രചന

പി.എ. കാസിം


'ചുഴി' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടി. 'മധുരമധുരമീ മാനസം' ഉള്‍പ്പെടെ മൂന്നു ഗാനങ്ങള്‍ കാസിം എഴുതി. ബാക്കി മൂന്നു ഗാനങ്ങള്‍ പൂവച്ചല്‍ ഖാദര്‍ എഴുതി.


പി.ബി. ശ്രീനിവാസ്


പ്രസിദ്ധ പിന്നണിഗായകനായ പി.ബി. ശ്രീനിവാസ് ആദ്യമായി ഒരു മലയാള സിനിമയ്ക്കുവേണ്ടി എഴുതിയ ഹിന്ദിഗാനമാണ് 'ദില്‍ കേ കിനാരേ...'. 'തടാകം' എന്ന സിനിമയ്ക്കുവേണ്ടിയാണ് ഈ ഗാനം എഴുതിയത്. അദ്ദേഹം ഗായകന്‍ മാത്രമല്ല, ഹിന്ദിയിലും ഉറുദുവിലും മനോഹരമായി എഴുതാന്‍ കഴിയുന്ന അംഗീകരിക്കപ്പെട്ട കവി കൂടിയാണ്. നിഷ്ക്കളങ്കനും സരസമായി സംസാരിക്കാന്‍ കഴിവുള്ളയാളും ആണ്.

ആന്ധ്രയിലെ കാക്കിനാഡയാണ് പി.ബി. ശ്രീനിവാസിന്റെ ജന്മനാട്. അച്ഛന്‍ പി.ബി.വി.എല്‍ ഫണീന്ദ്രസ്വാമി, അമ്മ ശേഷഗിരിയമ്മാള്‍ .സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കാക്കിനാഡയില്‍ തീര്‍ത്തതിനുശേഷം നിയമം പഠിക്കാന്‍ മദ്രാസിലെത്തി. പഠിത്തം തുടര്‍ന്നില്ല. പ്രസിദ്ധ വീണവിദ്വാന്‍ ഏമനി ശങ്കരശാസ്ത്രി ശ്രീനിവാസനെ ജെമിനി 'മിസ്റ്റര്‍ സമ്പത്ത്' എന്ന ഹിന്ദി ചിത്രത്തില്‍ ചില ചെറിയ ഗാനങ്ങള്‍ പാടാന്‍ സമ്മതിച്ചു. പിന്നീട് തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച 'ജാതകഫല' എന്ന ചിത്രത്തില്‍ ആര്‍ നാഗേന്ദ്രറാവു, ശ്രീനിവാസനെ തികഞ്ഞ ഒരു ഗായകനാക്കി മാറ്റി. ലതാമങ്കേഷ്ക്കറിനോടൊപ്പം 'മൈ ഭീ ലഡ്കീ ഹും' എന്ന ചിത്രമുള്‍പ്പെടെ പല ഭാഷകളിലും പാടി, വളരെ ശ്രദ്ധേയനായി.

മലയാളത്തില്‍ ആദ്യം ആലപിക്കുന്നത്. പി.എസ്. ദിവാകറിന്റെ സംഗീത സംവിധാനത്തില്‍ 'പുത്രധര്‍മ്മം' എന്ന ചിത്രത്തിലാണ്. 1954-ല്‍ 'കാട്ടുതുളസി' എന്ന ചിത്രത്തിലെ 'തുളസീ....', 'സ്കൂള്‍ മാസ്റ്ററി'ലെ 'നിറഞ്ഞ കണ്ണുകളോടെ...', 'നിണമണിഞ്ഞ കാല്പാടുകളി' ലെ 'മാമലകള്‍ക്കപ്പുറത്ത്....' തുടങ്ങി അനേകം ഗാനങ്ങളിലൂടെ പി.ബി. ശ്രീനിവാസിനെ ഓര്‍ക്കുന്നു. മേല്‍വിലാസം പി.ബി. ശ്രീനിവാസ്, പി.ബി.നമ്പര്‍ .3355, മദ്രാസ് 600 035


പി. ഭാസ്ക്കരന്‍


1950-ല്‍ പുറത്തിറങ്ങിയ 'ചന്ദ്രിക' എന്ന മലയാള ചിത്രത്തിലെ 'ചൊരിയുക മധുമാധുരി....'എന്ന ഗാനമാണ് ഭാസ്കരനെ സിനിമാഗാനരചയിതാവാക്കിയത്. 1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ പ്രസിദ്ധകവിയായിരുന്ന നന്ത്യേലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളുഅമ്മയുടെയും പുത്രനായി പി. ഭാസ്ക്കരന്‍ ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും വക്കീലും സ്വാതന്ത്ര്യസമരസേനാനിയും ഒക്കെയായിരുന്ന പിതാവിന്റെ സമ്പാദ്യം കുറെ ഗ്രന്ഥശേഖരമുള്ള ഒരു പുസ്തകപ്പുരയായിരുന്നു. ഭാസ്ക്കരന്റെ ചെറുപ്പത്തില്‍ പിതാവ് മരണമടഞ്ഞപ്പോള്‍ ക്ലേശകരമായിത്തീര്‍ന്ന ജീവിതത്തിലെ ചങ്ങാതിമാര്‍ ഈ പുസ്തകക്കൂമ്പാരങ്ങള്‍ മാത്രം. വായിക്കാവുന്നിടത്തോളം വായിച്ചു. ഗ്രഹിയ്ക്കാവുന്നിടത്തോളം ഗ്രഹിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ കവിത കുത്തിക്കുറിയ്ക്കാന്‍ ആരംഭിച്ചു. അവ നന്നായി ചൊല്ലാനും അഭ്യസിച്ചു.
നാട്ടിലെ ഹൈസ്ക്കൂളില്‍ നിന്നും സ്ക്കൂള്‍ ഫൈനല്‍ പാസ്സായി എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്നപ്പോള്‍ കവിതയും സാഹിത്യവും ആത്മബന്ധുക്കളായി. 'മഹാകവി ഉലുകന്‍ ' എന്ന പേരില്‍ സി.എ. കിട്ടുണ്ണിയുടെ മാസികയില്‍ അന്ന് കവിതകള്‍ എഴുതുമായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം കിട്ടിയ ഭാസ്ക്കരന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സംഘടിപ്പിക്കുന്നതിന് നിയോഗിക്കപ്പെടുകയും അഖില കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 'ആഗസ്റ്റ്' സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലാവുകയും ആറുമാസത്തെ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദേശാഭിമാനി' വാരികയില്‍ പ്രവര്‍ത്തിച്ചു. 'മംഗളോദയ'ത്തിലൂടെ വില്ലാളി എന്ന ആദ്യകവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി.

തൊഴില്‍ രംഗത്തുനിന്ന് സാംസ്ക്കാരികരംഗത്തേക്ക് നീങ്ങിയ ഭാസ്ക്കരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗായക സംഘങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതി, പാടിക്കൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഭാസ്ക്കരന്റെയും ഗായകസംഘങ്ങളുടെയും ശക്തി കണ്ടറിഞ്ഞ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്ത് അത് നിരോധിച്ചു. തുടര്‍ന്ന് സി.ജെ. തോമസുമായി ചേര്‍ന്ന് കേരളത്തില്‍ ആദ്യമായി 'ഷാഡോ പ്ലേ' അവതരിപ്പിച്ചു.

വയലാറില്‍ ചോരപ്പുഴ ഒഴുകിയ കാലത്ത് 'രവി' എന്ന തൂലികാനാമത്തില്‍ ഭാസ്ക്കരനെഴുതിയ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിത ഭരണവര്‍ഗ്ഗത്തിന്റെ സ്വൈര്യം കെടുത്തി. അതോടെ ആ കവിതയും കവിയും തിരുവിതാംകൂര്‍ മണ്ണില്‍നിന്ന് പുറത്താക്കപ്പെട്ടു. 1947-48 കാലത്ത് മദിരാശിയില്‍ എത്തിയ ഭാസ്ക്കരന്‍ 'ജയകേരളം' പത്രാധിപസമിതിയംഗമായി. റേഡിയോയ്ക്കു വേണ്ടി നാടകങ്ങളും ഗാനങ്ങളും രചിച്ചു. തുടര്‍ന്ന് കോഴിക്കോട് റേഡിയോ നിലയത്തില്‍ ഉദ്യോഗസ്ഥനായി. കുറേ കാലങ്ങള്‍ക്കുശേഷം ജോലി ഉപേക്ഷിച്ച് മദ്രാസില്‍ എത്തി. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ടു. 1950-ല്‍ പുറത്തിറങ്ങിയ 'ചന്ദ്രിക' എന്ന മലയാള ചിത്രമായിരുന്നു ഭാസ്കരന്‍ ഗാനരചന നിര്‍വഹിച്ച ആദ്യമലയാള ചിത്രമെങ്കിലും അതിനുമുമ്പ് നാലുവരി സിനിമയ്ക്കുവേണ്ടി എഴുതിയത് ഒരു തമിഴ് ചലച്ചിത്രത്തിനുവേണ്ടിയായിരുന്നു. 'അപൂര്‍വ സഹോദരര്‍കള്‍ 'എന്ന ആദികാല തമിഴ് ചിത്രത്തില്‍ 'കടക്കണ്ണില്‍ തലപ്പത്തു കറങ്ങും വണ്ടേ...' എന്നു തുടങ്ങുന്ന ഒരു മലയാളഗാനം. 'നവലോക'ത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ 'തങ്കക്കിനാക്കള്‍ ഹൃദയേവീശും....' എന്ന ഗാനം പി. ലീലയും കോഴിക്കോട് അബ്ദുല്‍ഖാദറും ചേര്‍ന്ന് ആലപിച്ചു.

1953-ല്‍ രാമു കാര്യാട്ടുമായി ചേര്‍ന്ന് ' നീലക്കുയില്‍ ' എന്ന ചിത്രം സംവിധാനം ചെയ്തു. പ്രസിഡന്റിന്റെ വെള്ളിമെഡലിന് അര്‍ഹമായ 'നീലക്കുയിലി'ലെ ഗാനങ്ങള്‍ ഇന്നും പ്രസിദ്ധങ്ങളാണ്. തുടര്‍ന്ന് രാരിച്ചന്‍ എന്ന പൗരന്‍ , ഇരുട്ടിന്റെ ആത്മാവ്, തുറക്കാത്ത വാതില്‍ , ജഗദ്ഗുരു ശ്രീശങ്കരാചാര്യന്‍ , കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം തുടങ്ങി അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പടവാളുമായി പുറപ്പെട്ട ഭാസ്കരന്‍ അഭ്രപാളികളുടെ അതിതീവ്രമായ രശ്മികളില്‍കൂടി കടന്നുകയറിയപ്പോള്‍ കയ്യിലിരുന്ന വാളും കവിതയെഴുതേണ്ടിയിരുന്ന ഒരു കാലഘട്ടവും നഷ്ടപ്പെട്ടെങ്കിലും 248 ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിയഞ്ഞൂറിലേറെ ഗാനങ്ങളും ആശയസമ്പുഷ്ടമായ കവിതകളും അതുപാടാനുള്ള 'ഒറ്റക്കമ്പിയുള്ള തംബുരുവുമായി സ്വന്തം നാട്ടിന്റെ തലസ്ഥാനത്ത് എത്തിപ്പെട്ടു. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന കവിതാസമാഹാരത്തിന് 1982-ലെ കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്കാരമടക്കം നിരവധി കീര്‍ത്തിമുദ്രകള്‍ നേടിയിട്ടുള്ള ഭാസ്കരന്‍ , കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും ചലച്ചിത്രപരിഷത്തിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാഹിതന്‍ . ഭാര്യ ഇന്ദിര. നാലുമക്കള്‍ . അന്തരിച്ചു. വിലാസം : പി. ഭാസ്കരന്‍ , നമ്പര്‍ 9/438, ശങ്കര്‍റോഡ്, ജവഹര്‍നഗര്‍ , തിരുവനന്തപുരം 695 003


പി.ജെ. ആന്റണി


നാടകകൃത്തായ പി.ജെ. ആന്റണി സുഹൃത്ത്, പെരിയാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം ചിത്രങ്ങള്‍ക്ക് സംഭാഷണവും രചിച്ചു. ശങ്കരാടി സെക്രട്ടറിയായിരുന്ന പ്രതിഭാ തീയേറ്റേഴ്സില്‍ നടനായിരുന്നു. പിന്നീട് അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് ഗാനരചന നടത്തിയിട്ടുള്ളത്. ചലച്ചിത്രാഭിനയത്തിന് മലയാളത്തിലെ ആദ്യ 'ഭരത്' അവാര്‍ഡു നേടിയ പരേതനായ അദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.


പി.ജെ. ഈഴക്കാവ്


' കൊച്ചുമോന്‍ ' എന്ന ചിത്രത്തിലെ 'മാലാഖമാരേ, മറയല്ലേ...' എന്ന ഗാനത്തിന്റെ രചന നടത്തിയത് പി.ജെ. ഈഴക്കാവ് ആണ്.


പി.കെ. ഗോപി


' പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ' എന്ന സിനിമയില്‍ 'കതിരോലപ്പന്തലൊരുക്കി...' തുടങ്ങിയ ഗാനങ്ങള്‍ എഴുതികൊണ്ട് സിനിമാരംഗത്തേയ്ക്ക് വന്നു. 'മുക്തി' എന്ന ചിത്രത്തില്‍ ആദ്യമായി ഗാനങ്ങളെഴുതിയെങ്കിലും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചില്ല. ആറോളം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി.പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങിടിക്കലില്‍ കുഞ്ഞുപിള്ളയുടേയും കല്യാണിയുടേയും മകനായി ജനിച്ചു. നാടകരചനയിലൂടെ കലാരംഗത്ത് കടന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ കോമളം, മക്കള്‍ ആര്യയും സൂര്യയും. മേല്‍വിലാസം പി.കെ.ഗോപി, ഫീസിയോ തെറാപ്പിസ്റ്റ്, ചേവായൂര്‍ പി.ഒ., കോഴിക്കോട് 17


പി. കുഞ്ഞുകൃഷ്ണമേനോന്‍


1951-ല്‍ പുറത്തിറങ്ങിയ 'വനമാല' എന്ന ചിത്രത്തിലെ 'തള്ളിത്തള്ളി ഓ വെള്ളം...' തുടങ്ങിയ ഏതാനും ഗാനങ്ങള്‍ കവിയും സാഹിത്യകാരനും ആയിരുന്ന പി. കുഞ്ഞുകൃഷ്ണമേനോന്‍ ആണ് രചിച്ചത്. ശേഷിച്ച കുറേ ഗാനങ്ങള്‍ പി.എ. തോമസും. ഹിന്ദി ഈണങ്ങള്‍ക്കൊപ്പിച്ച് എഴുതിയവയായിരുന്നു പലഗാനങ്ങളും.


പി.എന്‍ . ദേവ്


ശ്രീ. പി.എന്‍ ദേവാണ് 'പഞ്ചവര്‍ണ്ണപ്പൈങ്കിളി.....'തുടങ്ങിയ ഗാനങ്ങള്‍ , 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിനുവേണ്ടി രചിച്ചത്.


പി.ടി. അബ്ദുല്‍ റഹ്മാന്‍


1978-ല്‍ 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിനുവേണ്ടി എം. എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ വിളയില്‍ വത്സല പാടിയ 'അഹേദവനായ പെരിയോനെ...' എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ആദ്യചലച്ചിത്രഗാനം. കോഴിക്കോട് ജില്ലയില്‍ വടകരയില്‍ 1935 ല്‍ ജനിച്ചു. പിതാവ് ഇബ്രാഹിമും മാതാവ് അയിശ്ശാഉമ്മയും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്പനിയില്‍ ജോലി നോക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതുന്നതിലുപരി 'നീലദര്‍പ്പണം', 'രാഗമാലിക', 'യാത്രകള്‍ക്കു വെളിച്ചം', 'കാവ്യസ്വപ്നങ്ങളുമായി കവറത്തിയില്‍ ', പീട്ടിയുടെ പാട്ടുകള്‍ എന്ന പുസ്തകങ്ങളുടെ കര്‍ത്താവുകൂടിയാണ്.

1986-ല്‍ ദേശീയ കവിസമ്മേളനത്തില്‍ പങ്കെടുത്തു. 'ഒരിന്ത്യന്‍ കവിയുടെ മനസ്സില്‍ ' എന്ന കവിത എല്ലാ ഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും അതതു സംസ്ഥാനങ്ങളിലെ ഭാഷയില്‍ ആകാശവാണിയുടെ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുകയുമുണ്ടായിട്ടുണ്ട്. കൂടാതെ, ദൂരദര്‍ശന്‍ , ആകാശവാണി, ഗ്രാമഫോണ്‍ റെക്കാര്‍ഡുകള്‍ , കാസറ്റുകള്‍ എന്നിവയ്ക്കുവേണ്ടിയും ധാരാളം രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍ രചിക്കുന്നതിനും വിദഗ്ദ്ധനാണ് പി.ടി. അബ്ദുറഹിമാന്‍ . പിന്നീട് ' തേന്‍തുള്ളി', 'ഉല്‍പ്പത്തി', 'പതിനാലാംരാവ്', 'ഞാന്‍ കാതോര്‍ത്തിരിക്കും', എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും ഗാനരചന നടത്തുകയുണ്ടായി. 'ഓത്തുപള്ളിയിലന്നു നമ്മള്‍ ..', 'സുവര്‍ക്കത്തിന്റൊളികൊണ്ട്'..., 'അഹദവനായ പെരിയോനെ...', ' പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊന്നടുത്തുകൂടാന്‍ പൂതി...' തുടങ്ങിയവയാണ് ശ്രദധേയമായ ഗാനങ്ങള്‍ . വിവാഹിതന്‍ ഭാര്യ കുഞ്ഞായിഷ. മേല്‍വിലാസം പി.ടി. അബ്ദുല്‍ റഹ്മാന്‍ വടകര, കോഴിക്കോട് 673 105


പത്മകുമാര്‍ (പപ്പന്‍)


ടി.സി.25/857-1, തൈക്കാട്, തിരുവനന്തപുരം. ഫോണ്‍ : 0471-2330967. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്35 News Items found. Page 1 of 4