ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം ഡിസംബർ 31ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും.
ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് നാഥ് ഗ്രൂപ്പാണ്. രണ്ട് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ മെയ്ക്കോവർ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഉർവശിയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്.
ഛായാഗ്രഹണം അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.