രചന

വാണക്കുറ്റി (രാമന്‍പിള്ള)പ്രേമലേഖ എന്ന ചിത്രത്തില്‍ വാണക്കുറ്റി എഴുതിയ ആദ്യഗാനം 'അനുരാഗപ്പൂനിലാവില്‍ ...' എന്നാരംഭിക്കുന്നു. 1919-ല്‍ മാന്നാനം എന്ന സ്ഥലത്ത് ജനിച്ചു. പ്രേമലേഖ, മനസ്സാക്ഷി, എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഗാനരചയിതാവുമായിരുന്നു അദ്ദേഹം. വെച്ചൂര്‍ പാറയില്‍ നീലകണ്ഠപിള്ളയുടെയും മാന്നാനത്ത് പാപ്പിയമ്മയുടേയും പുത്രനാണ്. രാമന്‍പിള്ള എന്നാണ് യഥാര്‍ത്ഥപേര്.


വര്‍ഗീസ് വടകര


'ഭൂമിയിലെ മാലാഖ'യ്ക്കുവേണ്ടി 'മുള്‍മൂടിചൂടിയ നാഥാ....'എന്ന ഗാനം രചിച്ചത് വര്‍ഗീസ് വടകരയാണ്.


വാസന്‍


'സൗന്ദര്യപ്പിണക്കം' എന്ന ചിത്രത്തിലെ 'മയില്‍പ്പീലികണ്‍കളില്‍ ....' എന്ന ഗാനം രചിച്ചുകൊണ്ട് ഗാനരചയിതാവായി. 1948-ല്‍ തൃശൂരിലാണ് വാസന്‍ ജനിച്ചത്. പിതാവ് കവിയായ ഇ.പി.വേലു, മാതാവ് തിരുവാതിരകളി വിദഗ്ദ്ധനായ കാനാടി കല്യാണി. ശ്രീകുമാരന്‍ തമ്പിയുടെ സഹായി ആയി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. ഇപ്പോള്‍ സ്വതന്ത്ര സംവിധായകന്‍ . ഇത് ഒരു തുടക്കം മാത്രം, ജീവിതം ഒരു രാഗം, എന്നീ സിനിമകള്‍ക്കു വേണ്ടിയും ഗാനരചന നടത്തി. ഭാര്യ ഷൈലജ, മകന്‍ പ്രത്യുഷ്. മേല്‍വിലാസം വാസന്‍ , എരണേഴുത്തുവീട്, പെരിങ്ങോട്ടുകര, പി.ഒ., തൃശൂര്‍ 680 565


വയലാര്‍ മാധവന്‍കുട്ടി


'സ്വാമി ശ്രീനാരായണ ഗുരു' എന്ന ചിത്രത്തിന് ഡോക്ടര്‍ സലീമിനോടൊപ്പം പാട്ടെഴുതി ഗാനരചയിതാവായ പത്രപ്രവര്‍ത്തകനായിരുന്ന മാധവന്‍കുട്ടി ഇപ്പോള്‍ കെല്‍ട്രോണില്‍ ഉദ്യാഗസ്ഥനാണ്.


വയലാര്‍ രാമവര്‍മ്മ


1956-ല്‍ 'കൂടപ്പിറപ്പി'നു വേണ്ടി 'തുമ്പീ തുമ്പീ വാവാ...'തുടങ്ങിയ ഗാനങ്ങള്‍ എഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരംഗത്ത് പ്രവേശിച്ചു. അത് ഗാനസാഹിത്യത്തിന്റെ സുവര്‍ണദശയുടേയും ആരംഭമായിരുന്നു. 1928 മാര്‍ച്ച് 25ന് വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും വെള്ളാരപ്പള്ളി കേരളവര്‍മ്മയുടേയും പുത്രനായി വയലാര്‍ രാമവര്‍മ്മ ജനിച്ചു. മൂന്നരവയസ്സില്‍ പിതാവ് അന്തരിച്ചു. അമ്മയുടേയും അമ്മാവന്റെയും മേല്‍നോട്ടത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ സംസ്കൃതം പഠിച്ചു. പുറമേ ചേര്‍ത്തല ഹൈസ്ക്കൂളിലും.
സി.പി. രാമസ്വാമിഅയ്യരുടെ അധികാരദുര്‍മോഹത്തിനെതിരായി പൊട്ടിപ്പുറപ്പെട്ട സമരത്തിന്റെ ഈറ്റില്ലവും കുരുക്ഷേത്രവും ആയിരുന്ന വയലാറില്‍ പിറന്നുവീണ രാമവര്‍മ്മ യൗവ്വനാരംഭം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുപോന്നതില്‍ അതിശയിക്കാനില്ല. സാമൂഹികസാംസ്കാരികരംഗങ്ങളിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താവും പ്രാണേതാവും ആയിരുന്നു.

ഒരെഴുത്തുകാരന്‍ കവിയാകട്ടെ, നോവലിസ്റ്റാകട്ടെ, ചെറുകഥാകൃത്താകട്ടെ, നാടകകൃത്താകട്ടെ സര്‍ഗശക്തിമുഴുവന്‍ ക്രോഡീകരിച്ച് തന്റെ കൃതികളില്‍ നിബന്ധമാക്കുന്ന, അദ്ദേഹത്തിന്റെ രചനയുടെ ഒരു കാലഘട്ടമുണ്ട്. ആ ഘട്ടത്തിലെ കൃതികളായിരിക്കും അദ്ദേഹത്തിന്റെ അനശ്വരകൃതികള്‍ . ധാരാളം മനോഹരങ്ങളായ കവിതകളെഴുതുകയും അവയൊക്കെ സമാഹാരങ്ങളാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ആ ഉത്തമകാലഘട്ടത്തില്‍ , കവിതകളില്‍ സമന്വയിപ്പിക്കേണ്ടിയിരുന്ന ആ സ്വര്‍ഗ്ഗപ്രതിഭയും ഭാവനയും അദ്ദേഹം ഗാനങ്ങളിലേക്ക് തിരിച്ചുവിട്ടു. അതുകൊണ്ട് മലയാള ചലച്ചിത്രഗാനങ്ങള്‍ക്ക് അതുവരെ കാണാത്ത ഒരു മാനം കിട്ടി.

അദ്ദേഹത്തിനു കിട്ടുന്ന കഥയിലെ ഒരു പ്രത്യേക നിമിഷത്തിന്റെ വികാരത്തെ, ഇതിഹാസങ്ങളും പുരാണകഥകളും പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളും പരതി അവയില്‍നിന്നു കിട്ടുന്ന ആശയങ്ങളെ തന്റെ ഗാനത്തില്‍ ലയിപ്പിച്ച് അതൊരു ഭാവഗാനമാക്കി, നിത്യസത്യമാക്കി, കവിതയാക്കി, ശാശ്വതമാക്കുന്ന പ്രക്രിയ ഒരു ഗാനരചയിതാവെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേകതയാണ്. തമിഴ് കവിയായ കണ്ണദാസന്റെയും നിരൂപകന്‍ വി.എ.കെ. രങ്കറാവുവിന്റെയും അഭിപ്രായത്തില്‍ വയലാര്‍ രാമവര്‍മ്മയാണ് ഇന്ത്യയിലെ ഏറ്റവും ഉത്തമനായ ഗാനരചയിതാവ്. മാത്രവുമല്ല, വയലാര്‍ ദേവരാജന്‍ ടീമിനെ കവച്ചുവെയ്ക്കുന്ന ഒരു ടീം ഇന്ത്യയില്‍ ഇല്ലെന്നുമാണ് രങ്കറാവു രേഖപ്പെടുത്തുന്നത്.

223 ചിത്രങ്ങള്‍ക്ക് വയലാര്‍ ഗാനരചന നടത്തി. 1961-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം 'സര്‍ഗസംഗീതം' എന്ന ഗ്രന്ഥത്തിനും ഏറ്റവും നല്ല ചലച്ചിത്രഗാന രചയിതാവിനുള്ള സംസ്ഥാനപുരസ്ക്കാരം മൂന്നുതവണയും ഭാരതത്തിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡലും (1974) വയലാര്‍ രാമവര്‍മ്മ നേടിയിട്ടുണ്ട്. ചെങ്ങണ്ട പുത്തന്‍ കോവിലകത്ത് ചന്ദ്രമതിത്തമ്പുരാട്ടിയെ ആദ്യമായും മക്കളില്ലാത്തതിനെ തുടര്‍ന്ന് അതേ കോവിലകത്തെ ഭാരതിത്തമ്പുരാട്ടിയെ രണ്ടാമതും വയലാര്‍ വിവാഹം കഴിച്ചു. ഭാരതിത്തമ്പുരാട്ടിയില്‍ വയലാറിന് നാല് സന്താനങ്ങള്‍ പിറന്നു. ശരത്ചന്ദ്രന്‍ ഇന്ദുലേഖ, യമുന, സിന്ധു. 1975 ഒക്ടോബര്‍ 27-ന് ചരിത്രപ്രസിദ്ധമായ 'വയലാര്‍ രക്തസാക്ഷിദിന'ത്തിന്റെ അന്ന് വെളുപ്പിന് നാലുമണിക്ക് വയലാര്‍ രാമവര്‍മ്മ കഥാവശേഷനായി.

'സ്വര്‍ണ്ണച്ചിറകടിച്ചാ വെളിച്ചം
സ്വര്‍ഗത്തിലേക്ക് പറന്നുപോയി'.
'മൃത്യുവിന്റ ഗുഹയില്‍ മറ്റൊരു
രക്തപുഷ്പം വിടര്‍ന്നു.'
'സ്നേഹിക്കയില്ലഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും'.
മൃതിയ്ക്കുപുറകില്‍ സ്മൃതിയ്ക്കുമുകളില്‍ ഈ വരികള്‍ അനശ്വരങ്ങളാകുന്നു. എന്നും.


വയനാര്‍ വല്ലഭന്‍


1988-ല്‍ പുറത്തിറങ്ങിയ ' ഉയരാന്‍ ഒരുമിയ്ക്കാന്‍ ' എന്ന ചിത്രത്തിലെ 'മിഥിലാപുരിയിലെ...'തുടങ്ങിയ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വയനാര്‍ വല്ലഭനാണ്. സംഗീതം അരവിന്ദന്‍ തേവര.


വെള്ളനാട് നാരായണന്‍


തിരുവനന്തപുരത്ത് വാട്ടര്‍ അതോറിട്ടിയില്‍ ഉദ്യോഗസ്ഥനായ വെള്ളനാട് നാരായണന്റെ ആദ്യ സിനിമാ ഗാനമാണ് 'സരസ്വതിയാമ'ത്തിലെ 'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ...' എന്ന ഗാനം. നാടകങ്ങളിലും ചലച്ചിത്രങ്ങളിലും ഗാനരചനയും ഒപ്പം സ്ക്രിപ്റ്റ് രചനയും നിര്‍വ്വഹിക്കുന്ന നാരായണന്‍ പ്രതിഭാദനനാണ്.


വേണു


'ആള്‍മാറാട്ടം' എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ എഴുതിയത് വേണു ആണ്.


വേണുനാഗവള്ളി


ഗായകനായും നടനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും ഉയര്‍ന്നു വന്ന വേണുനാഗവള്ളി 'ഈണം' എന്ന ചിത്രത്തില്‍ ഭരതനോടൊപ്പം ഗാനരചന നടത്തി. മേല്‍വിലാസം: വേണുനാഗവള്ളി, ഇലങ്കം ഗാര്‍ഡന്‍സ്, വെള്ളയമ്പലം, തിരുവനന്തപുരം


വിജയന്‍


'ലിസ'യുടെ ഗാനരചയിതാവാണ് വിജയന്‍ . ആദ്യഗാനം 'പ്രഭാതമേ....'. തമിഴ്, മലയാളം സിനിമകളിലെ നടനായ വിജയന്‍ ഇപ്പോള്‍ സംവിധായകനുമാണ്.12 News Items found. Page 1 of 2