കാല് വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ പർവ്വതാരോഹകൻ ബാബുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ത്യൻ സൈന്യം ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. ചെറാട് സ്വദേശി ആര്. ബാബുവാണ് ട്രെക്കിങ്ങിനിടയിൽ കാല് വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര് മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു.
2010 ൽ പുറത്തിറങ്ങിയ ഇതിന് സമാനമായ വിഷയം ചർച്ച ചെയ്യുന്ന ഹോളിവുഡ് ചിത്രം 127 അവേഴ്സ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആരോൺ റാൾസ്റ്റന്റെ ആത്മകഥയായ ‘ബിറ്റ്വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസി’നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്.
റാൾസ്റ്റൺ ഉട്ടാഹിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങളിലേക്ക് യാത്ര പോകുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ കൈകൾ വലിയ പാറക്കെട്ടുകൾക്ക് ഇടയിൽ പെട്ടുപോവുകയാണ്. തുടർന്ന് അഞ്ച് ദിവസം അദ്ദേഹത്തിന് ആ പാറക്കെട്ടുകൾക്കിടയിൽ കഴിച്ചു കൂട്ടേണ്ടി വരുന്നു. ഒടുവിൽ കത്തി ഉപയോഗിച്ച് സ്വന്തം കൈ അറുത്ത് കളഞ്ഞ് അദ്ദേഹം രക്ഷപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഡാനി ബോയിൽ സംവിധാനം ചെയ്ത ചിത്രത്തിന് അദ്ദേഹവും സൈമൺ ബ്യൂഫോയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ഓസ്കാറിൽ ആറ് ക്യാറ്റഗറിയിലേക്ക് നോമിനേഷൻ ചെയ്യപ്പെട്ട ചിത്രം കൂടിയാണ് “127 അവേഴ്സ്”.