മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “നെയ്യാറ്റികര ഗോപന്റെ ആറാട്ട്” ഫെബ്രുവരി 18 മുതൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞ വർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു “ആറാട്ട്”. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവെച്ചതിനു ശേഷമാണു വീണ്ടുമൊരു റിലീസ് തീയതിയുമായി അണിയറപ്രവർത്തകർ പ്രത്യക്ഷപ്പെടുന്നത്.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

ആറാട്ട് എന്ന പറഞ്ഞാലും “നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു.