ഗായിക

പി.എ. പെരിയനായകി


പ്രസന്ന എന്ന ചിത്രത്തിലെ 'സ്നേഹം തൂകും മാതേ....' എന്ന ഗാനമാണ് പി.എ പെരിയനായകി ആലപിച്ച മലയാള ഗാനം. ധാരാളം തമിഴ് ചലച്ചിത്രങ്ങളില്‍ ശാസ്ത്രീയലളിതഗാനങ്ങള്‍ പാടിയിട്ടുള്ള ഗായികയാണ് പി.എ. പെരിയനായകി.


പി.കെ.കമലാക്ഷി


നാടകങ്ങളില്‍ പ്രസിദ്ധിനേടിയ പി.കെ. കമലാക്ഷി 'ജ്ഞാനാംബിക' എന്ന ചിത്രത്തില്‍ 'മായാചരിതം.....' എന്ന ഗാനം സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുമായി ചേര്‍ന്ന് പാടി അഭിനയിച്ചു.


പി.ലീല


1948-ല്‍ പുറത്തുവന്ന നിര്‍മ്മല എന്ന ചിത്രത്തിലെ 'കേരളമേ ലോകനന്ദനം...' എന്ന ഗാനം പാടിക്കൊണ്ട് ആദ്യ പിന്നണി ഗായികയായ സരോജിനി മേനോനു പുറകേ മലയാള സംഗീതലോകത്തിലേക്കെത്തിയ പി ലീല ഒരു ജൈത്രയാത്രയ്ക്കു തുടക്കമിട്ടു. മലയാളത്തിന്റെ പൂങ്കുയില്‍ ' എന്നറിയപ്പെടുന്ന ഗായികയായ പി.ലീല 1935-ല്‍ പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പൊറായത്ത് വീട്ടില്‍ ഇ.കെ.കുഞ്ഞന്‍ മേനോന്റെയും പൊറായത്ത് മീനാക്ഷിക്കുട്ടി അമ്മയുടെയും മകളായി പിറന്നു. പിതാവ് എറണാകുളം ശ്രീരാമവര്‍മ്മ ഹൈസ്കൂള്‍ ടീച്ചറും നടനും കായികവിനോദപ്രേമിയുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1944-ല്‍ ലീല മദിരാശിയിലെത്തി. തൃപ്പുണിത്തുറ മണിഭാഗവതരുടെയും, വടക്കഞ്ചേരി രാമഭാഗവതരുടേയും, മരുത്വക്കുടി രാജഗോപാലയ്യരുടെയും, ചെമ്പൈവൈദ്യനാഥഭാഗവതരുടെയും, വി. ദക്ഷിണാമൂര്‍ത്തിയുടെയും, പട്ടമടൈ കൃഷ്ണയ്യരുടെയും മറ്റും ശിഷ്യത്വം സ്വീകരിച്ച ലീല,കര്‍ണ്ണാടക സംഗീതത്തില്‍ അവഗാഹമായ ജ്ഞാനം സമ്പാദിച്ചിട്ടുണ്ട്.

എച്ച്. ആര്‍ . പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ 'ശ്രീവരലക്ഷ്മി....' എന്ന ഗാനം ആലപിച്ചുകൊണ്ട് ലീല വെള്ളിത്തിരയിലേക്ക് നാദം പകര്‍ന്നു തുടങ്ങി. തുടര്‍ന്ന് ഇന്നോളം അയ്യായിരത്തിനുമേല്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ പി.ലീലയുടെ ആദ്യ മലയാളചിത്രം 1948-ല്‍ പുറത്തുവന്ന നിര്‍മ്മലയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഗുജറാത്തി, മറാത്തി, ഹിന്ദി എന്നീ ഭാഷകള്‍ക്ക്, സംഗീതസാന്ദ്രമായ നാദം പകര്‍ന്നുകൊടുത്ത ലീലയെ എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി.

നാരായണീയം, ഹരിനാമകീര്‍ത്തനം, അയ്യപ്പസുപ്രഭാതം, ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാസുപ്രഭാതം, പാറമേക്കാവില്‍ ഭഗവതി, നൂറ്റെട്ടുഹരി തുടങ്ങിയ ഭക്തിഗാന റെക്കാര്‍ഡുകള്‍ ലീലയുടെ പ്രസിദ്ധിക്ക് തിലകം ചാര്‍ത്തിയവയാണ്. ആദ്യത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഗാനാലാപനത്തിന് ലീല നേടി ( 1969ല്‍ ) .പിന്നീട് സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയക്കമ്മിറ്റിയില്‍ ഒരു ജൂറിയുമായിരുന്നു. വിലാസം : പി.ലീല, സംഗീദവിദുഷി, 97, ഡിഫെന്‍സ് കോളനി, നന്ദംപാക്കം, മദ്രാസ് 97


പി. എന്‍ .ലക്ഷ്മി (പള്ളുരുത്തി എന്‍ ലക്ഷ്മി)


പള്ളുരുത്തി ലക്ഷ്മി എന്നും പി.എന്‍ ലക്ഷ്മി എന്നും പേരുള്ള ഇവര്‍ 'ബാലനി'ല്‍ 'ആഘോഷങ്ങളെന്തു ചൊല്ലാം....' എന്ന ഗാനം പാടുകയും അഭിനയിക്കുകയും ചെയ്തു. നാടകരംഗത്തു പിന്നെയും ശോഭിച്ചു.


പി. സുശീല


ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ ഉദയായുടെ 'സീത' എന്ന ചിത്രത്തിനുവേണ്ടി 'പാട്ടുപാടി ഉറക്കാം ഞാന്‍ ....' എന്ന ഗാനം പാടിക്കൊണ്ടാണ് സുശീല മലയാള ചലച്ചിത്രലോകത്തിലേയ്ക്ക് കടന്നുവന്നത്. ഭാവം, ശബ്ദത്തില്‍തന്നെ അലിഞ്ഞു ചേര്‍ന്നിരിയ്ക്കുക എന്ന അപൂര്‍വ്വഭാഗ്യം ലഭിച്ച അനുഗൃഹീത ഗായികയായ ശ്രീമതി പി.സുശീല, ആന്ധ്രപ്രദേശിലെ വിജയ് നഗരം ജില്ലയിലെ വിജയനഗരത്തില്‍ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ , ക്രിമിനല്‍ വക്കീലായ മുകുന്ദറാവുവിന്റെയും ശേഷാവതാരത്തിന്റെയും മകളായി ജനിച്ചു. വീണയില്‍ തല്പരനായിരുന്ന പിതാവില്‍നിന്നുതന്നെ സുശീല സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് പ്രസിദ്ധ വയലിനിസ്റ്റ് ദ്വാരം വെങ്കിടസ്വാമിനായിഡു പ്രിന്‍സിപ്പലായിരുന്ന മഹാരാജാസ് മ്യൂസിക് കോളേജില്‍ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ നേടി.

ഒന്‍പതാം വയസ്സില്‍ കച്ചേരികള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കിയിരുന്ന പിതാവിന് മകളൊരു എം.എസ്. സുബ്ബലക്ഷ്മിയോ, ഡി.കെ. പട്ടാംബാളോ ആയിക്കാണണമെന്നായിരുന്നു ആഗ്രഹം. അതിന്റെ ഫലമായി മദ്രാസ് മ്യൂസിക് അക്കാഡമിയില്‍ മുസുരി സുബ്രഹ്മണ്യയ്യരുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസത്തോളം ശിക്ഷണം നേടാന്‍ കഴിഞ്ഞു. ഈ അവസരത്തില്‍ 'ദേവദാസ്' എന്ന പ്രസിദ്ധചിത്രത്തിന്റെ സംഗീതസംവിധായകനായ സുബ്ബരാമന്റെ സംഗീതത്തില്‍ 'മംഗരാജു' എന്ന തെലുങ്കു ചിത്രത്തില്‍ ആദ്യമായി പിന്നണി പാടാന്‍ സാധിച്ചു. ആ ഗാനം അത്ര പ്രസിദ്ധമായിട്ടില്ല. തുടര്‍ന്ന് എ.വി.എം.ല്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. വീണ്ടും ഒരു പരീക്ഷണത്തിന് തുനിഞ്ഞു.
ലതാ മങ്കേഷ്ക്കറുടെ ഹിന്ദിഗാനങ്ങള്‍ ഹൃദ്യമായി ആലപിച്ചിരുന്ന സുശീലയുടെ ശബ്ദത്തില്‍ ആകൃഷ്ടനായ സംഗീതസംവിധായകന്‍ പെണ്ഡ്യാലനാഗേശ്വരറാവു 'ഗജേന്ദ്രമോക്ഷം' ശ്ലോകം തമിഴിലും തെലുങ്കിലും പാടാന്‍ അവസരം നല്‍കി. അന്നുമുതല്‍ ഇന്നോളം തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സിംഹളം തുടങ്ങിയ ഭാഷകളിലായി അനേകായിരം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

സംഗീതസംവിധായകനായ ദേവരാജനാണ് സുശീലയെ മലയാളചലച്ചിത്രങ്ങളിലെ ഗാനരംഗത്ത് വാഴിച്ചത്. 'പെരിയാറെ.....', 'മുള്‍ക്കിരീടമിതെന്തിനുനല്‍കി......', 'പൂന്തേനരുവീ.......', 'പ്രിയതമാ.....', 'സീതപ്പക്ഷീ....', 'എല്ലാരും പാടത്തു.......', 'നളചരിതത്തിലെ.....' എന്നിങ്ങനെ എത്രയെത്ര ഗാനങ്ങളിലൂടെയാണ് സുശീലയുടെ കളനാദം മലയാളത്തെ കോരിത്തരിപ്പിച്ചിട്ടുള്ളത്. 1967, 71, 77, 83, 84 എന്നീ വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡ്, 1971 ലെ കേരള സംസ്ഥാന അവാര്‍ഡ്, 1978, 79-ല്‍ തമിഴ് നാട് 'കലൈമാമണി' അവാര്‍ഡ്, 1979-ല്‍ ആന്ധ്രപ്രദേശിലെ 'നന്ദി' അവാര്‍ഡ് തുടങ്ങി ഈ അനുഗൃഹീത ഗായികയെ തേടിയെത്തിയ പുരസ്കാരങ്ങളുടെ പട്ടിക നിരവധിയാണ്.

1957-ല്‍ ഡോക്ടര്‍ മോഹന്‍റാവുവുമായുള്ള വിവാഹബന്ധത്തില്‍ സുശീലയ്ക്ക് ജയകൃഷ്ണന്‍ എന്നൊരു പുത്രന്‍ മാത്രമാണുള്ളത്. അടുത്തകാലത്ത് മോഹന്‍റാവു അന്തരിച്ചു. വിലാസം പി. സുശീല, 9, അശോകാ സ്ട്രീറ്റ്, മദ്രാസ് 600 018


പത്മാസുബ്രഹ്മണ്യം


'എന്നെന്നും കണ്ണേട്ടന്റെ' എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം എഴുതി ജെറി അമല്‍ദേവ് സംഗീതം നല്‍കിയ 'കാക്കയും കീക്കയും....' എന്ന ഗാനം സുനന്ദയോടൊപ്പം പത്മാസുബ്രഹ്മണ്യം പാടി.


പത്മിനി


'നിര്‍മ്മാല്യം' എന്ന ചിത്രത്തില്‍ സ്വാതിതിരുനാള്‍ കൃതിയായ 'പനിമതി ബാലെ...' എന്ന പദം പത്മിനി പാടി.


പ്രഭ


1963-ല്‍ പുറത്തുവന്ന 'സുശീല' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ പ്രഭ, ഉദയാഭാനുവിനോടും പി.ബി.ശ്രീനിവാസിനോടുമൊപ്പം 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന ഗാനം പാടി.


പ്രീത പി. വി


ഉമ നിലയം, ടി.സി.17/1204, ശാസ്ത നഗര്‍ , പാങ്ങോട്, തിരുമല പി.ഒ., തിരുവനന്തപുരം-695 006


പ്രേമ


1965-ല്‍ 'ചേട്ടത്തി' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീതത്തില്‍ വയലാര്‍ എഴുതിയ 'പതിനാറു വയസ്സു കഴിഞ്ഞാല്‍ ..' എന്ന ഗാനം യേശുദാസിനോടൊപ്പം പാടി പ്രേമ പിന്നണി ഗായികയായി.13 News Items found. Page 1 of 2