ഗായിക

എസ്. ജാനകി


1957-ല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനുവേണ്ടി എസ്.എന്‍ ചാമിയുടെ സംഗീതസംവിധാനത്തില്‍ പാടിയ 'ഇരുള്‍മൂടുകയോ എന്‍വാഴ്വില്‍ ......' എന്ന ഗാനമാണ് മലയാളചലച്ചിത്രശാഖയില്‍ അവരുടെ അരങ്ങേറ്റം കുറിച്ച ഗാനമെങ്കിലും ആ ഗാനമോ, ഗായികയെയോ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ 1959-ല്‍ സത്യപാല്‍ നിര്‍മ്മിച്ച 'മിന്നല്‍ പടയാളി' എന്ന ചിത്രത്തിനുവേണ്ടി ജാനകി പാടിയ 'രാക്കുയിലേ.....' എന്ന ഗാനമാണ് എസ് ജാനകിയുടെ മലയാളത്തിലെ ആദ്യഗാനമായി അറിയപ്പെടുന്നത്.

1958-ല്‍ എസ്.എം. സുബ്ബയ്യാനായിഡുവിന്റെ സംഗീതത്തില്‍ 'കൊഞ്ചും ചിലങ്കൈ' എന്ന ചിത്രത്തിലെ 'ശിങ്കാരവേലനേ ദേവാ......' എന്ന പ്രസിദ്ധഗാനം. പിന്നീട് 'മുറിപിഞ്ചെ മുവ്വാലും' എന്ന തെലുങ്കുചിത്രത്തിലെ 'നീ ലീല പാടെടാ ദേവാ....' എന്നു രൂപാന്തരപ്പെട്ടതോടെ തെന്നിന്ത്യ എസ്.ജാനകി എന്ന ഗായികയുടെ സ്വര ലഹരിയില്‍ മുങ്ങിനിന്നു. ദക്ഷിണ്യേ മുഴുവന്‍ അംഗീകാരം പിടിച്ചെടുത്ത ആ ഗാനത്തില്‍ കാരക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരമാണോ, എസ്. ജാനകിയുടെ ആലാപനമാണോ ഏറെ മെച്ചമെന്ന് സംശയിച്ചു പോകാം.

1938 ഏപ്രില്‍ 23 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 'റെപ്പെല്ലെ' താലൂക്കിലെ പല്ലപട്ലയില്‍ ജനിച്ച എസ്.ജാനകിയുടെ സ്വരയാത്രയുടെ ആരംഭഘട്ടമായിരുന്നു അതെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പം മുതല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന ജാനകി, ഒരു നാദസ്വരവിദ്വാന്റെ അടുത്ത് സംഗീതാഭ്യാസനത്തിനു പോയി. വിദ്യാര്‍ത്ഥിയ്ക്ക് ആവശ്യമുള്ളതിലേറെ സംഗീതജ്ഞാനം അപ്പോള്‍ത്തന്നെ കൈവശപ്പെടുത്തിയിരുന്നതിനാല്‍ കുട്ടിയ്ക്ക് കൂടുതലായ പഠിപ്പ് തല്‍ക്കാലം ആവശ്യമില്ലെന്നായിരുന്നു ഗുരുനാഥന്‍ അഭിപ്രായപ്പെട്ടത്.

ലതാ മങ്കേഷ്ക്കറുടെ ഗാനങ്ങള്‍ ആവാഹിച്ചെടുത്ത ജാനകി, ആദ്യകാലത്ത് ചില പ്രധാന പൊതുപരിപാടികളില്‍ ഗാനമേളകള്‍ ആലപിച്ചിരുന്നു. ആ കാലത്ത് ജാനകിയുടെ അമ്മാവന്‍ എ.വി.എം. ലേയ്ക്ക് ഒരു കത്തെഴുതി. എ.വി.എം.കാര്‍ ജാനകിയെ വിളിച്ചു. അപ്രതീക്ഷിതമായ ഈ ക്ഷണം ജാനകിയുടെ സംഗീതജീവിതത്തിലെ സുപ്രധാന
വഴിത്തിരിവായിരുന്നു. പി.സുശീല എ.വി.എം.ലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് സ്ഥാനം കോണ്‍ട്രാക്റ്റവസാനിപ്പിച്ചുപോകുന്ന സമയം. പ്രസിദ്ധ സംഗീതസംവിധായകനായിരുന്ന, പരേതനായ ആര്‍ സുദര്‍ശനം എ.വി.എം. ചിത്രത്തിനുവേണ്ടി ലതാമങ്കേഷ്ക്കര്‍ പാടിയ 'രസിയാ ഓസജ്നാ....' എന്ന ഹിന്ദി ഗാനത്തിന്റെ ട്രാക്കില്‍ ജാനകിയെക്കൊണ്ടു പാടിച്ച്
ശബ്ദ പരീക്ഷ നടത്തി. തികച്ചും തൃപ്തികരമായിരുന്ന ആ പരീക്ഷണത്തിന്റെ ഫലമായി മൂന്നു വര്‍ഷത്തേയ്ക്കുള്ള കോണ്‍ട്രാക്റ്റില്‍ 1957-ല്‍ ജാനകി എ.വി.എം.ന്റെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി.

അവ്വറാലി.ടി. ചലപതിറാവുവിന്റെ സംഗീതത്തില്‍ ഒരു തമിഴ് പാട്ടുപാടിയെങ്കിലും, ഘണ്ടശാല വെങ്കിടറാവുവിനോടൊപ്പം, പെണ്ഡ്യാല നാദേശ്വരറാവുവിന്റെ സംഗീതസംവിധാനത്തിലാണ് ജാനകി ആദ്യമായി മാതൃഭാഷയായ തെലുങ്കില്‍ പാടുന്നത്. പിന്നീട് അസൂയാര്‍ഹമായ നിലയില്‍ തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി, സിംഹളം തുടങ്ങി പതിന്നാലു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ അവര്‍ പാടിക്കഴിഞ്ഞു.

ദക്ഷിണാമൂര്‍ത്തി, രാഘവന്‍ , ബാബുരാജ്, എം.ബി. ശ്രീനിവാസന്‍ ,അര്‍ജ്ജുനന്‍ , ഉമ്മര്‍ , ശ്യാം തുടങ്ങിയ മുന്തിയ സംഗീതസംവിധായകരുടെ ഈണങ്ങള്‍ ധാരാളം പാടിയിട്ടുണ്ടെങ്കിലും യശഃശരീരനായ ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ മാസ്റ്റര്‍ പീസുകള്‍ .

1956-ല്‍ എ.ഐ.ആര്‍ നടത്തിയ ലളിത സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചപ്പോള്‍ ഡോ.രാജേന്ദ്ര പ്രസാദില്‍നിന്നും വിലപ്പെട്ട പുരസ്കാരം ലഭിച്ചതാണ് ജാനകിയുടെ ആദ്യത്തെ പ്രശസ്തമായ അംഗീകാരം 1970, '72, '74, '76, '77, '79, '80, '81, '82, '83, '84 വര്‍ഷങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകളും, 1977-ല്‍ തമിഴ് ഗാനത്തിനും 1980-ല്‍ മലയാളഗാനത്തിനും 1984-ല്‍ തെലുങ്കു ഗാനത്തിനും ആലാപനത്തിനുള്ള ദേശീയ പുരസ്കാരം ശ്രീമതി ജാനകിയ്ക്കു ലഭിച്ചു. കൂടാതെ, നാലു തവണ, തമിഴ്നാടു ഗവണ്‍മെന്റിന്റെ
പുരസ്കാരവും, 'കലൈമാമണി' പട്ടവും ഹിന്ദിയിലെ ' സുര്‍സിംഗര്‍ ' ബിരുദവും ജാനകിയ്ക്കു ലഭിച്ച കീര്‍ത്തി മുദ്രകളാണ്.

തമിഴിലും തെലുങ്കിലും ഗാനങ്ങളെഴുതി, സ്വയംസംഗീതം ചെയ്ത ചില ഭക്തിഗാനകാസറ്റുകളും ജാനകിയുടെ വകയായിട്ടുണ്ട്. കൂടാതെ കുറെ മീരാഭജന്‍ ഗാനങ്ങളും സ്വന്തം സംഗീതത്തില്‍ പാടി കാസറ്റുകളാക്കിയിട്ടുണ്ട്. ടി. രാമപ്രസാദിനെ വിവാഹം കഴിച്ച് മദ്രാസില്‍ താമസമാക്കിയ ജാനകിയുടെ ഏക മകന്‍ മുരളീകൃഷ്ണ ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പേരക്കുട്ടിയുമായി. മേല്‍വിലാസം എസ്. ജാനകി, 94, ഫോര്‍ത്ത് സ്ട്രീറ്റ്,
അഭിരാമപുരം, മദ്രാസ് 600018


എസ്.പി. ശൈലജ


ആക്രമണം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി ശ്യാം സംഗീതം നല്‍കിയ 'ലില്ലി ലില്ലി മൈ ഡാര്‍ലിംഗ്....'എന്ന ഗാനം എസ്.പി.ശൈലജ സഹോദരനും ദക്ഷിണേന്ത്യയിലെ പ്രശസ്ത പിന്നണിഗായകനുമായ ബാലസുബ്രഹ്മണ്യവുമൊത്ത് പാടി 1981-ല്‍ ഈ ചിത്രം റിലീസായി.


സബിതാ ചൗധരി


'തോമാശ്ലീഹ' എന്ന ചിത്രത്തില്‍ 'വൃശ്ചികപ്പെണ്ണേ....' എന്ന ഗാനം യേശുദാസിനോടൊപ്പം പാടിക്കൊണ്ടാണ് പ്രശസ്ത സംഗീതസംവിധായകനായ സലില്‍ചൗധരിയുടെ ഭാര്യയായ സബിതാ ചൗധരി പിന്നണിഗായികയായത്. സലില്‍ ചൗധരിയാണ് സംഗീതം നിര്‍വ്വഹിച്ചത്.


സല്‍മാ ജോര്‍ജ്


'ജഗദീശ്വരി ജയ ജഗദീശ്വരി...' എന്ന ഗാനവുമായി 'ദേവി കന്യാകുമാരി' എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തേക്കുവന്ന സെല്‍മ ഏകദേശം പതിനഞ്ചോളം ചിത്രങ്ങളില്‍ പാടി. തിരുവല്ലയിലെ ചാക്കാലയ്ക്കല്‍ പാപ്പുക്കുട്ടി ഭാഗവതരുടേയും സംഗീതാദ്ധ്യാപികയായ ബേബിയുടേയും മകളായി 1954 ല്‍ സെല്‍മ ജനിച്ചു. പ്രസിദ്ധഗായകനായ പിതാവുതന്നെയാണ് ആദ്യഗുരു. എസ്.എസ്.എല്‍ സിക്കുശേഷം നാലുവര്‍ഷം തൃപ്പുണിത്തുറ മ്യൂസിക് കോളേജില്‍ പഠിച്ചു. ഭര്‍ത്താവ് പ്രസിദ്ധ സിനിമാസംവിധായകനായ കെ.ജി. ജോര്‍ജാണ്. മക്കള്‍ അരുണ്‍ , താര. മേല്‍വിലാസം സെല്‍മാജോര്‍ജ്, വനമാലിക, പൂജപ്പുര, തിരുവനന്തപുരം 12


ശാന്താ പി.നായര്‍


തൃശൂര്‍ സ്വദേശിയായ ശാന്താ പൊതുവാള്‍ 'തിരമാല' എന്ന ചിത്രത്തില്‍ വിമല്‍കുമാറിന്റെ സംഗീതത്തില്‍ പി. ഭാസ്കരന്റെ 'കുരുവികളായ് ഉയരാം' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. ഈ ചിത്രം 1953-ല്‍ പുറത്തിറങ്ങി. അതിനുശേഷം ധാരാളം ചിത്രങ്ങളില്‍ അവര്‍ പാടി. ബിരുദധാരിണിയായ ശാന്ത ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായും ജോലി നോക്കിയിട്ടുണ്ട്. ആ കാലത്ത് എ.ഐ.ആറില്‍ തന്നെ പ്രോഗ്രാം എക്സിക്യൂട്ടീവ് പദവിലിയുണ്ടായിരുന്ന കെ.പത്മനാഭന്‍ നായരെ വിവാഹം കഴിച്ചതോടുകൂടി ശാന്താ പൊതുവാള്‍ ശാന്താ പി.നായരായി. ഇവരുടെ ഏകസന്താനമാണ് ഗായികയായ ലതാരാജു. 'നീലക്കുയി'ലിലെ 'ഉണരുണരു ഉണ്ണിക്കണ്ണാ...', 'രാരിച്ചന്‍ എന്ന പൗരനി' ലെ 'നാഴിയൂരിപ്പാലുകൊണ്ട് .....', ' ചതുരംഗത്തില്‍ ' കെ.എസ്. ജോര്‍ജ്ജുമായി പാടിയ 'വസന്ത രാവിന്റെ വാതില്‍ ' എന്നീ ഗാനങ്ങള്‍ സ്മരണയില്‍ നില്‍ക്കുന്നു.


ശാരദ


'രജനീഗന്ധി' എന്ന ചിത്രത്തില്‍ 'ഹലോ മിസ്റ്റര്‍ ജോണി...' എന്ന ഗാനം കല്യാണ സുന്ദരവുമായി ചേര്‍ന്ന് ശാരദ പാടി. രചന - യൂസഫലി, സംഗീതം - ദേവരാജന്‍


സരോജിനി മേനോന്‍


1948-ല്‍ പുറത്തുവന്ന 'നിര്‍മ്മല' എന്ന ചിത്രത്തില്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'കരുണാകരാ പീതാംബരാ...' എന്നാരംഭിക്കുന്ന ഗാനം പി.എസ്. ദിവാകര്‍ ഇ.ഐ. വാര്യര്‍ എന്നിവരുടെ സംഗീതത്തില്‍ പാടിക്കൊണ്ട് സരോജിനി ചലച്ചിത്ര രംഗത്തേയ്ക്കു കടന്നെങ്കിലും ആദ്യത്തെ ഗാനത്തിനുശേഷം മറ്റൊരു ചിത്രത്തിലും അവര്‍ പാടുകയുണ്ടായില്ല. തൃപ്പുണിത്തുറ കണ്ണാമ്പള്ളില്‍ പത്മനാഭമേനോന്റെയും കല്ല്യാണിക്കുട്ടിയമ്മയുടെയും പുത്രിയായി സരോജിനി ജനിച്ചു. എസ്.എസ്.എല്‍ .സി.ക്കു ശേഷം തൃപ്പുണിത്തുറ ആര്‍ .എല്‍ .വി.ഫൈന്‍ ആര്‍ട്ട്സ് സ്കൂളില്‍ ചേര്‍ന്ന് 'ഹയര്‍ ഗ്രേഡ് ഇന്‍ മ്യൂസിക് ' കോഴ്സ് പാസായി. തൃപ്പുണിത്തുറ സ്കൂളില്‍ സംഗീതാദ്ധ്യാപികയായി റിട്ടയര്‍ ചെയ്തു. തൃപ്പുണിത്തുറ റീജീയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൂപ്രണ്ടായിരുന്ന നാരായണമേനോനെ വിവാഹം കഴിച്ചു. രാജഗോപാല്‍ , വിജയകുമാര്‍ , ഗിരിജന്‍ എന്നിവര്‍ മക്കള്‍ . വിലാസം : സി.സരോജിനി, നീലിമ, താമരക്കുളങ്ങര ക്ഷേത്രത്തിനു സമീപം, തൃപ്പുണിത്തുറ


സതി കെ


പ്രേതങ്ങളുടെ താഴ്വര എന്ന ചിത്രത്തില്‍ 'മുത്തു മെഹ്ബൂബെ...' എന്ന ഗാനം പി.ബി. ശ്രീനിവാസനോടൊപ്പം ദേവരാജന്റെ സംഗീതത്തില്‍ പാടികൊണ്ട് മലയാള സിനിമാപിന്നണിഗായകരുടെ നിരയിലെത്തി. പിന്നീട് പ്രദീപ് സിംഗിന്റെ മേല്‍നോട്ടത്തില്‍ 'മുത്ത്' എന്ന ചിത്രത്തിലും പാടി.


സാവിത്രി ആലപ്പുഴ


വെള്ളിനക്ഷത്രത്തില്‍ പാടിയ മറ്റൊരു ഗായികയാണ് സാവിത്രി 'രാഗരമ്യമേ മധുകാലേ....' എന്ന ഗാനമാണ് അവര്‍ പാടിയത്. സംഗീതവിദ്വനായിരുന്ന ആലപ്പുഴ ചെറിയ ഉണ്ണിത്താന്‍ ഭാഗവതരുടെ മകളാണ് സാവിത്രി


സീമാ ബഹന്‍


സീമാ ബഹന്‍ എന്ന ഗായിക 'വേട്ട'എന്ന ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ ആലപിച്ചു. 'തുടി തുടി....', എന്ന ഗാനവും, 'മദാലസ..' എന്ന ഗാനവും. രചന ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ , സംഗീതം എം.ജി.രാധാകൃഷ്ണന്‍ .29 News Items found. Page 1 of 3