രചന

റ്റി.കെ.ലായന്‍


'ഇവളെന്റെ കാമുകി' എന്ന ചിത്രത്തിനുവേണ്ടി റ്റി.കെ. ലായന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ എഴുതിയത് റ്റി.കെ. ലായന്‍തന്നെയാണ്.


ടി.വി. ഗോപാലകൃഷ്ണന്‍


'ലൗലി' എന്ന ചിത്രത്തിനുവേണ്ടി 'എല്ലാ ദുഃഖവും എനിക്ക് തരൂ...' തുടങ്ങി നാലുഗാനങ്ങള്‍ എഴുതി സിനിമാരംഗത്ത് പ്രവേശിച്ചു. 1940 ല്‍ കൊല്ലം മുളങ്കാടകത്ത് തോപ്പില്‍ വീട്ടില്‍ വേലുശാന്തിയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി ജനിച്ചു. കുട്ടിക്കാലും മുതല്‍ പാട്ടുകള്‍ എഴുതി. 1956-ല്‍ രണ്ടു ഗാനങ്ങള്‍ എച്ച്.എം.വി. റെക്കോഡ് ചെയ്തു. 1956-ല്‍ 'സ്നേഹിതന്‍ ' എന്നൊരു മാസിക നടത്തി. 1969 മുതല്‍ കേരളാ ഹെല്‍ത്ത് സര്‍വ്വീസില്‍ ലാബ് ടെക്നീഷ്യന്‍ . 'മുക്കുവനെ സ്നേഹിച്ച ഭൂതം' തുടങ്ങി പന്ത്രണ്ടോളം സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. 1969 ല്‍ രാധാമണിയെ വിവാഹം ചെയ്തു. രണ്ടു കുട്ടികള്‍ കവിതയും സംഗീതയും. മേല്‍വിലാസം: ടി.വി. ഗോപാലകൃഷ്ണന്‍ , പെരിനാട് പി.ഒ., കൊല്ലം


തകഴി ശങ്കരനാരായണന്‍


'ഋതുഭേദം' എന്ന ചിത്രത്തില്‍ 'ഋതു സംക്രമപ്പക്ഷി...' എന്ന ഗാനമെഴുതി തകഴി ശങ്കരനാരായണന്‍ സിനിമാഗാനരചയിതാവായി. 'അശോകന്റെ അശ്വതിക്കുട്ടിക്ക്' എന്ന സിനിമയുടെയും ഗാനരചയിതാവാണ്. 1940 ല്‍ തകഴി പൂപ്പള്ളി കുടുംബത്തില്‍ ഹരിപ്പാട് എസ്.കെ.പിള്ളയുടെയും പക്ഷജാക്ഷിയമ്മയുടെയും മകനായി ജനിച്ചു. 1966-ല്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്നും എം.എ. ബിരുദം നേടി. 1967-ല്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ ലക്ചറായി. 1973-ല്‍ വകുപ്പു മേധാവിയായി. ഇപ്പോള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട്ഓഫ് എന്‍സൈക്ലോപീഡിയയില്‍ ലാംഗ്വേജ് എക്സപര്‍ട്ടായി ജോലി നോക്കുന്നു. ഭൂമി കന്യക, വജ്രപക്ഷങ്ങള്‍ തുടങ്ങി നാലോളം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ പ്രൊഫ. ചന്ദ്രികാ ശങ്കരനാരായണന്‍ . മക്കള്‍ സന്ധ്യയും ലതയും. മേല്‍വിലാസം തകഴി ശങ്കരനാരായണന്‍ , ജെ.28, ജ്യോതി നഗര്‍ , പട്ടം പി.ഒ.,തിരുവനന്തപുരം 4.


തേവന്നൂര്‍ മണിരാജ്


'വെടിക്കെട്ട്' എന്ന സിനിമയുടെ ഗാനരചയിതാവ്. ഒരു നാടകകൃത്തുകൂടിയാണ് മണിരാജ്.


തിക്കൊടിയന്‍ ( പി. കുഞ്ഞനന്തന്‍ നായര്‍ )


'കടമ്പ' എന്ന സിനിമയിലെ 'അപ്പോഴും പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്ന് ...' എന്ന തിക്കോടിയന്‍ രചിച്ച ആദ്യ ഗാനം വളരെ ജനപ്രീതി നേടി. പുതിയിടത്തു വീട്ടില്‍ കുഞ്ഞപ്പന്‍ നായരുടേയും നാരായണിയമ്മയുടേയും മകനായി ജനിച്ച പി. കുഞ്ഞനന്തന്‍ നായര്‍ 'തിക്കൊടി'യന്‍ എന്ന തൂലികാ നാമത്തിലാണ് സാഹിത്യസൃഷ്ടി നടത്താറുള്ളത്. അനേകം നാടകങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. ആകാശവാണിയില്‍ വളരെ നാള്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പാര്‍വ്വതിയമ്മ വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു. ഏക മകള്‍ പുഷ്പ കോഴിക്കോട് റേഡിയോ നിലയത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റാണ്.


തിക്കുറിശ്ശി സുകുമാരന്‍ നായര്‍


'സ്ത്രീ' എന്ന ചിത്രത്തിനുവേണ്ടിയാണ് നടന്‍ , നാടകകൃത്ത്, സംവിധായകന്‍ , നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ രംഗങ്ങളിലെല്ലാം സവിശേഷമാര്‍ന്ന സംഭാവനകള്‍ നല്‍കിയ തിക്കുറിശ്ശി സുകുമാരന്‍നായര്‍ ആദ്യമായി ഗാനങ്ങള്‍ എഴുതുന്നത്. 'നന്ദനന്ദന മധു നന്ദന...'എന്നു തുടങ്ങുന്നതാണ് ആദ്യഗാനം. 1092-ല്‍ മങ്കാട്ട് സി. ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ച സുകുമാരന്‍നായര്‍ കോളേജ് വിദ്യാഭ്യാസം കഴിയുന്നതിനുമുന്‍പുതന്നെ കലാരംഗത്തേക്ക് എത്തി. വളരെ നല്ല കവിതകളെഴുതാന്‍ കഴിവുള്ള അദ്ദേഹം അതില്‍ കാണിച്ച വിമുഖത മലയാളത്തിന് ഒരു നല്ല കവിയെ നഷ്ടപ്പെടുത്തി. പൂജാ പുഷ്പം, ഉര്‍വ്വശി ഭാരതി, ബലൂണ്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 'കാര്‍കൂന്തല്‍ക്കെട്ടിനെന്തിന് വാസനത്തൈലം...' തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ നല്ല രചനയ്ക്കുള്ള ഉദാഹരണങ്ങളാണ്. പതിനൊന്നു ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. വിലാസം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ , കനകശ്രീ വത്സം, ജവഹര്‍ നഗര്‍ , തിരുവനന്തപുരം


തിരുനയിനാര്‍കുറിച്ചി മാധവന്‍നായര്‍


പല ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം ആദ്യം ഗാനം എഴുതുന്ന ചിത്രം 'ആത്മസഖി'യാണ്. അതിലെ 'കന്നിക്കതിരാടും നാള്‍ ....'എന്നതാണ് ആദ്യഗാനം. അതില്‍ അഭിനയിക്കുകയും ചെയ്തു. കൊല്ലവര്‍ഷം 1091 ല്‍ കന്യാകുമാരിജില്ലയിലെ തിരുനയിനാര്‍കുറിച്ചി ഗ്രാമത്തില്‍ ജനിച്ചു. മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. ആറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 26 ചിത്രങ്ങളിലായി 222 ഗാനങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്ന മാധവന്‍നായര്‍ 1965 ഏപ്രില്‍ ഒന്നിന് അന്തരിച്ചു. എങ്കിലും 'ആത്മവിദ്യാലയമേ....', 'ഈശ്വര ചിന്തയിതൊന്നേ....' തുടങ്ങിയ ഗാനങ്ങളില്‍കൂടി ഇന്നും അദ്ദേഹം ജീവിയ്ക്കുന്നു.


തിരുനെല്ലൂര്‍ കരുണാകരന്‍


വിമല്‍കുമാറിന്റെ സംഗീതത്തില്‍ , അച്ഛനും മകനും എന്ന ചിത്രത്തിനുവേണ്ടി ' ഞാനൊരു മുല്ലനട്ടു ...'എന്ന ഗാനമെഴുതിയ തിരുനെല്ലൂര്‍ കരുണാകരന്‍ പ്രഗത്ഭനായ ഒരു കവിയാണ്. 'റാണി' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ വളരെ ശക്തിയുള്ളവയാണ്. വയലാര്‍ രാമവര്‍മ്മ പുരസ്കാരം നേടിയ കവിയാണ് അദ്ദേഹം. വിലാസം : തിരുനെല്ലൂര്‍ കരുണാകരന്‍ , അഞ്ചാലുംമൂട്, പെരിനാട്, കൊല്ലം.


തോമസ് പാറന്നൂര്‍


'ഭൂമിയിലെ മാലാഖയ്ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ച നാലുപേരില്‍ ഒരാളാണ് തോമസ്പാറന്നൂര്‍ . ഗാനം 'ആകാശത്തമ്പലമുറ്റത്ത്...'


തുമ്പമണ്‍ പത്മനാഭന്‍കുട്ടി


' ശശിധരന്‍ ' എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തില്‍ പ്രസിദ്ധമായിരുന്ന തുമ്പമണ്‍ പത്മനാഭന്‍കുട്ടിയുടെ ആദ്യഗാനമായ 'നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക....' രചനയിലും സംഗീതത്തിലും ഹിന്ദിയിലെ 'തേരാ ചാന്ദ് തു മേരി ചാന്ദ്നീ...' എന്ന ഗാനത്തിനോട് കടപ്പെട്ടിരിക്കുന്നു. ഇതെഴുതിയ തുമ്പമണ്‍ പത്മനാഭന്‍കുട്ടിയെ, മലയാള നാടകവേദിയുടെ ആശാന്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1082-ല്‍ തുമ്പമണില്‍ കൊച്ചുകുഞ്ഞിന്റെയും നാരായണിയുടെയും മകനായി ജനിച്ചു. നാടകങ്ങളില്‍ സ്ത്രീ വേഷം 'കെട്ടി' അഭിനയിച്ചിരുന്ന പത്മനാഭന്‍കുട്ടി ആദ്യം അഭിനയിച്ച ചിത്രം ശശിധരനാണ്. ശശിധരന്‍ , ചന്ദ്രിക, കേരള കേസരി, രക്തബന്ധം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. ശ്രീമതി പാര്‍വ്വതിയാണ് ഭാര്യ. ഒന്‍പത് മക്കള്‍ .11 News Items found. Page 1 of 2