സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമായതിനാല് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ , വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമവിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ചുരുളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നിലനിൽപ്പിനായി പൊരുതുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ഇതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം. ചിത്രത്തിൽ കഥാസന്ദർഭത്തിന് അനുയോജ്യമായ ഭാഷയും ദൃശ്യങ്ങളും മാത്രമാണുള്ളത് , റിപ്പോർട്ടിൽ വിശദമാക്കുന്നു.
ഭരണഘടന നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനപ്പുറം ഈ സിനിമയിൽ നിയമലംഘനങ്ങളൊന്നുമില്ലെന്നാണ് സിനിമ പരിശോധിച്ച സമിതി വിലയിരുത്തിയത്. അശ്ലീലമായ പ്രയോഗങ്ങളോ, ചേഷ്ടകളോ പൊതു ഇടങ്ങളിൽ മാത്രമേ നിയമവിരുദ്ധമാകൂ. ഒടിടി പ്ലാറ്റ്ഫോം പൊതു ഇടമല്ല. സെൻസറിംഗും നിലവിലെ നിയമപ്രകാരം ഒടിടിക്ക് ബാധകമല്ല. അതിനാൽ സിനിമക്കെതിരെ നിയമനടപടികളൊന്നുംആവശ്യമില്ലെന്നാണ് ഡിജിപിക്ക് സമിതി നൽകിയ റിപ്പോർട്ട്.
അതേസമയം സിനിമ കാണാത്തവരാണ് ചുരുളിയെ വിമര്‍ശിക്കുന്നവരില്‍ കൂടുതലെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നവംബര്‍ 19നാണ് ചുരുളി റിലീസ് ചെയ്തത്.