ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പൈഡർമാൻ ചിത്രം നോ വേ ഹോമിന്റെ ഓപ്പണിങ് സീൻ പുറത്തുവിട്ടു. സിനിമയുടെ ആദ്യ ഒരു മിനിറ്റ് രംഗമാണ് സോണി പിക്ച്ചേഴ്സ് റിലീസ് ചെയ്തത്. സ്പൈഡർമാൻ: ഫാർ ഫ്രം ഹോം എന്‍ഡ് ക്രെഡിറ്റ് അവസാനിക്കുന്നതിന്റെ തുടർച്ചയാണ് ഈ രംഗം.
പീറ്റർ പാർക്കർ ആണ് യഥാര്‍ഥ സ്പൈഡർമാനെന്ന വെളിപ്പെടുത്തലോടെയാണ് സ്പൈഡർമാൻ: ഫാർ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡിന്റിറ്റി രഹസ്യമായി തന്നെ നിലനിർത്താൻ സ്ൈപഡർമാൻ, ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.
മാർവലിന്റെ സ്പൈഡർമാൻ സീരിസിലെ ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ സ്ട്രേഞ്ച് ഇത്തവണ മുഴുനീള കഥാപാത്രമായി സ്പൈഡർമാനൊപ്പമുണ്ട്. ഡോക്ടർ ഒക്ടോപ്പസ് എന്ന വില്ലൻ കഥാപാത്രം തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആല്‍ഫ്രഡ് മോലിന തന്നെയാണ് ഇത്തവണയും ഒക്ടോപ്പസിനെ അവതരിപ്പിക്കുന്നത്. ഇലെക്ട്രോ ആയി ജാമി ഫോക്സും ഗ്രീൻ ഗോബ്ലിനായി വില്ല്യം ഡാഫോയും എത്തുന്നുണ്ട്.
സ്പൈഡർമാൻ സീരിസിലെ ആദ്യ നായകന്മാരായ ടോബി മഗ്വിയറും ആൻഡ്ര്യൂ ഗർഫീൽഡും ഈ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. ഡിസംബർ 16ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും