ഗായകന്‍

പി.ബി. ശ്രീനിവാസ്


പുത്രധര്‍മ്മം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് പി.ബി.ശ്രീനിവാസ് മലയാള ഗായകനിരയിലേക്കെത്തിയത് . ആന്ധ്രയിലെ കാക്കിനാഡയാണ് പി.ബി. ശ്രീനിവാസിന്റെ ജന്മനാട്. അച്ഛന്‍ പി.ബി.വി.എല്‍ഫണീന്ദ്രസ്വാമി. അമ്മ ശേഷഗിരിയമ്മാള്‍ . സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കാക്കിനാഡയില്‍ തീര്‍ത്തതിനുശേഷം നിയമം പഠിക്കാന്‍ മദ്രാസിലെത്തി. പഠിത്തം തുടര്‍ന്നില്ല. പ്രസിദ്ധ വീണവിദ്വാന്‍ ഏമനി ശങ്കരശാസ്ത്രി ശ്രീനിവാസനെ ജെമിനി 'മിസ്റ്റര്‍ സമ്പത്ത്' എന്ന ഹിന്ദി ചിത്രത്തില്‍ ചില ചെറിയ ഗാനങ്ങള്‍ പാടാന്‍ സമ്മതിച്ചു. പിന്നീട് തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച 'ജാതകഫല' എന്ന ചിത്രത്തില്‍ ആര്‍ നാഗേന്ദ്രറാവു, ശ്രീനിവാസനെ തികഞ്ഞ ഒരു ഗായകനാക്കി മാറ്റി. ലതാമങ്കേഷ്ക്കറിനോടൊപ്പം 'മൈ ഭീ ലഡ്കീ ഹും' എന്ന ചിത്രമുള്‍പ്പെടെ പല ഭാഷകളിലും പാടി, വളരെ ശ്രദ്ധേയനായി.

സംഗീത സംവിധാനുവും ചെയ്യാന്‍ അറിയാവുന്ന ശ്രീനിവാസന്‍ ഹിന്ദി, ഉറുദു കവി കൂടിയാണ്. മലയാളത്തില്‍ ആദ്യം ആലപിക്കുന്നത്. പി.എസ്. ദിവാകറിന്റെ സംഗീത സംവിധാനത്തില്‍ 'പുത്രധര്‍മ്മം' എന്ന ചിത്രത്തിലാണ്. 1954-ല്‍ 'കാട്ടുതുളസി' എന്ന ചിത്രത്തിലെ 'തുളസീ....', 'സ്കൂള്‍ മാസ്റ്ററി'ലെ 'നിറഞ്ഞ കണ്ണുകളോടെ...', 'നിണമണിഞ്ഞ കാല്പാടുകളി' ലെ 'മാമലകള്‍ക്കപ്പുറത്ത്....' തുടങ്ങി അനേകം ഗാനങ്ങളിലൂടെ പി.ബി. ശ്രീനിവാസിനെ ഓര്‍ക്കുന്നു. മേല്‍വിലാസം പി.ബി. ശ്രീനിവാസ്, പി.ബി.നമ്പര്‍ .3355, മദ്രാസ് 600035


പി ജയചന്ദ്രന്‍


P. Jayachandran

മലയാളത്തിന്റെ ഭാവഗായകനായി അറിയപ്പെടുന്ന ജയചന്ദ്രന്‍ ചിദംബരനാഥ് ഒരുക്കിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ പി ഭാസ്ക്കരന്‍ എഴുതിയ ഒരു മുല്ലപ്പൂമാലയുമായി... എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. പക്ഷേ, ആ ചിത്രം റിലീസായില്ല. ഇതിനിടയില്‍ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ രണ്ടു പാട്ടുകള്‍ പാടിയത് കേട്ട സംവിധായകന്‍ എ.വിന്‍സന്റ്, സംഗീത സംവിധായകന്‍ ദേവരാജനോട് ശുപാര്‍ശ ചെയ്തു. അങ്ങനെ ദേവരാജന്‍ അദ്ദേഹം സംഗീതം ചെയ്ത, പി.ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ' കളിത്തോഴന്‍ ' എന്ന ചിത്രത്തിനുവേണ്ടി പാടിച്ചു. ഈ ചിത്രം 1967-ല്‍ പുറത്തു വരികയും പ്രസ്തുതഗാനം വളരെ പ്രശസ്തമാവുകയും ചെയ്തു തുടര്‍ന്ന് അനേകശതം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യയിലെ പല ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ പാടി. നിന്മണിയറയിലെ, ഇന്ദുമുഖീ കല്ലോലിനീ, തിരുവാഭരണം ചാര്‍ത്തിവരും, ഏകാന്ത പഥികന്‍ ഞാന്‍... തുടങ്ങി ആയിരത്തിലധികം ഗാനങ്ങള്‍ പാടി. അനായാസമായ ആലാപന ശൈലിക്ക് ഉടമയായ ജയചന്ദ്രനെത്തേടി ധാരാളം ബഹുമതികളുമെത്തി. 1972ല്‍ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ സുപ്രഭാതം... എന്ന ഗാനത്തിനും '78ല്‍ എം ബി ശ്രീനിവാസന്‍ ഈണം പകര്‍ന്ന 'ബന്ധന'ത്തിലെ ശ്രീരാഗം..., '99ല്‍ 'നിറം' എന്ന ചിത്രത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി... എന്ന ഗാനത്തിനും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 1985ലെ മികച്ച പിന്നണി ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ജയചന്ദ്രന്‍ കരസ്ഥമാക്കി. തമിഴ്നാട് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ കലൈമാമണി അവാര്‍ഡ് 1997ല്‍ നേടി. ആദ്യ സ്വരലയ കൈരളി പുരസ്കാരം 2001ല്‍ നേടിയ അദ്ദേഹം 2008ല്‍ ആദ്യമായി ഹിന്ദി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ അല്‍ക്കാ യാഗ്നിക്കിനൊപ്പമായിരുന്നു ഇത്.

പാലിയത്ത് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രാമ്മ കുഞ്ഞമ്മയുടെയും മകനായി 1944ല്‍ എറണാകുളത്ത് ജനിച്ചു. ബിഎസ്സി ബിരുദധാരി. ഇരിങ്ങാലക്കുടയാണ് സ്വദേശം. ഭാര്യ: ലളിത. രണ്ട് കുട്ടികള്‍. വിലാസം ജയചന്ദ്രന്‍ പി. 50/4 തിരുമലൈ പിള്ളൈ റോഡ്, ടി നഗര്‍ , മദ്രാസ് 17


പി.ജെ. ആന്റണി


'മുറപ്പെണ്ണ്' എന്ന ചിത്രത്തില്‍ 'തേയവാഴിത്തമ്പുരാന്റെ......' എന്ന ഗാനം പാടി പിന്നണിഗായകനായി. പ്രശസ്ത നാടകരചയിതാവും നടനുമായിരുന്ന പി.ജെ. ആന്റണി 'രണ്ടിടങ്ങഴി' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നടനായി. സുഹൃത്ത്, പെരിയാര്‍ , റാഗിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചനയും ' പെരിയാര്‍ ' എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഏറ്റവും നല്ല നടനുള്ള 'ഭരത്' അവാര്‍ഡ് നേടിയ ആന്റണി വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു.


പത്മനാഭന്‍


'നിറമാല' എന്ന ചിത്രത്തിലെ 'പോനാല്‍ പോകട്ടും....' എന്ന ഗാനം പത്മനാഭന്‍ പാടി.


പാപ്പുക്കുട്ടി ഭാഗവതര്‍


1950-ല്‍ 'പ്രസന്ന' എന്ന ചിത്രത്തിനുവേണ്ടി 'വിധിയുടെ ലീലാവിനോദങ്ങള്‍ ....' എന്ന ഗാനത്തിന്റെ പിന്നണിപാടിക്കൊണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍ സിനിമാവേദിയില്‍ അരങ്ങേറി .ആ ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുകയും ചെയ്തു. ഓച്ചന്‍തുരുത്ത് ചക്കാലയ്ക്കല്‍ മിഖായേലിന്റെയും അന്നാമ്മയുടെയും പുത്രനായി 1913-ല്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ വിദ്യാഭ്യാസം ചെയ്തതിനുശേഷം പതിനാറാമത്തെ വയസ്സില്‍ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ 'മിശ്രിഹാചരിത്രം' എന്ന പ്രസിദ്ധനാടകത്തില്‍ അഭിനയിച്ചുകൊണ്ട് ഭാഗവതര്‍ കലാലോകത്തേയ്ക്കു കടന്നു. പിന്നീട് ശ്രീ. തിക്കുറിശ്ശി സുകുമാരന്‍നായരുടെ 'സ്ത്രീ' ഉള്‍പ്പെടെ, ധാരാളം നാടകങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. സൈഗാളിന്റെ ഹിന്ദി ഗാനങ്ങള്‍ അതീവ മധുരമായി ആലപിച്ചിരുന്ന പാപ്പുക്കുട്ടിയ്ക്ക് ' കേരളസൈഗാള്‍ ' എന്ന അപരനാമവും ഗായകരുടെയും ആസ്വാദകരുടെയും വകയായി ലഭിയ്ക്കുകയുണ്ടായിട്ടുണ്ട്. ഇന്ന്, അറിയപ്പെടുന്ന പിന്നണിഗായികയും, പ്രശസ്ത ചലച്ചിത്ര സംവിധായകനായ കെ.ജി. ജോര്‍ജ്ജിന്റെ ഭാര്യയുമായ 'സെല്‍മ' പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ്. വിലാസം : പാപ്പുക്കുട്ടി ഭാഗവതര്‍ , 'തെക്കന്‍ മാലിപ്പുറം', അഴീയ്ക്കല്‍ , കൊച്ചി 687 510


പരമശിവം (പീറ്റര്‍)


1962-ല്‍ പുറത്തിറങ്ങിയ ' ഭാഗ്യജാതക'ത്തില്‍ യേശുദാസിനോടൊപ്പം ' ഓം ജീവിതാനന്ദ.....'എന്ന ഗാനം ആലപിച്ചു. മുമ്പും പിമ്പും ചലച്ചിത്ര സംഗീതബന്ധമുള്ള അദ്ദേഹം പീറ്റര്‍ എന്നു പേരു മാറ്റി റൂബനുമായി ചേര്‍ന്നു സംഗീതസംവിധായകനുമായി.


പട്ടം സദന്‍


വിശ്വനാഥന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച 'ലില്ലി' എന്ന ചിത്രത്തില്‍ 'ഓടി ഓടി ഓടി വന്നു' എന്ന ഗാനത്തില്‍ പി.ലീലയുടെ കൂടെ പാടി. ഇന്ന് ഒരു ഹാസ്യനടനായി നാമറിയുന്ന പട്ടം സദന്‍ ഒരു കൊച്ചുഗായകനുമാണ് എന്നറിയുമ്പോള്‍ അത്ഭുതം തോന്നാം. 'പ്രഹ്ലാദ' എന്ന ചിത്രത്തില്‍ ബാലനടനായി പ്രവേശിച്ച സദാശിവന്‍ എന്ന സദന്‍ മദ്രാസില്‍ എത്തിപ്പെട്ടു. എം.എസ്. വിശ്വനാഥന്റെ സംഗീതസംഘത്തില്‍ ചേര്‍ന്നു. പിന്നീട് ദേവരാജന്‍ ഉള്‍പ്പെടെ പലരുടേയും മേല്‍നോട്ടത്തില്‍ തമാശപ്പാട്ടുകളും മറ്റും ധാരാളം പാടി. വിവാഹിതനായി. മദ്രാസില്‍ താമസം


പട്ടണക്കാട് പുരുഷോത്തമന്‍


ഉദയായുടെ 'മാനിഷാദ' എന്ന ചിത്രത്തിനുവേണ്ടി 'താമരപ്പൂങ്കാവില്‍ ....' എന്നാരംഭിക്കുന്ന ഗാനം ഗിരിജയോടൊപ്പം പാടി പിന്നണിഗാന രംഗത്തെത്തി. 1949-ല്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് രാമകൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനായി പുരുഷോത്തമന്‍ ജനിച്ചു. വയലാര്‍ കുഞ്ഞന്‍ ഭാഗവതായിരുന്നു ആദ്യഗുരു. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി 5 വര്‍ഷം സംസ്ഥാന യുവജവനോത്സവങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ചെന്നായ വളര്‍ത്തിയ കുട്ടി' എന്ന ചിത്രത്തില്‍ 'പഞ്ചമിചന്ദ്രിക...' എന്ന ഗാനം എസ്. ജാനകിയോടൊപ്പം പാടി. ഭാര്യ രത്നമ്മ, ജയേഷ്, ഷൈനി, ജനീഷ്, ഷീബ എന്നീ നാലുമക്കളോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു. മേല്‍വിലാസം പട്ടണക്കാട് പുരുഷോത്തമന്‍ , ഗസ്റ്റോ ഹൗസ്, റ്റി.സി. 9/1068, ശാസ്തമംഗലം, തിരുവനന്തപുരം.


പീര്‍മുഹമ്മദ്


1979-ല്‍ പുറത്തിറങ്ങിയ 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിനുവേണ്ടി 'കോടി ചെന്താമരപ്പൂ....' എന്ന ബിച്ചുതിരുമലയുടെ ഗാനം പാടിക്കൊണ്ട് പീര്‍മുഹമ്മദ് ചലച്ചിത്രഗായകനായി. സംഗീതം എ.ടി. ഉമ്മര്‍ .


പൊന്‍കുന്നം രവി


'പട്ടാഭിഷേകം' എന്ന ചിത്രത്തില്‍ 'പഞ്ചമിസന്ധ്യയില്‍ ...' എന്ന ഗാനം പൊന്‍കുന്നം രവി പാടി.11 News Items found. Page 1 of 2