ഗായകന്‍

റ്റി. എ. മോത്തി


'ആത്മശാന്തി' എന്ന ചിത്രത്തില്‍ 'പനിനീര്‍പ്പൂപോലെ....' എന്ന ഗാനം പി.ലീലയുമൊത്ത് ആലപിച്ചുകൊണ്ട്, റ്റി.എ. മോത്തി മലയാളരംഗത്ത് എത്തി. അദ്ദേഹം ഹിന്ദി, തമിഴ് ചിത്രഗാനരംഗത്ത് ഒരു കാലത്ത് ശോഭിച്ചിരുന്നു. 'ആത്മശാന്തി'യ്ക്കുശേഷവും അദ്ദേഹം ചില ഗാനങ്ങള്‍ മലയാളത്തില്‍ ആലപിച്ചു.


റ്റി. കെ. ഗോവിന്ദറാവു


നിര്‍മ്മല എന്ന ചിത്രത്തിലെ ജി. ശങ്കരക്കുറുപ്പിന്റെ 'ശുഭലീല....' എന്ന ഗാനം പി.എസ്. ദിവാകറിന്റെയും ഇ.ഐ. വാര്യരുടെയും സംഗീതത്തില്‍ കൊച്ചി സ്വദേശിയും സംഗീത കലാകാരനുമായ റ്റി.കെ. ഗോവിന്ദറാവു ആലപിച്ചപ്പോള്‍ മലയാളത്തിലെ ആദ്യത്തെ പിന്നണിഗാനമായി, അദ്ദേഹം ആദ്യത്തെ പിന്നണി ഗായകനും. പിന്നീട് അദ്ദേഹം ചിത്രങ്ങളില്‍ പാടിയില്ല. നേരെ മദിരാശിയില്‍ എത്തി ശാസ്ത്രീയസംഗീതരംഗത്തെ അതികായന്മാരില്‍ ഒരാളിയിരുന്ന മുസിരി സുബ്രമണ്യഅയ്യരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. വളരെ പ്രഗത്ഭനായി തീര്‍ന്നു. ഡല്‍ഹി കേന്ദ്ര ആകാശവാണിയില്‍ മുഖ്യസംഗീതശില്പി. ( ചീഫ് മ്യൂസിക് പ്രൊഡ്യൂസര്‍ ‍) ആയി ജോലി നോക്കി റിട്ടയര്‍ ചെയ്തു. 'നീ എത്ര ധന്യ'എന്ന ചിത്രത്തില്‍ പാടിയ തിരുവനന്തപുരം ആര്‍ .ഉഷ ഇദ്ദേഹത്തിന്റെ മകന്റെ ഭാര്യയാണ്.


ടി.എം. സൗന്ദരരാജന്‍


1973 ല്‍ 'ചായം' എന്ന ചിത്രത്തില്‍ മാധുരിയോടൊപ്പം 'മാരിയമ്മ....' എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളത്തില്‍ അരങ്ങേറ്റം നടത്തി. തമിഴ് സിനിമാ പിന്നണിഗാനരംഗത്ത് എന്നും നിലനില്‍ക്കുന്ന ശബ്ദത്തിന്റെ ഉടമയാണ് ടി.എം. സൗന്ദര്യരാജന്‍ .


ടി.എസ്. കുമരേശ്


1957-ല്‍ മെരിലാന്റ് നിര്‍മ്മിച്ച 'അച്ഛനും മകനും' എന്ന ചിത്രത്തില്‍ 'പൂമാല വിടരാതെ...' എന്നു തുടങ്ങുന്ന ഗാനം കല്യാണിയുമായി ചേര്‍ന്ന് ആലപിച്ചുകൊണ്ട് ടി.എസ്. കുമരേശ് മലയാളചലച്ചിത്രഗാനരംഗത്ത് വന്നു. തുടര്‍ന്ന് അനേകം ചിത്രങ്ങളില്‍ പാടിയ കുമരേശ് തിരുവനന്തപുരം സ്വദേശിയാണ്.


ടി.എസ്. രാധാകൃഷ്ണന്‍


ടി.എസ്. രാധാകൃഷ്ണന്‍ സ്വന്തം സംഗീതത്തില്‍ കെ.ബി. സുജാതയോടൊപ്പം ആലപിച്ചഗാനമാണ് 'ഗീതം' എന്ന ചിത്രത്തിലെ 'ഉലയിലാരു കടഞ്ഞെടുത്തു....' രചന കല അടൂര്‍ . ഇതിന്റെ അടുത്ത വരികളാണ്. 'ചുവട് വച്ച് കളിയ്ക്കണ' എന്നത്.


തലത്ത് മുഹമ്മദ്


'ദ്വീപ്' എന്ന ചിത്രത്തിനുവേണ്ടി ബാബുരാജിന്റെ സംഗീതത്തില്‍ യൂസഫലിയുടെ 'കടലേ നീലക്കടലേ....' എന്ന ഗാനം പാടിയ പ്രശസ്ത ഹിന്ദി ഗായകനായ തലത്ത് മുഹമ്മദിനെ അറിയാത്തതായി ഒരു സംഗീത സ്നേഹിയും ഇന്ത്യയില്‍ കാണാനിടയില്ല. ഈ ഗാനത്തോടെ അദ്ദേഹം മലയാള ഗാനരംഗത്തും അറിയപ്പെട്ടു.


തങ്കം തമ്പി


1965-ല്‍ 'അമ്മു' എന്ന ചിത്രത്തിലൂടെ ഒരു ഗായികയായി തങ്കം തമ്പി ചലച്ചിത്രഗാനരംഗത്തെത്തി. യൂസഫലി കച്ചേരി രചിച്ച 'പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ' എന്ന ഗാനം ബാബുരാജിന്റെ സംഗീത സംവിധാനത്തിലാണ് തങ്കം തമ്പി പാടിയത്.


തങ്കപ്പന്‍


1961-ല്‍ പുറത്തിറങ്ങിയ 'ശബരിമല ശ്രീ അയ്യപ്പന്‍ 'എന്ന ചിത്രത്തില്‍ 'പുത്തന്‍ മലര്‍ .... 'എന്ന ഗാനം എ.പി. കോമളയോടൊപ്പം പാടി. സംഗീതം എസ്.എം. സുബ്ബയ്യാനായിഡു.


തോമസ്


'അതിഥി' എന്ന ചിത്രത്തിലെ 'അഹം ബ്രഹ്മാസ്മി.....' എന്ന ഗാനം മനോഹരന്‍ ,അയിരൂര്‍ സദാശിവന്‍ , സോമന്‍ എന്നിവരോടൊപ്പം തോമസ് പാടി.


തോമസ് വില്ല്യംസ്


ഹിന്ദി ചലച്ചിത്രരംഗത്തിലെ പ്രശസ്തസംഗീതസംവിധായകനായ രാജ്കമലിന്റെ സംഗീതത്തില്‍ ബിച്ചുതിരുമല രചിച്ച 'ഉലകുടയോന്‍കോവില്‍ .....' എന്ന ഗാനം തോമസ് വില്ല്യംസ് 'ആഴി' എന്ന ചിത്രത്തില്‍ പാടി.11 News Items found. Page 1 of 2