സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചതുരം’ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന വിവരം സിദ്ധാർഥ് ഭരതൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “സെൻസർ കഴിഞ്ഞു. ഒരു ശുദ്ധ എ പടം” എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ ഭരതൻ ‘ചതുര’ത്തിന്റെ എ സർട്ടിഫിക്കേറ്റ് പോസ്റ്റർ പുറത്ത് വിട്ടത്.
ചതുരത്തിന്റെ തിരക്കഥയും സിദ്ധാർഥ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ള സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് ജിതിൻ മധു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മുണ്ടക്കയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നത്. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.