ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യിൽ നിയമ ലംഘനം നടന്നിട്ടില്ല എന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണെന്നും അതിൽ കോടതിയ്ക്ക് കൈകടത്താൻ സാധിക്കില്ലെന്നും അറിയിച്ചു.
” സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക? ആ ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയാണ് സംസാരിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നന്നതായി തോന്നുന്നില്ലന്നും ” കോടതി വ്യക്തമാക്കി.
സിനിമക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്ന് ഹർജിക്കാർ ആരോപിച്ചു. എന്നാൽ സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല മറിച്ച് ചില രംഗങ്ങളെ കുറിച്ച് മാത്രമാണ് പരാതിയൊന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത് അതിനാൽ തന്നെ ആരെയും സിനിമ നിർബന്ധിച്ച് കാണിക്കുന്നില്ല എന്നും കോടതി വിലയിരുത്തി. സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി ഡിജിപി നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.