സംഗീത സംവിധാനം

വി ദക്ഷിണാമൂര്‍ത്തി


V Dakshinamoorthi

'നല്ലതങ്ക' എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതം ഒരുക്കുന്നത്. അദ്ദേഹത്തോടൊപ്പം രാമറാവു എന്ന ഒരാളുമുണ്ടായിരുന്നു. മലയാളചലച്ചിത്രസംഗീതത്തിലെ ആദരണീയ പ്രതിഭ. ചതുര്‍മൂര്‍ത്തികളെന്നു വിളിയ്ക്കാവുന്നവരില്‍ ആദ്യം രംഗത്തെത്തിയ സംഗീത സംവിധായകനാണ് അദ്ദേഹം. ആ ചിത്രത്തിലെ ഒരു നായകനായി അഭിനയിച്ചിരുന്നത് പ്രസിദ്ധഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫാണ്. അദ്ദേഹത്തിനും , യേശുദാസിനും, യേസുദാസിന്റെ മകന്‍ വിജയിനും അങ്ങനെ മൂന്നു തലമുറയ്ക്കുവേണ്ടി സംഗീതം പകര്‍ന്നുകൊടുത്ത ബഹുമതി, ദക്ഷിണാമൂര്‍ത്തിയ്ക്കുള്ളതാണ്.

മലയാള ചലച്ചിത്ര സംഗീതവസന്തത്തിലെ വാടാമലരുകളായ മലയാളമലര്‍ വാടിയേ.., ജനനീ നീ ജയിയ്ക്കനീണാള്‍... , പ്രിയമാനസാ നീ.., സ്വപ്നങ്ങള്‍ ..., ഹൃദയ സരസ്സിലെ..., കാട്ടിലെ പാഴ്മുളം..., ആലാപനം... തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയായി കേരളത്തിന് കിട്ടിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഈണങ്ങള്‍ക്കൊപ്പിച്ച് വാക്കുകള്‍ എഴുതപ്പെടുന്ന പ്രക്രിയയ്ക്ക് അദ്ദേഹവും വഴങ്ങപ്പെടേണ്ടിവന്നിരുന്ന ഒരു കാലമായിരുന്നു അതെങ്കിലും സ്വതന്ത്രമായി ഈണം നല്‍കുവാന്‍ ലഭിച്ച സന്ദര്‍ഭങ്ങള്‍ പാഴാക്കിക്കളയാതെ കയ്യില്‍ കിട്ടിയ ഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആ ഗാനങ്ങളെ ആഴവും, ഗൗരവവും ലാളിത്യവും ഉള്ളതാക്കിയെടുത്തു. അവയെ അനശ്വരമാക്കിയ സംഗീതത്തെയാണ് ആ കലാകാരന്റെ 'സംഭാവന' എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നത്.

1919-ല്‍ ആലപ്പുഴയില്‍ ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വ്വതിയമ്മാളിന്റെയും പുത്രനായി ജനിച്ച അദ്ദേഹം ബാല്യദശയില്‍ തന്നെ അമ്മയില്‍ നിന്നു ത്യാഗരാജസ്വാമികളുടെ കുറേ കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി. എസ്.എസ്.എല്‍ .സി. യ്ക്കുശേഷം തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയില്‍ നിന്നും മുറപ്രകാരം സംഗീതം അഭ്യസിച്ചു. പാണ്ഡിത്യവും നേടി. പ്രശസ്ത ഗായികമാരായ കവിയൂര്‍ രേവമ്മ, പി. ലീല, അമ്പിളി, ശ്രീലത, കല്യാണിമേനോന്‍, ഈശ്വരി പണിയ്ക്കര്‍ തുടങ്ങിയവര്‍ ശിഷ്യഗണങ്ങളില്‍പെടുന്നു.

1971-ല്‍ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ഭാര്യ : കല്യാണി, മക്കള്‍ :ഒരാണും രണ്ടു പെണ്ണും എല്ലാവരും വിവാഹിതര്‍


വി.ഡി. രാജപ്പന്‍


പ്രസിദ്ധ ഹാസ്യ കഥാപ്രാസംഗികനായ വി.ഡി. രാജപ്പന്‍ 'സഖാവ്' എന്ന ചിത്രത്തിനു വേണ്ടി പന്തളം സുധാകരന്‍ എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കി.


വി.എം. കുട്ടി


1921 എന്ന ചിത്രത്തിലൂടെ മൊയ്തീന്‍കുട്ടി വൈദ്യരുടെ പഴമയേറിയ ഒരു മാപ്പിളപ്പാട്ടിന് സംഗീതമേകി കൊണ്ടാണ് മാപ്പിളപ്പാട്ടുകളിലൂടെ പ്രശസ്തനായ വി.എം.കുട്ടി സിനിമാരംഗത്തെത്തിയത് . ആ ചിത്രത്തിലുള്ള രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം ആണ്.


വി.എസ്. നരസിംഹന്‍


ജേസി സംവിധാനം ചെയ്ത 'ഈറന്‍ സന്ധ്യ' എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് വി.എസ്. നരസിംഹനാണ്. എട്ടാം വയസ്സില്‍ വയലിന്‍ വായനയില്‍ പ്രാവീണ്യം നേടി. പന്ത്രണ്ടാം വയസ്സില്‍ ജി. ദേവരാജന്‍ , ആര്‍ .കെ. ശേഖര്‍ ഉള്‍പ്പെടെ പല സംഗീത സംവിധായകരുടേയും കൂടെ വയലിന്‍ വായിച്ചു. എം.ബി. ശ്രീനിവാസന്റെ സഹായി ആയി ഉയര്‍ന്നു. ഇളയരാജായുടെ വാദ്യവൃന്ദ മേല്‍നോട്ടക്കാരനായി. തമിഴ് സംവിധായകന്‍ കെ. ബാലചന്ദര്‍ , നരസിംഹനെ സ്വതന്ത്ര സംവിധായകനാക്കി.


വേദപാല്‍ വര്‍മ്മ


കാട് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹിന്ദി സംഗീത സംവിധായകനായ വേദപാല്‍വര്‍മ്മ ആണ്.


വിദ്യാധരന്‍


ആദ്യം സംഗീതം നല്‍കിയ ചിത്രം 'എന്റെ ഗ്രാമം' ആണെങ്കിലും റിലീസായത് 'ആഗമനം' എന്ന ചിത്രമാണ്. വീണപൂവ്, അഷ്ടപദി, പാദമുദ്ര തുടങ്ങിയ 12 ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 1945-ല്‍ ആറാട്ടുപുഴ മംഗളാലയത്തില്‍ ശങ്കരന്റെയും തങ്കമ്മയുടേയും മകനായി വിദ്യാധരന്‍ ജനിച്ചു. മുത്തച്ഛനായ കാരണവര്‍ ശ്രീ. കൊച്ചക്കനാശാന്‍ സംഗീതജ്ഞനായിരുന്നു. അഞ്ചാംവയസ്സില്‍ ആദ്യ ഗുരുവായ മുത്തച്ഛനില്‍ നിന്നു തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടിപ്പണിക്കര്‍ , ആര്‍ . വൈദ്യനാഥന്‍ , ശങ്കരനാരായണന്‍മാസ്റ്റര്‍ എന്നീ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസു വരെ പഠിച്ച വിദ്യാധരന്‍ പാടുന്നതിനായി മദ്രാസിലെത്തി. 1965-ല്‍ ഓടയില്‍ നിന്ന് എന്ന പ്രശസ്തമായ ചിത്രത്തില്‍ മെഹ്ബൂബിനോടൊപ്പം 'ഓ റിക്ഷാവാലാ' എന്ന ഗാനം പാടി. പിന്നെ നാടകങ്ങളിലും സംഗീതം പകര്‍ന്നു. വിവാഹിതന്‍ . ഭാര്യ ലീല, മക്കള്‍ - സംഗീത, സജിത്. മേല്‍വിലാസം : വിദ്യാധരന്‍ , മംഗളാലയം, ആറാട്ടുപുഴ, തൃശൂര്‍


വിജയഭാസ്ക്കര്‍


ലതാമൂവീസിന്റെ 'കുസൃതിക്കുട്ടന്‍ ' എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്ക്കരന്‍ രചിച്ച് ബി. വസന്ത ആലപിച്ച 'മണിച്ചിലമ്പേ' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിക്കൊണ്ട് വിജയഭാസ്ക്കര്‍ മലയാളത്തിലേയ്ക്ക് പ്രവേശിച്ചു. തുടര്‍ന്ന്, 'ജീവിയ്ക്കാന്‍ അനുവദിക്കൂ', 'കായല്‍ക്കരയില്‍ ', 'പാതിരാപ്പാട്ട്' തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍ 'ക്കുവേണ്ടി പാശ്ചാത്യ സംഗീതം ഒരുക്കിയതും വിജയഭാസ്ക്കറാണ്.

ജനനം ബാംഗ്ലൂരില്‍ . പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു പഠനം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ സംഗീതം തൊഴിലായി സ്വീകരിയ്ക്കുവാന്‍ തീരുമാനിച്ചു. പ്രൊഫസര്‍ ജി.വി. ഭാവേയുടെ ശിക്ഷണത്തില്‍ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചതിനു ശേഷം, മൈസൂര്‍ കൊട്ടാരത്തിലെ ലെനിഹണ്ടിന്റെ ശിഷ്യത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും അഭ്യസിച്ചു. തുടര്‍ന്ന് ലണ്ടനിലെ 'ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കി'ല്‍ നിന്നും 'പിയാനോ പ്ലെയിംഗ് ആന്റ് തിയറി'യില്‍ ഡിപ്ലോമ കരസ്ഥമാക്കി. 1954-ല്‍ ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറി. ആദ്യചിത്രം 'ശ്രീരാമപൂജ', തമിഴ്, തെലുങ്ക്, കന്നട, തുളു, മലയാളം, കൊങ്കിണി, മറാത്തി എന്നീ ഭാഷകളില്‍ ഏകദേശം 567 ചിത്രങ്ങള്‍ക്കുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച വിജയഭാസ്ക്കര്‍ 'റോബര്‍ട്ട് ക്ലൈവ്' എന്ന ഒരാംഗലേയചിത്രത്തിനു സഹസംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ചുതവണ കര്‍ണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും, രണ്ടു തവണ ബോംബെയിലെ 'സുര്‍സിംഗാര്‍ സംസദ്' പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.


വിജയാ കൃഷ്ണമൂര്‍ത്തി


എം.എസ്. വിശ്വനാഥന്റെ വാദ്യവൃന്ദത്തില്‍ സ്ഥിരാംഗമായിരുന്ന വിജയാ കൃഷ്ണമൂര്‍ത്തി സംഗീതം നല്‍കിയ ചിത്രമാണ്, 1969-ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ കേരള'


വിമല്‍കുമാര്‍


' തിരമാല' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായാണ് വിമല്‍ കുമാര്‍ മലയാളഗാനലോകത്തെത്തിയത്. ഫോര്‍ട്ട്കൊച്ചിയില്‍ 1906-ല്‍ ഏപ്രില്‍മാസത്തില്‍ വിമല്‍കുമാര്‍ ജനിച്ചു. യഥാര്‍ത്ഥനാമം എ.എസ്. തോമസ് എന്നായിരുന്നു. ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചതിനുശേഷം ബോംബെയിലെത്തി. 26 കൊല്ലത്തെ അവിടത്തെ ജീവിതത്തിനിടയില്‍ കുറച്ചു സംഗീതവും ചിത്രസംവിധാനവും ഗ്രഹിച്ചു. ' കലിയുഗ' എന്ന ഹിന്ദിചിത്രം സംവിധാനം ചെയ്യുകയും അതിനു സംഗീതം നല്‍കുകയുംചെയ്തുവെന്നു പറയപ്പെടുന്നു. അത് കഴിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹം 'തിരമാല' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായി. കൂടാതെ അതിന്റെ സംവിധാനത്തില്‍ പി.ആര്‍ .എസ്. പിള്ളയെ സഹായിക്കുകയും ചെയ്തു. പി. ഭാസ്ക്കന്‍ എഴുതിയ അതിലെ ഗാനങ്ങള്‍ അന്ന് ശ്രദ്ധേയങ്ങളായി. പിന്നീട് ഒന്നുരണ്ടുചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഒന്നുരണ്ടു ചിത്രങ്ങള്‍ക്കു സംഗീതം നല്‍കുകയും ചെയ്തു.


വൈപ്പിന്‍ സുരേന്ദ്രന്‍


'താല' എന്ന ചിത്രത്തില്‍ ഒ. എന്‍ .വി. കുറുപ്പിന്റെ വരികള്‍ ചിട്ടപ്പെടുത്തിക്കൊണ്ട് സിനിമാരംഗത്ത് പ്രവേശിച്ചു. 1952-ല്‍ കൊച്ചി അഴീക്കല്‍ മുരുക്കുംപാടത്ത്, കടവന്ത്ര നാരായണന്റേയും അമ്മുവിന്റേയും മകനായി ജനിച്ചു. കുമരകം രാജപ്പനാണ് ആദ്യഗുരു. പിന്നീട് നാടകങ്ങളില്‍ എം.കെ. അര്‍ജ്ജുനന്റെ സഹായിയായി പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞു. ധാരാളം നാടകങ്ങള്‍ക്കു സംഗീതം നല്‍കിവരുന്നു. വിലാസം : വൈപ്പിന്‍ സുരേന്ദ്രന്‍ , മുരുക്കുംപാടം, അഴീക്കല്‍ പി.ഒ. കൊച്ചിന്‍ 682 51010 News Items found. Page 1 of 1