എ. കെ ലോഹിതദാസ്

തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.ലോഹിതദാസ് ഹൃദയാഘാതത്തെതുടര്‍ന്ന് 2009 ജൂണ്‍ 28 രാവിലെ 10-55-ന് എരണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നീലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോഹിതദാസ്, സിബി മലയില്‍ സംവിധാനംചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയാണ് സിനിമയില്‍ പ്രവേശിച്ചത്. കിരീടം, ചെങ്കോല്‍ , കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , സല്ലാപം, മൃഗയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ആദ്യം സംവിധാനംചെയ്ത ചിത്രം 'ഭൂതക്കണ്ണാടി' . തുടര്‍ന്ന് അരയന്നങ്ങളുടെ വീട്,കാരുണ്യം, ജോക്കര്‍ , കന്മദം, സൂത്രധാരന്‍ ഓര്‍മ്മച്ചെപ്പ്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഭൂതക്കണ്ണാടിയുടെ സംവിധാനത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. 1997-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും
'ഭൂതക്കണ്ണാടി' നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.

കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955-ല്‍ ജനിച്ചു. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്നാണ് മുഴുവന്‍ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം. വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഭാര്യ : സിന്ധു. മക്കള്‍ ‍: ഹരികൃഷ്ണന്‍ വിജയ്ശങ്കര്‍ , മൂന്ന് സഹോദരങ്ങള്‍ .


അടൂര്‍ ഭവാനി

ചെമ്മീന്‍ , മുടിയനായ പുത്രന്‍ , കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന നടി അടൂര്‍ ഭവാനി 2009 ഒക്ടോബര്‍ 19-ന് അന്തരിച്ചു.

ഭവാനിയുടെ അനുജത്തി പങ്കജമാണ് ആദ്യം സിനിമയില്‍ അഭിനയിച്ചത്. പങ്കജത്തിനു കൂട്ടുപോയ ഭവാനിയെ കണ്ട്
തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന്‍ ആണ്. രാമുകാര്യാട്ടിന്റെ നിര്‍ബന്ധംകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം
ലഭിച്ചതോടെ സിനിമയില്‍ സജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണ് ഭവാനി ചെമ്മീനില്‍ അഭിനയിച്ചത്. ഇതിലെ ചക്കിപ്പെമ്പിള ഭവാനിയുടെ അനശ്വര കഥാപാത്രമാണ്. സത്യന്‍ , നസീര്‍ , ഷീല, ശാരദ, അടൂര്‍ ഭാസി, സോമന്‍ , സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സി.ബി.ഐ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

1969-ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. 1927-ല്‍ കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. അന്തരിച്ച ജനാര്‍ദ്ദനന്‍പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്.


ആറന്മുള പൊന്നമ്മ

Aranmula Ponnamma

മലയാള സിനിമയുടെ അമ്മയായ ആറന്മുള പൊന്നമ്മ 2011 ഫെബ്രുവരി 21ന് അന്തരിച്ചു.

1950-ല്‍ ശശിധരന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2006-ല്‍ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിച്ചു. പതിമൂന്നുവര്‍ഷം സംഗീത അദ്ധ്യാപികയായിരുന്നു. നാടകരംഗത്തുനിന്നുമാണ് സിനിമയിലെത്തിയത്. ശശിധരന്‍ , ഉമ്മിണിത്തങ്ക, സാഗരംസാക്ഷി, കഥാപുരുഷന്‍ എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍ .

മാലേത്ത് കേശവപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകളായി 1914 മീനമാസത്തില്‍ ജനിച്ചു. നാലു സഹോദരങ്ങള്‍ : രാമകൃഷ്ണപിള്ള, പങ്കിയമ്മ, ഭാസ്ക്കരപിള്ള, തങ്കമ്മ. ഭര്‍ത്താവ് : യശശ്ശരീരനായ കൊച്ചുകൃഷ്ണപിള്ള. മക്കള്‍ ‍: രാജമ്മ, രാജശേഖരന്‍ . ചെറുമകള്‍ രാധിക നടന്‍ സുരേഷ്ഗോപിയുടെ ഭാര്യയാണ്.


അസീസ്

വില്ലന്‍കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനിന്ന നടന്‍ അസീസ് 2003 ജൂലൈ 16ന് അന്തരിച്ചു.

1973-ല്‍ നീലക്കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിരുന്നു. സിനിമയിലും ഒട്ടേറെ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചു. കൗരവര്‍, ധ്രുവം, ലേലം, മതിലുകള്‍, വിധേയന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

കണിയാപുരത്തിനടുത്തുള്ള കുറക്കോട്ട് കാസിംപിള്ളയുടെയും നബീസയുടെയും മകനായി 1947ല്‍ ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂള്‍, നെടുമങ്ങാട് ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ: സൈനാബീബി. മക്കള്‍: നസീമ, എം എം രാജ, നസീറ.


ഭരത് ഗോപി

Bharath Gopi

ഭരത് അവാര്‍ഡ് ജേതാവും, നടനും സംവിധായകനുമായ ഭരത് ഗോപി(71) 2008 ജനുവരി 29ന് അന്തരിച്ചു.

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ ഭരത്ഗോപി അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. കൊടിയേറ്റത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് കരസ്ഥമാക്കി. തമ്പ്, യവനിക, പെരുവഴിയമ്പലം, ഓര്‍മ്മയ്ക്കായി, മര്‍മ്മരം, ആദാമിന്റെ വാരിയെല്ല്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിക്ക്, പാളങ്ങള്‍ , ചിദംബരം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ചിറയിന്‍കീഴിലാണ് 1937ല്‍ വി ഗോപിനാഥന്‍നായര്‍ എന്ന ഭരത്ഗോപി ജനിച്ചത്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡയറക്ടറും പ്രശസ്ത നാടകകൃത്തുമായ ജി ശങ്കരപ്പിള്ളയാണ് ഗോപിയെ നാടകത്തില്‍ കൊണ്ടുവന്നത്. പ്രസാദ് ലിറ്റില്‍ തിയറ്റേഴ്സില്‍ പ്രധാന നടനായിരുന്നു.

ഹിന്ദിയില്‍ മണി കൗളിന്റെ സാത്ത് സേ ഉത്താന ആദ്മി, ഗോവിന്ദ് നിഹലാനിയുടെ ആഗത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1980-ല്‍ പക്ഷാഘാതം ബാധിച്ച് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു.

തുടര്‍ന്ന് സംവിധായകന്റെ വേഷമണിഞ്ഞ ഗോപി ഉത്സവപ്പിറ്റേന്ന്, യമനം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന്റെ വൈകല്യങ്ങളെ അതിജീവിച്ച് അഭിനയരംഗത്ത് സജീവമായി. വൃദ്ധന്‍മാരെ സൂക്ഷിക്കുക, പാഥേയം എന്നു തുടങ്ങി രസതന്ത്രം വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരവേ ആയിരുന്നു അന്തരിച്ചത്.


ഭാസി മാങ്കുഴി

സിനിമ നിര്‍മ്മാതാവും (ഗസല്‍ ‍, കിന്നാരം) സിനിമ സീരിയല്‍ തിരക്കഥാകൃത്തുമായ ഭാസി മാങ്കുഴി (56)2008 നവംബര്‍ 27ന് അന്തരിച്ചു.


ഡാന്‍സര്‍ അപ്പുക്കട്ടന്‍ നായര്‍

നൃത്തസംവിധായകനും സംവിധായകന്‍ രാജസേനന്റെ അച്ഛനുമായ ഡാന്‍സര്‍ അപ്പുക്കട്ടന്‍ നായര്‍ (71) 2008 ഏപ്രില്‍ 14ന് അന്തരിച്ചു


കെ.എസ് നമ്പൂതിരി

തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന കെ.എസ് നമ്പൂതിരി (71) 2008 ആഗസ്റ്റ് 27 അന്തരിച്ചു.


കെ.ടി.മുഹമ്മദ്

K T Muhammed

തിരക്കഥാകൃത്തും നാടകാചാര്യനും നടി സീനത്തിന്റെ മുന്‍ഭര്‍ത്താവുമായ കെ.ടി.മുഹമ്മദ് (79) 2008 മാര്‍ച്ച് 25-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.

നാടകകൃത്ത് , സിനിമാസംവിധായകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് കെ.ടി.മുഹമ്മദ്. 1929 നവംബറില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ തൊടിയില്‍ കുഞ്ഞാമയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തപാല്‍വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞു. ജിതിന്‍ ഏകമകനാണ്.

നാല്‍പ്പതിലധികം നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം 20 ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. കണ്ടംബച്ച കോട്ട്, അച്ഛനും ബാപ്പയും, കടല്‍പ്പാലം, രാജഹംസം തുടങ്ങിയവ അദ്ദേഹത്തിന്റെ തിരക്കഥയാണ്.

കേരളസംഗീതനാടക അക്കാദമി പുരസ്കാരം, മദ്രാസ് സംഗീതനാടക അക്കാദമി പുരസ്കാരം, മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ്, പി.ജെ.ആന്റണി ഫൗണ്ടേഷന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.


കെടാമംഗലം സദാനന്ദന്‍

ആദ്യകാല ഹാസ്യനടനും കഥാപ്രസംഗകലാകാരനുമായ കെടാമംഗലം സദാനന്ദന്‍ (84) ഏപ്രില്‍ 13ന് അന്തരിച്ചു.

മരുമകള്‍ ആദ്യചിത്രം. കഥാകൃത്ത്, കാഥികന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ . ഗുരുവായൂരപ്പന്റെ സംഭാഷണ രചയിതാവ്. സ്വദേശം വടക്കന്‍ പറവൂര്‍ .


സ്മൃതി


30 News Items found. Page 1 of3