തമിഴ് ചലച്ചിത്ര ഗാനമേഖലയിലെ ഹിറ്റ് മെഷീന് അനിരുദ്ധ് രവിചന്ദര്‍ വീണ്ടും ഹിറ്റുകൾ സമ്മാനിക്കാൻ എത്തുന്നു. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്റേതായ വ്യക്തിത്വം സൂക്ഷിക്കുന്ന അനിരുദ്ധ് ഇക്കുറി എത്തുന്നത് ‘അറബിക് കുത്തു’മായാണ് എന്നതാണ് ഈ തവണ പ്രത്യേകത. സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി അനിരുദ്ധ് സൃഷ്ടിച്ച പല ഈണങ്ങളും സിനിമാപ്രേമികളുടെ പ്രിയഗാനങ്ങളായി ഇപ്പോഴും കൂടെയുണ്ട്.
രജനീകാന്ത് ചിത്രം പേട്ടയും വിജയ് ചിത്രം മാസ്റ്ററുമാണ് സമീപകാലത്തെ അനിരുദ്ധിന്റെ രണ്ട് സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍. ഇപ്പോഴിതാ വിജയ് നായകനാവുന്ന പുതിയ ചിത്രം ബീസ്റ്റിലും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറാണ്. ഗാനത്തിന്റെ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.
അറബിക് വേഷത്തിൽ സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ ശബ്ദസാന്നിധ്യമായി വിജയ്യും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തവണ അറബിക് ഗാനരചയിതാവായിട്ടാണ് ശിവകാർത്തികേയന്റെ രംഗപ്രവേശനം. ഇതിനു മുൻപ് വന്ന പ്രോമോ വീഡിയോകളിൽ കണ്ടത് പോലെ തന്നെ തീർത്തും നർമ്മത്തിൽ പൊതിഞ്ഞാണ് ഈ പ്രോമോ വിഡിയോയും പുറത്തു വന്നിരിക്കുന്നത്. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14നാണ് ആദ്യ സിംഗിള്‍ എത്തുക.
ഡോക്ടറിന്റെ വന്‍ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. സെല്വരാഘവന്, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ മാസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.