സ്മൃതി

പി വേണു


മലയാളത്തിലെ ആദ്യ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഉദ്യോഗസ്ഥയുടെ സംവിധായകന്‍ പി വേണു 2011 മെയ് 25-ന് നിര്യാതനായി. ചെന്നൈയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. സംസ്കാരം
ചെറുതുരുത്തിയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നു.

തൃശൂര്‍ ജില്ലയിലെ പുറനാട്ടുകര സ്വദേശിയായ വേണു 32 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിരുതന്‍ ശങ്കു, സി ഐ ഡി നസീര്‍ , പാറശാല പരമു, ശേഷം സ്ക്രീനില്‍ , പരിണാമം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍ .1969-ല്‍ വിരുന്നുകാരി എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി. തുടര്‍ന്ന്‌ ഏഴു ചിത്രങ്ങള്‍ കൂടി നിര്‍മിച്ചു. പത്തു ചിത്രങ്ങള്‍ക്ക്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വഹിച്ചു. 2002-ല്‍ സംവിധാനംചെയ്‌ത പരിണാമം എന്ന സിനിമയുടെ തിരക്കഥ ഇസ്രയേലില്‍ നടന്ന ആഷ്‌ഡോസ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച സ്‌ക്രീന്‍ പ്ലേ അവാര്‍ഡ്‌ മാടമ്പ്‌ കുഞ്ഞുകുട്ടന്‌ നേടിക്കൊടുത്തു. 2005-ല്‍ കേരള ഫിലിം ക്രിട്ടിക്‌ അസോസിയേഷന്റെ സമഗ്രസംഭാവനക്കുള്ള ചലചിത്ര പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായി. ഭാര്യ: ശശികല. മക്കള്‍ ‍: വിജയന്‍ , ശ്രീദേവി.


പി.എന്‍.മേനോന്‍


സംവിധായകനും, ജെ.സി.അവാര്‍ഡ് ജേതാവുമായ പി.എന്‍.മേനോന്‍ (82)ദീര്‍ഘകാലത്തെ അസുഖത്തെതുടര്‍ന്ന് 2008 സെപ്റ്റംബര്‍ 9-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

റോസി എന്ന ചിത്രത്തിലൂടെയാണ് പി.എന്‍ മേനോന്‍ എന്ന പാലിശ്ശേരി നാരായണന്‍ കുട്ടിമേനോന്‍ സംവിധാനരംഗത്തേക്കെത്തിയത്.

1928-ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രരംഗത്ത് വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രശസ്തചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ചെറിയച്ചനാണ് ഇദ്ദേഹം. ഭാര്യ ഭാരതി.

തൃശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ പഠിച്ചിറങ്ങിയ മേനോന്‍ നേരേ മദ്രാസിലേക്ക് പോയി. സെറ്റ് പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് എന്നീ മേഖലകളിലായാണ് സിനിമയില്‍ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ല്‍ റോസി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നു.

1969-ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രം മേനോനെ പ്രശസ്തസംവിധായകരുടെ നിരയിലേക്കുയര്‍ത്തി. ആ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചലച്ചിത്രത്തിനായിരുന്നു. കുട്ട്യേടത്തി, മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം(1983) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. 2004-ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

പണിമുടക്ക്, ചെമ്പരത്തി, ഗായത്രി, ദര്‍ശനം, ചായം, മഴക്കാറ്, ഓടക്കുഴല്‍ , ഉദയം കിഴക്കുതന്നെ, ടാക്സി ഡ്രൈവര്‍ , മിടുക്കി പൊന്നമ്മ, ദേവത, അര്‍ച്ചന ടീച്ചര്‍ , അനു, അസ്ത്രം, പഠിപ്പുര, മണിയോര്‍ഡര്‍ , നേര്‍ക്കുനേര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .

ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചെമ്പരത്തിക്ക് സംസ്ഥാനഅവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഓളവും തീരവും എന്നചിത്രം ഡല്‍ഹി മലയാളം ഫിലിം ഫെസ്റ്റിവലില്‍ സ്വര്‍ണ്ണമെഡല്‍ നേടി. മലയാള ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക് ജെ.സി.ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


പി.കെ.ജോസഫ്


സംവിധായകന്‍ പി.കെ.ജോസഫ് (60) 2008 മാര്‍ച്ച് 10ന് അന്തരിച്ചു


പൂര്‍ണം വിശ്വനാഥ്


ചിത്രം എന്ന സിനിമയിലൂടെ പ്രശസ്തനായ സ്വഭാവതാരവും നാടകകലാകാരനുമായ പൂര്‍ണം വിശ്വനാഥ് (87) 2008 ഒക്ടോബര്‍ 2ന് അന്തരിച്ചു.4 News Items found. Page 1 of 1