സംഗീത സംവിധാനം

പി.സി. സുശി


1985-ല്‍ 'ആരോടും പറയരുത്' എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിര്‍വ്വഹിച്ചു. 1956-ല്‍ ജനിച്ച പി.സി. സുശിക്ക് കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തോട് ഭ്രമമായിരുന്നു. ചിറ്റപ്പനായ കൊച്ചുവാവ ഭാഗവതരായിരുന്നു ആദ്യഗുരു. തബല, ഗിറ്റാര്‍ എന്നീ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന സുശി തികച്ചും ആകസ്മികമായിട്ടാണ് സിനിമാരംഗത്തേക്കു കടക്കുന്നത്. വിവാഹിതന്‍ ഭാര്യ പൊന്നി, ഒരു കുഞ്ഞ്.


പി.കെ. ശിവദാസ്


ആദ്യചിത്രം 'പെരിയാര്‍ ആണ്' പി.ജെ. ആന്റണി രചിച്ച രണ്ടു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. അതിലെ ബാക്കി മൂന്നു പാട്ടുകള്‍ക്ക് ജോബ് സംഗീതം നല്‍കി. ബി.കെ. ശശിയുമായി ചേര്‍ന്ന് പിന്നീട് 'തീരങ്ങള്‍ 'എന്ന മറ്റൊരു ചിത്രത്തിലും സംഗീതം പകര്‍ന്നിട്ടുണ്ട്. 1100 കര്‍ക്കിടകത്തില്‍ എറണാകുളം ചളിക്കവട്ടത്ത് ജനിച്ചു. അച്ഛന്‍ കിഴക്കേടത്ത് കൊച്ചുകുട്ടി. അമ്മ നാരായണി. ഇന്റര്‍ മീഡിയറ്റ് പാസ്സായതിനു ശേഷം കേരള പ്രോഗ്രസ്സീവ് തീയേട്രിക്കല്‍ ആര്‍ട്സില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വളരെയധികം നാടക ഗാനങ്ങള്‍ക്കും കവിതകള്‍ക്കും സംഗീതം പകര്‍ന്നു. ഭാര്യ ഓമന, മകന്‍ സുധീഷ്. മേല്‍വിലാസം : പി.കെ. ശിവദാസ്, കിഴക്കേടത്ത്, പടമുകള്‍ , കാക്കനാട്, കൊച്ചി.


പി.എസ്. ദിവാകര്‍


പിന്നണി ഗാന സാങ്കേതികരീതി മലയാളത്തില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയ 'നിര്‍മ്മല' എന്ന ചിത്രത്തിന്റെ സംഗീത സംവിധാന ചുമതല ഇ.ഐ. വാര്യരോടൊപ്പം ഏറ്റെടുത്തു. കൊച്ചി സ്വദേശികളായ ടി.കെ. ഗോവിന്ദറാവുവിനേയും സരോജനിമേനോനെയും മലയാള ചിത്രങ്ങളില്‍ പാടുന്ന, ആദ്യ പിന്നണിഗായകരാക്കി. തമിഴ്, കര്‍ണ്ണാടകം, സിംഹളം തുടങ്ങിയ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 'ഇത്തിക്കരപ്പക്കി' തുടങ്ങി പന്ത്രണ്ട് (12) ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1935-ല്‍ 'മേനക' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയുമായി ബന്ധപ്പെട്ടു.

തിരുവനന്തപുരത്ത് വേലുപ്പിള്ളയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച ദിവാകര്‍ ചെറുപ്പകാലം കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്താണ് ചെലവഴിച്ചത്. കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ പാടിയും അഭിനയിച്ചും വളര്‍ന്ന അദ്ദേഹം മദ്രാസിലെത്തി. പിന്നീട് സംഗീതത്തില്‍ പ്രാവീണ്യം നേടി, സാക്സാഫോണ്‍ വായനക്കാരനായിത്തീര്‍ന്നു.
ഭാര്യ ഓമനത്തങ്കച്ചി രണ്ടു പെണ്‍മക്കള്‍ .


പരമുദാസ്


വെള്ളിനക്ഷത്രം എന്ന ചിത്രത്തിന്റെ സംഗീതച്ചുമതലകളില്‍ , ആ കാലത്തെ ഹാര്‍മോണിസ്റ്റായിരുന്ന പരമുദാസും ബന്ധപ്പെട്ടിരുന്നു.


പാര്‍ത്ഥസാരഥി


1962 ല്‍ പുറത്തുവന്ന 'വേലുത്തമ്പിദളവ' എന്ന ചിത്രത്തില്‍ വി. ദക്ഷിണാമൂര്‍ത്തിയോടൊപ്പം പാര്‍ത്ഥസാരഥി സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പാര്‍ത്ഥസാരഥി പ്രസിദ്ധ തമിഴ് ഹിന്ദി ചലച്ചിത്ര നടനായ രഞ്ചന്റെ സഹോദരനും ജെമിനി സ്റ്റുഡിയോവിലെ സംഗീതവിഭാഗം മേധാവിയും ആയിരുന്നു.


പീതാംബരം


'ജനോവ' യിലെ 'ഗതിനീയേ....' തുടങ്ങിയ ചില ഗാനങ്ങള്‍ എഴുതിയത് പീതാംബരനാണ്. മറ്റുചിലത് സ്വാമി ബ്രഹ്മവ്രതനും.


പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്


1987-ല്‍ അന്തരിച്ച പ്രസിദ്ധ സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത ' തൂവാനത്തുമ്പികള്‍ 'എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് സിനിമാരംഗത്തു വന്നു. 1944-ല്‍ പെരുമ്പാവൂരില്‍ ജനിച്ചു. അച്ഛന്‍ അഡ്വ. വി.ആര്‍ . ഗോപാലപിള്ള, അമ്മ ഭാര്‍ഗ്ഗവിയമ്മ. ഏഴാം വയസ്സില്‍ സംഗീതാഭ്യസനം തുടങ്ങി. പെരുമ്പാവൂര്‍ ബാലകൃഷ്ണയാണ് ഗുരു. കോളേജില്‍ പഠിയ്ക്കുമ്പോള്‍ തന്നെ സംഗീതകച്ചേരികള്‍ നടത്തിവന്നു. 1977-ല്‍ തരംഗനിസരി സ്ക്കൂളില്‍ അദ്ധ്യാപകനായി. 1978-ല്‍ ആകാശവാണിയില്‍ ജോലികിട്ടി. 1990 ലെ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള അവാര്‍ഡ് 'ഇന്നലെ' എന്ന ചിത്രത്തിലെ സംഗീതത്തിനു കിട്ടി. ഭാര്യ ശോഭ, കുട്ടികള്‍ ലക്ഷ്മി, അനന്തപത്മനാഭന്‍ . വിലാസം : പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ആഞ്ജനേയ ടെമ്പിള്‍ റോഡ്, ശാസ്തമംഗലം, തിരുവനന്തപുരം.


പീറ്റര്‍ റൂബന്‍


മദ്രാസ് ക്രിസ്റ്റ്യന്‍ ആര്‍ട് സെന്ററിലെ സംഗീതവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന പരമശിവം എന്ന കായംകുളത്തുകാരന്‍ പരമശിവന്‍നായര്‍ അദ്ദേഹത്തിന്റെ ഹിന്ദുത്വം ജോലിയെയും ജീവിതത്തേയും ബാധിയ്ക്കുമെന്നായപ്പോള്‍ അവിടുത്തെ മേലധികാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി പേര് മാറ്റി പീറ്റര്‍ എന്നാക്കി. അദ്ദഹം റൂബനുമായി ചേര്‍ന്നാണ് 'കാറ്റുവിതച്ചവന്‍ ' എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നത്. ഗാനങ്ങള്‍ എഴുതിയത് പൂവച്ചല്‍ ഖാദര്‍ .


പ്രദീപ് സിംഗ്


1967 ല്‍ 'മുള്‍ക്കിരീടം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് സിനിമാരംഗത്തെത്തി. കൂടാതെ 'മുത്ത്' എന്ന ചിത്രത്തിനും സംഗീതം നല്‍കി.
1935-ല്‍ ചെറായിയില്‍ കൊറശ്ശേരിയില്‍ കോന്നന്റേയും കാര്‍ത്യായനിയുടെയും മകനായി ജനിച്ചു. എസ്.എസ്.എല്‍ സി. വരെ പഠിച്ചു. അമ്മ സംഗീത അദ്ധ്യാപികയായിരുന്നു. പി.എച്ച്.ഇ.ഡി.യില്‍ ഡ്രാഫ്റ്റ്സ്മാനായിരിക്കെ 1961-ല്‍ തങ്കമണിയെ വിവാഹം കഴിച്ചു. മൂന്നുകുട്ടികള്‍ ശ്രീകല, ശ്രീലത, പ്രദീപ് 1974 ല്‍ മികച്ച നാടകസംഗീതത്തിനുള്ള സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡ് കിട്ടി. മേല്‍വിലാസം : പ്രദീപ് സിംഗ്, ശ്രീരാഗം, കനാല്‍ റോഡ്, തോട്ടയ്ക്കാട്ടുകര, ആലുവ


പ്രേംനവാസ്


'ഈണം തെറ്റിയ കാട്ടാറ്' എന്ന ചിത്രത്തില്‍ പ്രേംനവാസ് (നടന്‍ പ്രേംനവാസ് അല്ല) സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ഒരു വാദ്യസംഗീതോപകരണ വിദഗ്ധനാണ് പ്രേംനവാസ്.11 News Items found. Page 1 of 2