവസം, ഒഴിവുകാലം, കരിമ്പിന്‍പൂവിനക്കരെ, ദേശാടനക്കിളി കരയാറില്ല, അരപ്പട്ട കെട്ടിയ ഗ്രാമം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍ , അപരന്‍ , മൂന്നാംപക്കം, സീസണ്‍ , ഇന്നലെ, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, ഞാന്‍ ഗന്ധര്‍വ്വന്‍

സംവിധാനംചെയ്ത ചിത്രങ്ങള്‍ ‍: പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍ , ഒരിടത്തൊരു ഫയല്‍വാന്‍ , പറന്ന് പറന്ന് പറന്ന്, കരിയിലക്കാറ്റുപോലെ, നവംബറിന്റെ നഷ്ടം, ദേശാടനക്കിളി കരയാറില്ല, തിങ്കളാഴ്ച നല്ലദിവസം, അരപ്പട്ടകെട്ടിയ ഗ്രാമം, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , തൂവാനത്തുമ്പികള്‍ , നൊമ്പരത്തിപ്പൂവ്, സീസണ്‍ , അപരന്‍ , മൂന്നാംപക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍ . 1991 ജനുവരി 24ന് അന്തരിച്ചു. ഭാര്യ: രാധാലക്ഷ്മി. മക്കള്‍ ‍: മാധവിക്കുട്ടി, അനന്തപത്മനാഭന്‍ .23 News Items found. Page 1 of 3