സ്മൃതി

രാജന്‍ പി ദേവ്


നാടക-ചലച്ചിത്രനടന്‍ രാജന്‍ പി ദേവ് (55) കരള്‍സംബന്ധമായ അസുഖത്താല്‍ അന്തരിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 'ഇന്ദ്രജാല'ത്തിലൂടെ ശ്രദ്ധേയനായി.
പ്രതിനായകസ്പര്‍ശമുള്ള വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജാക്ക്പോട്ട്, മാന്ത്രികം, ക്രൈംഫയല്‍ , അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ , ദി കിംഗ്, എഴുപുന്ന തരകന്‍ ,രക്തസാക്ഷികള്‍ സിന്ദാബാദ്, ഗുരുശിഷ്യന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . ഉദയായിലെ ഫിലിം റെപ്രസന്‍റേറ്റീവ്, ഗായകന്‍ , നടന്‍ ,സംവിധായകന്‍ എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു.

ചേര്‍ത്തല ജൂബിലി തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു നാടക ട്രൂപ്പുമുണ്ട്. 1998-ല്‍ ' അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ ' എന്ന ചിത്രത്തിലൂടെ സംവിധായകനായി.

1984, 1986 വര്‍ഷങ്ങളിലെ ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'കാട്ടുകുതിര'യിലെ
കൊച്ചുവാവയാണ് നാടകത്തിലെ മികച്ച വേഷം.തിരുവല്ലയില്‍ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954-ല്‍ ജനനം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂള്‍ ,ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജ്, എസ്
എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ശാന്തമ്മ. മക്കള്‍ : ആഷമ്മ,ജുബില്‍രാജ് ( കണ്ണന്‍ ).
സഹോദരി : റാണിയമ്മ.


രഘുവരന്‍


Reghuvaran

നടന്‍ രഘുവരന്‍ (49) 2008 മാര്‍ച്ച് 19ന് ഹൃദയാഘാതം മൂലം അന്തരിച്ചു


ഓര്‍മകളില്‍ മണിമുഴക്കം


Remembering Kalabhavan Mani - CiniDiary

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം. മരിച്ചി്ട്ടും മരിക്കാത്ത ഓര്‍മകളുമായി മലയാളി പ്രേക്ഷകര്‍ ആ പ്രിയ കലാകാരന്റെ അകാലവിയോഗത്തെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണിപ്പോഴും. ഇതുവരെ തെളിയാത്ത മരണത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകള്‍ കാണുമ്പോഴും അദ്ദേഹം ഇപ്പോഴുമുണ്ടെന്ന തോന്നലാണുള്ളില്‍. നടന്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാനാവില്ല മണിയെ. ഗായകന്‍, കഥാകൃത്ത്, മിമിക്രി കലാകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മനുഷ്യസ്നേഹി ഇതെല്ലാമാണ് മണി. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചെടുത്തൊരു സാധാരണക്കാരന്‍. കുന്നശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണി അമ്മയുടെയും ഏഴാമത്തെ മകന്‍. വെള്ളിത്തിരയില്‍ നര്‍മം കൊണ്ട് പൊട്ടിച്ചിരിപ്പിച്ചു. വില്ലനായി പേടിപ്പിച്ചു. അഭിനയപാടവം കൊണ്ട് അത്ഭുതപ്പെടുത്തി. മണിയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും കരഞ്ഞു. വേദിയില്‍ മണിക്കൊപ്പം പാടി. നൃത്തം ചെയ്തു. ആരാധകര്‍ മണിയെ ദൂരെ നിന്നും അല്ല നോക്കിക്കണ്ടത്. തങ്ങളിലൊരാളായി തന്നെയാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളോട് പടവെട്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോഴും എളിമയും ലാളിത്യവും മണി കൈവിട്ടില്ല.

'വിനോദശാല' എന്ന ടിവി പരമ്പരയിലൂടെയാണ് മണി സിനിമയിലെത്തിയത്. 'സമുദായം' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് സിബിമലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു. 'സല്ലാപ'ത്തിലെ ചെത്തുകാരന്റെ വേഷം മണിയുടെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. തുടര്‍ന്നങ്ങോട്ട് മണി സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി. ങ്യാഹഹഹഹേ....ആ പ്രത്യേക ചിരി മണിമുഴക്കമായ് മുഴങ്ങി.

വിനയന്‍ സംവിധാനം ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തില്‍ നായകനായി. ആ ചിത്രത്തിലെ അന്ധഗായകനായ രാമുവായി മണി കസറി. സംസ്ഥാന ദേശീയ അവാര്‍ഡുകളിലേക്ക് മണിയുടെ പേര് ഉയര്‍ന്നു വന്നു. സംസ്ഥാന അവാര്‍ഡില്‍ മണിയെ തഴഞ്ഞ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ചില്ലറ വിവാദങ്ങളും ഉടലെടുത്തു. സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രത്യേക ജൂറി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. 'കരുമാടിക്കുട്ടന്‍' എന്ന വിനയന്‍ ചിത്രത്തിലും മികച്ച പ്രകടനം. തുടര്‍ന്നങ്ങോട്ട് നായകവേഷങ്ങളില്‍ മണി തിളങ്ങി.

'മറുമലര്‍ച്ചി' എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. വിക്രം നായകനായ 'ജെമിനി' എന്ന ചിത്രത്തിലെ വ്യത്യസ്തനായ വില്ലനെ അവതരിപ്പിച്ചതോടെ തമിഴില്‍ പോപ്പുലറായി. രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തിളങ്ങി.

നാടമ്പാട്ടിന്റെ പുത്തനുണര്‍വിന് കാരണക്കാരന്‍ മണിയായിരുന്നു. ഒരുപാട് നാടന്‍ പാട്ടുകള്‍ തന്റേതായ രീതിയില്‍ പാടി കാസറ്റുകളായി മണി എത്തിച്ചപ്പോള്‍ അതിന് വന്‍ പ്രചാരമുണ്ടായി. ഒട്ടേറെ അയ്യപ്പ ഭക്തി ഗാനങ്ങളും മണി പാടി ഹിറ്റുകളാക്കിയിട്ടുണ്ട്.

ചാലക്കുടി മുഴുവനും മണിയുടെ കളിത്തട്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറെ സുതാര്യമായ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് ? ഇന്നും ദുരൂഹതയവസാനിക്കാതെ ആ ചോദ്യം നിഴലിക്കുകയാണ്. ചാലക്കുടിയിലെ വീടിനോട് ചേര്‍ന്നുള്ള പാഡിയില്‍ നിന്നുയരുന്ന നൊമ്പരം കലാസ്നേഹികളുടെ നെഞ്ചിലുണ്ടിപ്പോഴും.


നവംബറിന്റെ നഷ്ടം; നരേന്ദ്രപ്രസാദ് - സനിത അനൂപ്


Remembering Narendra Prasad

മലയാളസിനിമയിലെ തറവാട്ടില്‍ പിറന്ന വില്ലന്‍ഭാവമായിരുന്നു നമുക്ക് നരേന്ദ്രപ്രസാദ്. അധ്യാപകന്‍ നാടകക്യത്ത് സാഹിത്യനിരൂപകന്‍ നാടകനടന്‍ നാടകസംവിധായകന്‍ എന്നിങ്ങനെ പടര്‍ന്നുപന്തലിച്ച ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം.

1980 കളിലെ നാട്യഗ്യഹമാണ് അദ്ദേഹത്തിന്റെ ആദ്യഅരങ്ങുകള്‍. 14 നാടകങ്ങള്‍ നാട്യഗ്യഹത്തിലൂടെ അദ്ദേഹം നമുക്കായി സംവിധാനം ചെയ്തു. ഭരത് മുരളിയെപ്പോലുള്ള പ്രതിഭകളെ മലയാള നാടകവേദിയ്ക്കും സിനിമയ്ക്കും സമ്മാനിച്ചത് ഇദ്ദേഹത്തിന്റെ നാട്യഗ്യഹമായിരുന്നു. സാമ്പത്തികബാധ്യതകള്‍ മൂലം നാട്യഗ്യഹം പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ 1989 ല്‍ അസ്ഥികള്‍ പൂക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമാപ്രവേശം.

ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലമുറ, യാദവം, മേലെപ്പറമ്പില്‍ ആണ്‍വീട്, വാര്‍ധക്യപുരാണം നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭ അടയാളപ്പെടുത്തിയതായിരുന്നു ഓരോ വേഷപ്പകര്‍ച്ചകളും.

പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനില്‍ ഗന്ധര്‍വ്വശബ്ദമായും രാജശില്‍പിയില്‍ ബാബുആന്റണിയുടെ രാജശബ്ദമായും നരേന്ദ്രപ്രസാദ് നമുക്കൊപ്പം ഉണ്ടായിരുന്നു. പ്യൈകത്തിലെ ദേവദത്തന്‍ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പന്‍ തമ്പുരാനും സ്ക്രീനില്‍ മാത്രമല്ല ഓരോ മലയാളിയുടെ ഹ്യദയങ്ങളിലുമാണ് ഇന്നും സ്പന്ദിയ്ക്കുന്നത്.

അരങ്ങിലും സാഹിത്യത്തിലും സമഗ്രസംഭാവനകള്‍ നല്‍കിയ നരേന്ദ്രപ്രസാദ് ഒരു ബഹുമുഖപ്രതിഭയായിരുന്നു എന്നതില്‍ സംശയമില്ല. 2003 നവംബര്‍ 3 ന് അരങ്ങിനും ദേശങ്ങള്‍ക്കുമപ്പുറം യാത്രയായ നടനു പകരക്കാരനാവാന്‍ ഇന്നും മലയാളസിനിമയില്‍ മറ്റൊരാളില്ല എന്നത് നിസംശയം പറയാം.


ഇനി ഓര്‍മ്മയില്‍ ശശികപൂര്‍


Remembering Shashi Kapoor

വെള്ളിത്തിരയിലെ കാല്‍പനീകനായകന്‍ ഇനി ഓര്‍മ്മകളില്‍. ഹോളിവുഡിലും ബ്രിട്ടീഷ് സിനിമകളിലും നിറഞ്ഞുനിന്ന ആദ്യഇന്ത്യന്‍താരമായിരുന്നു ശശികപൂര്‍.നാടകനടനായിരുന്ന പിതാവ് പ്യഥ്വിരാജ്കപൂറിന്റെ തീയേറ്റേഴ്സ് നാടകങ്ങളിലായിരുന്നു ശശികപൂറിന്റെ അഭിനയത്തുടക്കം.

കച്ചവടസിനിമയോടൊപ്പം സമാന്തരചിത്രങ്ങളുടെയും ഭാഗമായിരുന്നു എന്നും ഈ കലാകാരന്‍. അന്തര്‍ദേശീയ സിനിമകളിലും അഭിനയിച്ചിരുന്ന ഇദ്ധേഹം ഒരു റഷ്യന്‍ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് പദ്മഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കി രാജ്യം ശശികപൂറിനെ ആദരിച്ചിട്ടുണ്ട്.


മലയാളത്തിന്റെ ശ്രീ - ശ്രീവിദ്യ


remembering srividya malayalam actress

നാലുപതിറ്റാണ്ടു കാലം മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യമായി ശ്രീവിദ്യയുണ്ടായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മാത്യത്വത്തിന്റെയും ലാസ്യഭാവങ്ങളായിരുന്നു നമുക്ക് ശ്രീവിദ്യ. ചമയങ്ങളില്ലാതെ ശ്രീവിദ്യ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 19.10.2016 പത്തുവര്‍ഷം.

അഞ്ചുവയസ്സില്‍ ഭരതനാട്യം പഠിച്ചു തുടങ്ങിയ ശ്രീ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്താണ് പിച്ചവച്ചത്. അസ്വാരസ്യങ്ങളുള്ള ബാല്യവും നിയന്ത്രണങ്ങളില്ലാത്ത യൗവ്വനവുമായി് 13 വയസ്സില്‍ ശ്രീവിദ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ചെണ്ട ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ചട്ടമ്പിക്കവലയാണ് ശ്രീവിദ്യയിലെ നടിയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രം.

വിവിധ ഭാഷകളിലായി 850 ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചു. 1979 ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച 1,983 ല്‍ രചന ,1992 ല്‍ ദൈവത്തിന്റെ വിക്യതികള്‍ എന്നീ ചിങ്ങ്രളിലെ അഭിനയ മികവിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ പ്രതിഭയെത്തേടിയെത്തി.

ഒരുകാലത്ത് നമ്മുടെ ശീലങ്ങളില്‍ ഒന്നായിരുന്നു മധു ശ്രീവിദ്യ താരജോഡി. കമലഹാസനുമായുണ്ടായ പ്രണയവും അതിന്റെ നീറ്റലും അവരെ സുരക്ഷിതമല്ലാത്ത ഒരു ദാമ്പത്യത്തിലെത്തിച്ചു. വിവാഹമോചനത്തിലൂടെ ജീവിതത്തിനോട് പടവെട്ടിയ ശ്രീ സ്വന്തം സ്വത്തുക്കള്‍ തിരിച്ചു കിട്ടാനായി വീണ്ടും കോടതികള്‍ കയറി ഇറങ്ങി. അനുകൂലമായ വിധി നേടിയെടുത്തെങ്കിലും കാലം ഇവരെ വീണ്ടും സങ്കടക്കടലിലാക്കി.

പ്രമുഖ നടന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച ശ്രീ അര്‍ബുദ ബാധിതയായാണ് അരങ്ങൊഴിഞ്ഞത്. 53 വയസ്സില്‍ അരങ്ങൊഴിഞ്ഞ ഈ നായികയെ തറവാട്ടുമണമുള്ള കഥാപാത്രങ്ങളായാണ് ഇന്നും പ്രേക്ഷകര്‍ സ്നേഹിക്കുന്നത്. കാരണം മലയാളിയുടെ കാഴ്ച ശീലങ്ങളില്‍ ശ്രീവിദ്യ ഇന്നും തറവാട്ടമ്മയാണ്.6 News Items found. Page 1 of 1