രചന

എസ്.എല്‍ .പുരം ആനന്ദ്


സ്വര്‍ണ്ണഗോപുരം' എന്ന സിനിമയുടെ ഗാനരചയിതാക്കളില്‍ ഒരാളാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി തുടങ്ങി സഹസംവിധായകനായും സംവിധായകനായും തീര്‍ന്ന എസ്.എല്‍ പുരം ആനന്ദ് . ആദ്യഗാനം 'അഭിനയജീവിതം...'


എസ്. രമേശന്‍ നായര്‍


1985-ല്‍ 'ഇടനിലങ്ങള്‍ ' എന്ന ചലച്ചിത്രത്തിനുവേണ്ടി എം.എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ യേശുദാസ് പാടിയ 'ഇന്ദ്രചാപം' എന്ന ഗാനം രചിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേയ്ക്കു കടന്നു വന്നു. തുടര്‍ന്ന് 13 ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതി. 'പൂമുഖവാതില്‍ക്കല്‍ ...', 'ചന്ദനം മണക്കുന്ന പൂന്തോട്ടം....' തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 1948-ല്‍ കന്യാകുമാരി ജില്ലയിലെ കുമാരപുരം എന്ന സ്ഥലത്ത് ഷഡാനനന്‍ തമ്പിയുടെയും പരമേശ്വരിയമ്മയുടേയും പുത്രനായി രമേശന്‍ നായര്‍ ജനിച്ചു. മുത്തച്ഛന്‍ തമിഴ് കവിയായിരുന്ന അനന്തകൃഷ്ണപിള്ളയായിരുന്നു. 1963-ല്‍ പ്രീ യൂണിവേഴ്സിറ്റിയും 1967-ല്‍ ബി.എ.യും പാസ്സായി. 1972-ല്‍ പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ നിന്നും മലയാളത്തില്‍ റാങ്കോടെ എം.എ. പാസ്സായി.

1973-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിലും 1975-ല്‍ എ.ഐ. ആറില്‍ സാഹിത്യവിഭാഗം എഡിറ്ററായും ജോലി നോക്കി. 'അഗ്രോപശ്യാമി', 'അമൃതബിന്ദുക്കള്‍ ', 'ജന്മപുരാണ' തുടങ്ങി ഏറെ കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. പുത്തേഴന്‍ പുരസ്കാരം, ഇടശ്ശേരി പുരസ്കാരം, കവനകൗതുകം പുരസ്കാരം, ഗുരു ചെങ്ങന്നൂര്‍ സ്മാരക സാഹിത്യ പുരസ്കാരം, നാഞ്ചില്‍ ചിലമ്പില്‍വര്‍ എന്ന ബഹുമതി, കോയമ്പത്തൂര്‍ ഇളംകോ അടികള്‍ സ്മാരകസാഹിത്യ സമാജം പുരസ്കാരം എന്നിവ നേടി.

ആദ്യഭാര്യയുടെ ആകസ്മികമായ നിര്യാണത്തിനുശേഷം ഒരു നീണ്ട ഇടവേളയ്ക്കുശേഷം 1981-ല്‍ പുനര്‍വിവാഹിതനായി. ഭാര്യ രമ, ആകെ മൂന്നു മക്കള്‍ . മേല്‍വിലാസം എസ്. രമേശന്‍ നായര്‍ , 15/562 ലാല്‍ബാഗ് റോഡ്, ഡി.പി.ഐ. ജംഗ്ഷന്‍ , ഡി.പി.ഐ. ജംഗ്ഷന്‍ , ജഗതി, തിരുവനന്തപുരം 14.


ശകുന്തളാ രാജേന്ദ്രന്‍


1987-ല്‍ 'അഗ്നി' എന്ന ചിത്രത്തിന് നാലു ഗാനങ്ങള്‍ എഴുതി. ആദ്യഗാനം'സുല്‍ത്താന്റെ കൊട്ടാരത്തില്‍ ...'എന്നു തുടങ്ങുന്നു. ഇംഗ്ലീഷിലും കവിതകള്‍ എഴുതാറുണ്ട്. 1948 മാര്‍ച്ചില്‍ ചമ്രവട്ടത്ത് ചക്കുപുരയില്‍ മാധവന്‍നായരുടെയും ജാനകിയമ്മയുടെയും മകളായി ജനിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. നോവലിസ്റ്റും സംവിധായകനുമായ സി. രാധാകൃഷ്ണന്‍ സഹേദരനാണ്. ഭര്‍ത്താവ് കെ. രാജേന്ദ്രന്‍ . മകന്‍ പ്രിയദര്‍ശന്‍ . മേല്‍വിലാസം : ശകുന്തളാ രാജേന്ദ്രന്‍ 8 എ. സേവക് വ്യൈ സ്ട്രീറ്റ് കല്‍ക്കത്ത 700 029.


ശാന്തകുമാര്‍


'പെങ്ങള്‍ ' എന്ന ചിത്രത്തിനുവേണ്ടി ശാന്തകുമാര്‍ ഗാനരചന നടത്തി.


ശശികലാമേനോന്‍


1976-ല്‍ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെ 'യദുകുലമാധവാ...' എന്ന ഗാനവുമായി കടന്നുവന്ന ശശികലാമേനോന്‍ 'അഗ്നിനക്ഷത്രം', 'വയനാടന്‍ തമ്പാന്‍ ', 'താരാട്ട്' എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 1957 ല്‍ നോര്‍ത്ത് പറവൂരില്‍ കേളച്ചാംകൂറ്റ് വീട്ടില്‍ വിശ്വനാഥമേനോന്റെയും മാലതിയുടേയും മകളായി ജനിച്ചു. സംസ്കൃതം എം.എ. പാസ്സായി. കവിതകള്‍ എഴുതാറുണ്ട്. 1982 ല്‍ ബിസിനസ്സുകാരനായ വേണുഗോപാലിനെ വിവാഹം ചെയ്തു. ലക്ഷ്മി, വിഘ്നേശ് എന്നിവര്‍ മക്കള്‍ .
മേല്‍വിലാസം : ശശികലാമേനോന്‍ , ഋഷികേശ്, പനയപ്പിള്ളി, കൊച്ചി 5


ശാസ്തമംഗലം രാജു


'സ്നേഹിക്കാന്‍ സമയമില്ല' എന്ന ചിത്രത്തിനുവേണ്ടി 'അംബികാ ഹൃദയം.. എന്ന പാട്ടെഴുതികൊണ്ട് സിനിമാരംഗത്ത് കടന്നുവന്നു. എന്തുകൊണ്ടോ അത് തുടരാന്‍ സാധിച്ചില്ല.


സത്യന്‍ അന്തിക്കാട്


ഡോക്ടര്‍ ബാലകൃഷ്ണന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സത്യന്‍ അന്തിക്കാട് 'ലൗ ലെറ്റര്‍ ' എന്ന ചിത്രത്തിലെ ' സ്വര്‍ണ്ണമാലകള്‍ ... ' എന്നാരംഭിക്കുന്ന ഗാനം രചിച്ചുകൊണ്ട് ഗാനരചയിതാവിന്റെ മേലങ്കിയണിഞ്ഞു. തുടര്‍ന്ന് 38 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിക്കുകയുണ്ടായി. ഇന്ന് ഏറ്റവും തിരക്കുള്ള സിനിമാസംവിധായകന്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്. സത്യന്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. 1954 നവംബര്‍ മൂന്നാം തീയതി തൃശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് എം.വി. കൃഷ്ണന്റേയും എം.കെ. കല്യാണിയുടേയും മകനായി ജനിച്ചു. വിലാസം : സത്യന്‍ അന്തിക്കാട്, സിനിമാ സംവിധായകന്‍ , അന്തിക്കാട്, തൃശൂര്‍


സെബാസ്റ്റ്യന്‍ പോള്‍


'കാണാതായ പെണ്‍കുട്ടി'യുടെ ഗാനരചയിതാവായാണ് സെബാസ്റ്റ്യന്‍ പോള്‍ സിനിമാരംഗത്തെത്തിയത്.


ഷിബു ചക്രവര്‍ത്തി


1985-ല്‍ 'ഉപസംഹാരം' എന്ന ചിത്രത്തില്‍ ജോണ്‍സന്റെ സംഗീതസംവിധാനത്തില്‍ കെ.ജി.മാര്‍ക്കോസ് പാടിയ 'പൊന്‍മേഘമേ....' എന്ന ഗാനം എഴുതിക്കൊണ്ട് ഗാനരചന ആരംഭിച്ചു. പിന്നീട് 23 ചിത്രങ്ങള്‍ക്കും കാസറ്റുകള്‍ക്കുംവേണ്ടി ഗാനങ്ങള്‍ എഴുതി. എറണാകുളം ജില്ലയില്‍ പാലാരിവട്ടത്ത് 1961 ഫെബ്രുവരി 17 ന് ഷിബു ജനിച്ചു. പിതാവ് കെ.ജി. ദാസും മാതാവ് ലീലയും . ഫിലോസഫിയില്‍ എം.എ. യും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയതിനുശേഷം 'ഗായത്രി ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡിസൈനേഴ്സ്' എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരവേ, സിനിമയുമായി ബന്ധപ്പെടുവാനിടയായി.

അറിയപ്പെടുന്ന നാടക രചയിതാവും സ്വന്തം മാതുലനുമായ, മണ്‍മറഞ്ഞ ഏരൂര്‍ വാസുദേവനാണ് എഴുതാനുള്ള വാസനയെ പ്രോത്സാഹിപ്പിച്ചത്. രഞ്ജിനി കാസറ്റ്സിന്റെ മാനേജരായി പ്രവര്‍ത്തിക്കുമ്പോള്‍ സിനിമയില്‍ പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിച്ചു. ജനപ്രീതിനേടിയ 'ചിത്രം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് ഷിബുചക്രവര്‍ത്തിയാണ്. 'ചെമ്പരത്തിപ്പൂവേ ചൊല്ല്...', 'പാടം പൂത്തകാലം....', 'പുഞ്ചവയലുകൊയ്യാന്‍ ....', 'ചന്ദ്രകലാ മൗലിമിഴിതുറന്നു..', 'ദൂരെ മാമലയില്‍ ...' തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. മേല്‍വിലാസം ചിറ്റേത്ത്, ജനതാറോഡ്, പാലാരിവട്ടം, കൊച്ചി 682 025


ശ്യാം ( പ്രൊഫ. ശ്രീധരന്‍ നായര്‍ ‍)


ടാക്സി ഡ്രൈവര്‍ എന്ന ചിത്രത്തില്‍ ജോഷിയുടെ സംഗീത സംവിധാനത്തില്‍ ഒ.എന്‍ വി. രണ്ടു ഗാനങ്ങള്‍ എഴുതിയപ്പോള്‍ ശ്യാം എന്ന പേരില്‍ പ്രൊഫ. ശ്രീധരന്‍ നായര്‍ ഒരു ക്രിസ്തീയഗാനവും എഴുതി.21 News Items found. Page 1 of 3