സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പാപ്പന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചുണ്ടിൽ സിഗററ്റും വെച്ചു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു വരുന്ന പാപ്പനെയാണ് പോസ്റ്ററിൽ കാണിക്കുന്നത്. തൊട്ടുപുറകിലായി ഗോകുൽ സുരേഷ് ഗോപിയെയും കാണാം.
സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്’. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര് ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.